Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുഭാഗത്ത് ഏങ്ങിക്കരച്ചിലുകളും മറുഭാഗത്ത് കൈകൊട്ടിക്കളിയും; ധീരജിന്റെ ചിതയടങ്ങും മുമ്പത്തെ മെഗാതിരുവാതിരയിൽ രൂക്ഷ വിമർശനം; ഇങ്ങനെയൊരു കപട ജന്മങ്ങൾ ലോകത്ത് വേറെയില്ലെന്ന് ബൽറാം; 'നിഷ്പക്ഷ' മാധ്യമ പ്രവർത്തകരും എസ്എഫ്‌ഐ അവതാരകരും ഇത് കണ്ടില്ലേയെന്ന് ഷാഫിയും; സിപിഎം ജില്ലാ സെക്രട്ടറിയുടെയും ജില്ലാ കമ്മിറ്റിയുടെയും പേജിൽ പ്രവർത്തകരുടെ പ്രതിഷേധം

ഒരുഭാഗത്ത് ഏങ്ങിക്കരച്ചിലുകളും മറുഭാഗത്ത് കൈകൊട്ടിക്കളിയും; ധീരജിന്റെ ചിതയടങ്ങും മുമ്പത്തെ മെഗാതിരുവാതിരയിൽ രൂക്ഷ വിമർശനം; ഇങ്ങനെയൊരു കപട ജന്മങ്ങൾ ലോകത്ത് വേറെയില്ലെന്ന് ബൽറാം; 'നിഷ്പക്ഷ' മാധ്യമ പ്രവർത്തകരും എസ്എഫ്‌ഐ അവതാരകരും ഇത് കണ്ടില്ലേയെന്ന് ഷാഫിയും; സിപിഎം  ജില്ലാ സെക്രട്ടറിയുടെയും ജില്ലാ കമ്മിറ്റിയുടെയും പേജിൽ പ്രവർത്തകരുടെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓമിക്രോൺ ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ ജില്ലാ സമ്മേളനത്തിന്റെ പേരിൽ മെഗാ തിരുവാതിര സംഘടിപ്പിച്ച സിപിഎമ്മിനെതിരെ വിമർശനവുമായി സൈബർ ലോകത്തും പുറത്തും നിരവധിപേർ രംഗത്തെത്തി. എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ ചിതയാറും മുമ്പ് നടത്തിയ മെഗാ തിരുവാതിരയെ കോൺഗ്രസ് നേതാക്കളും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സിപിഎം പ്രവർത്തകർ പോലും നേതൃത്വത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തി.

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ സിപിഎമ്മിന്റെ തിരുവാതിരയ്‌ക്കെതിരെ പ്രതികരിച്ചു. അതിന് പുറകെ വിടി ബൽറാം, ഷാഫി പറമ്പിൽ, എം. വിൻസെന്റ് തുടങ്ങിയവരും ഫേസ്‌ബുക്കിൽ ആഞ്ഞടിച്ചു. ഇങ്ങനെയൊരു കപട ജന്മങ്ങൾ ഈ ലോകത്ത് വേറെയില്ലെന്ന് ബൽറാം വിമർശിച്ചു. ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ, വൈകാരിക മെലോഡ്രാമകൾ, തെറിവിളികൾ, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങൾ. മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാൻ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയർന്ന നേതാക്കളും- ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും പോസ്റ്റ് ചെയ്തിരുന്നു. വിടി ബൽറാമിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും പൊളിറ്റിക്കൽ കറക്ട്‌നസ് പഠിപ്പിച്ച നിഷ്പക്ഷ' മാധ്യമ പ്രവർത്തകരും, എസ്എഫ്‌ഐ അവതാരകനും ഇടത് സാംസ്കാരിക സിംഹങ്ങളും കണ്ടില്ലെന്ന് നടിച്ച മെഗാ തിരുവാതിരകളി നടന്നത് ധീരജിന്റെ വിലാപയാത്രയും അന്ത്യകർമ്മങ്ങളും നടക്കുന്ന അതേ സമയത്തായിരുന്നു എന്ന് ഷാഫി കുറിച്ചു.

ആ ചെറുപ്പക്കാരന്റെ ചിത കത്തി തീർന്നിട്ട് പോരായിരുന്നോ തിരുവാതിരക്കളിയെന്നായിരുന്നു കോവളം എംഎൽഎ എം വിൻസെന്റിന്റെ ചോദ്യം. രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്ന ആളാണെങ്കിലും ധീരജിന്റെ അമ്മയുടെ നിലവിളി മനസ്സു വിങ്ങുന്ന വേദനയാണ്. വിലാപയാത്രാ സമയത്ത് തന്നെ തിരുവാതിരക്കളി നടത്തിയത് ശരിയാണോ എന്ന് സിപിഎം പ്രവർത്തകരും നേതൃത്വവും വ്യക്തമാക്കണം. നിങ്ങളുടെ വേദനയും പ്രതിഷേധവും കോൺഗ്രസ് പാർട്ടി ഓഫീസുകൾ അടിച്ചു തകർക്കുന്നതിലും കെഎസ്‌യൂ - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നതിനും വേണ്ടി മാത്രമായിരുന്നോ എന്നും വിൻസെന്റ് ഫെയ്‌സ് ബുക്കിൽ കുറിച്ചു.

ഇതിനും നിങ്ങൾ ന്യായീകരണം കണ്ടെത്തുമായിരിക്കാം. പക്ഷേ സ്വന്തം മനസാക്ഷി ഉയർത്തുന്ന ചോദ്യത്തിന് എന്ത് മറുപടി പറയും? 14-ാം തീയതി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന 300 പ്രതിനിധികളിൽ ഒരാൾ എങ്കിലും ഈ പ്രവർത്തിയെ ചോദ്യം ചെയ്യുവാനുള്ള ആർജ്ജവം കാണിക്കുമോ? ഇത് പറഞ്ഞതിന് ഈ പോസ്റ്റിന് താഴെ അധിക്ഷേപ കമ്മന്റുകളുമായി സൈബർ സഖാക്കൾ എത്തുമെന്ന് അറിയാം. എന്നാലും പറയാതെ പോകുക വയ്യ.. വിൻസെന്റ് പറയുന്നു.

അവസരവാദികൾക്ക് സമകാലിക ഉപമ ആരെങ്കിലും ചോദിച്ചാൽ കണ്ണുംപൂട്ടി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന കൂട്ടരാണ് സിപിഎമ്മുകാരെന്നായിരുന്നു യൂത്ത് ലീഗ് ജന. സെക്രട്ടറി പികെ ഫിറോസിന്റെ വിമർശനം. എസ്എഫ്‌ഐ പ്രവർത്തകന്റെ ദൗർഭാഗ്യകരമായ കൊലപാതകം നടന്നു. എന്നിട്ടോ? ഒരിടത്ത് വിലാപയാത്ര. മറ്റൊരിടത്ത് പോളിറ്റ് ബ്യുറോ മെമ്പറുടെ സാന്നിധ്യത്തിൽ തിരുവാതിര നൃത്തം ചവിട്ടി പാർട്ടി സമ്മേളന ആഘോഷങ്ങൾ. മൂന്നാമതൊരിടത്ത് എതിർപാർട്ടിക്കാരുടെ മുഖ ഭാവങ്ങൾ അളന്നു സന്തോഷമാണോ ദുഃഖമാണോ അവർക്കുള്ളതെന്നു തീർച്ചപ്പെടുത്തി വിമർശിക്കുക.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് അല്പം ഔചിത്യബോധം വിളമ്പാൻ അറിവുള്ള പ്ലീന പ്രമേയക്കാരൊന്നും പാർട്ടിയിലില്ലേ എന്നും ഫിറോസ് ചോദിക്കുന്നു.

ഒരു വിലാപയാത്ര കണ്ണൂരിലേക്ക് പോകുമ്പോൾ അത് ആഘോഷമാക്കുന്ന കുറെ കോൺഗ്രസുകാർ എന്ന് ഇനി പറയുമോ എന്തോ? 'നാണമില്ലേ കോൺഗ്രസേ' എന്ന് ചർച്ചയും വൈകുന്നേരം സംഘടിപ്പിക്കാം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥ് പരിഹസിച്ചു.

പ്രിയ ധീരജ് , നിന്റെ പ്രസ്ഥാനം പോലും നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് മാപ്പ്.' എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ് ബുക്കിൽ കുറിച്ചത്. നിങ്ങളുടെ കൊടി പിടിച്ച ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ട്, അവന്റെ ശരീരത്തിന്റെ ചൂടാറും മുൻപ്, അവന്റെ അമ്മയുടെ ഹൃദയം നുറുങ്ങിയ കരച്ചിലിന്റെ ശബ്ദം കാതിൽ നിന്നും പോകുന്നതിനു മുൻപ് എങ്ങനെയാണ് നിങ്ങൾക്ക് കൈ കൊട്ടി പാട്ടു പാടി തിരുവാതിര കളിക്കാനും, ആ തിരുവാതിര പാട്ടിനൊപ്പം താളം പിടിക്കാനും സാധിക്കുന്നതെന്നും രാഹുൽ ചോദിച്ചു.

എന്ത് വിലയാണ് നിങ്ങൾ ഒരു രക്തസാക്ഷിക്ക് നല്കുന്നത്? കൂട്ടത്തിൽ ഒരുത്തൻ ചേതനയറ്റ് കിടക്കുമ്പോൾ, ഈ പരിപാടി നടത്തരുത് എന്ന് പറയുവാൻ ഒരല്പമെങ്കിലും മനസ്സലിവുള്ള ഒരാൾ പോലും ആ പാർട്ടിയിലില്ലെ? കോൺഗ്രസിനെ പഠിപ്പിക്കുന്ന ഒരു 'നിഷ്പക്ഷനെങ്കിലും'. ഒരു ചോദ്യചിഹ്നമോ കോമയോ കൊണ്ടെങ്കിലും പ്രതികരിക്കുവാനുള്ള ആർജ്ജവം ഉണ്ടോ? ഇല്ലായെന്നറിയാം, അതിനാൽ നിങ്ങളും തിരുവാതിരയ്ക്ക് താളം പിടിക്കുക എന്നും രാഹുൽ വിമർശിച്ചു.

മെഗാ തിരുവാതിരയ്‌ക്കെതിരെ സിപിഎം പ്രവർത്തകരും ജില്ലാ സെക്രട്ടറിയുടെയുടെയും ജില്ലാ കമ്മിറ്റിയുടെയും പേജിൽ വിമർശനങ്ങളുമായി എത്തിയിട്ടുണ്ട്. 'ഇന്ന് തന്നെ ഇത് വേണമായിരുന്നോ സഖാവെ' എന്നാണ് അവർ ഉയർത്തുന്ന ചോദ്യം. 'ആ ചിതയൊന്ന് അണഞ്ഞോട്ടെ ഔചിത്യബോധം നല്ലതാണ്.' എന്നാണ് മറ്റൊരു കമന്റ്. 'ഇന്നലെ പറഞ്ഞതാണ് അന്തമില്ലാത്ത പണിയാണ് ഈ കാണിക്കുന്നത് എന്ന്. പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ഇതുപോലെ കുറച്ച് പേർ മതി' എന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേജിൽ കമന്റുകൾ വരുന്നുണ്ട്.

'സിപിഎമ്മിനെ വിദ്യാർത്ഥി സംഘടനയുടെ ഒരു സഖാവ് കൊലചെയ്യപ്പെട്ട് കിടക്കുമ്പോൾ മാറ്റി വെക്കാൻ കഴിയാത്ത അത്ര അത്യാവശ്യം ആയിരുന്നോ ഈ തിരുവാതിര' എന്നാണ് ഒരു സഖാവിന് സിപിഎം ജില്ലാ കമ്മിറ്റിയുടെ പേജിൽ ചോദിക്കാനുള്ളത്. 'ഇത് നടത്തിയത് വളരെ മോശം ആയി പോയി. വല്ല വിശദികരണം ഉണ്ടെങ്കിൽ അറിയിക്കുക. എനിക്ക് ഉണ്ടായത് തെറ്റ് ആണോ എന്ന് എനിക്ക് സ്വയം മനസ്സില്ലാകുവാൻ വേണ്ടി മാത്രം. രക്ത സാക്ഷികൾ സിന്ദാബാദ്' എന്നായിരുന്നു മറ്റൊരു സഖാവിന്റെ കമന്റ്.

'കോൺഗ്രസ് കൊലയാളികൾ കുത്തിക്കൊന്ന സഖാവിന്റെ ചിത കത്തിതീരുന്നതിന് മുമ്പേ പാർട്ടിയുടെ വക മെഗാ തിരുവാതിര. രക്തസാക്ഷികൾ സിന്ദാബാദ്', 'വളരെ മോശമായി പോയി ഇത് സഖാക്കളേ. ഇത്രയും കോവിഡ് കേസ് ഉള്ളത് പോട്ടെ കൂട്ടത്തിൽ ഒരാളുടെ ചോര പൊടിഞ്ഞ് ഇരിക്കുന്ന സമയത്ത് വേണോ ഈ കോണാത്തിലെ തിരുവാതിര കളി,' 'ഇടുക്കിയിൽ നിന്നുള്ള വിലാപയാത്രയിലെ തൊണ്ടപൊട്ടിയുള്ള മുദ്രാവാക്യം തിരുവനന്തപുരം വരെ കേക്കാതെ പോയ് എന്നു പറഞ്ഞു ആശ്വസിക്കാം. ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.' ഇങ്ങനെ പോകുന്നു കമന്റുകൾ. ഉളുപ്പില്ലേ, നാണമില്ലേ എന്നുതുടങ്ങി നേതാക്കളേയും പേജ് അഡ്‌മിനെയും അസഭ്യം പറയുന്ന കമന്റുകൾ വരെ വന്നുതുടങ്ങിയപ്പോൾ ഓരോ കമന്റായി അഡ്‌മിൻ പാനൽ ഡിലീറ്റ് ചെയ്യുന്നുണ്ട്.

കുത്തനെ കോവിഡ് കേസുകൾ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിരയാണ് സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. പാറശാല ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവാരക്കോണം സി എസ് ഐ സ്‌കൂൾ ഗ്രൗണ്ടിലായിരുന്നു മെഗാ തിരുവാതിര അവതരിപ്പിച്ചത്.

വെള്ളിയാഴ്‌ച്ചയാണ് തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമാകുന്നത്. പിണറായി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുള്ള ഗാനത്തിനൊപ്പം നൃത്ത ചുവടുകളുമായി വിദ്യാർത്ഥികളും വീട്ടമ്മമാരും എത്തി. പൂവരണി കെ വി പി നമ്പൂതിരിയാണ് സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുള്ള ഗാനം എഴിതിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി ആർ സലൂജ തിരുവാതിര കളിക്ക് നേതൃത്വം നൽകി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.

കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിലും 250ലേറെ പേർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിൽ ആണ് ജില്ലാ സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിലേക്ക് പൊതുജനം വരേണ്ടെന്നാണ് നിലവിലെ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിൽ ഉടനീളം പങ്കെടുക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾ രാത്രികാല, വാരാന്ത്യ നിയന്ത്രണങങ്ങളിലേക്ക് ഒക്കെ കടന്നപ്പോഴും, സിപിഎം സമ്മേളനങ്ങൾ കാരണമാണ് കേരളം കടുത്ത നടപടികളെടുക്കാത്തത് എന്ന് അഭിപ്രായമുയരുന്നുണ്ട്.

അതേസമയം, ധീരജിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ജ്യുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പ്രതികളെ കഴിഞ്ഞ ദിവസം വൈകീട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു.

കൊലക്കുറ്റത്തിനാണ് നിഖിലിനെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമം, സംഘംചേരൽ എന്നീ വകുപ്പുകളാണ് ജെറിൻ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പൊലീസ് സമർപ്പിക്കും. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകാനാണ് സാധ്യത. കെ.എസ്.യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേലിനെ പറവൂരിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിങ് കോളേജിലുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂർ സ്വദേശിയായ ധീരജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP