Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളത്തിന്റെ മാത്രം സൂപ്പർ ഹീറോ അല്ല; മിന്നൽ മുരളി ഇനി ഗ്ലോബൽ ഹീറോ; നെറ്റ്ഫ്‌ളിക്‌സിലെ ആഗോള റാങ്കിൽ മൂന്നാം സ്ഥാനത്ത്; ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും 'മിന്നലടിച്ച്' മുന്നേറ്റം; 'സ്‌ക്വിഡ് ഗെയി'മിനു ശേഷമുള്ള ഏഷ്യൻ ഹിറ്റ്

മലയാളത്തിന്റെ മാത്രം സൂപ്പർ ഹീറോ അല്ല; മിന്നൽ മുരളി ഇനി ഗ്ലോബൽ ഹീറോ; നെറ്റ്ഫ്‌ളിക്‌സിലെ ആഗോള റാങ്കിൽ മൂന്നാം സ്ഥാനത്ത്; ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും 'മിന്നലടിച്ച്' മുന്നേറ്റം; 'സ്‌ക്വിഡ് ഗെയി'മിനു ശേഷമുള്ള ഏഷ്യൻ ഹിറ്റ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കുറുക്കന്മൂലയുടെ രക്ഷകനായ സൂപ്പർ ഹീറോയായി എത്തിയ 'മിന്നൽ മുരളി' ഇനി ഗ്ലോബൽ ഹീറോ. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രം മിന്നൽ മുരളി നെറ്റ്ഫ്ളിക്സിന്റെ ആഗോള ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു. 30 രാജ്യങ്ങളുടെ ടോപ് 10 പട്ടികയിൽ ചിത്രം മൂന്നാം സ്ഥാനത്താണ്. ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിലായാണ് ചിത്രം ഹിറ്റായി പ്രദർശനം തുടരുന്നത്.

ഒടിടിയിലൂടെ എത്തിയ ഒരു മലയാള ചിത്രത്തിന് എങ്ങനെ 'ആഗോളമാകാൻ' കഴിയും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാവുകയാണ് 'മിന്നൽ മുരളി'. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിന്റെ ക്രിസ്മസ് റിലീസ് ആയെത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിൽ എത്തിയിരുന്നു. രണ്ടാഴ്ച പിന്നിടുമ്പോൾ ഗ്ലോബൽ റാങ്കിംഗിൽ വൻ മുന്നേറ്റമാണ് ചിത്രം കൈവരിച്ചത്.

 

      View this post on Instagram

A post shared by Tovino⚡️Thomas (@tovinothomas)

ആദ്യവാരം 11 രാജ്യങ്ങളിലെ ടോപ്പ് 10ൽ ആയിരുന്നു ചിത്രമെങ്കിൽ ഇപ്പോഴത് 30 രാജ്യങ്ങളിലാണ്. ആദ്യവാരം ടോപ്പ് 10ൽ എത്തിയ 11 രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളായിരുന്നുവെങ്കിൽ ഇപ്പോൾ ട്രെൻഡ് ചെയ്യുന്ന 30 രാജ്യങ്ങളിൽ ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമുണ്ട് എന്നതാണ് ഹൈലറ്റ്.

ഡിസംബർ 27 മുതൽ ജനുവരി 2 വരെയുള്ള കാലയളവിലാണ് ചിത്രം നേട്ടമുണ്ടാക്കിയിരിക്കുന്നത്. 11,440,000 മണിക്കൂറാണ് ചിത്രം നെറ്റഫ്‌ളിക്‌സിൽ പ്രദർശനം നടത്തിയത്. നിലവിൽ ലുല്ലി, വിക്കി ആൻഡ് ഹെർ മിസ്റ്ററിയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. തുടർച്ചയായ രണ്ടാം വാരമാണ് നെറ്റ്ഫളിക്സിന്റെ ഗ്ലോബൽ ടോപ്പ് 10ൽ മിന്നൽ മുരളി ഇടംപിടിക്കുന്നത്.

ചിത്രം ഇന്ത്യയിൽ ടോപ്പ് 10ൽ ഒന്നാം സ്ഥാനത്ത് തുടർച്ചയായ രണ്ടാംവാരവും തുടരുകയാണ്. റിലീസ് ചെയ്ത ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിൽ എത്തിയിരുന്നു. ഏഷ്യൻ രാജ്യങ്ങളായിരുന്നു ഇവയെല്ലാം. ഏഷ്യയിൽ കൂടാതെ ബഹ്റിൻ, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളുടെയും ടോപ്പ് 10 ലിസ്റ്റിൽ ചിത്രമുണ്ട്.

തെക്കെ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ബഹാമാസ്, ബൊളീവിയ, ബ്രസീൽ, ചിലി, ടൊമിനിക്കൻ റിപബ്ലിക്, ഇക്വഡോർ, എൽ സാൽവദോർ, ഹോണ്ടൂറാസ്, ജമൈക്ക, പനാമ, പാരഗ്വായ്, പെറു, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഉറുഗ്വായ് എന്നിവിടങ്ങളിലാണ് ടോപ്പ് 10 പട്ടികയിൽ മിന്നൽ മുരളി ഉള്ളത്. ആഫ്രിക്കയിൽ മൗറീഷ്യസിലും നൈജീരിയയിലും ചിത്രം ആദ്യ പത്തിലുണ്ട്.

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ളത് സൂപ്പർഹീറോ ചിത്രങ്ങൾക്കാണ്. ഭാഷാതീതമായി ഒരു സൂപ്പർഹീറോ ഒറിജിൻ മൂവിക്ക് ലഭിക്കാനിടയുള്ള ആഗോള സ്വീകാര്യത മുന്നിൽക്കണ്ട് തന്നെയായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിനു നൽകിയ വൻ പ്രീ-റിലീസ് പബ്ലിസിറ്റി. നെറ്റ്ഫ്‌ളിക്‌സിന് കഴിഞ്ഞ വർഷം ലഭിച്ച ഒരു ഏഷ്യൻ ഹിറ്റ് സൗത്തുകൊറിയൻ സർവൈവൽ ഡ്രാമ സിരീസ് ആയ സ്‌ക്വിഡ് ഗെയിം ആയിരുന്നു. 'മിന്നൽ മുരളി'യും ആ തരത്തിലേക്ക് ഉയരുമോ എന്ന കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമാലോകം.

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ ടൊവീനോയാണ് മിന്നൽ മുരളി എന്ന സൂപ്പർ ഹീറോയായി എത്തുന്നത്. തമിഴ് താരം ഗുരു സോമസുന്ദരും പ്രതിനായക വേഷത്തിലെത്തി മികച്ച കൈയടിയാണ് നേടിയിരിക്കുന്നത്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദ, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഭാഷാഭേദമെന്യേ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്. മിന്നൽ മുരളി ചൈനയിലെ ഒരു സ്‌കൂളിൽ പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

സംവിധായകൻ ബേസിൽ ജോസഫാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ എന്റെ ദിവസം മനോഹരമാക്കി എന്നാണ് പോസ്റ്റിൽ ബേസിൽ കുറിച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. നല്ല സിനിമയ്ക്ക് എന്ത് ഭാഷ എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP