Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇങ്ങനെ പോയാൽ പൊലീസ് ഒന്നിലും ഇടപെടാതെ കൈ കെട്ടി മാറി നിൽക്കാം; ട്രെയിൻ മർദ്ദനത്തിന്റെ പേരിൽ എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്തത് ആത്മവിശ്വാസം കെടുത്തും; പൊലീസ് സേനയിൽ അമർഷം പുകയുന്നു

ഇങ്ങനെ പോയാൽ പൊലീസ് ഒന്നിലും ഇടപെടാതെ കൈ കെട്ടി മാറി നിൽക്കാം; ട്രെയിൻ മർദ്ദനത്തിന്റെ പേരിൽ എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്തത് ആത്മവിശ്വാസം കെടുത്തും; പൊലീസ് സേനയിൽ അമർഷം പുകയുന്നു

അനീഷ് കുമാർ

കണ്ണൂർ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാരനെ ഷൂ കൊണ്ടു ചവിട്ടിയ സംഭവത്തിൽ കണ്ണൂർ റെയിൽവേ എഎസ്ഐ എം.സി പ്രമോദിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പൊലീസ് സേനയിൽ അമർഷം പുകയുന്നു. ഈ തീരുമാനം സേനയുടെ ആത്മവിശ്വാസം തകർക്കുമെന്നാണ് വിമർശനം.

കഴിഞ്ഞ കുറെ ദിവസങ്ങളായി പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു വരികയാണ്. ഹൈക്കോടതിയിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും സംസ്ഥാന പൊലീസിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴുണ്ടായ സസ്‌പെൻഷൻ സേനയിൽ അതൃപ്തി പടർത്തിയിരിക്കുന്നത്. ഇങ്ങനെ പോവുകയാണെങ്കിൽ പൊലീസ് യാതൊരു വിഷയത്തിലും ഇടപെടാതെ കൈ കെട്ടി മാറി നിൽക്കുമെന്നാണ് ഇതേക്കുറിച്ചു ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

ഇന്റലിജൻസ് എഡിജിപിയാണ് കുറ്റാരോപിതനായ കെ.വി പ്രമോദിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. യാത്രക്കാരനോട് എഎസ്ഐ എംസി പ്രമോദ് അതിക്രൂരമായി പെരുമാറിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ ഇയാളെ റെയിൽവേ ചുമതലയിൽ നിന്നും മാറ്റാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പാലക്കാട് റെയിൽവേ ഡിവൈഎസ്‌പിയും കണ്ണൂർ സ്‌പെഷൽ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണങ്ങളിൽ ഉദ്യോഗസ്ഥൻ മനുഷ്യത്വരഹിതമായി പെരുമാറിയെന്നാണ് കണ്ടെത്തിയിരുന്നു.

പാലക്കാട് റെയിൽവേ ഡിവൈഎസ്‌പിയും കണ്ണൂർ സ്‌പെഷ്യൽ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ എ എസ് ' ഐയ്ക്കു പ്രതികൂലമായതോടെയാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സ്ത്രീകളുടെ അടുത്ത് മദ്യലഹരിയിൽ ടിക്കറ്റില്ലാതെ ഇരുന്ന് യാത്രചെയ്യുന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്തതിൽ തെറ്റില്ലെന്നും പക്ഷെ കോച്ചിലൂടെ വലിച്ചിഴച്ചതും മുഖത്തടിച്ചതും ബൂട്ട് കൊണ്ട് നെഞ്ചിൽ ചവിട്ടിയതും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും വകുപ്പുതല അന്വേഷണത്തിൽ പറയുന്നുണ്ട്.

സംഭവം നടക്കുമ്പോൾ ടിക്കറ്റ് പരിശോധനയിലായിരുന്നെന്നും മദ്യപിച്ച ഒരാൾ റിസർവേഷൻ ബർത്തിലിരിക്കുന്നതായി സ്ത്രീ യാത്രക്കാർ പരാതിപ്പെട്ടിരുന്നു എന്നുമാണ് ടിടിഇ കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്രചെയ്താലും മദ്യപിച്ച് കയറിയാലും നിയമപ്രകാരമുള്ള പിഴ ഈടാക്കാം. മറ്റ് യാത്രക്കാരോട് മോശമായി പെരുമാറിയാൽ കേസെടുത്ത് ഇയാളെ റെയിൽവേ പൊലീസിന് കൈമാറാം. എന്നീ നിയമവഴികൾ ഉണ്ടായിരിക്കെയാണ് ഒരാളെ അടിച്ച് നിലത്തിട്ട് നെഞ്ചിൽ ബൂട്ടുകൊണ്ട് ചവിട്ടുന്ന പൊലീസ് കാടത്തം എഎസ്‌ഐയിൽ നിന്നുണ്ടായതെന്നാണ് വിമർശനമുയർന്നത്.

ഞായറാഴ്‌ച്ച രാത്രിയാണ് മാവേലി എക്സ്‌പ്രസിൽ ടിക്കറ്റില്ലാതെ കയറിയെന്നാരോപിച്ച് യാത്രക്കാരനെ എഎസ്‌ഐ മർദിച്ച് നിലത്തിട്ട് ബൂട്ടുകൊണ്ട് ചവിട്ടിയത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ തങ്ങൾക്ക് നേരെ പേപ്പർ നീട്ടുന്നത് കണ്ടാണ് പൊലീസ് ഇടപെട്ടതെന്ന് ഒരു യാത്രക്കാരി പൊലീസിന് മൊഴി നൽകിയിരുന്നു.

എട്ട് മണിയോടെ മാവേലി എക്സ്‌പ്രസ് തലശ്ശേരി സ്റ്റേഷൻ പിന്നിട്ടപ്പോൾ കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എഎസ്‌ഐ പ്രമോദ് ഒരു സിപിഒയ്ക്ക് ഒപ്പം എസ് ടു കമ്പാർട്ട്‌മെന്റിലെത്തി. ട്രെയിനനകത്തെ സുരക്ഷയ്ക്കുള്ള കേരള റെയിൽവേ പൊലീസ് സേനയിലെ അംഗമായ ഈ ഉദ്യോഗസ്ഥൻ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇയാൾക്ക് സംസാരിക്കാൻ പോലും അവസരം നൽകാതെ വലിച്ചിഴച്ച് പുറത്തേക്ക് കോച്ചിന്റെ മൂലയിലിട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ നിലത്ത് വീണുപോയ ആളെ എഎസ്‌ഐ വീണ്ടും ബൂട്ടുകൊണ്ട് ചവിട്ടി. മുകളിലെ ബർത്തിലിരുന്ന ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

യാത്രക്കാരൻ ആരെന്ന് തിരക്കാതെയും പൊലീസ് സ്റ്റേഷനിൽ വിവരം അറിയക്കാതെയുമായിരുന്നു ഈ മർദ്ദനം. പിന്നീട് വടകര റെയിൽവേ സ്റ്റേഷനിലെ പോർച്ചിൽ ബലമായി ഇറക്കി വിട്ടശേഷം ഉദ്യോഗസ്ഥർ ട്രെയിനിൽ തിരികെ കയറി. എഎസ്‌ഐ മർദ്ദിക്കുമ്പോൾ ടിടിഇ കുഞ്ഞുമുഹമ്മദും തൊട്ടടുത്തുണ്ടായിരുന്നു. തങ്ങളുടെ അടുത്തിരുന്ന ഈ യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു എന്നും തങ്ങൾ ഭയപ്പെട്ടിരിക്കുമ്പോഴാണ് പൊലീസ് ഇടപെട്ടതെന്നുമാണ് യാത്രക്കാരിയുടെ മൊഴി

മർദ്ദിച്ച് അവശനാക്കി വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ട ഈ യാത്രക്കാരന് പിന്നെ എന്ത് സംഭവിച്ചു. പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച പൊലീസിന് ഒരു സൂചനയും കിട്ടിയിട്ടില്ല. കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ ഇയാളെ കണ്ടെത്താൻ വിശദ പരിശോധന നടത്തുകയാണ് പൊലീസ്. മർദ്ദനമേറ്റയാൾ പരാതി നൽകാതെ സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ കഴിയില്ലെന്നു സൂചനയുണ്ട്. നേരത്തെ മർദ്ദന സംഭവം ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും കണ്ണുർ എസ്‌പിയോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP