Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക്ഡൗൺ കാലത്തെ പാർട്ടി; ബോറിസ് ജോൺസനെതിരെ ഒന്നിനു പുറകെ ഒന്നായി എം പിമാർ; ഒട്ടേറെ കള്ളങ്ങൾ പറഞ്ഞ പ്രധാനമന്ത്രി വിയർക്കുന്നു; നല്ല ഭരണം കാഴ്‌ച്ചവയ്ക്കുമ്പോഴും ചെറിയ കള്ളങ്ങളുടെ പുറത്ത് ബോറിസ് ജോൺസൺ പുറത്തേക്ക്

ലോക്ക്ഡൗൺ കാലത്തെ പാർട്ടി; ബോറിസ് ജോൺസനെതിരെ ഒന്നിനു പുറകെ ഒന്നായി എം പിമാർ; ഒട്ടേറെ കള്ളങ്ങൾ പറഞ്ഞ പ്രധാനമന്ത്രി വിയർക്കുന്നു; നല്ല ഭരണം കാഴ്‌ച്ചവയ്ക്കുമ്പോഴും ചെറിയ കള്ളങ്ങളുടെ പുറത്ത് ബോറിസ് ജോൺസൺ പുറത്തേക്ക്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പാർട്ടി ഗെയ്റ്റ് വിവാദം പുതിയ തലങ്ങളിലേക്കെത്തുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് കഴിഞ്ഞവർഷം പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്ത്മസ് പാർട്ടി നടത്തി എന്ന ആരോപണത്തിന് മറുപടിപറയാൻ ഭരണകക്ഷിയിലെ എം പി മാർ തന്നെ ആവശ്യപ്പെട്ട് മുന്നോട്ട് വന്നതോടെ ബോറിസ് ജോൺസന്റെ ഭാവി തുലാസിലായിരിക്കുകയാണ്. എല്ലാ പാർട്ടികളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്ന സമയത്ത് താനും പത്നിയും പാർട്ടിയിൽ പങ്കെടുത്തു എന്ന ആരോപണത്തിന് മറുപടി പറയാൻ പക്ഷെ ബോറിസ് ജോൺസൺ ഇന്നലെ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ തുനിഞ്ഞില്ല.അതുപോലെ അവശ്യമുള്ള മദ്യവുമായി പാർട്ടിക്കെത്താൻ ക്ഷണിച്ചുകൊണ്ടുള്ള് ഈ മെയിൽ സന്ദേശം നിഷേധിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസും തയ്യാറായിട്ടില്ല.

പാർട്ടിയിലും പുറത്തും ഉയരുന്ന അമർഷം ശാന്തമാക്കാൻ ഇന്ന് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന ബോറിസ് ജോൺസൺ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയപെട്ടവർക്ക് അന്ത്യയാത്രാമൊഴിപോലും നൽകുന്നതിൽ നിന്നും തടയപ്പെട്ട കർശന ലോക്ക്ഡൗൺ സമയത്ത് ആഘോഷപൂർവ്വം പാർട്ടി നടത്തിയ ബോറിസ് ജോൺസനെതിരെ പൊതുജനരോഷവും ശക്തമാവുകയാണ്. ജനപിന്തുണ ഒലിച്ചുപോവുകയാണെന്ന് മനസ്സിലായതോടെ സ്വന്തം പാർട്ടിയിലെ എം പിമാർ വരെ ഈ ആരോപണത്തിനെതിരെ മറുപടി പറയണമെന്ന് ബോറിസ് ജോൺസനെ നിർബന്ധിക്കുകയാണ്.

ആരോപണം ശരിയെന്ന് തെളിഞ്ഞാൽ ബോറിസ് ജോൺസൺ രാജിവയ്ക്കേണ്ടി വരുമെന്ന് ചില എം പിമാർ പറഞ്ഞു. മറ്റുചിലർ പറഞ്ഞത് ബോറിസ് ജോൺസൺ ഉടൻ തന്നെ ഒരു അവിശ്വാസപ്രമേയം അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്. ബോറിസ് ജോൺസന്റെ രാഷ്ട്രീയ അതിജീവനത്തിന് 20 ശതമാനം സാധ്യതകൾ മാത്രമേയുള്ളു എന്നാണ് ബോറിസിനെതിരെ പടനയിക്കുന്ന, ഒരുകാലത്ത് അദ്ദേഹത്തിന്റെ ഉറ്റ അനുയായി ആയിരുന്ന ഡൊമിനിക് കമ്മിങ്സുമായി ബന്ധപ്പെട്ടവർ പറയുന്നത്. പ്രധാനമന്ത്രിയെ പിന്തുണയ്ക്കാൻ ഒരു മന്ത്രി പോലും രംഗത്തുവരുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഇന്നലെ നടന്ന രണ്ട് അഭിപ്രായ സർവ്വേകളിലും ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടത് ബോറിസ് ജോൺസൺ രാജിവെച്ച് ഒഴിയണം എന്നുതന്നെയാണ്. ഏതായാലും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മിസ് ഗ്രേയുടെ കൈകളീലാണ് ഇപ്പോൾ ബോറിസ് ജോൺസന്റെ ഭാവി. ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രം മെനയുന്ന തിരക്കിലായിരുന്നു ഇന്നലെ ബോറിസുമായി അടുത്ത വൃത്തങ്ങൾ എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടയിൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ ലോക്ക്ഡൗൺ കാലത്ത് നടന്ന പാർട്ടിയെ കുറിച്ച് പൊലീസ് അന്വേഷണം വരുമോ എന്നകാര്യം ഉറപ്പായിട്ടില്ല. അതുകൂടി വന്നാൽ, പിന്നെ ബോറിസ്നിന് രക്ഷയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കോവിഡ് നിയന്ത്രണത്തിലും വാക്സിൻ പദ്ധതിയിലും കൈവരിച്ച നേട്ടങ്ങൾ ഉൾപ്പടെ സാമാന്യം ഭേദപ്പെട്ട ഭരണം കാഴ്‌ച്ചവയ്ക്കുമ്പോഴും ഒരുകൂട്ടം നുണകളുടെ കൂമ്പാരമായിരുന്നു ബോറിസ് ജോൺസന്റെ ഭരണം. ബോറിസ് ജോൺസന്റെ ജീവിതം തന്നെ നുണകൾ കൊണ്ട് മെനഞ്ഞെടുത്തതായിരുന്നു എന്നാണ് ഡെയ്ലി മെയിൽ പറയുന്നത്. സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും നിരവധി നുണകളായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഒരു അവിഹിതബന്ധത്തിന്റെ പേരിൽ ടോറി നേതാവായിരുന്ന മൈക്കൽ ഹോവാർഡ് ബോറിസിനെ പത്രപ്രവർത്തകൻ എന്ന ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു. ഇതേ അവിഹിതബന്ധത്തിന്റെ പേരിലായിരുന്നു ബോറിസിന്റെ ഭാര്യ മറീന വിവാഹബന്ധം വേർപെടുത്തിയതും.

ഇപ്പോഴത്തെ പത്നി കാരി സിമ്മണ്ട്സും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതുമായി ഉയർന്ന വിവാദങ്ങളിൽ പ്രധാന പങ്ക് കാരിക്കായിരുന്നു. ടോറി നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ വഞ്ചനയും രാജ്ഞിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്നതുമുൾപ്പടെ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. പിന്നെയും നിരവധി തവണയാണ് ബോറിസ് ജോൺസന് താൻ പറഞ്ഞ നുണകളുടെ പേരിൽ മാപ്പ് പറയേണ്ടി വന്നത്.

കൊളേജ് വിദ്യാഭാസകാലത്ത് മയക്ക് മരുന്ന് ഉപയോഗിച്ചതായി ഒരു മാസികയ്ക്ക് നൽകിയ അഭിമുഖം, പിന്നീട് പ്രധാനമന്ത്രിയാകാനുള്ള ശ്രമത്തിന് വിലങ്ങുതടിയാകുമെന്ന് കണ്ട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും പിന്നീട് ഉരുണ്ടുകളിച്ച് ഒഴിഞ്ഞുമാറിയത് ശ്രദ്ധേയമായിരുന്നു. ജെന്നിഫർ ആര്കുറി, ബോറിസ് ജോൺസൺ ലണ്ടൻ മേയർ ആയിരുന്ന കാലത്ത് നാലുവർഷം അദ്ദേഹവുമായി ബന്ധം പുലർത്തിയിരുന്നു എന്ന് അവകാശപ്പെട്ടതായിരുന്നു മറ്റൊരു സംഭവം.

ബോറിസ് ജോൺസൺ രണ്ടാം തവണ ലണ്ടൻ മേയർ ആയിരുന്ന സമയത്തായിരുന്നു ഈ ബന്ധം എന്നാണ് അവർ പറഞ്ഞത്. അക്കാലത്ത് തന്റെ സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്നും പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നു എന്നും അവർ പറഞ്ഞു. എന്നാൽ, ഇതുവരെ ഇക്കാര്യത്തെ പറ്റി ബോറിസ് ജോൺസൺ ഒരു പരസ്യ പ്രതികരണം നടത്തിയിട്ടില്ല. മാത്രമല്ല, സ്വകാര്യ സംഭാഷണങ്ങളിൽ താൻ തികഞ്ഞ സത്യസന്ധതയോടെയാണ് മേയർ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നത് എന്നു മാത്രമാണ് പറഞ്ഞിട്ടുള്ളതും.

1987-ൽ ഓക്സ്ഫോർഡിൽ നിന്നും ബിരുദമെടുത്തതിനു ശേഷം ബോറിസ് ജോൺസൺ ടൈംസ് പത്രത്തിൽ ട്രെയിനീ ജേർണലിസ്റ്റായി ജോലിക്ക് കയറിയിരുന്നു. അന്ന് തെംസ് നദിക്കരയിൽഎന്നോ ഇല്ലാതെപോയ എഡ്വേർഡ് രണ്ടാമൻ രാഹാവിന്റെ കൊട്ടാരത്തെ കുറിച്ചുള്ള ഒരു ലേഖനം തയ്യാറാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തന്റെ ലേഖനത്തിന് എരിവും പുളിയും ചേർക്കാൻ രാജകുടുംബാംഗങ്ങൾ സ്വവർഗ്ഗരതിക്കാരാണെന്നു വരെ അദ്ദേഹം വരുത്തിതീർത്തു. മാത്രമല്ല, തന്റെ വാക്കുകൾക്ക് കൂടുതൽ ആധികാരികത നൽകാൻ ഓക്സ്ഫോർഡ് ഡോൺ സർ കോളിൻ ലൂക്കാസിന്റെ പ്രസ്താവന എന്ന രീതിയിൽ ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തു.

തികച്ചും ചരിത്രവിരുദ്ധമായ കാര്യങ്ങളായിരുന്നു സർ കോളിൻ ലൂക്കാസിന്റെ പ്രസ്താവന എന്നപേരിൽ ബോറിസ് എഴുതിപ്പിടിപ്പിച്ചത്. തുടർന്ന് ലൂക്കാസ് പരാതിപ്പെട്ടതിനെ തുടർന്ന് ബോറിസ് ജോൺസനെ ടൈംസ് പിരിച്ചുവിടുകയായിരുന്നു. ബ്രെക്സിറ്റിന്റെ സമയത്തും ബോറിസ് നിരവധി നുണകൾ പ്രചരിപ്പിച്ചതായി ആരോപണമുണ്ട്. ബ്രെക്സിറ്റ് എൻ എച്ച് എസിന് പ്രതിവാരം350 മില്യൺ ലാഭമുണ്ടാക്കും എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അതുപോലെ യൂറോപ്യൻ യൂണീയനിൽ നിന്നും പിന്മാറിയില്ലെങ്കിൽ 80 മില്യൺ തുർക്കികൾ ബ്രിട്ടനിലെത്തുമെന്ന് അദ്ദേഹം പറഞ്ഞതായും ആരോപണമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP