Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമാ തോമസ് സന്നദ്ധയാകുമോ എന്നതിൽ ആകാംഷ; മകന്റെ പേര് മുമ്പോട്ട് വച്ചാൽ അംഗീകരിക്കാൻ കെപിസിസി മടിച്ചേക്കും; കെസിയുടെ പിന്തുണയിൽ ദീപ്തി മേരി വർഗ്ഗീസ്; പാരമ്പര്യത്തിന്റെ കരുത്തിൽ ജെബി മേത്തറും; ചമ്മണിക്കും ഡൊമനിക്കിനും മോഹങ്ങൾ; തൃക്കാക്കരയിൽ പിടിയുടെ പിൻഗാമിയാര്?

ഉമാ തോമസ് സന്നദ്ധയാകുമോ എന്നതിൽ ആകാംഷ; മകന്റെ പേര് മുമ്പോട്ട് വച്ചാൽ അംഗീകരിക്കാൻ കെപിസിസി മടിച്ചേക്കും; കെസിയുടെ പിന്തുണയിൽ ദീപ്തി മേരി വർഗ്ഗീസ്; പാരമ്പര്യത്തിന്റെ കരുത്തിൽ ജെബി മേത്തറും; ചമ്മണിക്കും ഡൊമനിക്കിനും മോഹങ്ങൾ; തൃക്കാക്കരയിൽ പിടിയുടെ പിൻഗാമിയാര്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി.ടി.തോമസ് എംഎൽഎ അന്തരിച്ചതിനെ തുടർന്നുള്ള ഒഴിവിൽ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോൾ കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ പല പ്രമുഖരും രംഗത്ത്. പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയാണ് നേതൃത്വം പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ അട്ടിമറിച്ച് സീറ്റ് നേടാൻ രണ്ട് വനിതാ നേതാക്കളും രംഗത്തുണ്ട്. മഹിളാ കോൺഗ്രസ് അധ്യക്ഷ ജേബി മേത്തറും ദീപ്തി മേരി വർഗ്ഗീസും. ഇവരും സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് മുമ്പോട്ട് പോകുന്നത്.

പി.ടി.തോമസിന്റെ വിയോഗത്തെ തുടർന്നു തൃക്കാക്കര മണ്ഡലത്തിൽ ഡിസംബർ 22 മുതൽ ഒഴിവു വന്നതായി അറിയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ പേരിലാണു വിജ്ഞാപനം. ഇനി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പിന്റെ തീയതിയും നടപടിക്രമങ്ങളും നിശ്ചയിച്ചു വിജ്ഞാപനം ഇറക്കണം. 2021 മേയിൽ നിലവിൽ വന്ന പതിനഞ്ചാം നിയമസഭയുടെ കാലത്തു നടക്കുന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്. ഇടതിനും വലതിനും അഭിമാന പോരാട്ടം. ഒഴിവ് തെരഞ്ഞെടുപ്പ് കമ്മീഷന്റേയും ശ്രദ്ധയിൽ പെട്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തൃക്കാക്കരയും വോട്ടെടുപ്പിലേക്ക് നീങ്ങാനാണ് സാധ്യത.

ഉമാ തോമസിനെ സ്ഥാനാർത്ഥിയായി ഏതാണ്ട് തീരുമാനിച്ചുവെന്ന സൂചന മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ മറുനാടന് നൽകിയിരുന്നു. എന്നാൽ ഉമാ തോമസ് എന്തു പറയുമെന്നതാണ് നിർണ്ണായകം. മഹാരാജാസ് കോളേജിലെ പഴയ കെ എസ് യു നേതാവാണ് ഉമ. ഉമയ്ക്ക് മകനെ മത്സരിപ്പിക്കാനാണ് താൽപ്പര്യമെന്നും സൂചനയുണ്ട്. അങ്ങനെ അഭിപ്രായം പറഞ്ഞാൽ അത് കോൺഗ്രസ് നേതൃത്വം അംഗീകരിക്കില്ല. ഈ സാഹചര്യത്തിലാണ് ദീപ്തി മേരി വർഗ്ഗീസും ജെബി മേത്തറും കരുനീക്കങ്ങളുമായി എത്തുന്നത്. പിടി തോമസിന്റെ നിലപാടുകൾക്കൊപ്പം നിൽക്കുന്ന വിടി ബൽറാമനെ പോലൊരു നേതാവിനെ ഉമാ തോമസ്, വിസമ്മതം പറഞ്ഞാൽ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായവും കോൺഗ്രസിൽ സജീവമാണ്.

വിടി ബൽറാം, ജെയ്‌സൺ ജോസഫ്, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, മുൻ കൊച്ചി മേയർ ടോണി ചമ്മിണി, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ ഹിഷാം, മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, ഡിസിസി സെക്രട്ടറി ഷെറിൻ വർഗീസ് തുടങ്ങിയ പേരുകളുമായി അനുയായികൾ കളത്തിൽ നിറഞ്ഞിട്ടുണ്ട്. കെപിസിസി ജന. സെക്രട്ടറിയും കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായ ദീപ്തി മേരി വർഗീസ് ഒഴികെ എല്ലാവരും എ ഗ്രൂപ്പുകാർ തന്നെയാണ്. ദീപ്തിയുടെ ചായ് വ് എഐസിസി ജന. സെക്രട്ടറി കെ സി വേണുഗോപാലന്റെ പക്ഷത്തോടാണ്.

പി ടി തോമസ് എ ഗ്രൂപ്പുകാരനായിരുന്നെങ്കിലും ഇടക്കാലത്ത് ഗ്രൂപ്പിനോട് അകലം പാലിച്ചിരുന്നു. അത് അവസരമാക്കിയെടുക്കാനാണ് വേണുഗോപാലിലൂടെ ദീപ്തിയുടെ ശ്രമം. പിടി തോമസിന്റെ വിയോഗം മൂലമുണ്ടായ വിടവ് നികത്താൻ കെപിസിസി വൈസ് പ്രസിഡണ്ട് വിടി ബൽറാമിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ നിർബന്ധം. എന്നാൽ പുറത്തു നിന്ന് ഒരാളെ കെട്ടിയിറക്കേണ്ടതില്ലെന്നാണ് ടോണി ചമ്മണിക്കും ഡൊമിനിക് പ്രസന്റേഷനും ദീപ്തിക്കും വേണ്ടി വാദിക്കുന്നവരുടെ നിലപാട്. ലതിക സുഭാഷിനു പകരക്കാരിയായി വന്ന ജെബി മേത്തർ ഹിഷാമിനായും ശക്തമായ വിഭാഗം രംഗത്തുണ്ട്.

മുൻ കെപിസിസി പ്രസിഡണ്ടും എംഎൽഎയുമായിരുന്ന ടി ഒ ബാവയുടെ ചെറുമകളും കെപിസിസി സെക്രട്ടറിമാരിലൊരാളുമായ ജെബി മേത്തർ ഹിഷാമിന്റെ നിയമനം അടുത്ത കാലത്ത് ഹൈക്കമാന്റിൽ നിന്നു നേരിട്ടായിരുന്നു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചുമതലയേറ്റശേഷം സംസ്ഥാനത്ത് നടക്കാൻ പോകുന്ന ആദ്യ തെരഞ്ഞെടുപ്പായതുകൊണ്ട് സിറ്റിങ് സീറ്റായ തൃക്കാക്കര ഇരുവർക്കും വലിയ വെല്ലുവിളിയാണ്.

തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച സീറ്റായാണ് കോൺഗ്രസ് വിലയിരുത്തിയിട്ടുള്ളത്. ഉപതിരഞ്ഞെടുപ്പിൽ ആരുനിന്നാലും ജയിക്കുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്. മണ്ഡലം ഉണ്ടായശേഷം നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് മികച്ച വിജയമാണ് ലഭിച്ചത്. 2011: ബെന്നി ബഹനാൻ, ഭൂരിപക്ഷം- 22,406. 2016: പി.ടി. തോമസ്, ഭൂരിപക്ഷം- 11,996. 2021: പി.ടി. തോമസ്, ഭൂരിപക്ഷം- 14,329. സീറ്റിൽ മുതിർന്ന നേതാക്കൾക്കുവരെ കണ്ണുണ്ട്. പലരും താത്പര്യം അറിയിച്ചിട്ടുമുണ്ട്. സീറ്റ് തങ്ങളുടേതാണെന്ന് എ ഗ്രൂപ്പ് ഉറപ്പിക്കുന്നുണ്ട്. നിലവിൽ പാർട്ടിക്കുള്ളിൽ പി.ടി. തരംഗം ശക്തമാണ്. അതിനാലാണ് ഉമയെ കൊണ്ടുവരാൻ ആലോചിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിനാണ് അഗ്‌നിപരീക്ഷയാവാൻ പോകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിനെതിരേ പരാതി ഉണ്ടായപ്പോൾ അന്വേഷണം നടത്തി കുറ്റക്കാരായ മുതിർന്ന നേതാവിനെയും ഏരിയാ സെക്രട്ടറിയെയുമെല്ലാം അവർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. തിരിച്ചടി നേരിട്ടാൽ പാർട്ടിയെടുത്ത അച്ചടക്ക നടപടികൾ അപ്രസക്തമാവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.ടി.ക്കെതിരേ വലിയ പ്രചാരണം നടത്തിയ ട്വന്റി 20 ഇപ്പോൾ വിവാദങ്ങൾക്കു നടുവിലാണ്. കിഴക്കമ്പലത്തുണ്ടായ അക്രമങ്ങൾ അവരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP