Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഇന്നീ പാർട്ടി ലോകമെന്നും ശോഭീച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ'; പാറശാലയിൽ നടന്നത് പിണറായി മാഹാത്മ്യം തിരുവാതിര; ധീരജിന്റെ ചിതയെരിയുമ്പോൾ നടന്ന മെഗാതിരുവാതിരയ്ക്ക് പിന്നിൽ ഒരു ടേം കൂടി കിട്ടാനുള്ള ആനാവൂരിന്റെ സോപ്പിടൽ

'ഇന്നീ പാർട്ടി ലോകമെന്നും ശോഭീച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ'; പാറശാലയിൽ നടന്നത് പിണറായി മാഹാത്മ്യം തിരുവാതിര; ധീരജിന്റെ ചിതയെരിയുമ്പോൾ നടന്ന മെഗാതിരുവാതിരയ്ക്ക് പിന്നിൽ ഒരു ടേം കൂടി കിട്ടാനുള്ള ആനാവൂരിന്റെ സോപ്പിടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകന്റെ അന്ത്യകർമ്മങ്ങൾ നടക്കുമ്പോൾ തിരുവനന്തപുരത്ത് സിപിഎം നടത്തിയ മെഗാതിരുവാതിര പിണറായി സ്തുതിക്കാനെന്ന് ആരോപണം. മെഗാ തിരുവാതിര കണ്ട പാർട്ടി പ്രവർത്തകർ തന്നെയാണ് തിരുവാതിരയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പിണറായി വിജയനെ സ്തുതിക്കാൻ മാത്രം എട്ട് വരിയുള്ള ഒരു ഭാഗം മുഴുവനാണ് നീക്കിവച്ചിരിക്കുന്നത്. പിണറായി വിജയനെ സോപ്പിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഒരു ടേം കൂടി ഒപ്പിക്കാനുള്ള ആനാവൂർ നാഗപ്പന്റെ ശ്രമമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയ മെഗാ തിരുവാതിരയ്ക്ക് പിന്നിലെന്നാണ് പ്രവർത്തകരുടെ പരാതി.

'കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോര പൊൻകതിരല്ലോ, നാടിൻ നെടുനായകനല്ലോ പി. ജയരാജൻ ധീര സഖാവ്' എന്ന് പി ജയരാജനെ സ്തുതിച്ചുകൊണ്ട് പിജെ ആർമി പാട്ടിറക്കിയപ്പോൾ അതിന്റെ പേരിൽ നടപടി എടുത്ത പാർട്ടിയാണ് സിപിഎം. വ്യക്ത്യാരാധയുടെ പേരിൽ ജയരാജന്റെ അനുയായികളെ വെട്ടിനിരത്തുകയും ജയരാജന് അടുത്ത ടേം നിഷേധിക്കുകയും ചെയ്തു. ഒടുവിൽ ജയരാജന് തന്നെ പിജെ ആർമിയെ പിരിച്ചുവിടേണ്ടി വന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. ആ സാഹചര്യത്തിലാണ് സിപിഎം പ്രവർത്തകൻ മരിച്ചുകിടക്കുമ്പോഴും തലസ്ഥാനത്ത് പിണറായിയെ പാടിപ്പുകഴ്‌ത്തി തിരുവാതിര നടത്തിയത്. പൂവരണി കെവിപി നമ്പൂതിരിയാണ് വരികൾ എഴുതിയിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെ സ്വന്തം നിയോജക മണ്ഡലത്തിലാണ് ഇത്തവണ സമ്മേളനം നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

ഇഎംഎസ് എകെജി നയനാരിൽ നിന്നിന്ന് അച്യുതാനന്ദനും പിണറായിയും
പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകത്തെമ്പാടും കേളികൊട്ടി
മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി

ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന്
നൂറുകോടി അഭിവാദ്യങ്ങൾ
ഇന്നീ പാർട്ടി ലോകമെന്നും ശോഭീച്ചീടും കാരണഭൂതൻ
പിണറായി വിജയനെന്ന സഖാവ് തന്നെ
എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം
അടിപതറാതെ പോരാടിയ ധീരസഖാവാണ്

എന്നിങ്ങനെയാണ് പാട്ടിലെ പിണറായി സ്തുതികൾ. ഇഎംഎസ്, എകെജി, നയനാർ, വി എസ് അച്യുതാനന്ദൻ എന്നീ നേതാക്കളെ ഒറ്റവരിയിൽ ഒതുക്കിയപ്പോൾ എട്ടുവരികളാണ് പിണറായിക്കായി നീക്കി വച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി ലോകമെങ്ങും ശോഭിക്കാൻ കാരണഭൂതൻ പിണറായി ആണെന്നും എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണെന്നുമൊക്കെയാണ് വിശേഷണങ്ങൾ. പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയുടെ സാന്നിദ്ധ്യത്തിലായിരുന്നു തിരുവാതിര.

അതേസമയം പാർട്ടി സെക്രട്ടറിയെ പറ്റി ഒരുവാക്കിൽ പോലും പരാമർശമില്ല എന്നതും ശ്രദ്ധേയമാണ്. വി എസ് - പിണറായി ഗ്രൂപ്പ് പോര് കത്തിനിന്ന സമയത്തും കടുത്ത പിണറായി പക്ഷക്കാരനായിരുന്നു ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.

മെഗാതിരുവാതിരയിലെ വരികൾ വായിക്കാം

വിപ്ലവകേരളം വേരൂന്നി നിൽക്കുന്ന ദക്ഷിണകേരള പുണ്യഭൂമി
പാറശ്ശാല എന്ന ഈ പൂണ്യഭൂമിയിൽ സിപിഐഎം ജില്ലാ സമ്മേളനം
തിരുവനന്തപുരം ജില്ലാ സമ്മേളനം

നല്ലനെൽപ്പാടവും നാനാവിധമായ കൃഷിയും വിളയുന്ന ഗ്രാമഭംഗി
പാറശ്ശാല എന്ന മോഹനഗ്രാമത്തിൽ സിപിഐഎം ജില്ലാ സമ്മേളനം
തിരുവനന്തപുരം ജില്ലാ സമ്മേളനം

വേണാട് ദേശത്തിൻ പൊൻതൂവലാകും പാറശാലയിലെ തിരുവരങ്ങിൽ
നൂറുനൂറായിരം ചെങ്കൊടി പാറുന്ന സമ്മേളനം വന്നു ചേർന്നുവല്ലോ
ജില്ലാ സമ്മേളനം വന്നു ചേർന്നുവല്ലോ

തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാർട്ടി പണ്ടേപണ്ടേ കേൾവിയാണ്.
പുന്നപ്ര വയലാർ സമരങ്ങളൊക്കെയും ഇവിടത്തെ പാർട്ടി ചരിത്രമാണ്.

അന്നുതൊട്ടിന്നോളം രക്തസാക്ഷികളായ ധീരസഖാക്കൾക്കഭിവാദ്യങ്ങൾ
നാടിന് വേണ്ടി രക്തസാക്ഷികളായ ധീരസഖാക്കളെ വണങ്ങീടുന്നു
നിങ്ങൾക്ക് വിപ്ലവാഭിവാദ്യങ്ങൾ

പാവങ്ങൾക്കെന്നെന്നും തൊഴിലാളികൾക്കെന്നും സംരക്ഷണം നൽകും സിപിഐഎം
വലിയവനെന്നോ ചെറിയവനെന്നോ ഭേദങ്ങളില്ലാതെ കൂടെ നിൽക്കും
കമ്യൂണിസ്റ്റ് പാർട്ടി കൂടെ നിൽക്കും

പാറശാലയിൽ മാർക്‌സിസ്റ്റ് പാർട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനം
ജാതിമതവർണ ഭേദങ്ങളില്ലാതെ സ്വാഗതമോതുന്നു സുസ്വാഗതം

ഇഎംഎസ് എകെജി നയനാരിൽ നിന്നിന്ന് അച്യുതാനന്ദനും പിണറായിയും
പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകത്തെമ്പാടും കേളികൊട്ടി
മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി

ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന്
നൂറുകോടി അഭിവാദ്യങ്ങൾ
ഇന്നീ പാർട്ടി ലോകമെന്നും ശോഭീച്ചീടും കാരണഭൂതൻ
പിണറായി വിജയനെന്ന സഖാവ് തന്നെ
എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം
അടിപതറാതെ പോരാടിയ ധീരസഖാവാണ്

കേരളത്തെ ഒന്നൊന്നായി വമ്പൻ പ്രളയം വിഴുങ്ങിയപ്പോൾ രക്ഷയേകി പോറ്റിയില്ലേ മാർക്‌സിസ്റ്റ് പാർട്ടി
വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ ജീവിതം വഴിമുട്ടി നിന്ന് ചോദ്യചിഹ്നമായപ്പോൾ
ഭക്ഷ്യകിറ്റും ധാന്യകിറ്റും നാടുമുഴുവൻ മുടങ്ങാതെ നൽകി രക്ഷയേകിയില്ലേ മാർക്‌സിറ്റ് പാർട്ടി

വന്ദ്യവയോധികർക്കെല്ലാം ക്ഷേമപെൻഷൻ മുടങ്ങാതെ നേരിട്ടേകി രക്ഷിച്ചല്ലോ മാർക്‌സിറ്റ് പാർട്ടി
നമ്മെയെല്ലാം രക്ഷിക്കുന്ന, കേരളത്തെ രക്ഷിക്കുന്ന കരുത്തുറ്റ പാർട്ടിയല്ലോ മാർക്‌സിറ്റ് പാർട്ടി
സിപിഐഎം പാർട്ടിയുടെ കരുത്തും കഴിവുമെല്ലാം വെളിവാകും വേളയല്ലോ സമ്മേളനങ്ങൾ

വിജയിക്കട്ടെ വിജയിക്കട്ടെ സമ്മേളനം വിജയിക്കട്ടെ സിപിഐഎം പാർട്ടി എന്നും വിജയിച്ചീടട്ടേ
വിജയിക്കട്ടെ വിജയിക്കട്ടെ സമ്മേളനം വിജയിക്കട്ടെ സിപിഐഎം പാർട്ടി എന്നും വിജയിച്ചീടട്ടേ
വിജയിക്കട്ടെ വിജയിക്കട്ടെ സമ്മേളനം വിജയിക്കട്ടെ സിപിഐഎം പാർട്ടി എന്നും വിജയിച്ചീടട്ടേ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP