Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യവസാനം ആവേശപ്പോര്; അപരാജിത കുതിപ്പ് നടത്തിയ ഹൈദരാബാദിനെ വീഴ്‌ത്തി ബ്ലാസ്റ്റേഴ്‌സ്; ജയം എതിരില്ലാത്ത ഒരു ഗോളിന്; ഏഴു വർഷങ്ങൾക്കു ശേഷം ഐ.എസ്.എൽ പോയന്റ് പട്ടികയിൽ ഒന്നാമത്

ആദ്യവസാനം ആവേശപ്പോര്; അപരാജിത കുതിപ്പ് നടത്തിയ ഹൈദരാബാദിനെ വീഴ്‌ത്തി ബ്ലാസ്റ്റേഴ്‌സ്; ജയം എതിരില്ലാത്ത ഒരു ഗോളിന്; ഏഴു വർഷങ്ങൾക്കു ശേഷം ഐ.എസ്.എൽ പോയന്റ് പട്ടികയിൽ ഒന്നാമത്

സ്പോർട്സ് ഡെസ്ക്

ബംബോലിം: ഐഎസ്എൽ മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്‌ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്. ഐഎസ്എ സീസണിൽ ആദ്യമായാണ് മഞ്ഞപ്പട പോയന്റ് പട്ടികയിൽ ഒന്നാമതെത്തുന്നത്. ആദ്യ പകുതിയുടെ 42-ാം മിനിറ്റിൽ ആൽവാരോ വാസ്‌ക്വസ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചു കയറിയത്.

ഏഴു വർഷങ്ങൾക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്തുന്നത്. 2014-ലാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി ഒന്നാം സ്ഥാനത്തെത്തിയത്. ഇത്തവണ ലീഗിൽ ആദ്യകളിയിൽ എ.ടി.കെ.യോട് തോറ്റതിനുശേഷം ഇതുവരെ ഒമ്പത് മത്സരങ്ങളിൽ അപരാജിതരാണ് ബ്ലാസ്റ്റേഴ്‌സ്.

തോൽവി അറിയാതെ ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് എട്ട് മത്സരങ്ങളിലെ അപരാജിത കുതിപ്പിനുശേഷമെത്തിയ ഹൈദരാബാദിനെ ആദ്യ തോൽവിയിലേക്ക് തള്ളിവിടുകയായിരുന്നു. പത്ത് കളികളിൽ 17 പോയന്റുമായാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തെത്തിയത്. ഇത്രയും മത്സരങ്ങളിൽ 17 പോയന്റുള്ള മുംബൈ സിറ്റി എഫ് സി ഗോൾ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്‌സിന് പിന്നിൽ രണ്ടാമതാണ്. ഹൈദരാബാദ് 16 പോയന്റുമായി മൂന്നാം സ്ഥാനത്താണ്.

ആദ്യവസാനം ആവേശകരമായ പോരാട്ടത്തിൽ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞു. പാസിംഗിലും പന്തടക്കത്തിലും ആക്രമണങ്ങളിലുമെല്ലാം ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നപ്പോൾ വാസ്‌ക്വസിന്റെ ഒരേ ഒരു ഗോൾ മാത്രമായിരുന്ു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ഗോൾ പോസ്റ്റിന് കീഴിൽ ഹൈദരാബാദ് ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെ മിന്നും സേവുകളാണ് അവരെ വലിയൊരു തോൽവിയിൽ നിന്ന് രക്ഷിച്ചത്.

തുടക്കത്തിൽ നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് തുറന്നെടുത്തു. എന്നാൽ പതിഞ്ഞ തുടക്കത്തിനുശേഷം പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്ന ഹൈദരാബാദ് ആക്രമണങ്ങൾകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന് മറുപടി നൽകി. പത്താം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്ന് ഹൈദരാബാദിന് ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റിൽ കേറാതെ പോയത് നേരിയ വ്യത്യാസത്തിനായിരുന്നു. എഡു ഗാർഷ്യ എടുത്ത ഫ്രീ കിക്ക് ക്രോസ് ബാറിനെ ഉരുമ്മി പുറത്തുപോയി. തൊട്ടുപിന്നാലെ ഒഗ്‌ബെച്ചെക്ക് അവസരം ലഭിച്ചെങ്കിലും പന്ത് നിയന്ത്രിക്കാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിനായില്ല.

24-ാം മിനിറ്റിൽ ഒഗ്‌ബെച്ചെയുടെ കാലിൽ നിന്ന് റാഞ്ചിയ പന്തുമായി അഡ്രിയാൻ ലൂണ നടത്തിയ മുന്നേറ്റം ഗോളന്നുറപ്പിച്ചതായിരുന്നു. ലൂണ അളന്നുമുറിച്ചു നൽകിയ ക്രോസിൽ ജോർജെ ഡയസ് തൊടുത്ത ഹെഡ്ഡർ ലക്ഷിമകാന്ത് കട്ടിമണി അവിശ്വസനീയമായി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ വാസ്‌ക്വസിന്റെ മുന്നേറ്റവും ഹൈദരാബാദ് പ്രതിരോധത്തിൽ തട്ടി നിഷ്ഫലമായി.

ആദ്യ പകുതി ഗോൾരഹിതമായി അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഹൈദരാബാദ് ബോക്‌സിന് അടുത്തു നിന്ന് ലഭിച്ച ത്രോ ബോളിൽ നിന്ന് വാസ്‌ക്വസ് ഗോൾ കണ്ടെത്തിയത്. 42-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ഗോളെത്തി. ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ലോങ് ത്രോയിൽ നിന്നായിരുന്നു ഗോൾ. ബോക്സിലേക്കെത്തിയ പന്ത് സഹൽ അബ്ദുൾ സമദ് പിന്നിലേക്ക് ഹെഡ് ചെയ്തു. ഈ പന്ത് ലഭിച്ച ഹൈദരാബാദ് താരം ആശിഷ് റായ് ഹെഡ് ചെയ്ത് ഒഴിവാക്കാൻ ശ്രമിച്ചത് അൽവാരോ വാസ്‌ക്വസിന് പിന്നിലേക്കായിരുന്നു. തന്നെ മാർക്ക് ചെയ്ത താരത്തെ കബളിപ്പിച്ച വാസ്‌ക്വസിന്റെ ഇടംകാലൻ വോളി ബുള്ളറ്റ് കണക്കെ വലയിൽ. ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ.

ഒരു ഗോൾ വഴങ്ങിയതോടെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഹൈദരാബാദ് പോരാട്ടം കനപ്പിച്ചു. ഇഞ്ചുറി ടൈമിൽ ഗോളിന് അടുത്തെത്തിയെങ്കിലും ഒഗ്ബബെച്ചെക്ക് ഇത്തവണ വല ചലിപ്പിക്കാനായില്ല. രണ്ടാം പകുതിയിൽ സമനില ഗോളിനായി ഹൈദരാബാദ് കൈ മെയ് മറന്നു പൊരുതിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉറച്ചു നിന്നു. എങ്ങനെയും സമനില ഗോളടിക്കാനുള്ള ഹൈദരാബാദിന്റെ ശ്രമം പലപ്പോഴും പരുക്കനായി. റഫറി കാർഡെടുത്ത് മടുക്കുന്നതാണ് രണ്ടാം പകുതിയിൽ കണ്ടത്. അവസാന നിമിഷങ്ങളിൽ കടുത്ത സമ്മർദ്ദം അതിജീവിച്ച ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഫ്രീ കിക്ക് വഴങ്ങിയത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. സെറ്റ് പീസിൽ നിന്ന് ഹൈദരാബാദ് ബ്ലാസ്റ്റേഴ്‌സ് വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായത് ആശ്വാസമായി. അവസാന മിനിറ്റുകളിൽ ഹൈദരാബാദിന്റെ കടുത്ത പ്രസ്സിങ് ഗെയിം അതിജീവിച്ചാണ് ബ്ലാസ്റ്റേഴ്സ് ജയം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP