Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങൾ വീട്ടിലിരിക്കുമ്പോൾ പ്രധാനമന്ത്രി വീട്ടുമുറ്റത്ത് പാർട്ടി നടത്തി; ജീവനക്കാരെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ബോറിസ് ജോൺസന് പാരയാകുന്നു; പരാതി അന്വേഷിക്കുമെന്ന് പൊലീസ്; ബ്രിട്ടണിൽ ബോറിസ് ജോൺസന് രാജി വയ്ക്കേണ്ടി വന്നേക്കും

ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങൾ വീട്ടിലിരിക്കുമ്പോൾ പ്രധാനമന്ത്രി വീട്ടുമുറ്റത്ത് പാർട്ടി നടത്തി; ജീവനക്കാരെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ബോറിസ് ജോൺസന് പാരയാകുന്നു; പരാതി അന്വേഷിക്കുമെന്ന് പൊലീസ്; ബ്രിട്ടണിൽ ബോറിസ് ജോൺസന് രാജി വയ്ക്കേണ്ടി വന്നേക്കും

സ്വന്തം ലേഖകൻ

പാർട്ടി ഗേയ്റ്റ് വിവാദം ബ്രിട്ടനിൽ കൊഴുക്കുകയാണ്. രാജ്യം മുഴുവൻ കോവിഡ് ലോക്ക്ഡൗണിൽ അടച്ചുപൂട്ടി വീട്ടിലിരുന്നപ്പോൾ പ്രധാനമന്ത്രി, ഓഫീസിലെ ജീവനക്കാരെ ക്ഷണിച്ചുവരുത്തി സ്വന്തം വീട്ടിൽ പാർട്ടി നടത്തിയ വിവാദം പുതിയ തലത്തിലേക്കെത്തുന്നു. ഇതുമായി ബന്ധപ്പെട്ട ഒരുഈ-മെയിൽ പുറത്തുവന്നതോടെയാണിത്. ഏകദേശം നൂറോളം ജീവനക്കാരോട്, അവർക്കാവശ്യമായ മദ്യവുമായി നമ്പർ 10 ലേക്ക് എത്താൻ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പിൾ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ റെയ്നോൾഡ്സ് അയച്ച ഈ മെയിൽ സന്ദേശമാണ് ഐ ടി വി ന്യുസ് ഷോയിൽ പുറത്തുവന്നത്. 2020 മെയ്‌ 20 ന് ആയിരുന്നു വിവാദമായ പാർട്ടി നടന്നത്.

ആ സമയത്ത് ബ്രിട്ടനിൽ നിലവിലിരുന്ന കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം രണ്ട് പേർക്ക് മാത്രമായിരുന്നു പുറത്ത് ഒത്തുചേരാൻ അനുവാദം ഉണ്ടായിരുന്നത്. അതും, ചുരുങ്ങിയത് രണ്ട് മീറ്റർ അകലമെങ്കിലും പാലിച്ചുകൊണ്ടു മാത്രം. അതേസമയം, പാർട്ടിയിൽ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തിൽ നിന്നും ബോറിസ് ജോൺസൺ ഒഴിഞ്ഞുമാറുകയായിരുന്നു. തന്റെ നിയോജകമണ്ഡലം സന്ദർശിക്കുന്നതിനിടെയായിരുന്നു ഈ ചോദ്യം ഉയർന്നത്. ഇപ്പോൾ ഇതിനെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതലൊന്നും പറയാനില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

എന്നാൽ, ഐ ടി വി ന്യുസിൽ പറയുന്നത് അന്നേദിവസം ഏകദേശം 40 ജീവനക്കാരോളം വൈകിട്ട് 6 മണിമുതൽ മദ്യവും ഭക്ഷണവുമായി അവിടെ കൂടിയിരുന്നു എന്നാണ്. അതിൽ പ്രധാനമന്ത്രിയും ഭാര്യയും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ മുഖ്യ സഹായിയായിരുന്ന ഡൊമിനിക് കമ്മിങ്സും ഇക്കാര്യം സ്ഥിരീകരിക്കുന്നു. തിരക്കു പിടിച്ച ഒരു കാലത്ത് അല്പം സ്നേഹോഷ്മളമായ അന്തരീക്ഷം ആസ്വദിക്കാം എന്നു പറഞ്ഞുകൊണ്ടാണ് റെയ്നോൾഡ്സിന്റെ ഈ മെയിൽ സന്ദേശം ആരംഭിക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് അല്പം മദ്യം സേവിക്കാൻ നമ്പർ 10 ൽ ഒത്തുകൂടാം എന്നു അതിൽ പറയുന്നു. വൈകിട്ട് 6 മണിക്ക് ഒത്തുകൂടാമെന്നും ഓരോരുത്തരും അവരവർക്കുള്ള മദ്യം കൊണ്ടുവരണമെന്നും സന്ദേശത്തിൽ പറയുന്നു.

മറ്റുള്ളവർക്ക് വേണ്ടി നടപ്പാക്കിയ നിയമത്തിൽ ബോറിസ് ജോൺസൺ തീരെ വിശ്വാസമില്ല എന്നാണ് ഇത് കാണിക്കുന്നതെന്ന് ലേബർപാർട്ടിയുടെ ഉപനേതാവ് ഏയ്ഞ്ചല റെയ്നാർ പറഞ്ഞു. ഭൂരിപക്ഷം പൗരന്മാരും നിയമം അനുസരിച്ച് ജീവിച്ചപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവർ അത് ലംഘിക്കുകയായിരുന്നു എന്നതിന് ഇത് ഉത്തമോദഹരണമാണ് എന്നായിരുന്നു ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ എഡ് ഡാവേ പറഞ്ഞത്. ബോറിസ് ജോൺസന്റെ മദ്യ സത്കാരം നടന്ന അതേദിവസം തന്നെയാണ് ആളുകൾക്ക് പുറംവാതിൽ ഇടങ്ങളിൽ മാത്രമേ ജോഡികളായി ഒത്തുകൂടാനാകൂ എന്ന കൾച്ചറൽ സെക്രട്ടറിയുടെ പ്രഖ്യാപനം വന്നത്.

അഴിമതിയും ദുർഭരണവുമാണ് ബോറിസ് ജോൺസന്റെ കീഴിൽ നടക്കുന്നതെന്ന് ആരോപിച്ചഎസ് എൻ പി വെസ്റ്റ്മിനിസ്റ്റർ നേതാവ് ഇയാൻ ബ്ലാക്ക്ഫോർഡ്, ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി ബോറിസ് ജോൺസൺ സംശുദ്ധി തെളിയിക്കണമെന്നും ആവശ്യപ്പെട്ടു. ഈ റിപ്പോർട്ട് പുറത്തുവന്ന ഉടനെ തങ്ങൾ കാബിനറ്റ് ഓഫീസുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നുണ്ടെന്ന് മെറ്റ് പൊലീസ് വക്താവ് പറഞ്ഞെങ്കിലും ഇതിനെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

കർശനമായ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ബോറിസ് ജോൺസനെ എതിർത്തിരുന്ന ടോറി പാർട്ടിയിലെ വിമതർക്ക് ഇത് പുതിയ ഒരു ആയുധമാണ് ഇപ്പൊൾ ലഭിച്ചിരിക്കുന്നത്. ഇതൊടെ ബോറിസ് ജോൺസന്റെ പരമാധികാരം പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യപ്പെടും എന്നുറപ്പായിരിക്കുന്നു. കൂനിന്മേൽ കുരു എന്നപോലെ 2020-ലെ ശൈത്യകാലത്ത് ഡൗണിങ് സ്ട്രീറ്റിൽ ബോറിസ് ജോൺസൺ ഒരു ക്രിസ്ത്മസ് ക്വിസ് നടത്തുന്ന ചിത്രം കഴിഞ്ഞദിവസം സൺഡേ മെയിൽ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ മാസം ഓമിക്രോണിനെ ചെറുക്കാൻ കർശന നിയന്ത്രണങ്ങൾ ബോറിസ് ജോൺസൺ ഏർപ്പെടുത്തിയതിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും തന്നെ അതിരൂക്ഷമായ വിമർശനം ഉയർന്നുവന്നിരുന്നു. ലോർഡ് ഫ്രോസ്റ്റിന്റെ രാജിക്ക് പുറകിലും അതായിരുന്നു കാരണം എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇപ്പോൾ ഈ മെയിൽ സന്ദേശം കൂടി പുറത്തുവന്നതോടെ ബോറിസ് ജോൺസന്റെ മേൽ സമ്മർദ്ദം ഏറുകയാണ്. പ്രതിപക്ഷ കക്ഷികൾ ഒന്നായി അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നു. പാർട്ടിക്കുള്ളിലെ വിമതർ കൂടി ഇത് ഏറ്റുപിടിച്ചാൽ പിന്നെ ബോറിസ് ജോൺസണ് രാജിവെച്ച് ഒഴിയുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഉണ്ടാകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP