Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഹൻ ബഗാൻ മത്സരത്തിന് തുടക്കമിട്ടത് ഡേവിഡ് വില്യംസിന്റെ ഗോളോടെ; പിന്നാലെ ഒഗ്ബെച്ചെയുടെ മറുപടി; കളിയുടെ ഗതിമാറ്റി ആശിഷ് റായിയുടെ സെൽഫ് ഗോൾ; ഇൻജുറി ടൈമിലെ ഗോളുമായി സമനില പിടിച്ച് ഹൈദരാബാദ്

മോഹൻ ബഗാൻ മത്സരത്തിന് തുടക്കമിട്ടത് ഡേവിഡ് വില്യംസിന്റെ ഗോളോടെ; പിന്നാലെ ഒഗ്ബെച്ചെയുടെ മറുപടി; കളിയുടെ ഗതിമാറ്റി ആശിഷ് റായിയുടെ സെൽഫ് ഗോൾ; ഇൻജുറി ടൈമിലെ ഗോളുമായി സമനില പിടിച്ച് ഹൈദരാബാദ്

സ്പോർട്സ് ഡെസ്ക്

ഫത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ ഇൻജുറി ടൈമിൽ ഗോളടിച്ച് എ.ടി.കെ മോഹൻ ബഗാനെ സമനിലയിൽ കുരുക്കി ഹൈദരാബാദ് എഫ്.സി. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. മോഹൻ ബഗാന് വേണ്ടി ഡേവിഡ് വില്യംസും ജോണി കൗക്കോയും വലകുലുക്കിയപ്പോൾ ഹൈദരാബാദിനുവേണ്ടി ബർത്തലോമ്യു ഓഗ്ബെച്ചെയും ഹാവിയർ സിവേറിയോയും ലക്ഷ്യം കണ്ടു.

ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയിൽ മുംബൈ സിറ്റി എഫ്.സിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഒൻപത് മത്സരങ്ങളിൽ നിന്ന് 16 പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 15 പോയന്റുള്ള മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തെത്തി. കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് വീണു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് തുല്യത പാലിച്ചു.

മത്സരം തുടങ്ങിയപ്പോൾ തന്നെ ഗോളടിച്ച് മോഹൻ ബഗാൻ ഹൈദരാബാദിനെ ഞെട്ടിച്ചു. ആദ്യ മിനിറ്റിൽ തന്നെ ഡേവിഡ് വില്യംസാണ് മോഹൻ ബഗാന് വേണ്ടി ഗോളടിച്ചത്. കണ്ണടച്ച് തുറക്കും മുൻപാണ് ഗോൾ പിറന്നത്. ആദ്യ മുന്നേറ്റത്തിൽ തന്നെ ഹ്യൂഗോ ബൗമസ് നൽകിയ പാസ് സ്വീകരിച്ച വില്യംസ് ലക്ഷ്യം കണ്ടു. വില്യംസിന്റെ ബോക്സിന് പുറത്തുനിന്നുള്ള ലോങ്റേഞ്ചർ നോക്കി നിൽക്കാനേ ഹൈദരാബാദ് ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിക്ക് സാധിച്ചുള്ളൂ. ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണിത്.

പക്ഷേ, ഹൈദരാബാദ് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. 18-ാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിച്ച് ഹൈദരാബാദ് സമനില നേടി. ഇത്തവണ ഗോളടിയന്ത്രം ബർത്തലോമ്യു ഓഗ്ബെച്ചെയാണ് ഹൈദരാബാദിനുവേണ്ടി വലകുലുക്കിയത്. മോഹൻബഗാൻ ഗോൾകീപ്പർ അമരീന്ദർ സിങ്ങിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ഇതോടെ മത്സരം ആവേശത്തിലായി.

ആദ്യപകുതിയിൽ ഇരുടീമുകളും സമനില പാലിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മോഹൻ ബഗാൻ സമനിലപ്പൂട്ട് പൊളിച്ചു. 64-ാം മിനിറ്റിൽ ജോണി കൗക്കോയാണ് ടീമിനുവേണ്ടി ലക്ഷ്യംകണ്ടത്. ഡേവിഡ് വില്യംസിന്റെ അസിസ്റ്റിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ കൗക്കോ വലകുലുക്കി. ഇതോടെ മോഹൻബഗാൻ വിജയമുറപ്പിച്ചു. സമനിലഗോൾ നേടാനായി ഹൈദരാബാദ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും മോഹൻ ബഗാൻ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.

81-ാം മിനിറ്റിലും ആശിഷ് റായ് ഗോളിന് വഴിയൊരുക്കിയെങ്കിലും സെയ്തിയാൻ സിംഗിന്റെ ക്രോസ് ഗോൾ കീപ്പർ രക്ഷപ്പെടുത്തി. ഹൈദരാബാദിന്റെ തുടർച്ചയായ ആക്രമണങ്ങൾക്കിടെ എടികെയ്ക്കും ഗോളവസരങ്ങൾ ലഭിച്ചു. 81-ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ തകർപ്പൻ ഷോട്ട് ഹൈദരാബാദ് ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെകൈകളിൽ നിന്ന ചോർന്നെങ്കിലും ഗോളായില്ല.

നിശ്ചിത സമയത്ത് സമനില ഗോൾ കണ്ടെത്താൻ കഴിയാതിരുന്ന ഹൈദരാബാദ് ഒടുവിൽ ഇഞ്ചുറി ടൈമിൽ ജാവിയേർ സിവേറിയോയിലൂടെ സമനില വീണ്ടെടുത്തു. ആകാശ് മിശ്രയുടെ ക്രോസിൽ നിന്നായിരുന്നു ഹൈദരാബാദിന് സമനിലയും ഒന്നാം സ്ഥാനവും സമ്മാനിച്ച സിവേറിയോയുടെ ഗോൾ പിറന്നത്.തകർപ്പൻ ഹെഡ്ഡറിലൂടെ ഹാവിയർ സിവേറിയോയാണ് ഹൈദരാബാദിനുവേണ്ടി ലക്ഷ്യം കണ്ടത്. വിജയമുറപ്പിച്ച് കളിച്ച മോഹൻ ബഗാന് വലിയ തിരിച്ചടിയാണ് ഈ ഗോൾ സമ്മാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP