Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് വേണ്ടതെന്ന് സുവിശേഷം; ഒരു മതത്തേയോ സമുദായത്തേയോ സഭകളേയോ കുറ്റം പറയാതെ പ്രചരിപ്പിച്ചത് യേശുവിന്റെ വചനങ്ങൾ; കുട്ടിക്കാല പ്രാരാബ്ധത്തെ മറികടന്നത് പഠന മികവിലൂടെ; അദ്ധ്യാപകന്റെ ചിട്ട സുവേഷത്തിലും നിറച്ച പ്രഫ എംവൈ യോഹന്നാൻ; വിടവാങ്ങുന്നത് വേറിട്ട വഴികളിലൂടെ നീങ്ങിയ പ്രഘോഷകൻ

മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് വേണ്ടതെന്ന് സുവിശേഷം; ഒരു മതത്തേയോ സമുദായത്തേയോ സഭകളേയോ കുറ്റം പറയാതെ പ്രചരിപ്പിച്ചത് യേശുവിന്റെ വചനങ്ങൾ; കുട്ടിക്കാല പ്രാരാബ്ധത്തെ മറികടന്നത് പഠന മികവിലൂടെ; അദ്ധ്യാപകന്റെ ചിട്ട സുവേഷത്തിലും നിറച്ച പ്രഫ എംവൈ യോഹന്നാൻ; വിടവാങ്ങുന്നത് വേറിട്ട വഴികളിലൂടെ നീങ്ങിയ പ്രഘോഷകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സുവിശേഷകരിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു പ്രഫ. എം.വൈ. യോഹന്നാൻ. വിവരക്കേടുകൾ പറയാത്ത മതം മാറ്റാത്ത സുവിശേഷകൻ. അദ്ധ്യാപകന്റെ ചിട്ട സുവിശേഷത്തിലും കൊണ്ടു പോയ വ്യക്തിത്വം. പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് സ്ഥാപക പ്രസിഡന്റും റിട്ട. പ്രിൻസിപ്പലുമായിരുന്നു പ്രഫ. എം.വൈ. യോഹന്നാൻ.

വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് അന്തരിച്ചത്. മൃതദേഹം ഇന്നു വൈകിട്ട് 5നു വലമ്പൂരിലെ വസതിയിൽ എത്തിക്കും. സംസ്‌കാരം നാളെ 4നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കും. മേച്ചങ്കര കുടുംബാംഗമായ എം.വൈ.യോഹന്നാൻ വടവുകോട് രാജർഷി മെമോറിയൽ സ്‌കൂളിൽ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964 മുതൽ 1995 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് മലയാള വിഭാഗം മേധാവിയായും തുടർന്നു 2 വർഷം പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു.

കോളജിൽ പഠിക്കാതെ ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കി കോളജ് അദ്ധ്യാപകനും പ്രിൻസിപ്പലുമായ പ്രഫ.എം.വൈ. യോഹന്നാൻ ഏവർക്കും പ്രചോദനമായിരുന്നു. ബിഎ, എം.എ പരീക്ഷകൾ പ്രൈവറ്റായി പഠിച്ചു കേരള സർവകലാശാലയിൽ നിന്നു റാങ്കോടെ വിജയിച്ചു. കുടുംബ പ്രാരബ്ധങ്ങളായിരുന്നു കോളജ് പഠനത്തിനു തടസ്സമായത്. ഒരു വയസ്സുള്ളപ്പോൾ പിതാവും 2ാം വയസ്സിൽ ജ്യേഷ്ഠനും മരിച്ചതോടെ ദുരിത പൂർണ്ണമായി കുട്ടിക്കാലം. പതിനെട്ടാം വയസ്സിൽ വടവുകോട് സ്‌കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. . കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് പ്രവർത്തനം ആരംഭിച്ച 1964 മുതൽ അവിടെ മലയാളം വകുപ്പ് മേധാവിയായി. 1995ൽ പ്രിൻസിപ്പലായി. 1997ൽ വിരമിച്ചു.

ആയിരത്തിത്തൊള്ളായിരത്തി അൻപതുകളിൽ തുടക്കമിട്ട 'സ്വമേധയാ സുവിശേഷ സംഘ'ത്തിന്റെ ജന.സെക്രട്ടറിയായിരുന്നു. 1973ൽ ആണു ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിനു രൂപം നൽകിയത്. നൂറ്റിയൻപതോളം ആത്മീയഗ്രന്ഥങ്ങളും ക്രിസ്തീയ ഗാനങ്ങളും രചിച്ചിട്ടുണ്ട്. പ്രഫ. എം.വൈ. യോഹന്നാൻ കഴിഞ്ഞ 6 പതിറ്റാണ്ടിനിടെ രചിച്ചത് നൂറ്റിയൻപതോളം ആത്മീയ ഗ്രന്ഥങ്ങളാണ്. 'അമൃതധാര'യിൽ തുടങ്ങി 'മൂറോന്റെ നറുമണം' വരെയുള്ള പുസ്തകങ്ങളിൽ ചിലത് ഇംഗ്ലിഷിലേക്കും ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'സ്വമേധയാ സുവിശേഷ സംഘവും' തുടർന്ന് 'ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്' എന്ന ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചു സുവിശേഷ പ്രവർത്തനത്തിൽ സജീവമായ അദ്ദേഹം മതപരിവർത്തനത്തിന് എതിരായിരുന്നു.

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് കൂട്ടായ്മ കോലഞ്ചേരി ബ്ലോക്ക് ജംക്ഷനു സമീപം ഏപ്രിൽ, മെയ്‌ മാസങ്ങളിൽ നടത്തിയിരുന്ന സുവിശേഷ യോഗം അതിവേഗം ആയിരങ്ങളെ ആഖർഷിച്ചു. പിന്നീട് അത് കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റേണ്ടി വന്നു. ചികിത്സാ സഹായം, നിർധനർക്കു വീടു നിർമ്മിച്ചു നൽകൽ, വിദ്യാർത്ഥികൾക്കു പഠന സഹായവിതരണം തുടങ്ങിയവയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

രാജ്യത്തിനകത്തും പുറത്തുമായി ആയിരങ്ങൾക്ക് ക്രൈസ്തവ സാക്ഷ്യം നൽകിയ പ്രഘോഷകനായിരുന്നു സുവിശേഷകൻ പ്രഫ. എം.വൈ. യോഹന്നാൻ. ക്രൈസ്തവ മൂല്യങ്ങൾ പകർന്നു നൽകുന്നതോടൊപ്പം കാരുണ്യ മേഖലയിലും അദ്ദേഹം അനേകർക്ക് തണലേകി. സുവിശേഷവേലക്കായി ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. പ്രസംഗിക്കുന്നതു പോലെ ജീവിക്കുകയും, ജീവിക്കുന്നതുപോലെ പ്രസംഗിക്കുകയും ചെയ്യുകയെന്നതായിരുന്നു രീതി.

മദ്യപാനം മൂലവും മറ്റും തകർന്ന ആയിരക്കണക്കിനാളുകളെയാണ് അദ്ദേഹം മാനസാന്തരപ്പെടുത്തി സുവിശേഷ സംഘടനയായ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിനോട് ചേർത്തുനിർത്തിയത്. മനുഷ്യഹൃദയങ്ങളിൽ ശാന്തിയും സമാധാനവും പുലരാൻ സുവിശേഷവേലയിലൂടെ സാധിച്ചതിന് തെളിവാണ് ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗങ്ങളിലെ സാക്ഷ്യം പറച്ചിൽ. സഭാ സമുദായ വ്യത്യാസം കൂടാതെ സുവിശേഷത്തിലേക്ക് അനേകരെ ഒത്തൊരുമിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

സെന്റ് പീറ്റേഴ്സ് കോളജിൽ 33 വർഷമാണ് കോളജിൽ മലയാളം വിഭാഗത്തിൽ സേവനമനുഷ്ഠിച്ചത്. സ്‌കൂളിലും കോളജിലും താൽപര്യമുള്ള വിദ്യാർത്ഥികൾക്കു ബൈബിൾ ക്ലാസെടുത്താണു സുവിശേഷരംഗത്ത് അദ്ദേഹത്തിന്റെ തുടക്കം. ജോലിക്ക് ഒരു തടസവും സൃഷ്ടിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സുവിശേഷ വേല. കോട്ടയം സി.എം.എസ് കോളജിൽ ചരിത്ര വിഭാഗം അദ്ധ്യാപകനായിരുന്ന ഫാ.കെ.ഒ. തോമസിന്റെ നേതൃത്വത്തിൽ സ്വമേധയാ സുവിശേഷ സംഘം രൂപീകരിച്ചപ്പോൾ പ്രഫ. യോഹന്നാൻ ജനറൽ സെക്രട്ടറിയായിരുന്നു. 1973 കാലയളവിൽ മലങ്കര സഭയിലുണ്ടായ ആത്മീയ ഉണർവിന്റെ വെളിച്ചത്തിലാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ തുടക്കം.

മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് വേണ്ടതെന്ന യോഹന്നാന്റെ കാഴ്ചപ്പാടിന് വ്യാപക പിന്തുണയാണ് ലഭിച്ചത്. ഒരു മതത്തേയോ, സമുദായത്തേയോ, സഭകളേയോ കുറ്റം പറയാതെ യേശുക്രിസ്തുവിന്റെ വചനത്തിലൂന്നിയായിരുന്നു സുവിശേഷ വേല. അതുകൊണ്ട് തന്നെ പ്രഫ. യോഹന്നാന്റെ സുവിശേഷപ്രസംഗം ശ്രവിക്കാനെത്തുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചുവന്നു. യുവതീ-യുവാക്കളെയടക്കം സുവിശേഷത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതും വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ഭാര്യ: നെച്ചുപ്പാടം കുടുംബാംഗം ആലീസ് (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. ഐസക് ജോൺ (എംഡി, റാഫാ ഡയഗ്‌നോസ്റ്റിക്‌സ്), ജോസഫ് ജോൺ (മുൻ എംഡി കേഡർ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്), മേരി ബേബി മേലേത്ത്, തോമസ് ജോൺ (എംഡി, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ്). മരുമക്കൾ: ബീന ചിറയിൽ പള്ളം, സംഗീത കുറ്റിപ്പുഴ മാറാടി, ഡോ. ബേബി ഏബ്രഹാം മേലേത്ത് (ഡയറക്ടർ, എലിംസ് കോളജ് ഓഫ് മാനേജ്‌മെന്റ് തൃശൂർ), മീന തോമസ് ചാന്ത്യം പണ്ടപ്പിള്ളി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP