Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജ ആരോപണം ഉന്നയിച്ച് ക്രൈം നന്ദകുമാറിനെ പൂട്ടാൻ ഉള്ള തന്ത്രം പൊളിഞ്ഞു; പകപോക്കലിന് തടയിട്ട്, ജാമ്യം റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി സ്‌റ്റേ; ആരോഗ്യ മന്ത്രി വീണ ജോർജിന് എതിരായ വീഡിയോ അൺപബ്ലിഷ് ചെയ്തിട്ടും നന്ദകുമാർ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന സൈബർ പൊലീസ് വാദം വിലപ്പോയില്ല; നന്ദകുമാർ വേട്ട തുടർന്ന് പിണറായി

വ്യാജ ആരോപണം ഉന്നയിച്ച് ക്രൈം നന്ദകുമാറിനെ പൂട്ടാൻ ഉള്ള തന്ത്രം പൊളിഞ്ഞു; പകപോക്കലിന് തടയിട്ട്, ജാമ്യം റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി സ്‌റ്റേ; ആരോഗ്യ മന്ത്രി വീണ ജോർജിന് എതിരായ വീഡിയോ അൺപബ്ലിഷ് ചെയ്തിട്ടും നന്ദകുമാർ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന സൈബർ പൊലീസ് വാദം വിലപ്പോയില്ല; നന്ദകുമാർ വേട്ട തുടർന്ന് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രൈം വാരികയുടെ പത്രാധിപർ നന്ദകുമാറിന്റെ ജാമ്യം റദ്ദാക്കിയ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. സെഷൻസ് കോടതി നേരത്തെ കേസിൽ അപ്പീൽ തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് സ്‌റ്റേ ഉത്തരവ്. ജാമ്യം റദ്ദാക്കാൻ താൻ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്ന നന്ദകുമാറിന്റെ വാദം കോടതി കണക്കിലെടുത്തു. എന്തുകൊണ്ടാണ് നന്ദകുറിനെ വേട്ടയാടുന്നതെന്നും, സമാന കുറ്റകൃത്യങ്ങൾ പലരും ചെയ്യുന്നുണ്ടല്ലോ എന്ന് കോടതി കഴിഞ്ഞ ദിവസം ആരായുകയും ചെയ്തിരുന്നു. ജസ്റ്റിസ് കൗസർ എടപ്പാഗത്ത് ആണ് വിധി പറഞ്ഞത്.

ആരോഗ്യ മന്ത്രി വീണാ ജോർജിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നന്ദകുമാറിനെ തൃക്കാക്കര സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിന്മേൽ ഡി ജി പിയുടെ നിർദ്ദേശമനുസരിച്ചായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിൽ വിളിച്ചു വരുത്തിയതിന് ശേഷമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ നന്ദകുമാർ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഈ കേസിൽ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് ഒരാഴ്ച ജയിലിൽ ഇട്ടിരുന്നു. ഈ കേസിൽ ജാമ്യം കിട്ടി പുറത്തുവന്നതിനെ തുടർന്ന് ചെയ്യാത്ത കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ആ കേസിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദുചെയ്യുകയായിരുന്നു മജിസ്‌ട്രേറ്റ് കോടതി. മന്ത്രിക്കെതിരായ യുട്യൂബ് വീഡിയോ റദ്ദാക്കണമെന്നും തുടരപമാനം പാടില്ലെന്നും ജാമ്യ വ്യവസ്ഥയിൽ കോടതി വ്യക്തമാക്കിയിരുന്നു. നന്ദകുമാർ സാങ്കേതികമായി വീഡിയോ ഡിലീറ്റ് ചെയ്തു. അൺപബ്ലിഷ് ചെയ്ത് ആർക്കും കാണാൻ ആവാത്ത തരത്തിലാക്കി. എന്നാൽ സാങ്കേതികമായി വീഡിയോ ഡിലീറ്റ് ചെയ്തില്ലെന്നും ജാമ്യ വ്യവസ്ഥ നന്ദകുമാർ ലംഘിച്ചുവെന്നും പൊലീസ് കോടതിയിൽ ബോധിപ്പിച്ചു.

രണ്ടാമതായി സമാന കുറ്റകൃത്യങ്ങൾ ചെയ്യരുതെന്ന വ്യവസ്ഥ ലംഘിച്ചു എന്നായിരുന്നു ആരോപണം. നന്ദകുമാർ ചെയ്ത മറ്റൊരു വീഡിയോ സമാന കുറ്റകൃത്യമായി ദുർവ്യാഖ്യാനിച്ച് കോടതിയിൽ റിപ്പോർട്ട് ചെയ്തു. ജാമ്യം റദ്ദാക്കി വീണ്ടും അറസ്റ്റ് ചെയ്യാൻ മറ്റൊരു കേസ് കൂടി നന്ദകുമാറിന് എതിരെ എടുത്തു. ഐടി വകുപ്പിലെ ജാമ്യം കിട്ടാത്ത 67 എ വകുപ്പ് പ്രകാരം മറ്റൊരു കേസ് കൂടി എടുക്കുകയായിരുന്നു. ആ കേസ് നിലനിൽക്കുന്നതായിരുന്നില്ല. 67 എ എന്ന് പറയുന്നത് ലൈംഗികതയുടെ സംേ്രപഷണമാണ്. ആദ്യത്തെ കേസ് ലൈംഗിക സംപ്രേഷണമായിരുന്നില്ല. പക്ഷേ ലൈംഗിക വിഷയത്തെ കുറിച്ച് ചർച്ച ചെയ്തതുകൊണ്ട് ദുർവ്യാഖ്യാനത്തിന് സാധ്യത ഉണ്ടായിരുന്നു. എന്നാൽ, രണ്ടാമത്തെ കേസ് ഒരു തരത്തിലും ലൈംഗികതയുമായി ബന്ധമില്ലാതിരിക്കെയാണ്, ബോധപൂർവം, ഇല്ലാത്ത കുറ്റം ചുമത്തി 67 എ പ്രകാരം കേസെടുത്തത്. ആ കേസ് ഇപ്പോഴും പൊലീസ് പരിഗണനയിലാണ്. വേണമെങ്കിൽ നന്ദകുമാറിനെ അറസ്റ്റും ചെയ്യാം. എന്നാൽ, അറസ്റ്റ് ചെയ്ത് കോടതിയെ സമീപിച്ചാൽ പഴി കേൾക്കേണ്ടി വരും. കാരണം, അതിനേക്കാൾ ഗുരുതരമായ കേസിൽ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. വ്യാജമായ ആരോപണവുമായി രംഗത്തെത്തിയാൽ കേസിൽ തിരിച്ചടി നേരിട്ടേക്കാം.

നന്ദകുമാർ ഒരുമാസമായി ഒളിവിലാണ്. ഡിസംബർ 10 ഓടുകൂടിയാണ് അദ്ദേഹത്തെ കാണാതായത്. അദ്ദേഹം എവിടെയാണെന്ന് കണ്ടുപിടിക്കാൻ പൊലീസ് നെട്ടോട്ടത്തിലയിരുന്നു. നിരവധി തവണ വീട്ടിലും, ഓഫീസിലും മറ്റുമായി കയറി ഇറങ്ങിയെങ്കിലും കണ്ടെത്താനായില്ല. പൊലീസിന്റെ പകപോക്കലിന് ഇരയാവാതിരിക്കാനാണ് നന്ദകുമാർ ഒളിവിൽ പോയതെന്ന് പറയുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ നന്ദകുമാറിന്റെ കുടുംബത്തോട് പറഞ്ഞത് തങ്ങൾ നിസ്സഹായരെന്നും മുകളിൽ നിന്നുള്ള സമ്മർദ്ദം ഉള്ളതുകൊണ്ടാണ് പിന്നാലെ നടക്കേണ്ടി വരുന്നതെന്നും ആയിരുന്നു. തനിക്കെതിരെ കേസെടുത്തതും ജയിലിലടച്ചതും രാഷ്ട്രീയ പ്രേരിതമാണെന്നും നന്ദകുമാർ കൂട്ടി ചേർത്തിരുന്നു. ഓഫീസിൽ റെയ്ഡ് നടത്തിയത് പിണറായി വിജയനുമായി ബന്ധപ്പെട്ട ലാവ്ലിൻ കേസ് രേഖകൾ എടുക്കാനാണെന്നും ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വീണാ ജോർജ്ജുമായി ബന്ധപ്പെട്ട് മറ്റൊരു വീഡിയോ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചതും അത് അംഗീകരിച്ചതും. നന്ദകുമാറിനെ വീണ്ടും ജയിലിൽ അടയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വ്യക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP