Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണെത്താ കടലിൽ നീന്തിക്കിടന്നത് 30 മണിക്കൂർ; മരണം ഉറപ്പിച്ചപ്പോൾ കടലമ്മയുടെ കരുതലായി രക്ഷയ്‌ക്കെത്തിയത് വള്ളക്കാർ: മീൻപിടിത്തത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ ജോസഫിന് ഇത് രണ്ടാം ജന്മം

കണ്ണെത്താ കടലിൽ നീന്തിക്കിടന്നത് 30 മണിക്കൂർ; മരണം ഉറപ്പിച്ചപ്പോൾ കടലമ്മയുടെ കരുതലായി രക്ഷയ്‌ക്കെത്തിയത് വള്ളക്കാർ: മീൻപിടിത്തത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ ജോസഫിന് ഇത് രണ്ടാം ജന്മം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മീൻപിടിത്തത്തിനിടെ കടലിൽ വീണ തൊഴിലാളി 30 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരികെ കയറി. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടലിൽ നീന്തിയും മലർന്ന് കിടന്നും കടൽ വെള്ളം കുടിച്ചു ക്ഷീണം അകറ്റിയുമാണ് ജോസഫ് രണ്ടാം ജന്മം എടുത്തത്. തമിഴ്‌നാട് രാമനാഥപുരത്തെ ജോസഫ് (51) ആണ് കിലോമീറ്ററുകളോളം നീന്തി കരപിടിച്ചത്.

രാവും പകലും ഇല്ലാതെ കടലിലൂടെ നീന്തിയ ജോസഫ് കണ്ണെത്തും ദൂരത്ത് തീരമടുത്തപ്പോൾ ആകെ അവശനായിരുന്നു. ഒരു വേള മരണം മുന്നിൽ കണ്ട നിമിഷം, ജീവന്റെ തീരം മുന്നിലെത്തിയപ്പോൾ അവിടേക്കെത്താൻ കഴിയാതെ മുങ്ങുമെന്നാണ് കരുതിയത്. എന്നാൽ കടലമ്മയുടെ കരുതലുമായി ജോസഫിന് കാസർകോട് കീഴൂരിൽനിന്ന് പോയ വള്ളക്കാർ ജോസഫിൻഫിന്റെ മുന്നിൽ രക്ഷയ്‌ക്കെത്തി. പിന്നീട് ആശുപത്രിയിലാണ് ജോസഫിന് ബോധം തെളിഞ്ഞത്.

ഡിസംബർ 31-നാണ് മംഗളൂരുവിൽനിന്ന് ജോസഫ് അടങ്ങുന്ന എട്ടംഗസംഘത്തിന്റെ ബോട്ട് മീൻ പിടിക്കാൻ പോയത്. ജനുവരി ഏഴിന് രാവിലെ ഒൻപതോടെയാണ് വള്ളക്കാർ ജോസഫിനെ രക്ഷപ്പെടുത്തുന്നത്. ജനുവരി ആറിന് പുലർച്ചെ വല വലിക്കുമ്പോഴാണ് ജോസഫിനെ കാണാതായ വിവരം ബോട്ടിലുള്ളവർ അറിയുന്നത്. ആ സമയം ബോട്ട് കരയിൽനിന്ന് 36 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. കടലിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനാൽ ഉച്ചയോടെ മംഗളൂരു തീരത്തേക്ക് മടങ്ങി. ബോട്ടുടമയെ അറിയിച്ചശേഷം പാണ്ടേശ്വരം പൊലീസ് സ്റ്റേഷനിലും തീരദേശ പൊലീസിലും പരാതി നൽകി.

കീഴൂരിൽ നിന്നുള്ള മീൻപിടിത്തക്കാർ ജോസഫിനെ കടലിൽനിന്ന് രക്ഷപ്പെടുത്തുന്നത് ജനുവരി ഏഴിനും. തളങ്കര തീരദേശപൊലീസിന്റെ സഹായത്തോടെ പിന്നിട് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കീഴൂർ കടപ്പുറത്തെ ദിനേശനും സുരേഷും സൈനനും വലയെറിഞ്ഞു തുടങ്ങിയപ്പോഴാണ് നീങ്ങുന്ന ഒരു വസ്തു കണ്ണിലുടക്കിയത്. ശരീരം ചെറുതായി വെള്ള നിറമടിച്ചതിനാൽ മനുഷ്യശരീരമാണെന്നത് മത്സ്യത്തൊഴിലാളികൾക്കും ആദ്യം മനസ്സിലായിരുന്നില്ല. ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ തൊഴിലാളികൾ വലമടക്കി ജോസഫുമായി തളങ്കര പഴയ തുറമുഖത്തെത്തി. തളങ്കര തീരദേശ പൊലീസിന് ജോസഫിനെ കൈമാറി.

സബ് ഇൻസ്‌പെക്ടർ ബേബി ജോർജ്, പൊലീസുകാരായ സിയാദ്, വസന്തകുമാർ, തീരദേശ പൊലീസ് വാർഡൻ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ജോസഫിനെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചത്. ബോധം വന്നപ്പോൾ നാട്ടിലുള്ള ഭാര്യയുടെ നമ്പർ പൊലീസിന് കൈമാറിയതോടെ മറ്റ് അന്വേഷണങ്ങൾ എളുപ്പമായി. വിവരമറിഞ്ഞ് ബോട്ടുടമ മംഗളൂരുവിൽനിന്ന് കാസർകോട്ടെത്തി. ജോസഫിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ വിശദ മൊഴി രേഖപ്പെടുത്തുമെന്ന് തീരദേശ പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP