Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓമിക്രോൺ പേടിയിൽ വീണ്ടും മലയാള സിനിമ; മോഹൻലാലിന്റെ ആറാട്ടിന് ഫെബ്രുവരി റിലീസ് ഉണ്ടാകില്ല; മമ്മൂട്ടിയുടെ പുഴുവിനും താൽപ്പര്യം ഓടിടി; നിവിൻപോളിയുടെ തുറമുഖത്തിനും പ്രോട്ടോകോൾ ഭയം; പ്രണവിന്റെ ഹൃദയം മാറ്റമില്ലാതെ തിയേറ്ററുകളിലെത്തുമെന്നും റിപ്പോർട്ട്; തിയേറ്ററുകളിൽ വീണ്ടും വൈറസ് അനിശ്ചിതത്വം

ഓമിക്രോൺ പേടിയിൽ വീണ്ടും മലയാള സിനിമ; മോഹൻലാലിന്റെ ആറാട്ടിന് ഫെബ്രുവരി റിലീസ് ഉണ്ടാകില്ല; മമ്മൂട്ടിയുടെ പുഴുവിനും താൽപ്പര്യം ഓടിടി; നിവിൻപോളിയുടെ തുറമുഖത്തിനും പ്രോട്ടോകോൾ ഭയം; പ്രണവിന്റെ ഹൃദയം മാറ്റമില്ലാതെ തിയേറ്ററുകളിലെത്തുമെന്നും റിപ്പോർട്ട്; തിയേറ്ററുകളിൽ വീണ്ടും വൈറസ് അനിശ്ചിതത്വം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓമിക്രോൺ ഭീതി സിനിമയേയും ബാധിച്ചേക്കും. മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിനെ അടക്കം കോവിഡ് ഭീതി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ സിനിമ ഫെബ്രുവരിയിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. കോവിഡ് ഭീതി മാറാതെ ആഗോള റിലീസ് സാധ്യമല്ലാത്ത സാഹചര്യത്തിലാണ് ഇത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഓമിക്രോണിൽ അതിവ്യാപനമാണ്. വിദേശത്തും ഇതു തന്നെയാണ് അവസ്ഥ. ഈ സാഹചര്യത്തിൽ ആറാട്ടിന്റെ ആഗോള റിലീസിന് അനുകൂല സാഹചര്യം ഇപ്പോഴില്ലെന്നാണ് വിലയിരുത്തൽ. രണ്ടു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരും.

മമ്മൂട്ടിയുടെ പുഴുവും ഒടിടി റിലീസിനുള്ള സാധ്യതകൾ തേടുന്നുവെന്നാണ് റിപ്പോർട്ട്. നിവിൻ പോളിയുടെ തുറമുഖവും ഒടിടിയിലേക്ക് മാറിയേക്കും. എന്നാൽ പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം തിയേറ്ററിൽ എത്താനാണ് സാധ്യത. കോവിഡ് ഭീതി കൂടി നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ പ്രണയവും ഒടിടിയിലേക്ക് പോകും. ഓമിക്രോൺ അതിശക്തമായി ആഞ്ഞടിച്ചാൽ തിയേറ്ററിൽ എത്തുന്നവരുടെ എണ്ണം കുറയും. ഏത് സമയത്തും സർക്കാർ നിയന്ത്രണങ്ങളും വരും. ഈ സാഹചര്യത്തിലാണ് ആറാട്ട് അടക്കമുള്ള സിനിമകളുടെ റിലീസിൽ അനിശ്ചിതത്വം എത്തുന്നത്. 50 ശതമാനം പേർക്ക് മാത്രമേ നിലവിൽ തിയേറ്ററുകളിൽ പ്രവേശനും അനുവദിക്കുന്നുള്ളൂ. എന്തുവന്നാലും ആറാട്ട് തിയേറ്ററിൽ ഇറങ്ങുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന ഉറപ്പ്.

നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണ് 'പുഴു'. മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്നാണ് ടീസർ നൽകുന്ന സൂചന. മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം. ദുൽഖർ സൽമാന്റെ വേ ഫെറർ സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുൽഖർ സൽമാൻ തന്നെയാണ് വിതരണവും. സിൽ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ സഹസഞ്ചാരി കൂടിയായ എസ് ജോർജ്ജും നിർമ്മാണത്തിന്റെ ഭാഗമാകുന്നു. ഉണ്ടയ്ക്ക് ശേഷം ഹർഷാദും വൈറസിന് ശേഷം ഷറഫ് സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രമാണ് പുഴു.

മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആയി 'പുഴു' എത്തും എന്നാണ് സൂചന. ജനുവരിയിൽ തന്നെ പുഴു റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഒ.ടി.ടി. റിലീസ് ആണ് കൂടുതൽ നല്ലതെന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ. പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്ഫോമുമായി അണിയറപ്രവർത്തകർ ചർച്ച നടത്തിയെന്നാണ് വിവരം. ഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന ഭീഷ്മപർവ്വത്തിനു മുൻപ് പുഴു പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ആലോചന നടക്കുന്നത്. അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. ചിത്രമായിരിക്കും പുഴു. കോവിഡ് ആഞ്ഞടിച്ചാൽ ഭീഷ്മ പർവ്വവും വൈകും.

നിവിൻപോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പുതുവർഷമായ ജനുവരി 20ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ കോവിഡ് വ്യാപന സമയത്ത് തിയേറ്ററിൽ ആളെത്തുമോ എന്ന ചിന്ത അതിന്റെ അണിയറക്കാർക്കുമുണ്ട്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ, അർജുൻഅശോകൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് തുറമുഖം. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിമ്മിചിരിക്കുന്നത്. തിയേറ്റർ റിലീസ് വൈകാൻ സാധ്യത വന്നാൽ ഈ ചിത്രവും ഓടിടിയിലേക്ക് മാറും. അടുത്ത ആഴ്ച കേരളത്തിന് നിർണ്ണായകമാണ്. കോവിഡ് വ്യാപനം തുടർന്നാൽ തിയേറ്ററുകൾക്കും വീണ്ടും താഴു വീഴും.

മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രമാണ് 'ഹൃദയം'. ജനുവരി 21നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണുള്ളത്. സിനിമയിലെ ഗാനങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിലുൾപ്പെടെ വൈറലുമാണ്. പ്രണവിനെ കൂടാതെ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. റിലീസ് തീയതി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം 11 കേന്ദ്രങ്ങളിൽ ഫാൻസ് ഷോകൾ ഹൗസ്ഫുള്ളാവുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ഹൃദയം തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന സിനിമയാണിത്. മരക്കാറിൽ മോഹൻലാലിന്റെ ചെറുപ്പകാലവും പ്രണവ് അഭിനയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP