Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് സേനക്കായി ബോഡി ക്യാമറ വാങ്ങാൻ സർക്കാർ; ക്യാമറ പകർത്തുന്ന ദൃശ്യങ്ങളും ശബ്ദവും ജിഎസ്എം സംവിധാനം വഴി കൺട്രോൾ റൂമിലേക്ക് എത്തിക്കും; അതിവേഗ കമ്മ്യൂണിക്കേഷനും സാധ്യം; ചീത്തപ്പേരു കേൾപ്പിക്കുന്നത് പതിവായപ്പോൾ ഹൈടെക്ക് മാർഗ്ഗം തേടി സർക്കാർ

പൊലീസ് സേനക്കായി ബോഡി ക്യാമറ വാങ്ങാൻ സർക്കാർ; ക്യാമറ പകർത്തുന്ന ദൃശ്യങ്ങളും ശബ്ദവും ജിഎസ്എം സംവിധാനം വഴി കൺട്രോൾ റൂമിലേക്ക് എത്തിക്കും; അതിവേഗ കമ്മ്യൂണിക്കേഷനും സാധ്യം; ചീത്തപ്പേരു കേൾപ്പിക്കുന്നത് പതിവായപ്പോൾ ഹൈടെക്ക് മാർഗ്ഗം തേടി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന പൊലീസിനെതിരെ വിമർശനം കടുത്തതോടെ ഹൈടെക്ക് മാർഗ്ഗത്തിൽ പൊലീസ്. അനുദിനം ഉദ്യോഗസ്ഥർ സേനയ്ക്കു ചീത്തപ്പേര് ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ കേരള പൊലീസിൽ ക്രമസമാധാന ചുമതലയുള്ള ഫീൽഡ് ഉദ്യോഗസ്ഥർക്കു ബോഡി ക്യാമറ നൽകാനാണ് സേന ഉദ്ദേശിക്കുന്നത്. ക്രമസമാധാന പ്രശ്‌നമുണ്ടായാൽ തൽസമയം അവ കൺട്രോൾ റൂമിൽ കാണുന്നതിനും റെക്കോർഡ് ചെയ്യുന്നതിനുമാണിത്. അതോടെ പ്രശ്‌നക്കാരനാണോ പൊലീസാണോ കള്ളം പറയുന്നതെന്നു വ്യക്തമാകും. ഇക്കാര്യം മുന്നിൽ കണ്ടാണ് വിദേശ രാജ്യങ്ങളിലെ പൊലീസിങ് മാതൃക കേരളാ പൊലീസും അവലംബിക്കാൻ ഒറുങ്ങുന്നത്.

നിലവിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കു 125 ബോഡി ക്യാമറ നൽകിയിട്ടുണ്ട്. ഇതു ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും വനിതാ പൊലീസിനും പട്രോളിങ് ഡ്യൂട്ടിയിൽ പോകുന്നവർക്കും നൽകാനാണ് ആലോചന. ഇതിനായി കുറഞ്ഞതു 5000ത്തോളം ക്യാമറ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. ഒരെണ്ണത്തിനു ശരാശരി 6000 രൂപയാണു വില. പൊലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചു വാങ്ങാനാണ് ആലോചന. ശുപാർശ ഉടൻ സർക്കാരിനു നൽകും.

ക്യാമറ പ്രവർത്തിക്കുന്നത് ഏങ്ങനെ?

ബ്രോഡ്കാസ്റ്റിങ് സംവിധാനമുള്ള ആധുനിക ബോഡി ക്യാമറകൾ വാങ്ങാനാണ് ഉദ്ദേശ്യം. ക്യാമറ പകർത്തുന്ന ദൃശ്യങ്ങളും ശബ്ദവും 4ജി സിം ഉപയോഗിച്ചു ജിഎസ്എം സംവിധാനം വഴി കൺട്രോൾ റൂമിലേക്കോ മറ്റു കേന്ദ്രത്തിലേക്കോ അയയ്ക്കാം. പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്കു മൊബൈൽ ഫോണിലൂടെയോ നെറ്റ്‌വർക്ക് കണക്ഷനുള്ള ടിവിയിലൂടെയോ ദൃശ്യങ്ങൾ കാണാനും നിർദ്ദേശം നൽകാനും കഴിയും. ക്യാമറയോട് അനുബന്ധിച്ചുള്ള 'പുഷ്് ടു ടോക്' സംവിധാനം വഴി സീനിയർ ഓഫിസർക്കു ക്യാമറ ഘടിപ്പിച്ച പൊലീസ് ഓഫിസറോടും തിരിച്ചും സംസാരിക്കാനാവും. ക്യാമറ സംവിധാനം ചേർന്ന ഒരു ഗ്രൂപ്പിനുള്ളിൽ അംഗങ്ങൾക്കു പരസ്പരം സംസാരിക്കാനും കഴിയും.

64 ജിബി മെമ്മറിയുള്ള ക്യാമറകളിൽ ഓഡിയോ വിഡിയോ റെക്കോർഡിങ് സൗകര്യങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോർഡിങ് അതതു ദിവസം കൺട്രോൾ റൂമിൽ ശേഖരിക്കും. ഇതാണു ട്രാഫിക് പൊലീസിനു നൽകിയിട്ടുള്ളത്. നിലവിൽ പൊലീസുകാർ മൊബൈൽ ഫോണിൽ അക്രമ ദൃശ്യം പകർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും നാലു വശത്തു നിന്നും ജനം അതിലും കൂടുതൽ മൊബൈൽ ഉപയോഗിച്ചു പൊലീസ് അതിക്രമം ചിത്രീകരിക്കുന്ന സ്ഥിതിയാണ്.

നന്നാവാൻ മടിക്കുന്ന പൊലീസുകാർ

മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഷൻ ഹൗസ് ഓഫിസർ മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു നന്നാവാൻ പറഞ്ഞിട്ടും പലരുടേയും ഭാഷയും പെരുമാറ്റവും നന്നായില്ല. ഡിജിപി അനിൽകാന്ത് അതിനു പിന്നാലെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും ഫലമുണ്ടായില്ല. കോവളത്തു വിദേശിയുടെ മദ്യം ഒഴിപ്പിച്ചു കളഞ്ഞതും തീവണ്ടിയിൽ യാത്രക്കാരനെ ബൂട്‌സ് ഇട്ടു ചവിട്ടിയതും തൃശൂരിൽ മദ്യപിച്ചു ലക്കുകെട്ട എഎസ്‌ഐ വാഹനമിടിച്ചു തെറിപ്പിച്ചതുമെല്ലാം കേരളം മൊബൈൽ ദൃശ്യങ്ങളിലൂടെ കണ്ടതാണ്.

എന്നിട്ടും ഇത്തരക്കാരെ സംരക്ഷിക്കാൻ കത്തും ശുപാർശയുമായി പൊലീസ് സംഘടനാ നേതാക്കൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിൽ കയറി ഇറങ്ങിയതോടെയാണു ഭാവിയിൽ ഇത്തരം സംഭവങ്ങളുടെ നിജസ്ഥിതി തൽസമയ ദൃശ്യങ്ങളിലൂടെ മനസിലാക്കാൻ പൊലീസ് ആസ്ഥാനത്തു തീരുമാനിച്ചത്. നേരത്തേ നഗരത്തിലെ എസ്‌ഐമാർക്കു പരിശീലനത്തിന്റെ ഭാഗമായി എഴുത്തു പരീക്ഷ നടത്താൻ കമ്മിഷണർ തീരുമാനിച്ചതു ചില സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉപയോഗിച്ച് അട്ടിമറിച്ചത് ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു. ഇതിനൊക്കെ ശേഷമാണ് ഇപ്പോൾ ബോഡി ക്യാമറ ഘടിപ്പിക്കാനുള്ള തീരുമാനം വരുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP