Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കീഴടങ്ങാതെ വാലറ്റം; അവസാന പന്തുവരെ നിറഞ്ഞ ആവേശം; തോൽവിയുടെ വക്കോളം എത്തിയിട്ടും ഓസിസിനോട് സമനില പിടിച്ചുവാങ്ങി ഇംഗ്ലണ്ട്; ആഷസ് നാലാം ടെസ്റ്റ് സൂപ്പർ ത്രില്ലർ; ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് ക്രിക്കറ്റ് ലോകം

കീഴടങ്ങാതെ വാലറ്റം; അവസാന പന്തുവരെ നിറഞ്ഞ ആവേശം; തോൽവിയുടെ വക്കോളം എത്തിയിട്ടും ഓസിസിനോട് സമനില പിടിച്ചുവാങ്ങി ഇംഗ്ലണ്ട്; ആഷസ് നാലാം ടെസ്റ്റ് സൂപ്പർ ത്രില്ലർ; ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് ക്രിക്കറ്റ് ലോകം

സ്പോർട്സ് ഡെസ്ക്

സിഡ്നി: അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന ആഷസ് നാലാം ടെസ്റ്റിന് ആവേശകരമായ സമനില. അവസാന ദിനം ജയിക്കാൻ 358 വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് 9 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഓസീസിനായി ബോളണ്ട്, മൂന്നും നായകൻ പാറ്റ് കമ്മിൻസും, സ്പിന്നർ നേഥൻ ലിയോണും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. ഓസീസ് ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവിൽ രണ്ടിന്നിങ്സിലും സെഞ്ചുറി നേടിയ(137,101*) ഉസ്മാൻ ഖവാജയാണ് കളിയിലെ താരം.

ഇംഗ്ലണ്ടിനായി സാക്ക് ക്രൗലിയും ബെൻ സ്റ്റോക്സും അർധ സെഞ്ചുറി നേടി. ജോണി ബെയർ‌സ്റ്റോ 41 റൺസെടുത്തു. നേരത്തെ ആദ്യ മൂന്ന് ടെസ്റ്റുകൾ ജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു.

വാലറ്റക്കാരായ ജാക്ക് ലീച്ചും സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സണും അഞ്ചാം ദിനം പിടിച്ചുനിന്നതോടെയാണ് തോൽവിയിലേക്ക് നീങ്ങിയ ഇംഗ്ലണ്ട് സമനില പിടിച്ചുവാങ്ങിയത്. മത്സരം അവസാനിക്കുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എന്ന നിലയിലായിരുന്നു സന്ദർശകർ.

അവസാന ദിനമായ ഇന്ന് വിക്കറ്റ് നഷ്ടമില്ലാതെ 30 റൺസെന്ന നിലയിൽ ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചു. ഒൻപതിൽ നിൽക്കേ ഹസീബ് ഹമീദിനെ ബോളണ്ട് പുറത്താക്കിയപ്പോൾ നാല് റൺസുമായി ഡേവിഡ് മലാൻ ലിയോണിന് കീഴടങ്ങി. എന്നാൽ ഫോമിലെത്തിയ സാക്ക് ക്രൗളി 100 പന്തിൽ 77 റൺസെടുത്തു. ക്രൗളിയെ ഗ്രീൻ പുറത്താക്കിയെങ്കിലും ജോ റൂട്ട്-ബെൻ സ്റ്റോക്സ് സഖ്യം ഇംഗ്ലണ്ടിനായി മതിൽക്കെട്ടുമെന്ന് കരുതി.

റൂട്ടിനെ 24ൽ നിൽക്കേ വിക്കറ്റിന് പിന്നിൽ ക്യാരിയുടെ കൈകളിലെത്തിച്ച് ബോളണ്ട് പ്രഹരമേൽപിച്ചു. കിങ് ബെൻ ഒരിക്കൽക്കൂടി ഓസീസിന് പ്രതിരോധമുയർത്താൻ ശ്രമിച്ചു. അർധ സെഞ്ചുറിക്ക് പിന്നാലെ 123 പന്തിൽ 60 റൺസിൽ നിൽക്കേ സ്റ്റോക്സിനെ സ്മിത്തിന്റെ കൈകളിലെത്തിച്ച് ലിയോൺ ട്വിസ്റ്റൊരുക്കി. ഓരോ പന്തിന്റെ ഇടവേളയിൽ ഒന്നാന്തരം ഇൻ-സ്വിങ്ങറുകളിൽ ജോസ് ബട്ലർ(11), മാർക്ക് വുഡ്(0) എന്നിവരെ മടക്കി കമ്മിൻസ് മത്സരം ഓസീസിന്റെ വരുതിയിലാക്കുമെന്ന് തോന്നിച്ചു. ജോണി ബെയർസ്റ്റോ 105 പന്തിൽ 41 റൺസ് നേടിയെങ്കിലും ബോളണ്ട് വീണ്ടും ഭീഷണിയായി.

ഇതോടെ 237-8 എന്ന നിലയിലായ ഇംഗ്ലണ്ടിനായി 34 പന്ത് നേരിട്ട ജാക്ക് ലീച്ച്(26) സ്മിത്തിന്റെ മുന്നിൽ വീണതോടെ ഓസീസ് ജയമുറപ്പിച്ചതാണ്. എന്നാൽ അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ സ്റ്റുവർട്ട് ബ്രോഡും ജിമ്മി ആൻഡേഴ്സണും കളി സമനിലയിലെത്തിച്ചു. സ്മിത്ത് എറിഞ്ഞ അവസാന ഓവറിലെ ആറ് പന്തും പ്രതിരോധിച്ച് ആൻഡേഴ്സൺ ഇംഗ്ലണ്ടിന്റെ തോൽവി ഒഴിവാക്കുകയായിരുന്നു. ബ്രോഡ് 35 പന്തിൽ 8ഉം ആൻഡേഴ്സൺ 6 പന്തിൽ അക്കൗണ്ട് തുറക്കാതെയും പുറത്താകാതെ നിന്നു.

മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ ഓസ്ട്രേലിയൻ ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടു. വിക്കറ്റ് നഷ്ടമില്ലാതെ 30 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം കളി തുടങ്ങിയത്. 60 റൺസെടുത്ത ബെൻ സ്റ്റോക്ക്സ്, 77 റൺസെടുത്ത സാക് ക്രാവ്ലി, 41 റൺസെടുത്ത ജോണി ബെയർസ്റ്റോ എന്നിവരൊഴികെ ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റ്സ്മാന്മാർ നിരാശപ്പെടുത്തി.

ജോണി ബെയർസ്റ്റോ പുറത്താകുമ്പോൾ എട്ടു വിക്കറ്റിന് 237 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ജാക്ക് ലീച്ചും സ്റ്റുവർട്ട് ബ്രോഡും പ്രതിരോധിച്ചുനിന്നു. 34 പന്തിൽ 26 റൺസെടുത്ത ജാക്ക് ലീച്ച് നൂറാം ഓവറിലെ അവസാന പന്തിൽ പുറത്തായപ്പോൾ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കേണ്ടത് രണ്ട് ഓവറായിരുന്നു. ഓസീസിന് വേണ്ടത് ഒരു വിക്കറ്റും. 35 പന്തിൽ എട്ടു റൺസോടെ ബ്രോഡും ആറു പന്തിൽ അക്കൗണ്ട് തുറക്കാതെ ആൻഡേഴ്സണും പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് മൂന്നു വിക്കറ്റും പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.

നേരത്തെ ഉസ്മാൻ ഖവാജയുടെ സെഞ്ചുറി മികവിൽ രണ്ടാം ഇന്നിങ്‌സിൽ ആറിന് 265 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഓസീസ് ഇംഗ്ലീഷ് ബാറ്റർമാർക്ക് മുന്നിൽ വെച്ചത് 388 റൺസ് വിജയലക്ഷ്യമാണ്. രണ്ടാം ഇന്നിങ്‌സിൽ 86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമായ ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഖവാജ - കാമറൂൺ ഗ്രീൻ സഖ്യമാണ്. 179 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം പിരിഞ്ഞ ശേഷം അധികം വൈകാതെ ഓസീസ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു.

ഗ്രീൻ 122 പന്തുകൾ നേരിട്ട് ഒരു സിക്‌സും ഏഴു ഫോറുമടക്കം 74 റൺസെടുത്തു. ഖവാജ 138 പന്തിൽ നിന്ന് 2 സിക്‌സും 10 ഫോറുമടക്കം 101 റൺസ് നേടി. മാർക്കസ് ഹാരിസ് (27), ഡേവിഡ് വാർണർ (3), മാർനസ് ലബുഷെയ്ൻ (29), സ്റ്റീവ് സ്മിത്ത് (23), അലക്‌സ് കാരി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലു വിക്കറ്റ് വീഴ്‌ത്തി. മാർക്ക് വുഡ് രണ്ടു വിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്സ് ഓസ്ട്രേലിയ എട്ടു വിക്കറ്റിന് 416 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 294 റൺസിന് പുറത്തായി. ഇതോടെ ഒന്നാമിന്നിങ്സിൽ ഓസീസ് 122 റൺസ് ലീഡ് നേടി. നേരത്തെ ആഷസിലെ ആദ്യ മൂന്നു ടെസ്റ്റിലും വിജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു.



ഓസ്ട്രേലിയക്കെതിരേ അഞ്ചാം ദിനം ചെറുത്ത് നിന്ന് സമനില സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമിനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് ക്രിക്കറ്റ് ആരാധകർ. ചെറുത്ത് നിന്ന് സമനില നേടി ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രതികരിച്ചത്.

ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് നിരവധി ആരാധകർ കുറിച്ചു. മുൻ ഇന്ത്യൻ താരങ്ങളായ വസീം ജാഫറും മുരളി കാർത്തിക്ക് അടക്കമുള്ളവരുമെല്ലാം ഇക്കാര്യം ട്വിറ്റ് ചെയ്തിട്ടുണ്ട്. കളികാണുമ്പോൾ തനിക്ക് കണ്ണെടുക്കാൻ തോന്നിയില്ലെന്നാണ് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്ലെ കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP