Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു പരാജയം പോലും ക്ഷീണമാകുമ്പോൾ ബിജെപി ലക്ഷ്യമിടുന്നത് സമ്പൂർണ്ണ വിജയം; ശക്തമായ തിരിച്ചുവരവിന് കളമൊരുക്കാൻ സർവ്വസന്നാഹങ്ങളുമായി കോൺഗ്രസ്സ്; പുത്തൻ പരീക്ഷണങ്ങളുമായി എഎപിയും തൃണമുലും സമാജ് വാദി പാർട്ടിയും; ദേശീയ രാഷ്ട്രീയത്തിൽ കളമൊരുങ്ങുന്നത് തീപാറുന്ന പോരാട്ടത്തിന്

ഒരു പരാജയം പോലും ക്ഷീണമാകുമ്പോൾ ബിജെപി ലക്ഷ്യമിടുന്നത് സമ്പൂർണ്ണ വിജയം; ശക്തമായ തിരിച്ചുവരവിന് കളമൊരുക്കാൻ സർവ്വസന്നാഹങ്ങളുമായി കോൺഗ്രസ്സ്; പുത്തൻ പരീക്ഷണങ്ങളുമായി എഎപിയും തൃണമുലും സമാജ് വാദി പാർട്ടിയും; ദേശീയ രാഷ്ട്രീയത്തിൽ കളമൊരുങ്ങുന്നത് തീപാറുന്ന പോരാട്ടത്തിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലെ പ്രബല ശക്തികൾക്ക് ഇനി നിർണ്ണായക ദിവസങ്ങൾ.അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദയിൽ തങ്ങളുടെ മുഴുവൻ തന്ത്രങ്ങളുമെടുത്ത് പോരാടാനുള്ള ഒരുക്കത്തിലാണ് മുഴുവൻ പാർട്ടികളും.

ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമായ തിരഞ്ഞെടുപ്പ് കാലമാണ് വരുന്നത്. 5 സംസ്ഥാനങ്ങളിൽ ബിജെപിക്കു യുപിയും കോൺഗ്രസിനു പഞ്ചാബുമാണ് ഏറ്റവും നിർണായകം. യുപിയിൽ കർഷകപ്രതിഷേധവും കോവിഡും സൃഷ്ടിക്കുന്ന വെല്ലുവിളികളെ വികസനവും ഹിന്ദുത്വവും ചേർത്തുള്ള സമവാക്യത്തിലൂടെ നേരിടാനാണു യോഗി ആദിത്യനാഥ് സർക്കാരിന്റെ ശ്രമം.

പഞ്ചാബിൽ കർഷകസമരത്തിന്റെ ആനുകൂല്യം കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ്, അമരിന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു മറുകണ്ടം ചാടിയതോടെ കടുത്ത വെല്ലുവിളി നേരിടുന്നു. ആം ആദ്മി പാർട്ടിയുടെ ഡൽഹിക്കു പുറത്തേക്കുള്ള വളർച്ച എങ്ങനെയാകുമെന്നു പഞ്ചാബ് സൂചന നൽകും.

കഴിഞ്ഞ ഒരു വർഷത്തിനിടെ 3 മുഖ്യമന്ത്രിമാരെ കണ്ട ഉത്തരാഖണ്ഡിൽ മറുപക്ഷത്തെ പടലപിണക്കങ്ങളിലാണ് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും പ്രതീക്ഷ വയ്ക്കുന്നത്.ഗോവയിലും മണിപ്പുരിലും കഴിഞ്ഞതവണ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം സ്വന്തമാക്കിയ ബിജെപി, രണ്ടിടത്തും ഇപ്പോൾ കൂടുതൽ ശക്തമായ നിലയിലാണ്. ഈ വർഷം രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബിജെപിക്കും പ്രതിപക്ഷത്തിനും ആ നിലയ്ക്കും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്.

ഭരണത്തിലുള്ള ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഏതെങ്കിലും ഒന്ന് കൈവിട്ടാൽ പോലും ബിജെപിക്ക് വലിയ ക്ഷീണമാകും. ചെറിയ തിരിച്ചടി പോലും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ബാലികേറാ മലയാകുമെന്നതിനാൽ ഏത് വിധേനയും നാലിടത്തും ഭരണംനിലനിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

അതേസമയം ഈ തിരഞ്ഞെടുപ്പോടെ രാജ്യത്ത് ശക്തമായി തിരിച്ചുവരുമെന്ന് തെളിയിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.നിലമെച്ചപ്പെടുത്താൻ എഎപിയും മേൽവിലാസം വീണ്ടെടുക്കാൻ സമാജ് വാദി പാർട്ടിയും പുതിയ പരീക്ഷണങ്ങൾക്ക് തൃണമൂൽ കോൺഗ്രസും ശ്രമിക്കുമ്പോൾ പോരാട്ടം തീപാറും.

ഉത്തർപ്രദേശ്

തിരഞ്ഞെടുപ്പ് നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലേക്കാണെങ്കിലും രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. 403 സീറ്റുകളിലേക്ക് ഏഴ് ഘട്ടമായാണ് യു.പിയിൽ തിരഞ്ഞെടുപ്പ് നടക്കുക. 202 ആണ് രാജ്യത്തെ ഏറ്റവും വലിയ നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ വേണ്ട മാന്ത്രിക സംഖ്യ.

തുടർഭരണമെന്ന ആത്മവിശ്വാസത്തിൽ യോഗി ആദിത്യനാഥും ബിജെപിയും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോൾ രാജ്യത്തെ നിർണായക സംസ്ഥാനത്ത് ഏത് വിധേനയും അധികാരം പിടിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. കോൺഗ്രസും, ബി.എസ്‌പിയും എസ്‌പിയും ഉൾപ്പെടെയുള്ള പാർട്ടികൾക്ക് ഇത് സംസ്ഥാനത്തെ നിലനിൽപ്പിനായുള്ള പോരാട്ടം കൂടിയാണ്.

 2017ൽ 403 ൽ 325 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാതെ മത്സരിച്ച ബിജെപി വൻവിജയത്തിന് ശേഷം യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പദം നൽകുകയായിരുന്നു. എന്നാൽ ഇത്തവണ കണ്ണുകളെല്ലാം യോഗി ആദിത്യനാഥിലേക്കാണ്. 35 വർഷത്തിന് ശേഷം ഒരു മുഖ്യമന്ത്രിക്ക് സംസ്ഥാനത്ത് ഭരണത്തുടർച്ച ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരു പാർട്ടി അധികാരത്തിലിരുന്നാലുള്ള ഗുണം മുതൽ ആദിത്യനാഥിന്റെ കാലത്തുണ്ടായ വികസനം പ്രവർത്തനവുമെല്ലാമാണ് ബിജെപി ഉയർത്തിക്കാണിക്കുന്നത്. എന്നിരുന്നാലും കർഷക സമരത്തിന് പശ്ചിമ യു.പിയിലുള്ള സ്വാധീനം, കോവിഡ് മരണങ്ങൾ, തൊഴിലില്ലായ്മ എന്നിവ മൂലമുള്ള ഭരണവിരുദ്ധ വികാരവും സംസ്ഥാനത്തുണ്ട്. ചെറുപാർട്ടികളായ അപ്നാദൾ, നിഷാദ് പാർട്ടി എന്നിവയാണ് ഇത്തവണ ബിജെപിയുടെ സഖ്യകക്ഷികൾ.

മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയിൽ നിന്നാണ് നിലവിൽ ബിജെപി ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത്. പാർട്ടിക്കുള്ളിലെ തമ്മിലടി അവസാനിപ്പിച്ച് 15 ചെറുപാർട്ടികളുമായുള്ള സഖ്യവും രൂപീകരിച്ചാണ് ഇത്തവണ എസ്‌പി പോരിനിറങ്ങുന്നത്. മായാവതിയുടെ ബി.എസ്‌പിയും പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസും ഇത്തവണ തനിച്ചാണ് പോരിനിറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏതാനും സീറ്റുകളിലൊതുങ്ങിയതിന്റെ ക്ഷീണം ഇരുപാർട്ടികൾക്കും മാറിയിട്ടില്ല. എ.എ.പി, ത്രിണമൂൽ, ഇടത് പാർട്ടികൾ, ഒവൈസിയുടെ എ.ഐ.എം.ഐ.എം എന്നീ പാർട്ടികളും ചെറിയ സ്വപ്നങ്ങളുമായി രംഗത്തുണ്ട്. അഭിപ്രായ സർവെകളിലും പ്രചാരണ രംഗത്തും ബിജെപിക്ക് തന്നെയാണ് മുൻതൂക്കം.

ഗോവ

ഗോവയിൽ കോൺഗ്രസിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. ഒരിക്കലും പ്രതീക്ഷിക്കാത്ത പതനമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോൺഗ്രസിന് സംസ്ഥാനത്തുണ്ടായത്. 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 17 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് നിരയിൽ ഇന്നുള്ളത് വെറും രണ്ട് എംഎൽഎമാർ മാത്രമാണ്. ബാക്കിയുള്ള 15 എംഎൽഎമാരും കോൺഗ്രസിനെ കൈവിട്ടു.

ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിനെ വെറും കാഴ്ചക്കാരാക്കിയാണ് 13 സീറ്റ് മാത്രമുള്ള ബിജെപി കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം തികച്ച് (21 സീറ്റ്) സംസ്ഥാന ഭരണംപിടിച്ചത്. വലിയ ഒറ്റകക്ഷി അല്ലാതിരുന്നിട്ടുകൂടി ഭരണം പിടിച്ചെടുക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസം തന്നെയാണ് ഇത്തവണയും ബിജെപിയുടെ കരുത്ത്. കോൺഗ്രസ് ക്യാമ്പിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ഇത്തവണ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.

നിലനിൽപ്പിനായുള്ള അഭിമാന പോരാട്ടമായതിനാൽ എന്തുവിലകൊടുത്തും അധികാരം പിടിക്കാനുറച്ചാണ് കോൺഗ്രസ് നേതാക്കൾ കരുക്കൾ നീക്കുന്നത്. ബിജെപിയെ പിന്തുണച്ചിരുന്ന ഗോവ ഫോർവേഡ് പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭാ വികസനത്തിലെ തർക്കങ്ങളെ തുടർന്നാണ് ഗോവ ഫോർവേഡ് പാർട്ടി ബിജെപിയുമായി അകന്നിരുന്നത്. കഴിഞ്ഞ തവണ കിട്ടിയ 13 സീറ്റുകൾ ഇത്തവണ 21 സീറ്റുകൾക്ക് മുകളിലേക്കെത്തിക്കാനാണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്.

കോൺഗ്രസ്-ബിജെപി ശക്തികൾക്ക് പുറമേ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും ഇത്തവണ ഗോവയിലെ ശ്രദ്ധാകേന്ദ്രമാണ്. ബംഗാളിന് പുറത്ത് മമതയുടെ ആദ്യത്തെ ബലപരീക്ഷണമാണ് ഗോവയിലേത്. ഒരുവേരും പറയാനില്ലാത്ത ഗോവയിൽ ഒന്നിൽനിന്ന് തുടങ്ങുന്ന തൃണമൂൽ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകികഴിഞ്ഞു. കോൺഗ്രസിന്റെ തകർച്ചയിൽ പ്രതീക്ഷയർപ്പിച്ച് 25 ശതമാനത്തിലേറെ വരുന്ന സംസ്ഥാനത്തെ ക്രൈസ്തവ വോട്ടുകളിലാണ് മമത ലക്ഷ്യമിടുന്നത്.

എംജിപി എന്ന പ്രാദേശിക പാർട്ടിക്കൊപ്പം ചേർന്നാണ് ഗോവയിലെ തൃണമൂലിന്റെ കന്നി അങ്കം. കോൺഗ്രസ് മുന്മുഖ്യമന്ത്രി ലൂസീഞ്ഞോ ഫെലേറോ, ടെന്നീസ് താരം ലിയാഡർ പേസ് തുടങ്ങിയ മുഖങ്ങളെ മുൻനിർത്തി വോട്ടുപിടിക്കുകയാണ് മമതയുടെ തന്ത്രം. ചുരുങ്ങിയ കാലയളവിൽ ഡൽഹിയിലും പഞ്ചാബിലും ഉണ്ടാക്കിയെടുത്തതിന് സമാനമായ അടിത്തറ ഗോവയിലും സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് എഎപി. തൃണമൂലും എഎപിയും പിടിച്ചെടുക്കുന്ന വോട്ടുകളും ഭരണംപിടിക്കാനുറച്ച് കളത്തിലിറങ്ങുന്ന ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളിയാണ്. അധികാരം ആർക്കെന്ന കാര്യത്തിൽ പ്രാദേശിക പാർട്ടികളുടെ പങ്കും നിർണായമാകും.

മണിപ്പൂർ

 അധികാരം നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. എൻ ബീരെൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പ്രകടനത്തിന് അനുസരിച്ചാകും ജനങ്ങൾ ബിജെപിക്ക് വീണ്ടും വോട്ട് നൽകുക. ഇത്തവണ ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. അസം മാതൃകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് പാർട്ടിയുടെ നീക്കം. 2016-ൽ അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയുടെ മുഖമായിരുന്നു സർബാനന്ദ സോനോവാൾ. എന്നാൽ 2021-ലെ തിരഞ്ഞെടുപ്പിൽ ബിജെപി തന്ത്രം മാറ്റി. ഹിമന്ത ബിശ്വ ശർമയ്ക്ക് ബാറ്റൺ കൈമാറി. അതേ രീതിയാകും മണിപ്പൂരിലും പിന്തുടരുക.

നിലവിലെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി തോങ്കാം ബിശ്വജത്തിനെ മുന്നിൽ നിർത്തി പ്രചാരണം നടത്താനാണ് ബിജെപിയുടെ പദ്ധതി. ആർഎസ്എസിന്റെ ഗുഡ്ബുക്കിൽ ഇടം പിടിച്ചുള്ള ബിശ്വജിത് 2017-ൽ മുഖ്യമന്ത്രിയാകാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്ന് കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ ബീരെൻ സിങ്ങിനെ മുഖ്യമന്ത്രിയാക്കാൻ ദേശീയ നേതൃത്വം തിരുമാനിക്കുകയായിരുന്നു. ബീരെൻ സിങ്ങിനെ ബിജെപിയിലെത്തിക്കാൻ നിർണായക പങ്കുവഹിച്ച നേതാവ് കൂടിയായ ബിശ്വജിത്ത് അന്ന് പാർട്ടിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

മറുവശത്ത് കോൺഗ്രസിന് കാര്യങ്ങൾ അത്ര പന്തിയല്ല. മുതിർന്ന കോൺഗ്രസ് നേതാവ് ഡി കൊറുങ്താങ് ജനുവരിയിൽ നാഗാ പീപ്പിൾസ് ഫ്രണ്ടിലേക്ക് കൂടുമാറി. ഇതിന് പിന്നാലെ നവംബറിൽ കോൺഗ്രസ് എംഎൽഎമാരായ ഇമോ സിങ്ങും യാംതോങ് ഹോകിപ്പും മുൻ സംസ്ഥാന പ്രസിഡന്റ് ആയ ഗോവിൻദാസ് കൊന്തൗജാമും ബിജെപിയിൽ ചേർന്നു. ഈ കൂടുമാറ്റങ്ങൾ കോൺഗ്രസിന് വലിയ ക്ഷീണമാണുണ്ടാക്കിയത്.

അതേസമയം ഇത്തവണ തനിച്ച് മത്സരിക്കുമെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എൻപിപി ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രിയായ വൈ ജോയ്കുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ കൂടുതൽ സീറ്റുകൾ നേടിയാൽ വില പേശൽ ശക്തി കൂടുമെന്നും അന്ന് വേണമെങ്കിൽ കോൺഗ്രസുമായോ ബിജെപിയുമായോ ചേർന്ന് സഖ്യത്തിലെത്തി അധികാരം പങ്കിടാനാകുമെന്ന പ്രതീക്ഷയും ജോയ്കുമാർ പങ്കുവെച്ചിരുന്നു.

നാല് എംഎൽഎമാരുള്ള എൻപിപി ബിജെപിയുമായി നല്ല ബന്ധത്തിലല്ല. നാല് എൻപിപി മന്ത്രിമാരിൽ രണ്ടുപേരെ നേരത്തേ ക്യാബിനറ്റിൽ നിന്നും ബിജെപി പുറത്താക്കിയിരുന്നു. ഇത് സഖ്യത്തിനുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായി. 2020ലെ അധികാരത്തർക്കത്തിനിടെ എൻപിപി, ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് പിന്നീട് സഖ്യത്തിൽ തിരിച്ചെത്തിയിരുന്നു.

2017-ൽ കപ്പിനും ചുണ്ടിനുമിടയിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ട സംസ്ഥാനമാണ് മണിപ്പൂർ. 60 അംഗ നിയമസഭയിൽ 28 സീറ്റുമായി കോൺഗ്രസ് അധികാരം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ 21 സീറ്റുകൾ മാത്രം നേടിയ ബിജെപി അധികാരത്തിലേറുന്ന കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്. പ്രാദേശിക കക്ഷികളായ നാഗാ പീപ്പിൾസ് ഫ്രന്റിനേയും നാഷണൽ പീപ്പിൾസ് പാർട്ടിയേയും ലോക ജനക്തി പാർട്ടിയേയും കൂട്ടുപിടിച്ച് അധികാരത്തിന് വേണ്ട 31 സീറ്റ് ബിജെപി ഒപ്പിച്ചെടുത്തു. ഇതോടെ കോൺഗ്രസ് പ്രതിപക്ഷത്തായി.

ഉത്തരാഖണ്ഡ്

എഴുപത് സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ ഒറ്റ ഘട്ടമായി ഫെബ്രുവരി 14 നാണ് തിരഞ്ഞെടുപ്പ്. 2017 ന് നടന്ന തിരഞ്ഞെടുപ്പിൽ 57 സീറ്റ് നേടിയാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് പോലും മത്സരിച്ച രണ്ട് സീറ്റുകളൊന്നിൽ കാലിടറി. സർക്കാർ രൂപീകരിച്ച ബിജെപിക്ക് അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യന്ത്രിമാരാണ് ഉണ്ടായിരുന്നത്.

ആദ്യ മുഖ്യമന്ത്രിയായ ത്രിവേന്ദ്ര സിങ് റാവത്ത് മൂന്ന് വർഷത്തിന് ശേഷം രാജി വെക്കുകയായിരുന്നു. തുടർന്ന് ലോക്‌സഭ എംപിയായ തിരഥ് സിങ് റാവത്ത് മുഖ്യമന്ത്രിയായി. നിയമസഭാംഗമല്ലാത്ത തിരഥ് ആറ് മാസത്തിനകം നിയമസഭ അംഗത്വം നേടേണ്ടിയിരുന്നു. കോവിഡ് ഉൾപ്പടെയുള്ള കാരണത്താൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തതിനാൽ ആറ് മാസം കഴിഞ്ഞപ്പോൾ അദ്ദേഹവും രാജി സമർപ്പിച്ചു. തുടർന്ന് പുഷ്‌കർ സിങ് ധാമി മുഖ്യമന്ത്രിയായെത്തി.

2017ൽ 11 സീറ്റുകളിലൊതുങ്ങിയ കോൺഗ്രസിനും പ്രതീക്ഷയുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിക്കാനായി കലാപക്കൊടി ഉയർത്തിയ ഹരീഷ് റാവത്ത് തന്നെയാണ് ഇത്തവണയും പാർട്ടിയെ നയിക്കുക. ബിജെപിയുടെ തമ്മിലടിയും ഭരണത്തിലെ അസ്ഥിരതയും തങ്ങൾക്ക് ഗുണമാവുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. സ്ഥാനാർത്ഥികളെ വരെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്തും സജീവമായുള്ള അംആദ്മി പാർട്ടിയും സംസ്ഥാനത്ത് കണക്കുകൂട്ടലുകൾ നടത്തുന്നുണ്ട്.

പഞ്ചാബ്

2017-ൽ 77 സീറ്റുമായി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേറ്റത്. എ.എ.പി.യിൽ നിന്നടക്കമുള്ള ഏഴുപേർ കൂടി ചേർന്നപ്പോൾ ഭരണകക്ഷിയുടെ പിന്തുണ 84 ആയി. ഇത്തവണ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ ജനസമ്മതിയിലാണ് കോൺഗ്രസ് പ്രതീക്ഷയർപ്പിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായ (33 ശതമാനം) പട്ടിക ജാതി-വർഗത്തിൽനിന്നുള്ള നേതാവാണ് അദ്ദേഹം.

ക്യാപ്റ്റൻ അമരീന്ദർ സിങ്ങും നവജോത് സിങ് സിദ്ദുവും തമ്മിലുള്ള അടിയായിരുന്നു കോൺഗ്രസിലെ പ്രധാന തലവേദന. ക്യാപ്റ്റനെ മാറ്റിയപ്പോൾ മുഖ്യമന്ത്രി ചന്നിക്കെതിരേ തിരിഞ്ഞു പി.സി.സി. പ്രസിഡന്റ് സിദ്ദു. ചന്നിയെ ചെറുതാക്കിക്കാണിക്കാനാണ് സിദ്ദുവിന്റെ ശ്രമം. ചന്നിയുടെ ജനസമ്മതിയെ മറികടന്ന് തനിക്ക് മുഖ്യമന്ത്രിയാകാൻ കഴിയില്ലല്ലോ എന്നാണ് സിദ്ദുവിന്റെ സങ്കടം. എ.എ.പി.യെ പുകഴ്‌ത്തി തിരഞ്ഞെടുപ്പനന്തര രാഷ്ട്രീയത്തിലേക്ക് ഒരു കാൽ അവിടെയും വെച്ചിട്ടുണ്ട് സിദ്ദു. അതുകൊണ്ടാണ് കോൺഗ്രസ് സിദ്ദുവിനെ പുറത്താക്കാതിരിക്കുന്നത്. അദ്ദേഹം രാജിവെച്ചിട്ടും കൈവിടാൻ കോൺഗ്രസ് തയ്യാറായില്ല. കോൺഗ്രസ് വിട്ടാൽ സിദ്ദു എ.എ.പി. പ്ളാറ്റ്‌ഫോമിലെത്തും. അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്നാണ് കോൺഗ്രസിന്റെ ഭയം. എന്നാൽ, സിദ്ദു ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ടിരിക്കയാണ്.

കർഷകരുടെ ബിജെപി.വിരുദ്ധ വികാരത്തെയും അഞ്ചുവർഷത്തെ കോൺഗ്രസ് ഭരണത്തിന്റെ പാളിച്ചകളെയും മുതലെടുക്കാനാണ് എ.എ.പി. ശ്രമിക്കുന്നത്. സമരരംഗത്തുണ്ടായിരുന്ന കർഷകരെ പാർട്ടിയിലേക്ക് ആകർഷിക്കാനാണ് അവർ ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റുകിട്ടാത്തവരും നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്നവരുമായ കോൺഗ്രസുകാർ അവസാനഘട്ടത്തിൽ അമരീന്ദറിന്റെ കുടക്കീഴിൽ അണിനിരക്കാനിടയുണ്ട്. സിഖ് വികാരങ്ങളോട് എപ്പോഴും ചേർന്നുനിന്ന മുതിർന്ന നേതാവെന്ന നിലയിലും പട്യാല മഹാരാജാവ് എന്ന പ്രതാപമുള്ള നിലയിലും അമരീന്ദർ സിങ്ങിന് വലിയ ആരാധക വൃന്ദമുണ്ട്.  എങ്കിലും പ്രധാന മത്സരം കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലാവാനാണ് സാധ്യത.

വിവാദ കാർഷികനിയമങ്ങളുടെ പേരിൽ സഖ്യംവിടുകയും കേന്ദ്രസർക്കാരിൽനിന്ന് രാജിവെക്കുകയും ചെയ്ത ശിരോമണി അകാലിദൾ (ബാദൽ) നിയമം പിൻവലിച്ചിട്ടും ബിജെപി. സഖ്യത്തിലേക്ക് തിരിച്ചുചെല്ലാൻ തയ്യാറാകാത്തത്, കേന്ദ്രസർക്കാരിനോട് കൃഷിക്കാർക്കുള്ള വെറുപ്പ് മാറിയിട്ടില്ല എന്നറിയുന്നതുകൊണ്ടാണ്. ബിജെപി. സഖ്യത്തിലേക്ക് തിരിച്ചുചെല്ലുന്നതിനുപകരം ബി.എസ്‌പി.യുമായി സഖ്യമുണ്ടാക്കുകയാണ് ചെയ്തത്. എന്നാൽ, തിരഞ്ഞെടുപ്പിനുശേഷം സർക്കാരുണ്ടാക്കാൻ സാധ്യതയുണ്ടെങ്കിൽ ശിരോമണി അകാലിദൾ പഴയ ബിജെപി. സഖ്യത്തിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത തള്ളിക്കളയാൻ സാധ്യമല്ല.

ബിജെപി.യുടെ രാഷ്ട്രീയതന്ത്രം പതിവുപോലെ ഹിന്ദുവികാരം അടിസ്ഥാനമാക്കിയും രാജ്യസുരക്ഷയെ ഉയർത്തിക്കാട്ടിയുമായിരിക്കും. അതിർത്തിസംസ്ഥാനമെന്നനിലയ്ക്ക് രാജ്യരക്ഷ വലിയ വികാരമാണ്. കർഷകസമരത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സിഖുകാരായിരുന്നു. കോൺഗ്രസിനെ നയിക്കുന്നത് സിഖുകാരാണ്. മുഖ്യമന്ത്രി ചന്നിയും സിഖ്, പി.സി.സി. പ്രസിഡന്റ് സിദ്ദുവും സിഖ്. ഇതിനെതിരേ ഹിന്ദുവികാരം മുതലെടുക്കാൻ ബിജെപി. മടിക്കാനിടയില്ല. തിരഞ്ഞെടുപ്പുകഴിഞ്ഞുള്ള ചാക്കിടലായിരിക്കും ബിജെപി.യുടെ മറ്റൊരു തന്ത്രം. ഒരു കൂട്ടുകക്ഷി സർക്കാരിന് കേന്ദ്രസർക്കാരിന്റെ പിൻബലം അവർക്ക് സഹായകമാവാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP