Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ റെയിൽ പദ്ധതി കേരളത്തിന് അനുയോജ്യമല്ല; പിണറായി സർക്കാരിന് സിൽവർ ലൈൻ നടപ്പാക്കാനുള്ള കാഴ്ചപ്പാടോ ഇച്ഛാശക്തിയോ ഇല്ല; യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച സബർബൻ ലൈൻ പദ്ധതിയാണ് കേരളത്തിന് നല്ലതെന്നും ഉമ്മൻ ചാണ്ടി

കെ റെയിൽ പദ്ധതി കേരളത്തിന് അനുയോജ്യമല്ല; പിണറായി സർക്കാരിന് സിൽവർ ലൈൻ നടപ്പാക്കാനുള്ള കാഴ്ചപ്പാടോ ഇച്ഛാശക്തിയോ ഇല്ല; യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച സബർബൻ ലൈൻ പദ്ധതിയാണ് കേരളത്തിന് നല്ലതെന്നും ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ റെയിൽ പദ്ധതി കേരളത്തിന് അനുയോജ്യല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിഴിഞ്ഞം റെയിൽ കണക്ടിവിറ്റി പാത 6 വർഷമായിട്ടും പൂർത്തിയാക്കാൻ കഴിയാത്ത ഇടതുസർക്കാരാണ് കെറെയിൽ പദ്ധതി നടപ്പാക്കുന്നതെന്ന് ഉമ്മൻ ചാണ്ടി വിമർശിച്ചു. വെറും 10.7 കിമീ ദൂരമുള്ളതും 16.2 ഏക്കർ ഭൂമി ആവശ്യമുള്ളതുമായ പദ്ധതിയാണ് വിഴിഞ്ഞം റെയിൽ കണക്ടിവിറ്റി പാത, ഇത് 6 വർഷമായിട്ടും പൂർത്തിയാക്കാൻ ഇടതു സർക്കാരിനായില്ല. ആ സ്ഥാനത്താണ് സിൽവർലൈൻ പദ്ധതിയുമായി വരുന്നതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാണിച്ചു.

വികസന പ്രവർത്തനങ്ങളിൽ വമ്പൻ പരാജയമായ പിണറായി സർക്കാരിന് സിൽവർ ലൈൻ പോലൊരു പദ്ധതി നടപ്പാക്കാനുള്ള കാഴ്ചപ്പാടോ, ഇച്ഛാശക്തിയോ ഇല്ല. യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച സബർബൻ ലൈൻ പദ്ധതിയാണ് കേരളത്തിന് അഭികാമ്യം. സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ 300 ഏക്കർ ഭൂമിയും 10,000 കോടി രൂപയും മതി. ഇന്ത്യൻ റെയിൽവെ ഏറ്റവുമൊടുവിൽ പ്രോത്സാഹിപ്പിക്കുന്നതും ഈ പദ്ധതിയെയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.വാർത്താ സമ്മേളനത്തിൽ വിഴിഞ്ഞം പദ്ധതി, സബർബൻ പദ്ധതി, കെ ഫോൺ തുടങ്ങിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു,

1) യുഡിഎഫ് സർക്കാർ തുടക്കമിട്ട സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ 300 ഏക്കർ ഭൂമിയും 10,000 കോടി രൂപയും മതിയെന്നതാണ് പദ്ധതിയെ ആകർഷകമാക്കുന്നത്. വ്യക്തമായ ബദൽ നിർദേശത്തോടെയാണ് സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നത്. നിർമ്മാണ പൂർത്തിയാകുമ്പോൾ സിൽവർ ലൈന് 2 ലക്ഷം കോടി രൂപ ചെലവു വരുമെന്നു പ്രതീക്ഷിക്കുന്നു. 20,000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 3417 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന സിൽവർ ലൈനെതിരേ ഉയർന്ന എല്ലാ ആക്ഷേപങ്ങൾക്കുമുള്ള പരിഹാരമാണ് സബർബൻ റെയിലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2007-08ലെ ബജറ്റിൽ സിൽവർ ലൈനു സമാനമായ അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുകയും ഡിഎംആർസിയെ കസൾട്ടന്റായി നിയമിക്കുകയും ചെയ്തു. അവർ പ്രാഥമിക പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. എന്നാൽ 1.27 ലക്ഷം കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരേ ഉണ്ടായ ജനരോഷവും പരിഗണിച്ച് യുഡിഎഫ് വേണ്ടെന്നു വച്ചു.

തുടർന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ സബർബൻ പദ്ധതി പരിഗണിച്ചത്. 1943 കോടി രൂപയ്ക്ക് ചെങ്ങൂർവരെയുള്ള 125 കിമീ ആണ് പൈലറ്റ് പദ്ധതിയായി ആദ്യം എടുത്തത്. അതിന് 70 ഏക്കർ സ്ഥലം മതി. നിലവിലുള്ള ലൈനുകളിൽക്കൂടി മാത്രമാണ് സബർബൻ ഓടുന്നത്. ചെങ്ങന്നൂർ വരെ ഇരട്ടപ്പാത ഉണ്ടായിരുന്നതുകൊണ്ടും ശബരിമലയുടെ പ്രാധാന്യം ഉൾക്കൊണ്ടുമാണ് പൈലറ്റ് പദ്ധതി ഏറ്റെടുത്തത്. എല്ലാ അനുമതിയും ലഭിച്ചാൽ 3 വർഷംകൊണ്ട് പദ്ധതി നടപ്പാക്കാനാകും.

ഇതോടെ നിലവിലുള്ള ട്രെയിനുകളുടെ വേഗത വർധിക്കുതോടൊപ്പം ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട്160 കിമീ വേഗതയിൽ ഓടിക്കുവാനും കഴിയും. പൈലറ്റ് പദ്ധതിക്കുശേഷം കണ്ണൂർ വരെ ഘട്ടംഘട്ടമായി പൂർത്തിയാക്കാനായിരുന്നു പരിപാടി. 125 കി.മീറ്ററിന് 1943 കോടി രൂപ വച്ച് 530 കിമീ പൂർത്തിയാക്കാൻ പതിനായിരം കോടിയോളം രൂപയും 75 ഏക്കർ വച്ച് സ്ഥലമെടുത്താൽ 300 ഏക്കറോളം സ്ഥലവും മതിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.മുംബൈ റെയിൽ കോർപറേഷന്റെ സഹായത്തോടെ തയാറാക്കിയ സബർബൻ പദ്ധതിയുടെ ഡിപിആർ കേന്ദ്രത്തിന് അയച്ചുകൊടുത്തു. സബർബൻ ഉൾപ്പെടെയുള്ള വിവിധ റെയിൽ വികസന പദ്ധതികൾക്ക് കേന്ദ്രസർക്കാരും (49%) സംസ്ഥാന സർക്കാരും (51%) ചേർന്ന് സംയുക്ത സംരംഭത്തിന് (കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ) പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ മുന്നോട്ടുപോകാനായില്ല.

റെയിൽവേയുടെ പിന്മാറ്റം തിരുവനന്തപുരം- ചെങ്ങൂർ സബർബൻ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നു സൂചിപ്പിച്ച് റെയിൽവെ മന്ത്രാലയം കേരളത്തിനു കത്തുനല്കിയത് 2017 ഡിസം 7നാണ്. 2014ൽ കേന്ദ്രത്തിലും 2016ൽ കേരളത്തിലും ഭരണമാറ്റം സംഭവിച്ചതിനെ തുടർന്നാണ് ഈ പിന്മാറ്റം ഉണ്ടായത്. ഇരു സർക്കാരുകളും താത്പര്യം കാട്ടാതിരുന്നപ്പോൾ മാത്രമാണ് റെയിൽവെ ഇങ്ങനെയൊരു നിലപാട് എടുത്തത്. സിപിഎമ്മിന്റെ റെയിൽവേ യൂണിയൻ തൊഴിലാളികൾ പദ്ധതിക്കെതിരേ വൻ പ്രചാരണവും നടത്തി.
പിണറായി സർക്കാരിന്റെ കാലത്താണ് അതിവേഗ റെയിലിലിന്റെ അന്തിമ റിപ്പോർട്ട് മെട്രോമാൻ ഇ. ശ്രീധരൻ നല്കിയത്. എന്നാൽ വി എസ് സർക്കാരിന്റെ അതിവേഗ റെയിലും യുഡിഎഫ് സർക്കാരിന്റെ സബർബൻ റെയിലും ഒഴിവാക്കിയാണ് പിണറായി സർക്കാർ കെ റെയിലിന്റെ പിന്നാലെ പോയത്.

വീണ്ടും സബർബൻ എറണാകുളം- ഷൊർണൂർ മൂന്നാം പാതയുടെ നിർമ്മാണച്ചെലവ് താങ്ങാനാവാത്തതാണെന്നു കണ്ടെത്തിയ റെയിൽവെ പുതിയ പാതയ്ക്കു പകരം എറണാകുളം- ഷൊർണൂർ പാതയിൽ ഓട്ടോമാറ്റിക് സിഗ്‌നൽ സംവിധാനം ഏർപ്പെടുത്താനാണ് പുതിയ തീരുമാനം. ആദ്യഘട്ടത്തിൽ 316 കോടി രൂപ ചെലവിൽ എറണാകുളം- പൂങ്കുന്നം സെക്ഷനിൽ ഓട്ടോമാറ്റിക് സിഗ്‌നലിന് അനുമതി തേടി. കൂടുതൽ ട്രെയിനുകൾ വേഗതയിൽ ഓടിക്കാൻ ഇതിലൂടെ സാധിക്കും. ഇതു സബർബൻ റെയിലേക്കുള്ള റെയിൽവെയുടെ ചുവടുമാറ്റമാണ്.
വെറും 10.7 കിമീ ദൂരമുള്ളതും 16.2 ഏക്കർ ഭൂമി ആവശ്യമുള്ളതുമായ വിഴിഞ്ഞം റെയിൽ കണക്ടീവിറ്റി പാത 6 വർഷമായിട്ടും പൂർത്തിയാക്കാൻ കഴിവില്ലാത്തവരാണ് 2 ലക്ഷം കോടി രൂപ ചെലവും 530 കിമീ ദൈർഘ്യവും 3417 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുമായ കെ റെയിൽ പദ്ധതി 4 വർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് അവകാശപ്പെടുന്നത്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയാണിത്.റെയിൽ കണക്ടീവിറ്റിക്കായുള്ള വിശദ പഠന റിപ്പോർട്ട് കൊങ്കൺ റെയിൽവെ കോർപറേഷന്റെ സഹായത്തോടെ പൂർത്തീകരിച്ചിട്ടുണ്ട് എന്നതു മാത്രമാണ് ഏക നേട്ടം. എന്നാൽ ഇതിന് റെയിൽവെ മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കാൻ ഇതുവരെ സാധിച്ചില്ല. 1070 കോടി രൂപയാണ് പദ്ധതി ചെലവ്. ഭൂമി ഏറ്റെടുക്കൽ തുടങ്ങിവയ്ക്കാൻ പോലും കഴിഞ്ഞില്ല. ഡിപിആർ പ്രകാരം 16.2 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. 9 കിമീ തുരങ്കം ഉൾപ്പെടെ 10.7 കിമീ ആണ് പാതയുടെ നീളം.

2) വിഴിഞ്ഞം റെയിൽ പാതയുടെ പുരോഗതി വിലയിരുത്തുവർക്ക് സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച സർക്കാരിന്റെ അവകാശവാദങ്ങൾ എത്ര ബാലിശവും അപ്രായോഗികവുമാണെന്നു വ്യക്തം. ഈ പദ്ധതിക്ക് ഒരു കല്ലെങ്കിലും ഈ സർക്കാരിന്റെ കാലത്ത് വയ്ക്കാൻ കഴിയുമോ എന്നുപോലും സംശയമാണ്. വിഴിഞ്ഞം പദ്ധതിയുടെ വിജയത്തിന് റെയിൽപാത അനിവാര്യമാണ്.

വിഴിഞ്ഞം പദ്ധതി തന്നെ സമയക്രമം തെറ്റിച്ചുമുന്നോട്ടു പോകുകയാണ്. 2019 ഡിസം 3നു പൂർത്തിയാക്കേണ്ട പദ്ധതിക്ക് പല തവണ സമയം പുനഃക്രമീകരിച്ചു നല്കി. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും ഏറ്റവും നല്ല ഉദാഹരണമാണ് വിഴിഞ്ഞം പദ്ധതിയുടെയും അതോടൊപ്പമുള്ള വിഴിഞ്ഞം റെയിൽ പാതയുടെയും ഇപ്പോഴെത്ത അവസ്ഥ.

3) യുഡിഎഫ് സർക്കാർ 6,728 കോടിയുടെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയിലുകൾക്ക് ടെണ്ടർ തയാറാക്കുന്നത് ഉൾപ്പെടെയുള്ള ഇടക്കാല കസൾട്ടന്റായി ഡിഎംആർസിയെ നിയമിച്ചു. കേന്ദ്രാനുമതിക്ക് ഡിപിആർ സമർപ്പിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ രൂപീകരിക്കുകയും പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പിണറായി സർക്കാർ ഈ പദ്ധതിയെ പൂർണമായി അവഗണിച്ചു.

4) 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്കും 30,000 സർക്കാർ ഓഫീസുകൾക്കും അതിവേഗ ഇന്റർനെറ്റ് സൗകര്യം എത്തിക്കാനുള്ള ഇടതു സർക്കാരിന്റെ കെ ഫോൺ പദ്ധതി ഒച്ചുപോലെ ഇഴയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രഖ്യാപിച്ച പദ്ധതി 2021 അവസാനത്തോടെ പൂർത്തീകരിക്കേണ്ടതാണ്. 1531 കോടി രൂപയാണ് ചെലവ്.

30,000 ഓഫീസുകളിൽ 7696 ഓഫീസുകളിൽ മാത്രമാണ് ഇതുവരെ കെ ഫോൺ എത്തിയത്. ഇതിൽ 1549ൽ മാത്രമാണ് ഇന്റർനെറ്റ് സൗകര്യം ഉള്ളത്. 26410 കിമീ കേബിൽ സ്ഥാപിക്കേണ്ട സ്ഥാനത്ത് പൂർത്തിയായത് 7932 കി.മീ മാത്രം.

5) 201617 ബജറ്റിൽ 500 കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ചതാണ് അഴീക്കൽ തുറമുഖ പദ്ധതി. ആറു വർഷം കഴിഞ്ഞിട്ടും ഡിപിആർ പോലും തയാറാക്കാൻ സാധിച്ചില്ല.

6) കണ്ണൂർ വിമാനത്താവളത്തിന്റെ പണികൾ പൂർത്തിയാക്കി യുഡിഎഫ് സർക്കാർ 2016 ഫെബ്രുവരിയിൽ ആദ്യ പരീക്ഷണപ്പറക്കൽ നടത്തിയപ്പോൾ സിപിഎം വൻ പ്രതിഷേധമാണ് അഴിച്ചുവിട്ടത്. 4000 മീറ്റർ റൺവെ വേണം എന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. 6 വർഷം കഴിഞ്ഞിട്ടും ആദ്യം ഉണ്ടായിരുന്നതിൽ നിന്ന് ഒരടിപോലും റൺവെയുടെ നീളം കൂട്ടാൻ പിണറായി സർക്കാരിനു സാധിച്ചില്ല. കണ്ണൂരിൽ നിന്ന് വിമാനത്താവളത്തിലേക്ക് ഒരു റോഡ് പണിയാൻ പദ്ധതിയിട്ടെങ്കിലും സർവെ നടത്താൻ പോലും സിപിഎം എംഎൽഎമാർ സമ്മതിച്ചില്ല.

7) യുഡിഎഫ് സർക്കാരിന്റെ കാലത്ത് 19 ഓട്ടോണമസ് കോളജ് അനുവദിച്ചതിനെതിരേ വൻ പ്രക്ഷോഭം നടത്തിയ സിപിഎം 3 എൻജിനീയറിങ് സ്ഥാപനങ്ങൾക്ക് ഓട്ടോണമസ് പദവി നല്കി മലക്കം മറിഞ്ഞു. രാജ്യത്ത് 500ൽ അധികം സ്വയംഭരണ സ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് യുഡിഎഫ് കേരളത്തിൽ ഇത് അനുവദിച്ചത്. പരിശോധനയ്ക്കെത്തിയ യുജിസി ടീമിനെ തടഞ്ഞും ഉന്നതവിദ്യാഭ്യാസ കൗസിൽ അധ്യക്ഷൻ ടിപി ശ്രീനിവാസനെ അടിച്ചുവീഴ്‌ത്തിയുമൊക്കെയാണ് അന്ന് സിപിഎം സമരം നടത്തിയത്. പ്രൈവറ്റ് യൂണിവേഴ്സിറ്റിക്കെതിരേ ഉറഞ്ഞുതുള്ളിയ സിപിഎം ഇപ്പോൾ ഇതേക്കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ വച്ചത് പ്രൈവറ്റ് യൂണിവേഴ്സിറ്റികൾക്ക് അനുവാദം നല്കുന്നതിനു മുന്നോടിയാണ്.

8) കേരളത്തിൽ 5 മെഡിക്കൽ കോളജുകൾ മാത്രമുണ്ടായിരുന്നത് എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളജ് എന്നു തത്വത്തിൽ തീരുമാനിച്ച് യുഡിഎഫ് പ്രവർത്തിച്ചു. മഞ്ചേരി, പാലക്കാട്, ഇടുക്കി എിവിടങ്ങളിൽ പുതിയതു തുടങ്ങി. സഹകരണമേഖലയിലുള്ള പരിയാരം, കൊച്ചി മെഡിക്കൽ കോളജുകളും ഇഎസ്ഐയുടെ കീഴിലുള്ള പാരിപ്പള്ളി മെഡിക്കൽ കോളജും ഏറ്റെടുത്തു. യുഡിഎഫ് തുടക്കമിട്ട കാസർകോഡ്, വയനാട്, കോന്നി മെഡിക്കൽ കോളജുകളുമായി മുന്നോട്ടുപോകാൻ ഇടതുസർക്കാരിനു സാധിച്ചില്ല.

9) നീണ്ട നിയമയുദ്ധത്തിനുശേഷം സുപ്രീംകോടതി 2017ൽ നല്കിയ വിധി പ്രകാരമുള്ള നഷ്ടപരിഹാരം 5 വർഷമായിട്ടും ഇതുവരെ ഭൂരിപക്ഷം എൻഡോസൾഫാൻ ദുരിതബാധിതർക്കും നല്കിയില്ല. കിടപ്പിലായവർക്ക് 5 ലക്ഷം രൂപയും മാനസിക വൈകല്യമുള്ളവർക്ക് 3 ലക്ഷം രൂപയുമാണ് കോടതി വിധിച്ചത്. 6727 പേർക്ക് നഷ്ടപരിഹാരം നല്കാൻ കോടതി വിധിച്ചെങ്കിലും ഇതുവരെ 3014 പേർക്കുമാത്രമാണ് നല്കിയത്.
വികസനക്ഷേമ പ്രവർത്തനങ്ങളിൽ യുഡിഎഫ് സർക്കാർ ജനങ്ങളുടെ താത്പര്യം സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതികൾ നടപ്പാക്കിയപ്പോൾ പിണറായി സർക്കാരിന് എടുത്തു പറയാനൊരു നേട്ടമില്ല. ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന സിൽവർ ലൈൻ പദ്ധതിയാകട്ടെ ജനവിരുദ്ധവും. സിൽവർ ലൈൻ മെച്ചപ്പെട്ട പദ്ധതിയാണെങ്കിൽ അക്കാര്യം സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തട്ടെ. അതിനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP