Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഇന്ത്യ - ശ്രീലങ്ക ബന്ധത്തിലെ മറ്റൊരു നാഴികക്കല്ല്'; ട്രെയിൻ സർവ്വീസിന് ഇന്ത്യയിൽ നിന്ന് സംഭരിച്ച ഡീസൽ യൂണിറ്റ്; കൊളംബോ നഗരത്തെ കാങ്കസന്തുരൈയുമായി ബന്ധിപ്പിക്കും; ഇന്ത്യ-സിലോൺ 'യാത്ര' യുടെ ഓർമ്മയിൽ ഇരുരാജ്യങ്ങൾ

'ഇന്ത്യ - ശ്രീലങ്ക ബന്ധത്തിലെ മറ്റൊരു നാഴികക്കല്ല്'; ട്രെയിൻ സർവ്വീസിന് ഇന്ത്യയിൽ നിന്ന് സംഭരിച്ച ഡീസൽ യൂണിറ്റ്; കൊളംബോ നഗരത്തെ കാങ്കസന്തുരൈയുമായി ബന്ധിപ്പിക്കും; ഇന്ത്യ-സിലോൺ 'യാത്ര' യുടെ ഓർമ്മയിൽ ഇരുരാജ്യങ്ങൾ

ന്യൂസ് ഡെസ്‌ക്‌

കൊളംബോ: ഇന്ത്യയിൽ നിന്നും സംഭരിച്ച ഡീസൽ യൂണിറ്റുകൾ ഉപയോഗപ്പെടുത്തി ശ്രീലങ്കയിലെ തന്ത്രപ്രധാനമായ മേഖലയിലൂടെ റെയിൽവേ സർവ്വീസ്. ദ്വീപ് രാഷ്ട്രത്തിന്റെ വികസനത്തിന് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യയിൽ നിന്നും ഡീസൽ യൂണിറ്റുകൾ ശ്രീലങ്കയിലെത്തിച്ചത്. കൊളംബോ നഗരത്തെ കാങ്കസന്തുരൈയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയതായി ആരംഭിച്ച സർവ്വീസ്. ഞായറാഴ്ചയാണ് സർവ്വീസ് ആരംഭിച്ചത്.

തമിഴ് വംശജർ താമസിക്കുന്ന ജാഫ്‌ന ഉപദ്വീപിന്റെ വടക്കേ അറ്റത്തുള്ള പ്രദേശമാണ് കാങ്കസന്തുരൈ. ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ വികസന പങ്കാളിത്തത്തിലെ സുപ്രധാന ചുവട് വയ്പ് കൂടിയാണ് ഇത്. ശ്രീലങ്കയുടെ അടിസ്ഥാന വികസനത്തിന് ഊർജ്ജം നൽകുന്നതാണ് ഇന്ത്യയുടെ നീക്കമെന്നാണ് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈ കമ്മീഷണർ ഈ നീക്കത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ശ്രീലങ്കൻ ഗതാഗത മന്ത്രി പവിത്ര വണ്ണിയരച്ചിയും ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വിനോദ് കെ ജേക്കബും ഞായറാഴ്ച നടന്ന ലോഞ്ചിൽ പങ്കെടുത്തു.



ഇന്ത്യ ശ്രീലങ്ക ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലെന്നാണ് ഗതാഗത മന്ത്രി ഇന്ത്യയുടെ ചുവടുവയ്പിനെ വിശേഷിപ്പിച്ചത്. കോവിഡ് പേമാരിക്കിടയിലെ ഇന്ത്യാ സർക്കാരിന്റെ സഹായത്തിന് ഏറെ കടപ്പെട്ടിരിക്കുന്നതായും പവിത്ര വണ്ണിയരച്ചി വ്യക്തമാക്കി. ആളുകൾ തമ്മിലുള്ള കൈമാറ്റം സുഗമമാകാനും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനും ഊന്നൽ നൽകുന്നതാണ് പദ്ധതിയെന്നാണ് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വിനോദ് കെ ജേക്കബ് പറയുന്നത്.

ഇന്ന് കേട്ടാൽ ആരും വിശ്വസിക്കാത്ത ഇന്ത്യ-സിലോൺ(ശ്രീലങ്ക) റെയിൽ പാതയിലൂടെ ഒരു കാലത്ത് ഇരുരാജ്യങ്ങൾ തമ്മിൽ നിലനിന്ന ഊഷ്മളമായ ബന്ധത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന നിമിഷങ്ങൾ കൂടിയാണ് പുതിയ ട്രെയിൻ സർവീസ്.

കേരളത്തിലെ കൊല്ലത്തോ, കോട്ടയത്തോ ഉള്ള റെയിൽവേ സ്റ്റേഷനിൽ നിന്നെടുത്ത ഒരു ട്രയിൻ ടിക്കറ്റുകൊണ്ട് ശ്രീലങ്കയിലെ കൊളംബോ വരെ പോകാമായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഇന്ന് പലർക്കും വിശ്വസിക്കാൻ പ്രയാസമായിരിക്കും. പക്ഷേ അങ്ങനെയൊന്നുണ്ടായിരുന്നു. ശ്രീലങ്കയിലേക്ക് സ്ഥിരമായ യാത്ര ബോട്ടുകളുടെ സർവീസും ഉണ്ടായിരുന്നു. മദ്രാസിൽ നിന്നും കൊളോമ്പോയിലേക്ക് എന്ന പേരിൽ റെയിൽ ബോട്ട് സർവീസ് നിലനിന്നിരുന്നത്രേ.

1964 ഡിസിംബർ 22 രാത്രി 11.30ന് ധനുഷ്‌കോടിയെ പ്രേതനഗരമാക്കി മാറ്റിയ ഭീകരമായ കൊടുങ്കാറ്റ് ആഞ്ഞടിക്കുംവരെ നിലനിന്ന ബന്ധം. മധുര രാമേശ്വരം വഴി ധനുഷ്‌കോടിയിലേക്കു പോകുന്ന ബോട്ട്മെയിൻ എന്ന ട്രയിൻ പാമ്പൻ പാലത്തിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു മഹാദുരന്തമുണ്ടായത്. തുടർന്നുള്ള രണ്ടു രാത്രികളിൽ കൂടി ചുഴലിക്കാറ്റു നാശം വിതച്ചു. ഏതാണ് 1800 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

ഇന്ത്യ- സിലോൺ റെയിൽപാതയും അന്നത്തെ തമിഴ്‌നാടിന്റെ യാതൊരു ടൗണിനോടും കിടപിടിക്കുന്ന ധനുഷ്‌കോടിയെന്ന പട്ടണവും ആ ദിവസത്തോടെ ചരിത്രമായി. മറ്റെല്ലാ പട്ടണങ്ങളിലുമുള്ള പോലെ സ്‌കൂളും, ദേവാലയങ്ങളും, ബാങ്കും, റയിൽവേ സ്റ്റേഷനുമൊക്കെയുള്ള ഒരു പട്ടണം ഇന്ന് കെട്ടിടങ്ങളുടെ അസ്ഥിപഞ്ചരങ്ങൾ മാത്രം വഹിച്ചുകൊണ്ട് ഏകനായി നിൽക്കുന്നു. അകലെ ഇന്ത്യൻ മഹാ സമുദ്രത്തിൽ പാമ്പൻ പാലത്തിന് സമാന്തരമായി പഴയ റയിൽപാതയുടെ ഓർമ്മകൾ നിലനിർത്താൻ കുറേ കോൺക്രീറ്റ് തൂണുകളും.

ശ്രീലങ്കയുടെ കണ്ണിലെ കരടായിരുന്ന എൽ.റ്റി.റ്റി.ഇ രൂപം കൊള്ളുന്നതിന് വർഷങ്ങൾക്കു മുമ്പേ ഇന്ത്യയും ശ്രീലങ്കയുമായുള്ള വ്യാപാര വാണിജ്യബന്ധങ്ങൾ വളർന്നിരുന്നത് ധനുഷ്‌കോടിയുടെയും അതുവഴിയുള്ള ഇന്ത്യ- സിലോൺ പാതയുടെയും സഹായത്തോടെയായിരുന്നു.

ധനുഷ്‌കോടിയിൽ നിന്നും ശ്രീലങ്കയിലെ തലൈമന്നാറിലേയ്ക്ക് വെറും 31 കി മി ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. മദ്രാസ് എഗ്മൂറിൽ നിന്നും ധനുഷ്‌കോടി വരെ ട്രെയിൻ. ധനുഷ്‌കോടിയിൽ നിന്നും ശ്രീലങ്കയിലെ തലൈമന്നാർ വരെ എസ്.എസ് ഇർവ്വിൻ എന്ന ആവിക്കപ്പൽ. തലൈമന്നാർ മുതൽ കൊളംബോ വരെ വീണ്ടും ട്രെയിൻ. കോട്ടയത്തു നിന്നോ കൊല്ലത്തു നിന്നോ പുറപ്പെടുന്നവർ കണക്ഷൻ ട്രയിനിൽ മധുരവരെയെത്തുകയും അവിടെ നിന്ന് ബോട്ട്മെയിലിൽ യാത്ര തുടരുകയുമായിരുന്നു പതിവ്. പക്ഷേ ഇതിനെല്ലാം ഒറ്റ ടിക്കറ്റ് മതിയെന്നുള്ളതായിരുന്നു ഏറ്റവും വലിയ പ്രത്യേകത.

ട്രയിൻ ധനുഷ്‌കോടിയെത്തുമ്പോൾ അവിടെ ട്രയിനിനെ കാത്ത് എസ്.എസ്. ഇർവിൻ എന്ന ആവിക്കപ്പൽ കിടക്കുന്നുണ്ടാകും, ഇന്ത്യയിലേക്കു വരുന്ന യാത്രക്കാരെയും കൊണ്ട്. ഇന്ന് പല പാശ്ചാത്യ രാജ്യങ്ങളിലും കാണുന്നതുപോലെ റെയിൽപാളങ്ങൾ അവസാനിക്കുന്നിടത്തു തന്നെ കസ്റ്റംസും ഇമിഗ്രേഷനും നടത്തി നേരെ കപ്പലിലേയ്ക്ക് പ്രവേശിക്കുന്ന തരത്തിലുള്ള ഒരു യാത്ര സംവിധാനം.

അക്കാലത്ത് ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്കും തിരിച്ചും വിസ ആവശ്യമില്ലായിരുന്നു. ട്രയിനിൽ വരുന്ന ലങ്കയിലേക്കുള്ള യാത്രികരെയും കൊണ്ട് കപ്പൽ ശ്രീലങ്കയിലേക്കു തിരിക്കുമ്പോൾ അവിടുന്നുള്ളവരെയും വഹിച്ചുകൊണ്ട് ട്രയിൻ തിരികെ പോരുന്നു. കപ്പലിന്റെ യാത്ര ശ്രീലങ്കയിലെ തലൈമന്നാറിൽ അവസാനിക്കുന്നു. അവിടെ നിന്നും കൊളംബോ വരെ വീണ്ടും ട്രയിൻ യാത്ര. ശ്രീലങ്കയ്ക്ക് ഏതു നിമിഷവും ഇന്ത്യയിലേക്കു വരാമെന്ന അവസ്ഥ, അതുപോലെ തിരിച്ചും.

ദുരന്തത്തിനു ശേഷം തമിഴ്‌നാട് സർക്കാർ ധനുഷ്‌കോടിയുടെ പുനരുദ്ധാരണത്തിൽ താൽപ്പര്യം കാണിച്ചില്ല. എങ്കിലും വിനോദ സഞ്ചാരം ലക്ഷ്യമിട്ട് രാമേശ്വരം വരെ മലയാളിയുടെ അഭിമാനമായ എഞ്ചിനീയർ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പുതുക്കി പണിത പാമ്പൻ പാലമാണ് ഇപ്പോഴുള്ളത്. രാമേശ്വരം വരെ ട്രയിൻ ഇപ്പോഴുമുണ്ട്.

ഇപ്പോഴും രാമേശ്വരത്തേക്ക് പാമ്പൻ പാലത്തിലൂടെ സഞ്ചരികുന്നവർക്ക് കാണാൻ കഴിയും, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആ പഴയ ബന്ധത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ കടലിൽ അവിടെയവിടെയായി പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP