Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിൽപത്രക്കേസിൽ മക്കളേയും കക്ഷിയാക്കണമെന്ന് ഉഷ; സമ്മതിച്ച് കോടതി നോട്ടീസും അയച്ചു; എന്നിട്ടും പിള്ളയുടെ പേരമക്കൾ പ്രതികരിച്ചില്ല; ബാങ്കിലുള്ള പണമെല്ലാം മൂന്നു മക്കൾക്കും അവകാശപ്പെട്ടത്; സ്വത്ത് തർക്കത്തിലെ കേസ് തീരുമ്പോൾ എല്ലാം എല്ലാവർക്കും കിട്ടും; പാർട്ടി ട്രസ്റ്റിലും അച്ഛൻ നിറയ്ക്കുന്നത് മകനോടുള്ള സ്‌നേഹമോ? പരസ്യ പ്രതികരണം ഒഴിവാക്കി ഗണേശും

വിൽപത്രക്കേസിൽ മക്കളേയും കക്ഷിയാക്കണമെന്ന് ഉഷ; സമ്മതിച്ച് കോടതി നോട്ടീസും അയച്ചു; എന്നിട്ടും പിള്ളയുടെ പേരമക്കൾ പ്രതികരിച്ചില്ല; ബാങ്കിലുള്ള പണമെല്ലാം മൂന്നു മക്കൾക്കും അവകാശപ്പെട്ടത്; സ്വത്ത് തർക്കത്തിലെ കേസ് തീരുമ്പോൾ എല്ലാം എല്ലാവർക്കും കിട്ടും; പാർട്ടി ട്രസ്റ്റിലും അച്ഛൻ നിറയ്ക്കുന്നത് മകനോടുള്ള സ്‌നേഹമോ? പരസ്യ പ്രതികരണം ഒഴിവാക്കി ഗണേശും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ബാലകൃഷ്ണ പിള്ളയുടെ വിൽപത്രവുമായി ബന്ധപ്പെട്ട കേസിൽ നടക്കുന്നത് നാടകീയ സംഭവങ്ങൾ. കേസിൽ തന്റെ മക്കളേയും കക്ഷി ചേർക്കണമെന്ന ആവശ്യവുമായി ഉഷാ മോഹൻദാസ് രംഗത്തു വന്നിരുന്നു. ഇത് കോടതിയും അംഗീകരിച്ചു. അവർക്ക് നോട്ടീസും നൽകി. എന്നാൽ അവരാരും കോടതിക്ക് മുമ്പിൽ എത്തിയില്ലെന്നതാണ് വസ്തുത. ഇതിനിടെയാണ് പേരക്കുട്ടിയുടെ ക്യാൻസർ ചികിൽസയ്ക്ക് പോലും അനുജനായ കെ ബി ഗണേശ് കുമാർ പണം നൽകിയില്ലെന്ന ആരോപണവുമായി ഉഷ എത്തിയത്.

അച്ഛന്റെ പേരിൽ ബാങ്കിലുള്ള പണമെല്ലാം മൂന്ന് മക്കൾക്കും അവകാശപ്പെട്ടതാണ്. അച്ഛൻ എഴുതിയ വിൽപത്രത്തെ ചോദ്യം ചെയ്ത് കേസ് നടക്കുകയാണ്. ഈ കേസുള്ളപ്പോൾ അച്ഛന്റെ പണം പിൻവലിക്കാൻ എങ്ങനെ താൻ ഒപ്പിടുമെന്നാണ് വിവാദത്തോട് ഗണേശ് കുമാറിന്റെ പ്രതികരണം. നല്ല സാമ്പത്തിക ശേഷി ചേച്ചിക്കുണ്ട്. അതുകൊണ്ട് തന്നെ പേരകുട്ടിയുടെ ചികിൽസയ്ക്ക് സാമ്പത്തിക തടസ്സങ്ങളുണ്ടാകില്ലെന്നും ഗണേശ് കുമാർ പറയുന്നു. അവസാന നാളിൽ അച്ഛനെ നോക്കാൻ ഒപ്പം നിന്നത് സ്വത്ത് മോഹിച്ചല്ലെന്നും അത് അച്ഛന് അറിയാമെന്നുമാണ് ഗണേശ് വിശദീകരിക്കുന്നത്. വിൽപത്രത്തിന് പുറമേ പാർട്ടിയുടെ നടത്തിപ്പിന് വേണ്ടിയുണ്ടാക്കി ട്രസ്റ്റിലും പിൻഗാമി മകനായിരിക്കുമെന്ന് അച്ഛൻ എഴുതി വച്ചിട്ടുണ്ടെന്നും ഗണേശ് പറയുന്നു.

ഞാൻ അഞ്ച് ഇലക്ഷനിൽ മത്സരിച്ചു. അച്ഛനും നിരവധി തവണ. അപ്പോഴൊന്നും അച്ഛനും അനുജനും വേണ്ടി വോട്ട് ചോദിക്കാൻ പോലും വരാത്തവരാണ് ഇപ്പോൾ പാർട്ടി പിടിക്കാൻ വരുന്നതെന്നും ഗണേശ് പറയുന്നു. തൽകാലം കോടതിയിലുള്ള വിഷയങ്ങളിലൊന്നും ഗണേശ് പരസ്യ പ്രതികരണം നടത്തില്ല. എനിക്കാണെങ്കിൽ കണ്ടകശനി തീർന്നിട്ട് സമയം ഇല്ല. ഏത് ജോത്സ്യനെ കണ്ടാലും പറയും സമയം ഇത്തിരി മോശം ആണ് കേട്ടോ മന്ത്രിയാകാൻ പറ്റില്ല-ഇതാണ് ഇപ്പോൾ തനിക്കൊപ്പമുള്ളവരോടും ഗണേശ് കുമാർ പറയുന്നത്. അതിനിടെ സോഷ്യൽ മീഡിയയിലും ഗണേശ് വീണ്ടും സജീവമായി. തിരുവനന്തപുരത്ത് അടക്കം സംഘടന ശക്തിപ്പെടുത്താനും ശ്രമം തുടങ്ങി.

ഗണേശ് കുമാറിന്റെ പേരിൽ കുറച്ചു കാലം മുമ്പൊരു ഫെയ്‌സ് ബുക്ക് പേജ് തുടങ്ങിയിരുന്നു. പിന്നീട് അത് പേരു മാറ്റി ഉഷാ മോഹൻദാസെന്നാക്കിയിരുന്നു. ഇതിന് പിന്നിൽ ഗണേശിന്റെ ജനപിന്തുണ ഉപയോഗിക്കാനുള്ള ശ്രമമാണെന്ന് ചിലർ തിരിച്ചറിയുന്നുണ്ട്. പിള്ള എഴുതിയ വിൽപത്രത്തിന്റെ പേരിൽ, സഹോദരങ്ങളായ ഗണേശ് കുമാറും, ഉഷ മോഹൻദാസും തമ്മിൽ പൊരിഞ്ഞ പോരിലാണ്. ഗണേശിന് മന്ത്രിപദവി കിട്ടാതിരിക്കാൻ ചരട് വലിച്ചതിന് പുറമേ, കേരള കോൺഗ്രസ് ബിയിലെ വിമത വിഭാഗത്തെ അടർത്തി ചെയർമപേഴ്സണും ആയിരിക്കുകയാണ് ഉഷ മോഹൻദാസ്. ടെലിവിഷൻ അഭിമുഖങ്ങളിലൂടെ സഹോദരന് എതിരെ തുറന്നടിക്കുകയും ചെയ്യുന്നു.

'സ്വയം ചെയർമാനായി അവരോധിച്ച് ഏകാധിപത്യ പ്രവണത കാട്ടുന്ന ഗണേശിന് ആർ.ബാലകൃഷ്ണ പിള്ളയുടെ പേരുപയോഗിക്കാൻ അർഹതയില്ല. ഒരിക്കൽപ്പോലും അച്ഛന് പിന്തുണയായോ, അച്ഛനെ സ്‌നേഹിച്ചോ ഗണേശ് നിന്നിട്ടില്ല. തന്നോട് വലിയ ക്രൂരതയാണ് ഗണേശ് കാട്ടിയതെന്നും സ്വത്തിനോടും പണത്തോടുമുള്ള ആർത്തി ഉപേക്ഷിച്ച് സഹോദരബന്ധം വീണ്ടെടുക്കാൻ ഗണേശ് ശ്രമിക്കണമെന്നും ഉഷ കഴിഞ്ഞ ദിവസം കൗമുദി ചാനലിന്റെ അഭിമുഖത്തിൽ പറഞ്ഞു. സഹോദരിക്ക് വാക്കുകൾ കൊണ്ട് മറുപടി പറയാതെ പഴയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഗണേശ്.

കേരള കോൺഗ്രസ് സ്ഥാപക നേതാവ്, കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ ആർ.ബാലകൃഷ്ണപിള്ള സാർ ജീവിച്ചിരുന്നപ്പോഴുള്ള അവസാനത്തെ ജന്മദിന ആഘോഷം എന്ന തലക്കെട്ടിൽ പങ്കുവച്ച വീഡിയോയിൽ കെ ബി ഗണേശ് കുമാർ, ഉഷാ മോഹൻദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആർ.ബാലകൃഷ്ണപിള്ള കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതാണ് കാണാൻ കഴിയുന്നത്. തുടർന്ന് കെ ബി ഗണേശ് കുമാർ വായിലേക്ക് വയ്ക്കുന്ന കേക്ക് കഴിക്കുന്ന ആർ.ബാലകൃഷ്ണപിള്ള മകളായ ഉഷാ മോഹൻദാസ് കൊടുക്കുന്ന കേക്ക് വാങ്ങുന്നില്ല. വിസ്സമ്മതം പ്രകടിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ചുറ്റും കുടുംബാംഗങ്ങൾ നിൽക്കവേയാണ് ബാലകൃഷ്ണ പിള്ളയുടെ അനിഷ്ട പ്രകടനം.

വിൽപത്രം ബാലകൃഷ്ണപിള്ളയുടെ മരണശേഷം അട്ടിമറിക്കപ്പെട്ടുവെന്നാണ് ഉഷ മോഹൻദാസിന്റെ മുഖ്യ ആരോപണം. 'എന്റെ അച്ഛന്റെ വിൽപ്പത്രത്തിൽ ഞങ്ങൾ മൂന്നുമക്കൾക്കും തുല്യപരിഗണനയാണ് നൽകിയത്. എന്നാൽ മരണശേഷം അത് അട്ടിമറിക്കപ്പെട്ടപ്പോൾ മറ്റു നിർവാഹമില്ലാതെ ചോദ്യം ചെയ്യേണ്ടി വന്നു. അച്ഛൻ എന്നെ ഒഴിവാക്കി സ്വത്ത് വീതിക്കുമെന്ന് ഞാനോ അദ്ദേഹത്തെ അറിയാവുന്നവരോ വിശ്വസിക്കില്ല'. ഉഷ പറഞ്ഞു.

പേരക്കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം തട്ടിയെടുത്തു. തന്റെ മകളുടെ പത്ത് വയസുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി അച്ഛൻ നിക്ഷേപിച്ച പണം ബാങ്ക് രേഖകളടക്കം ഗണേശ്കുമാർ തട്ടിയെടുത്തു.ഗുരുതരാവസ്ഥയിലായ പേരക്കുട്ടിക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അതെങ്കിലും തരണമെന്ന് കേണു പറഞ്ഞു. സഹോദരി അടക്കം കരഞ്ഞപേക്ഷിച്ചിട്ടും ഗണേശ് വഴങ്ങിയില്ല. ഇത് ക്രൂരതയല്ലേ?-. ഉഷാ മോഹൻദാസ് ചോദിച്ചു. എന്നാൽ, വിൽപത്രം പരിശോധിച്ചാൽ, ഉഷ മോഹൻദാസിന് ന്യായമായ വീതം കിട്ടിയതായി വ്യക്തമാകും.

വിൽപത്രത്തിൽ പറയുന്നത്

മൂന്നു മക്കൾക്കും, രണ്ട് ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്തു വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഇതു ചെയ്തതെന്നും ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിൽപത്രം തയാറാക്കിയതിനു നേതൃത്വം നൽകിയ കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരൻ നായർ വ്യക്തമാക്കിയിരുന്നു.

എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നു വിൽപത്രത്തിലുണ്ട്. വാളകം പാനൂർകോണത്ത് 5 ഏക്കർ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാർത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകൾ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉൾപ്പെടുന്ന 5 ഏക്കർ ഗണേശ്കുമാറിനും അവകാശപ്പെട്ടതാണ്. ഈ സ്‌കൂളും വീടും ഗണേശിന് നൽകിയതാണ് പ്രശ്നത്തിന് കാരണം.

ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ളാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂൾ മാനേജരെന്നും വിൽപത്രത്തിൽ പറയുന്നു. വാളകം ബിഎഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ. അതുകൊണ്ട് തന്നെ ഇതും ഫലത്തിൽ ഗണേശ് കുമാറിനുള്ളതാണ്. അതായത് കൂടുതലും ഗണേശിലേക്ക് ചെന്നു ചേർന്നു. ഇതിനെയാണ് ഉഷ എതിർക്കുന്നത്.

2017ൽ തയാറാക്കി 2 വർഷം രജിസ്റ്റ്രാർ ഓഫിസിൽ സൂക്ഷിച്ചിരുന്ന വിൽപത്രം റദ്ദാക്കിയാണ് ബാലകൃഷ്ണപിള്ള രണ്ടാമത്തേതു തയാറാക്കിയത്. ആദ്യത്തേതിൽ ഗണേശ്കുമാറിനു കാര്യമായ പരിഗണന കിട്ടിയിരുന്നില്ലെന്നു പ്രഭാകരൻ നായർ പറയുന്നു. പിന്നീട് ഗണേശ് സ്ഥലത്തില്ലാത്ത ദിവസം പിള്ളയുടെ നിർദ്ദേശപ്രകാരം മാറ്റിയെഴുതുകയായിരുന്നു. മറ്റു മക്കൾക്കും ഇതെക്കുറിച്ച് അറിവില്ലായിരുന്നു. ആധാരം എഴുതിയ മധുസൂദനൻ പിള്ളയും താനുമായിരുന്നു സാക്ഷികളെന്നും പ്രഭാകരൻ നായർ പറഞ്ഞു.

ഗണേശ് കുമാറിന്റെ ആദ്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ ചില്ലറ പ്രശ്‌നമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് ഗണേശിന് പുറത്തു പോകേണ്ടിയും വന്നു. അച്ഛനും മകനും തമ്മിലെ ഭിന്നത അന്ന് കേരള രാഷ്ട്രീയവും ഏറെ ചർച്ച ചെയ്തു. വിവാഹ മോചനത്തിന് വേണ്ടി ചില കരാറുകൾ പിള്ളയും അംഗീകരിച്ചു. അച്ഛനും മകനും രണ്ടു വഴിക്കായി യാത്ര. അന്നെല്ലാം അനന്തരവനായിരുന്ന ശരണ്യാ മനോജായിരുന്നു പിള്ളയ്‌ക്കൊപ്പം. പിന്നീട് മനോജും പിള്ളയും അകന്നു. മനോജ് കോൺഗ്രസിൽ പോലും ചേർന്നു. ഇതോടെ വീണ്ടും അച്ഛനും മകനും അടുക്കുകയായിരുന്നു. മകനുമായി പിണക്കമുണ്ടായിരുന്നപ്പോഴായിരുന്നു ആദ്യ വിൽപത്രം എഴുതിയത്.

പിള്ളയുടെ ഭാര്യ മരിച്ചതോടെ വാളകത്തെ വീട്ടിൽ സ്ഥിരമായി തന്നെ ഗണേശ് താമസിക്കുകയും ചെയ്തു. അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കുകയും ചെയ്തു. ഇതോടെ മകനോട് അച്ഛന് കൂടുതൽ താൽപ്പര്യം വന്നു. അങ്ങനെ ആദ്യ വിൽപത്രം റദ്ദാക്കി പുതിയത് എഴുതുകയും ചെയ്തു. ഇക്കാര്യം മറ്റ് മക്കളൊന്നും അറിഞ്ഞതുമില്ല. വാളകത്തെ വീടടക്കം ഗണേശിന് പിള്ള നൽകിയെന്നാണ് സൂചന.  പിള്ളയുടെ മരണ ശേഷം പുതിയ വിൽപത്രം ചർച്ചയായി. ഇതോടെയാണ് മൂത്തമകളായ തനിക്കുണ്ടായ നഷ്ടം ഉഷാ മോഹൻദാസ് തിരിച്ചറിയുന്നത്.

പിള്ളയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്‌കൂൾ അടക്കം പുതിയ വിൽപത്രത്തിൽ ഗണേശിന് നൽകിയതാണ് പ്രകോപന കാരണം. മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായ ടി ബാലകൃഷ്ണന്റെ ഭാര്യ ബിന്ദുവും പിള്ളയുടെ മകളാണ്. ഇവർ തൽക്കാലം പരസ്യമായി പരാതിയൊന്നും പറയുന്നില്ല. കേന്ദ്ര ഷിപ്പിങ് സെക്രട്ടറി പദം വരെ വഹിച്ച വിരമിച്ച ഐഎഎസുകാരനായ മോഹൻദാസാണ് ഉഷയുടെ ഭർത്താവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP