Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഴ മാറിയപ്പോൾ റൺമഴ; വാണ്ടറേഴ്‌സിൽ ഇന്ത്യക്കെതിരെ 'ആദ്യ ജയം' നേടി ദക്ഷിണാഫ്രിക്ക; വിജയ നായകനായി ഡീൻ എൽഗർ; പുറത്താകാതെ 96 റൺസ്; ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി

മഴ മാറിയപ്പോൾ റൺമഴ; വാണ്ടറേഴ്‌സിൽ ഇന്ത്യക്കെതിരെ 'ആദ്യ ജയം' നേടി ദക്ഷിണാഫ്രിക്ക; വിജയ നായകനായി ഡീൻ എൽഗർ; പുറത്താകാതെ 96 റൺസ്; ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി

സ്പോർട്സ് ഡെസ്ക്

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടെസ്റ്റ് പരമ്പര നേട്ടം ലക്ഷ്യമിട്ട് വാൻഡറേഴ്‌സിൽ പോരാട്ടത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തോൽവി. ഏഴു വിക്കറ്റിനാണ് ആതിഥേയരുടെ വിജയം. രണ്ടാ ഇന്നിങ്‌സിൽ 240 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക, മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. മുന്നിൽ നിന്നു പോരാട്ടം നയിച്ച ഡീൻ എൽഗാറിന്റെ (188 പന്തിൽ 96*) അർധസെഞ്ചുറി പ്രകടനാണ് പ്രോട്ടീസ്് അർഹിച്ച വിജയം അനായാസമാക്കിയത്.

നാലാം ദിനം മഴ മൂലം രണ്ട് സെഷനുകൾ നഷ്ടമായ ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക അതിവേഗം സ്‌കോർ ചെയ്ത് ജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ: ഇന്ത്യ - 202/10, 266/10, ദക്ഷിണാഫ്രിക്ക - 229/10, 243/3.

വാണ്ടറേഴ്‌സിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയമാണിത്. തോൽവിയുടെ വാണ്ടറേഴേസിലെ അപരാജിത റെക്കോർഡും ഇന്ത്യക്ക് നഷ്ടമായി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 11ന് കേപ്ടൗണിൽ ആരംഭിക്കും.

ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ദിനം മഴയാണ് ഇന്ത്യയേക്കാൾ ഭീഷണിയായത്. ഉച്ചയ്ക്കു ശേഷമാണു കളി തുടങ്ങാൻ സാധിച്ചത്. മഴയ്ക്കു ശേഷം വിക്കറ്റ് നഷ്ടപ്പെടുത്താതെ അതിസൂക്ഷ്മം ബാറ്റു ചെയ്യാനായിരുന്നു ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ ശ്രമം.

92 പന്തിൽ നിന്ന് 40 റൺസെടുത്ത റാസ്സി വാൻഡർ ദസ്സന്റെ വിക്കറ്റാണ് പ്രോട്ടീസിന് നാലാം ദിനം നഷ്ടമായത്. ഇരുവരും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 82 റൺസ് ദക്ഷിണാഫ്രിക്കൻ വിജയത്തിൽ നിർണായകമായി. നാലാം വിക്കറ്റിൽ ടെംബ ബവുമയ്ക്കൊപ്പം (23*) എൽഗാർ 68 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഓപ്പണർ എയ്ഡൻ മാർക്രം (38 പന്തിൽ 31), കീഗൻ പീറ്റേഴ്‌സൻ (44 പന്തിൽ 28), റാസി വാൻഡർ ദസൻ (92 പന്തിൽ 40) എന്നിവരാണു ദക്ഷിണാഫ്രിക്കൻ നിരയിൽ പുറത്തായത്. 45 പന്തിൽ 23 റൺസുമായി ബാവുമ്മ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ശാർദൂർ ഠാക്കൂർ, ആർ.അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ഡീൻ എൽഗാറും എയ്ഡൻ മാർക്രവും ചേർന്ന് നൽകിയത്. മാർക്രമായിരുന്നു കൂടുതൽ അപകടകാരി. ഏകദിന ശൈലിയിൽ ബാറ്റുവീശിയ താരം 38 പന്തിൽ 31 റൺസെടുത്ത് പുറത്തായി. മാർക്രത്തെ ഷാർദുൽ താക്കൂൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്താണ് മാർക്രം മടങ്ങിയത്.

മാർക്രത്തിന് പകരം ക്രീസിലെത്തിയ കീഗൻ പീറ്റേഴ്‌സണും നന്നായി ബാറ്റുചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. എൽഗാറും പീറ്റേഴ്‌സണും ചേർന്ന് അനായാസം ഇന്ത്യൻ പേസർമാരെ നേരിട്ടു. രണ്ടാം വിക്കറ്റിൽ ഇരുവരും 46 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

പേസർമാർക്ക് പകരം അശ്വിനെ ഉപയോഗിച്ച് സ്പിൻ പ്രയോഗിക്കാൻ നായകൻ രാഹുൽ തീരുമാനിച്ചു. നായകന്റെ തീരുമാനം ശരിവെച്ചുകൊണ്ട് അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 28 റൺസെടുത്ത പീറ്റേഴ്‌സണെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി.

നേരത്തെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 266 റൺസിന് ഓൾഔട്ടായി. 239 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും 40 റൺസെടുത്ത് പുറത്താവാതെ നിന്ന ഹനുമ വിഹാരിയുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP