Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോറിസ് കോയിൻ തട്ടിപ്പ്; മുഖ്യപ്രതി നിഷാദിന്റെ അടക്കം 37 കോടിയോളം രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി; 25 ലക്ഷത്തിന്റെ ക്രിപ്‌റ്റോ കറൻസിയും കണ്ടുകെട്ടിയവയിൽ; തട്ടിയെടുത്ത 1200 കോടിയിൽ ഭൂരിഭാഗവും വിദേശത്തേക്ക് കടത്തി പ്രതികൾ; തട്ടിപ്പുകാർ നയിച്ചത് ആഡംബര ജീവിതം

മോറിസ് കോയിൻ തട്ടിപ്പ്; മുഖ്യപ്രതി നിഷാദിന്റെ അടക്കം 37 കോടിയോളം രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി;  25 ലക്ഷത്തിന്റെ ക്രിപ്‌റ്റോ കറൻസിയും കണ്ടുകെട്ടിയവയിൽ; തട്ടിയെടുത്ത 1200 കോടിയിൽ ഭൂരിഭാഗവും വിദേശത്തേക്ക് കടത്തി പ്രതികൾ; തട്ടിപ്പുകാർ നയിച്ചത് ആഡംബര ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി മലപ്പുറം സ്വദേശി നിഷാദ് കിളിയിടുക്കലിന്റേയും കൂട്ടാളികളുടേയും ആസ്തി ആധായ നികുതി വകുപ്പ് കണ്ടുകെട്ടി. 36 കോടി 72 ലക്ഷത്തിലധികം വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന് ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

25 ലക്ഷത്തിലധികം രൂപയുടെ ക്രിപ്റ്റോകറൻസിയും കണ്ടുകെട്ടി. ബിറ്റ്കോയിൻ അടക്കമുള്ള 7 ക്രിപ്റ്റോ കറൻസികളിലെ നിക്ഷേപം രൂപയിലേക്ക് മാറ്റിയാണ് ഇഡി സ്വത്തുവകകൾ കണ്ടെത്തിയത്. 1200 കോടിരൂപയുടെ മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ മലപ്പുറം സ്വദേശിയായ കെ നിഷാദിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ഇയാൾ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് ഒളിവിൽ കഴിയുകയാണ്.

മലപ്പുറം, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത പരാതികളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡി നടപടി. 900 നിക്ഷേപകരിൽ നിന്നായി 1,200 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ലോങ് റിച്ച് ഗ്ലോബൽ, ലോങ് റിച്ച് ടെക്‌നോളജീസ്, മോറിസ് ട്രേഡിങ് സൊലൂഷൻസ് എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

പൗരപ്രമുഖരെ ഉൾപ്പെടുത്തി വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചാണ് നിക്ഷേപകരെ ആകർഷിച്ചത്. ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും.

നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും പറഞ്ഞാണു പണം സമാഹരിച്ചത്. വൻതോതിൽ നിക്ഷേപം എത്തിയതോടെ പണവുമായി നടത്തിപ്പുകാർ മുങ്ങി. സ്വരൂപിച്ച പണം റിയൽ എസ്റ്റേറ്റിലാണ് നിക്ഷേപിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ആർഭാട ജീവിതം നയിക്കാനും ആഡംബര കാറുകൾ വാങ്ങിക്കൂട്ടാനും പണം വിനിയോഗിച്ചു.

അതേസമയം തട്ടിയെടുത്ത 1200 കോടിയിൽ നല്ലൊരു ഭാഗം വിദേശത്തേക്ക് കടത്തിയതായി സൂചനയുണ്ട്. മോറിസ് ക്രിപ്‌റ്റോ കറൻസി ഇന്ത്യയിൽ വിനിമയം നടത്താൻ അനുമതി ഉടൻ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേരളത്തിലെ മോറിസ് കോയിൻ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ കളിയിടുക്കൽ നിഷാദും സംഘവും കൂടുതൽ പണം കീശയിലാക്കിയത്. പൊതു സ്വീകാര്യതയുള്ളവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചും സാധാരണക്കാരുടെ വിശ്വാസം നേടി. കോവിഡ് കാലത്ത് തമിഴ്‌നാട്ടിലും കമ്പനി വ്യാപകമായ തട്ടിപ്പാണ് നടത്തിയത്.

അമേരിക്കൻ എക്‌സ്‌ചേഞ്ചിന്റെ പട്ടികയിൽ മോറിസ് കോയിനെ ചേർത്തുവെന്ന് അമേരിക്കയുടെ സാമ്പത്തിക രംഗത്തെ പ്രധാനി പറയുന്നതുപോലെ നാടകമുണ്ടാക്കി പ്രചരിപ്പിച്ച ശേഷമാണ് ഇന്ത്യയും ക്രിപ്‌റ്റോ കറൻസിക്ക് അംഗീകാരം നൽകുന്നുവെന്ന വാചകക്കസർത്ത് നടത്തിയത്. രാജ്യത്തെ കടകളിലെല്ലാം മോറിസ് കോയിൻ വിനിമയം നടത്താൻ ഉടൻ അനുമതി ആകുമെന്നായിരുന്നു പ്രചാരണം. ഇങ്ങനെ തട്ടിയ കോടികളിൽ നല്ലൊരു ഭാഗം വിദേശത്ത് എത്തിച്ചു. ഹവാല മാർഗമാണ് പണം കടത്തിയതെന്നാണ് സൂചന. മോറിസ് കോയിന്റെ പേരിൽ അഞ്ചു കോടി രൂപ വരെ നഷ്ടമായവർ കൂട്ടത്തിലുണ്ട്. പരാതിയുമായി എത്തുന്നവരെ പൊലീസ് ഗൗനിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP