Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാന്ദ്രയാൻ മൂന്നിന്റെ കുതിപ്പിന് ഇനി മലയാളി കരുത്തേകും; ഐഎസ്ആർഒ യുടെ പുതിയ തലവനായി മലയാളി റോക്കറ്റ് ശാസ്ത്രജ്ഞൻ ഡോ എസ് സോമനാഥ് ; സോമനാഥിന് തുണയായത് ചാന്ദ്രയാൻ 2 ന്റെ പ്രവർത്തനം പരിചയം; ഇസ്രോയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ മലയാളി

ചാന്ദ്രയാൻ മൂന്നിന്റെ കുതിപ്പിന് ഇനി മലയാളി കരുത്തേകും; ഐഎസ്ആർഒ യുടെ പുതിയ തലവനായി മലയാളി റോക്കറ്റ് ശാസ്ത്രജ്ഞൻ ഡോ എസ് സോമനാഥ് ;  സോമനാഥിന് തുണയായത് ചാന്ദ്രയാൻ 2 ന്റെ പ്രവർത്തനം പരിചയം; ഇസ്രോയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ മലയാളി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: മലയാളിയായ ഡോ.എസ് സോമനാഥ് ഐഎസ്ആർഒയുടെ ചെയർമാൻ. കെ ശിവൻ സ്ഥാനമൊഴിയുന്ന അവസരത്തിൽ ഇസ്രൊയുടെ പുതിയ തലവനായി ഡോ എസ് സോമനാഥ് നിയമിതനായി. മൂന്ന് വർഷത്തേക്കാണ് പുതിയ ചെയർമാന്റെ നിയമനം. തിരുവനന്തപുരം വി എസ്എസ്സി ഡയറക്ടറാണ് നിലവിൽ സോമനാഥ്.

ലോകത്താകമാനമുള്ള മലയാളികൾക്ക് പുതുവൽസര സമ്മാനമായാണ് സോമനാഥിന്റെ പുതിയ ദൗത്യത്തെ ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. ചന്ദ്രയാൻ 2 പദ്ധതിയിൽ നിർണായക റോളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് സോമനാഥ് ഇസ്രോയുടെ തലവനാവുക. എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്നോളജിസ്റ്റുമാണ് സോമനാഥ്.

കൊല്ലത്തെ ടി കെ എം കോളജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നാണ് എസ് സോമനാഥ് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടി.1985ലാണ് സോമനാഥ് ഇസ്രൊയിലെത്തുന്നത്. വി എസ്എസ്‌സിയിൽ തന്നെയായിരുന്നു തുടക്കം.ആ വർഷം തന്നെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ( പി എസ് എൽ വി) പദ്ധതിയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തു.

2015ൽ വല്യമല ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റം മേധാവിയായ സോമനാഥ് 2018 ജനുവരിയിലാണ് വി എസ് എസ് സി ഡയറക്ടറാകുന്നത്. അന്നത്തെ ഡയറക്ടറായിരുന്ന ഡോ കെ ശിവൻ ഇസ്രൊ ചെയർമാനായി ചുമതലയേറ്റപ്പോഴാണ് സോമനാഥ് വി എസ് എസ് സി ഡയറക്ടറാകുന്നത്. ചന്ദ്രയാൻ2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിന് തടസമായ ക്രയോജനിക് എൻജിനിലെ തകരാർ പരിഹരിച്ചത് മെക്കാനിക്കൽ എൻജിനീയറിങ് വിദഗ്ധനായ സോമനാഥാണ്.

ഐ എസ് ആർ ഒയുടെ ലോഞ്ച് വെഹിക്കിൾ സിസ്റ്റംസ് എഞ്ചിനീയറിങ്, സ്ട്രക്ചറൽ ഡിസൈൻ, സ്ട്രക്ചറൽ ഡൈനാമിക്സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം. 2003ൽ ജിഎസ്എൽവി വികസന സംഘത്തിന്റെ ഭാഗമായി. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർക്ക് ത്രീ പ്രൊജക്ട് ഡയറക്ടറായിരുന്നു. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിൽ രാജ്യത്തെ വിദഗ്ധ ശാസ്ത്രജ്ഞരിൽ ഒരാളാണ് സോമനാഥ്.

എം ജി കെ മേനോൻ, കെ കസ്തൂരിരംഗൻ, ജി മാധവൻ നായർ, കെ രാധാകൃഷ്ണൻ തുടങ്ങിയവരാണ് മുമ്പ് ചെയർമാൻ സ്ഥാനത്തെത്തിയ മലയാളികൾ.കേന്ദ്ര സെക്രട്ടറി പദവിയുള്ള ബഹിരാകാശ ശാസ്ത്രജ്ഞരേയാണ് ഐഎസ്ആർഒ ചെയർമാനാക്കുക. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ സോമനാഥിനെ തിരഞ്ഞെടുക്കാൻ കാരണം.

ആലുപ്പുഴ തുറവൂർ വേടാംപറമ്പിൽ ശ്രീധരപ്പണിക്കർ എന്ന അദ്ധ്യാപകന്റെയും അരൂർ സ്വദേശിനി തങ്കമ്മയുടെയും മകനാണ് സോമനാഥ്. ഭാര്യ വത്സല പൂച്ചാക്കൽ സ്വദേശിനിയാണ്. തിരുവനന്തപുരത്തു ജി എസ് ടി വകുപ്പിൽ ജോലി ചെയ്യുന്നു. മകൾ മാലിക എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സിനു പഠിക്കുന്നു. മകൻ മാധവും എൻജിനീയറിങ് വിദ്യാർത്ഥിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP