Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ചിയിൽ എഎസ്ഐയെ കുത്തിയ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി; വിഷ്ണു അരവിന്ദ് പൾസർ സുനിയുടെ സഹതടവുകാരൻ; സുനിക്ക് ദിലീപിനെ വിളിക്കാൻ ജയിലിൽ മൊബൈൽ ഫോൺ എത്തിച്ചു നൽകിയതും വിഷ്ണു; നടിയെ ആക്രമിച്ച കേസ് അപ്രതീക്ഷിത ട്വിസ്റ്റിൽ നിൽക്കുമ്പോൾ മാപ്പു സാക്ഷിയും വാർത്തകളിൽ

കൊച്ചിയിൽ എഎസ്ഐയെ കുത്തിയ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി; വിഷ്ണു അരവിന്ദ് പൾസർ സുനിയുടെ സഹതടവുകാരൻ; സുനിക്ക് ദിലീപിനെ വിളിക്കാൻ ജയിലിൽ മൊബൈൽ ഫോൺ എത്തിച്ചു നൽകിയതും വിഷ്ണു; നടിയെ ആക്രമിച്ച കേസ് അപ്രതീക്ഷിത ട്വിസ്റ്റിൽ നിൽക്കുമ്പോൾ മാപ്പു സാക്ഷിയും വാർത്തകളിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അപ്രതീക്ഷിത വഴിത്തിരിവിൽ നിൽക്കവേ കേസുമായി ബന്ധപ്പെട്ട് മറ്റൊരു ട്വിസ്റ്റ് കൂടി. കൊച്ചിയിൽ എഎസ്ഐയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. എഎസ്ഐയെ കുത്തിയ വിഷ്ണു അരവിന്ദ് പൾസർ സുനിയുടെ സഹ തടവുകാരനായിരുന്നു. പൾസർ സുനിയുടെ കത്ത് ദിലീപിന് എത്തിച്ചു നൽകിയത് വിഷ്ണുവായിരുന്നു. നടിയെ ആക്രമിച്ച കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോഴാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.

പൾസർ സുനിക്ക് ദിലീപിനെ വിളിക്കാൻ ജയിലിൽ മൊബൈൽ ഫോൺ എത്തിച്ചുനൽകിയതും വിഷ്ണുവാണ്. പിന്നീട് ദിലീപിന് പൾസർ സുനി എഴുതിയ കത്ത് ദിലീപിന്റെ മാനേജർക്ക് കൈമാറിയതും വിഷ്ണു അരവിന്ദ് ആയിരുന്നു. നിലവിൽ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയാണ് വിഷ്ണു അരവിന്ദ്. ലുലു മാളിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ പൊലീസ് തടഞ്ഞുനിർത്തിയപ്പോൾ വിഷ്ണു എഎസ്ഐയെ കത്തി കൊണ്ടു കുത്തുകയായിരുന്നു. ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപമാണ് എഎസ്‌ഐ ഗിരീഷ് കുമാറിനെ വിഷ്ണു കുത്തിപ്പരിക്കേൽപിച്ചത്. പൊലീസ് ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യം പുറത്തുവന്നു.

പൊലീസ് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആദ്യം വൈറ്റിലയിലേക്കുള്ള റോഡിൽ വച്ച് വിഷ്ണുവിനെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഇടപ്പള്ളി ജങ്ഷനിലേക്കു വന്ന വിഷ്ണുവിനെ അവിടെ വച്ചു പൊലീസ് വളഞ്ഞിട്ടു പിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഓടിയ എഎസ്ഐ പിടികൂടാൻ ശ്രമിക്കുന്നതിനിടെ, വിഷ്ണു എഎസ്‌ഐയുടെ കയ്യിൽ കുത്തി. ഇതിനിടെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ സാഹസികമായി കീഴടക്കുകയായിരുന്നു. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. നിലവിൽ വിഷ്ണു റിമാൻഡിലാണ്. കാക്കനാട് ജയിലിലാണ് ഇപ്പോഴുള്ളത്.

നേരത്തെ നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ഡിവൈഎസ്‌പി ബൈജു പൗലോസ് തലവനായുള്ള സംഘമാണ് അന്വേഷണം നടത്തുക. എഡിജിപി ശ്രീജിത്ത് പുതിയ സംഘത്തിന് നേതൃത്വം നൽകും. ക്രൈം ബ്രാഞ്ച് ഐജി ഫിലിപ്പും നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ എസ്എച്ച്ഒയും സംഘത്തിലുണ്ട്. കേസിൽ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കാനാണ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിച്ച് പൊലീസ് മേധാവി ഉത്തരവിറക്കിയത്. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച തുടരന്വേഷണം നടത്തിയ ബൈജു എം പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം പൾസർ സുനി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ ഒരു വിഐപി ദിലീപിന് എത്തിച്ചു നൽകി എന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ആലുവയിലെ വി.ഐപി ആരെന്ന് ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇതിലെല്ലാം തന്നെ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെ പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

നേരത്തെ കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഡിജിപി ബി സന്ധ്യ ഫയർ ഫോഴ്സ് മേധാവിയായ സാഹചര്യത്തിലാണ് പുതിയ സംഘം. ഐ ജി ദിനേന്ദ്ര കശ്യപ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ സാഹചര്യത്തിലാണ് ഐജി ഫിലിപ്പിനെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തിയത്. ചേരാനെല്ലൂർ എഎസ്ഐ ബിനു കെ വിയും അന്വേഷണ സംഘത്തിലെ പുതിയ അംഗമാണ്.

കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്. ഇതിനായി ഒരു മജിസ്ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. സംവിധായകന് സമൻസ് അയച്ച ശേഷം ഒരു തീയതി തീരുമാനിച്ചാകും രഹസ്യമൊഴി രേഖപ്പെടുത്തുക. അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംസ്ഥാനസർക്കാർ നൽകിയ രണ്ട് ഹർജികൾ നാളെ ഹൈക്കോടതി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. നാളെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഈ ഹർജികൾ ഹൈക്കോടതി പരിഗണിക്കുക.

കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുള്ളവർ ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്. കേസിൽ പ്രോസിക്യൂഷന് കച്ചിത്തുരുമ്പായേക്കാവുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്റെ മെമ്മറി കാർഡ് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.

എന്നാൽ ഈ ആക്രമണദൃശ്യങ്ങൾ ദിലീപ് കണ്ടു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു - ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളും അതിന് ശേഷം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ദിലീപിനെ വിളിച്ചപ്പോൾ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാൻ വന്നുവെന്നും, ഇതിന് തെളിവായി വാട്സാപ്പിൽ അയച്ച ഓഡിയോ മെസ്സേജും സംവിധായകൻ പുറത്തുവിട്ടിരുന്നു.

''ബാലൂ, എന്റെ ഫോണും വാട്സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഫോണിൽ സംസാരിക്കുന്നത് സേഫല്ല. അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്. ഞാൻ കാത്തിരിക്കുകയാണ്'', എന്ന് പറയുന്ന ഓഡിയോ സന്ദേശവും, നേരിട്ട് കാണാൻ കാത്തിരിക്കുകയാണെന്നുള്ള ടെക്സ്റ്റ് മെസ്സേജും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു. അതിനാലാണ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. ഇതിന് തുടർച്ചയായി ദിലീപിനെയും ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനിൽകുമാറിനേയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP