Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഫാൻ പിടിച്ചു നിർത്തുന്ന സീൻ കംമ്പ്യൂട്ടർ ഗ്രാഫിക്സ് അല്ല; ഫ്ളാസ്‌ക് കാല് കൊണ്ട് തിരികെ തട്ടിയിട്ടതും പുട്ടുകുറ്റിയിലേക്ക് നോക്കാതെ റിങ്ങ് എറിഞ്ഞു വീഴ്‌ത്തിയതും ഞാൻ തന്നെ'; മിന്നൽ മുരളിക്ക് വേണ്ടി കുറച്ച് ട്രിക്ക്സ് പഠിച്ചെന്ന് ടൊവിനോ തോമസ്

'ഫാൻ പിടിച്ചു നിർത്തുന്ന സീൻ കംമ്പ്യൂട്ടർ ഗ്രാഫിക്സ് അല്ല; ഫ്ളാസ്‌ക് കാല് കൊണ്ട് തിരികെ തട്ടിയിട്ടതും പുട്ടുകുറ്റിയിലേക്ക് നോക്കാതെ റിങ്ങ് എറിഞ്ഞു വീഴ്‌ത്തിയതും ഞാൻ തന്നെ'; മിന്നൽ മുരളിക്ക് വേണ്ടി കുറച്ച് ട്രിക്ക്സ് പഠിച്ചെന്ന് ടൊവിനോ തോമസ്

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: സൂപ്പർ ഹീറോ സിനിമയായിരുന്ന മിന്നൽ മുരളിക്ക് വേണ്ടി കുറച്ച് ട്രിക്ക്സ് പഠിച്ചിരുന്നുവെന്ന് ടൊവിനോ തോമസ്. ആശുപത്രിയിൽ വെച്ച് താഴെ പോയ ഫ്ളാസ്‌ക് കാല് കൊണ്ട് തിരികെ തട്ടിയിടുന്ന സീനൊക്കെ യഥാർത്ഥത്തിൽ ചെയ്തതാണെന്നറിഞ്ഞപ്പോൾ പലർക്കും വിശ്വസിക്കാനായില്ല.

അതുപോലെ കറങ്ങുന്ന ഫാൻ പിടിച്ചു നിർത്തിയതും പുട്ടുകുറ്റിയിലേക്ക് നോക്കാതെ റിങ്ങ് എറിഞ്ഞു വീഴ്‌ത്തിയതുമെല്ലാം താൻ തന്നെയെന്ന് പറയുകയാണ് ടൊവിനോ തോമസ്. മീഡിയ വണിന് നൽകിയ അഭിമുഖത്തിലാണ് സിനിമക്ക് വേണ്ടി ചെയ്ത ട്രിക്ക്സിനെ പറ്റി ടൊവിനോ തുറന്നു പറഞ്ഞത്.

'മിന്നൽ മുരളിക്ക് വേണ്ടി കുറച്ച് ട്രിക്ക്സ് പഠിച്ചിരുന്നു. ഫാൻ പിടിച്ചു നിർത്തുന്ന സീൻ കംമ്പ്യൂട്ടർ ഗ്രാഫിക്സ് അല്ല. അത് മനുഷ്യനെ കൊണ്ട് സാധ്യമായ കാര്യമാണ്. ഞാൻ തന്നെ ഫാൻ പിടിച്ചുനിർത്തിയതാണ്.

ചേച്ചിക്ക് എന്താ വേണ്ടത് പുട്ടുകുറ്റിയോ എന്ന ചോദിച്ച് റിങ്ങ് പുട്ടുകുറ്റിയിലേക്ക് തന്നെ നോക്കാതെയാണ് എറിയുന്നത്. ആദ്യ ടേക്കിൽ ഒകെയായത് അല്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ ടേക്കിലാണത് വീണത്. അത് കുറച്ച് ഭാഗ്യവും, കുറച്ച് ട്രെയിനിംഗുമാണ്,' ടൊവിനോ പറഞ്ഞു.

'മിന്നൽ മുരളിയുടെ കഥ പറയുമ്പോൾ തന്നെ ഇങ്ങനത്തെ കുറച്ച് ട്രിക്ക്സ് പഠിച്ച് വെക്കണമെന്ന് ബേസിൽ പറഞ്ഞിരുന്നു. വെള്ളക്കുപ്പി എറിഞ്ഞ് നേരെ നിർത്തുക, അല്ലെങ്കിൽ എന്തെങ്കിലും ഉന്നം നോക്കുക അങ്ങനെയുള്ള സ്‌കിൽസൊക്കെ ചെയ്തിരുന്നു. ഇതൊന്നും ആന സ്‌കിൽസല്ല. കുഞ്ഞു കുഞ്ഞു സ്‌കിൽസിനെയൊക്കെ ഷാർപ്പൺ ചെയ്യാൻ ശ്രമിച്ചിരുന്നു. നമ്മുടെ ലിമിറ്റ്സ് മാറ്റാൻ ശ്രമിക്കുമ്പോൾ കിട്ടുന്ന റിസൽട്ട് കൂടുതൽ ലിമിറ്റ്സ് ഇല്ലാതാക്കാൻ സഹായിക്കും,' ടൊവിനോ കൂട്ടിച്ചേർത്തു.

സൂപ്പർ ഹീറോ സിനിമയായിരുന്നെങ്കിലും അധികം വി.എഫ്.എക്സ് ഉപയോഗിക്കാത്ത സിനിമയായിരുന്നു മിന്നൽ മുരളി. നാട്ടിൻപുറത്ത് നടക്കുന്ന കഥയായതുകൊണ്ട് അത് എളുപ്പവുമായി. സാധാരണ ഫാന്റസി സിനിമകളിൽ ഏറ്റവുമധികം പഴി കേൾക്കാൻ സാധ്യതയുള്ള മേഖലയാണ് വി.എഫ്.എകസ്. എന്നാൽ ഉപയോഗിച്ചിടത്ത് കൃത്യമായി ഉപയോഗിക്കുന്നതിലും ബാക്കിയുള്ളിടത്ത് മനുഷ്യാധ്വാനം തന്നെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നതിലും മിന്നൽ മുരളി വിജയിച്ചു.

കളയുടെ ഇടയിൽ ഉണ്ടായ അപകടത്തിന്റെ ആഘാതം അവിടെ നിന്നത് തന്റെ ശരീരം അത്ര ഫിറ്റായതുകൊണ്ടാണ്. ആരോഗ്യകരമല്ലാത്ത ബോഡി ബിൽഡിംഗിന് എതിരാണ്. ശരീരത്തിന്റെ ഭംഗിയിലല്ല, ആരോഗ്യത്തിലാണ് കാര്യം എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ടൊവിനോ പറഞ്ഞു.

കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്തത്. കുറുക്കൻ മൂലയുടെ സൂപ്പർ ഹീറോ ആയ മിന്നൽ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്.

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസ്-ബേസിൽ കൂട്ട് കെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയിൽ ഒന്നിച്ചിരുന്നു.

ടൊവിനോ തോമസിനെ കൂടാതെ അജു വർഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. പുതുമുഖ താരം ഫെമിന ജോർജാണ് ചിത്രത്തിലെ നായിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP