Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മംഗല്യ-സമുന്നതി പദ്ധതിയിലെ സഹായത്തിന് വിവാഹിതയായ പെൺകുട്ടിയുടെ പ്രായം 22 വയസ്സിനു മുകളിൽ ആയിരിക്കണം! 18ൽ കല്യാണ പ്രായത്തിന് വേണ്ടി വാദിക്കുന്നവരെ വെട്ടിലാക്കി മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ നയപ്രഖ്യാപനം; കേന്ദ്ര സർക്കാരിന്റെ കല്യാണ പ്രായത്തിനൊപ്പം പിള്ളയുടെ 'സമുന്നതി'

മംഗല്യ-സമുന്നതി പദ്ധതിയിലെ സഹായത്തിന് വിവാഹിതയായ പെൺകുട്ടിയുടെ പ്രായം 22 വയസ്സിനു മുകളിൽ ആയിരിക്കണം! 18ൽ കല്യാണ പ്രായത്തിന് വേണ്ടി വാദിക്കുന്നവരെ വെട്ടിലാക്കി മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ നയപ്രഖ്യാപനം; കേന്ദ്ര സർക്കാരിന്റെ കല്യാണ പ്രായത്തിനൊപ്പം  പിള്ളയുടെ 'സമുന്നതി'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്ന് ഉയർത്തരുതെന്നതാണ് സിപിഎം നിലപാട്. വേണമെങ്കിൽ ആൺകുട്ടികളുടെ വിവാഹ പ്രായവും 18ലേക്ക് കൊണ്ടു വരാം എന്നും പറയുന്നു. എന്നാൽ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന് ഇതിനോട് താൽപ്പര്യമില്ല. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ അതുക്കും മേലയാണ് സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷന്റെ ചിന്ത. ഇത് പുതിയ വിവാദങ്ങൾക്കും വഴിവയ്ക്കും.

കേരളത്തിലെ മൂന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ-സമുന്നതി പദ്ധതി 2021-22 യിലേക്ക് അപേക്ഷ ക്ഷണിക്കുന്ന കോർപ്പറേഷൻ അവരുടെ വിവാഹ പ്രായത്തിലെ നിലപാട് കൃത്യമായി വിശദീകരിക്കുകയാണ്. ഈ പദ്ധതിയിലൂടെ സഹായത്തിന് അഭ്യർത്ഥിക്കുന്ന വിവാഹിതയായ പെൺകുട്ടിയുടെ പ്രായം 22 വയസ്സിനു മുകളിൽ ആയിരിക്കണമെന്നാണ് പറഞ്ഞു വയ്ക്കുന്നത്. 2021 ഫെബ്രുവരി 10 നും ഡിസംബർ 31 നും ഇടയിൽ വിവാഹിതരായവർക്കാണ് അപേക്ഷിക്കയാവുന്നതെന്നും പറഞ്ഞു വയ്ക്കുന്നു. അതായത് 21ൽ കുറഞ്ഞ പ്രായത്തിൽ വിവാഹിതരായ ആർക്കും ധനസഹായം കിട്ടില്ല.

ലഭ്യമാക്കുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ള യോഗ്യരായ 200 പേർക്കാണ് ധനസഹായം അനുവദിക്കുന്നത്. കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടുള്ളതല്ലെന്നും നിബന്ധനയുണ്ട്. സംവരണേതര വിഭാഗത്തിൽ പെട്ടവർക്കാണ് സഹായം നൽകുന്നത്. ഒരു ലക്ഷം രൂപയാണ് സഹായം അനുവദിക്കുന്നത്. പണം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുകയും ചെയ്യും. മതാപിതാക്കൾ നഷ്ടപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും വിവാഹിതയായ പെൺകുട്ടിയുടെ പ്രായവും പരിഗണിച്ചാകും അർഹതപ്പെട്ടവരെ കണ്ടെത്തുക.

കേരളാ കോൺഗ്രസ് ബിക്കാണ് മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചുമതല. ചെയർമാനായുള്ളത് ബാലകൃഷ്ണ പിള്ളയുടെ അടുത്ത ബന്ധുവായ പ്രേംജിത്താണ്. പിള്ളയായിരുന്നു മുമ്പ് ചെയർമാൻ. പ്രേംജിത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കേരളാ കോൺഗ്രസിലെ പൊട്ടിത്തെറിക്ക് പോലും വഴിവച്ചത്. കെബി ഗണേശ് കുമാറിനെതിരെ പാർട്ടിയിൽ വിമതർ രംഗത്തെത്തിയതും പിള്ളയുടെ മകളായ ഉഷാ മോഹൻദാസിനെ ഉയർത്തിക്കാട്ടിയതുമെല്ലാം ഈ പശ്ചാത്തലത്തിലുമാണ്.

സ്ത്രീകളുടെ വിവാഹ പ്രായം പതിനെട്ടിൽ നിന്നും 21 ലേക്ക് ഉയർത്തുന്ന ബില്ലിൽ പാർലമെന്റിൽ നാടകീയ സംഭവങ്ങലാണ് നടന്നത്. ലോക്‌സഭയിൽ പ്രതിപക്ഷം ബില്ല് വലിച്ച് കീറി പ്രതിഷേധിച്ചു. സ്റ്റാന്റിങ് കമ്മിറ്റിക്ക് ബില്ല് വിടണമെന്ന പ്രതിപക്ഷ നിലപാട് സഭ അംഗീകരിച്ചു. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കുമെന്നാണ് ബില്ലിൽ വ്യക്തമാക്കുന്നത്. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും. ഇതിനെ അതിശക്തമായാണ് പാർലമെന്റിൽ സിപിഎം എതിർത്തത്. ഈ സാഹചര്യത്തിലാണ് മുന്നോക്ക ക്ഷേമ കോർപ്പറേഷന്റെ പത്രപരസ്യവും നിബന്ധനകളും വിവാദമായി മാറുന്നത്.

ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് - 1956, ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക. ഇതിനാണ് കേന്ദ്രം ബിൽ അവതരണവുമായി എത്തിയത്.

അപ്രതീക്ഷിതമായാണ് സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്ത് എത്തി. പ്രതിപക്ഷത്ത് നിന്നും എതിർപ്പ് ഉയർന്നു. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നിലപാടെടുക്കുമ്പോൾ മറ്റൊരു വിഭാഗം അനുകൂല നിലപാടിലാണ്. എന്നാൽ സിപിഎം അതിശക്തമായി തന്നെ ബില്ലിനെ എതിർത്തു. ഇത് പല വിധ ചർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP