Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഈ സമയവും പിന്നിടും; അവർക്ക് വലിയ സ്‌കോറുകൾ ഇനിയും നേടാൻ കഴിയും; തിരിച്ചുവരാൻ കരുത്തുള്ളവർ'; കോലിയേയും പുജാരയേയും രഹാനെയെയും പിന്തുണച്ച് രാഹുൽ ദ്രാവിഡ്; ഇന്ത്യൻ മധ്യനിരയുടെ മോശം ഫോം ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി മുഖ്യ പരിശീലകൻ

'ഈ സമയവും പിന്നിടും; അവർക്ക് വലിയ സ്‌കോറുകൾ ഇനിയും നേടാൻ കഴിയും; തിരിച്ചുവരാൻ കരുത്തുള്ളവർ'; കോലിയേയും പുജാരയേയും രഹാനെയെയും പിന്തുണച്ച് രാഹുൽ ദ്രാവിഡ്; ഇന്ത്യൻ മധ്യനിരയുടെ മോശം ഫോം ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി മുഖ്യ പരിശീലകൻ

സ്പോർട്സ് ഡെസ്ക്

ജൊഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ചരിത്ര ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കാൻ ലക്ഷ്യമിട്ട് രണ്ടാം മത്സരത്തിന് ടീം ഇന്ത്യ തിങ്കളാഴ്ച ജൊഹന്നസ്ബർഗിൽ ഇറങ്ങാനിരിക്കെ മധ്യനിര ബാറ്റ്‌സ്മാന്മാരെ പിന്തുണച്ച് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടെസ്റ്റ് നായകൻ വിരാട് കോഹ്ലി, മൂന്നാം നമ്പർ ബാറ്റ്സ്മാൻ ചേതേശ്വര് പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ മോശം ഫോമിനെ സംബന്ധിച്ച മുൻ താരങ്ങൾ അടക്കം കടുത്ത വിമർശനം ഉന്നയിക്കുന്നതിനിടെയാണ് മൂവരെയും പിന്തുണച്ച് രാഹുൽ ദ്രാവിഡ് രംഗത്ത് വന്നത്.

ഫോം ഔട്ട് എന്നത് ഏതൊരു താരങ്ങളുടേയും കരിയറിൽ സംഭവിക്കുന്ന ചെറിയ കാലയളവ് മാത്രമാണിതെന്നും മൂന്ന് ബാറ്റ്സ്മാന്മാരും മികച്ച ഫോം കണ്ടെത്തുകയും വലിയ സ്‌കോർ നേടാൻ സാധിക്കുകയും ചെയ്യുമെന്ന് ദ്രാവിഡ് വ്യക്തമാക്കി.

സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തകർപ്പൻ ജയം നേടിയ ടീം ഇന്ത്യ, മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തിയിരിക്കുകയാണ്. എന്നിരുന്നാലും മധ്യനിരയിൽ നായകൻ വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര തുടങ്ങിയ സീനിയർ ബാറ്റർമാരുടെ പ്രകടനം ഇന്ത്യക്ക് ആശ്വസിക്കാൻ വക നൽകുന്നില്ല.

ക്യാപ്റ്റൻ വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ചേതേശ്വര് പൂജാര തുടങ്ങിയ സീനിയർ ബാറ്റർമാർ ഇതുവരെ ബാറ്റിംഗിൽ ഫോമിലായിട്ടില്ലാത്തത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യ മിന്നുന്ന ജയം നേടിയ സെഞ്ചൂറിയൻ ടെസ്റ്റിൽ പോലും പൂജാരയുടെ സ്‌കോർ 0 ഉം 16 ഉം ആയിരുന്നു. കോലി 35 ഉം 18 ഉം രഹാനെ 48 ഉം 20 ഉം മാത്രമാണ് സ്‌കോർ ചെയ്തത്. ലൊകേഷ് രാഹുലിന്റെ സെഞ്ചുറിയായിരുന്നു ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മൂവരെയും പിന്തുണച്ച് ദ്രാവിഡിന്റെ പ്രതികരണം.

'ഞാൻ ഉദ്ദേശിച്ചത്, ഇത് പലതരത്തിലുള്ള ഘടകങ്ങളാകാം. കരിയറിന്റെ വിവിധ ഘട്ടങ്ങളിലുള്ള താരങ്ങൾക്ക് വളരെക്കാലം കളിക്കുമ്പോൾ ഇത് സംഭവിക്കുന്നു. നിങ്ങൾ നന്നായി ബാറ്റ് ചെയ്യുന്നുവെന്ന് കരുതുമ്പോഴും വലിയ സ്‌കോറുകൾ വരുന്നില്ല. അവർ മൂന്നുപേർക്കും ഇത് സംഭവിക്കുന്നതായി ഞാൻ കരുതുന്നു, രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഞായറാഴ്ച നടന്ന വെർച്വൽ പ്രീ-മാച്ച് പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് ദ്രാവിഡ് പറഞ്ഞു.

'എന്നാൽ അവർ തിരിച്ചുവരവിന് പരിശ്രമിക്കുന്നത് നല്ല കാര്യമാണ്, ഈ തുടക്കങ്ങളെ എങ്ങനെ വലിയ സ്‌കോറുകളാക്കി മാറ്റാമെന്ന് അവർക്കറിയാം. അവർ പരിശീലനം നടത്തുന്നത് ശ്രദ്ധിക്കാരുണ്ട്. വലിയ സ്‌കോറുകൾ നേടുന്നില്ല എന്നത് ആശങ്കയുണ്ടാക്കേണ്ടതില്ല. ഇത് ചില സമയത്തിന്റേതാണ്. അവൻ തന്നാൽ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നു. അവൻ തീർച്ചയായും നന്നായി തയ്യാറെടുക്കുന്നു. അവനെപ്പോലെയുള്ള ഒരാൾ ഉയർന്ന നിലവാരം പുലർത്തുന്നു. വ്യക്തമായും, മികച്ച ഫോം നിലനിർത്തി മികച്ച സ്‌കോറുകൾ നേടാൻ അവർ ആഗ്രഹിക്കുന്നുണ്ട്' . ദ്രാവിഡ് കൂട്ടിച്ചേർത്തു.

'വലിയ സ്‌കോറുകൾ നേടാതെ പോയ ഒരുപാട് മികച്ച തുടക്കങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മൾ ചെയ്ത നല്ല കാര്യം ഓർക്കുക,' ഇന്ത്യയുടെ മധ്യനിരയിൽ നിന്ന് റൺസിന്റെ അഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദ്രാവിഡ് പറഞ്ഞു

'തീർച്ചയായും, ബാറ്റർമാരിൽ നിന്ന് വലിയ സ്‌കോറുകൾ നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ, ഈ അവസ്ഥയിൽ, വിമർശനങ്ങൾ കൊണ്ടു മാത്രം ഫലം കാണില്ല. ബാറ്റർമാരെ വീണ്ടും വീണ്ടും കുഴപ്പത്തിലാക്കാനെ അതുകൊണ്ടു കഴിയു. മികച്ച തുടക്കങ്ങൾ സൃഷ്ടിക്കാനും വലിയ സ്‌കോർ ഉയർത്താനുമുള്ള അവരുടെ അവസരമാണിത്, ദ്രാവിഡ് പറഞ്ഞു.

സെഞ്ചൂറിയൻ ടെസ്റ്റിന് മുമ്പ് വിരാട് കോലിയെ പിന്തുണച്ച് ദ്രാവിഡ് രംഗത്ത് എത്തിയിരുന്നു. ''എപ്പോഴും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന താരമാണ് കോലി. കളിച്ച എല്ലായിടത്തും അദ്ദേഹം വിജയിയായി. കോലി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഞാൻ ടീമിലുണ്ടായിരുന്നു. കോലിക്കൊപ്പം ബാറ്റ് ചെയ്യാനും എനിക്കായി. 10 വർഷങ്ങൾക്ക് ശേഷം കോലി നേടിയ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹത്തിന് വലിയ മാറ്റങ്ങൾ സംഭവിച്ചു എന്നായിരുന്നു ദ്രാവിഡ് പറഞ്ഞത്.

കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ ഒരു ബാറ്റർ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ടീം ഇന്ത്യയെ ഉന്നതിയിലേക്ക് നയിച്ചു. അതോടൊപ്പം ക്രിക്കറ്റിൽ നേടിയതിനെയെല്ലാം അവിസ്മരണീയമായിട്ടാണ് തോന്നുന്നത്. ഇന്ത്യൻ ടീമിൽ ഒരു ഫിറ്റ്നെസ് സംസ്‌കാരം കൊണ്ടുവരുന്നതിൽ കോലിക്ക് വലിയ പങ്കുണ്ട്. സഹതാരങ്ങളിൽ ഊർജവും ആത്മവിശ്വാസവും വളർത്തുന്നിൽ കോലി വലിയ പങ്കുവഹിച്ചു. ആശ്ചര്യമാണ് പുറത്തുനിന്ന് നോക്കുമ്പോൾ തോന്നുന്നത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഞാനിപ്പോഴാണ് സീനിയർ ടീമിന്റെ ഭാഗമാകുന്നത്. വരും ദിവസങ്ങളിൽ അദ്ദേഹത്തെ പിന്തുണക്കാവുന്നതിലും സമയം ചെലവിടാനാകുന്നതിലും ഏറെ സന്തോഷമുണ്ട്.'' മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ ദ്രാവിഡ് പറഞ്ഞു.

സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായാണ് വാണ്ടറേഴ്സിൽ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുന്നത്. നായകൻ വിരാട് കോലിയെ വ്യക്തിഗത റെക്കോർഡും കാത്തിരിപ്പുണ്ട്. വാണ്ടറേഴ്സിൽ കൂടുതൽ ടെസ്റ്റ് റൺസ് നേടുന്ന വിദേശ താരമെന്ന റെക്കോർഡാണ് കോലിക്ക് കയ്യെത്തും ദൂരെ മാത്രമുള്ളത്. ജൊഹന്നസ്ബർഗിൽ മുമ്പ് കളിച്ച രണ്ട് ടെസ്റ്റിൽ ഒരു സെഞ്ചുറിയും 2 അർധ സെഞ്ചുറിയുമുള്ള കോലിക്ക് ഇതിന് അനായാസം കഴിച്ചേക്കും.

ഏഴ് റൺസ് കൂടി നേടിയാൽ 316 റൺസുള്ള ന്യൂസിലൻഡിന്റെ ജോൺ റീഡിനെ വിരാട് കോലിക്ക് മറികടക്കാം. 310 റൺസുമായി പട്ടികയിൽ രണ്ടാമനാണ് കോലി. ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗും (263) ഇന്ത്യയുടെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡുമാണ് (262) മൂന്നും നാലും സ്ഥാനങ്ങളിൽ. ഓസീസ് മുൻതാരം ഡാമിയൻ മാർട്ടിനാണ് അഞ്ചാം സ്ഥാനത്ത് (255). ഫോമിലല്ലാത്ത ഇന്ത്യൻതാരം ചേതേശ്വർ പൂജാരയ്ക്ക് വാണ്ടറേഴ്സിൽ ഒരു സെഞ്ചുറിയും അർധ സെഞ്ചുറിയും സഹിതം 229 റൺസുണ്ട്.

എന്നാൽ നിലവിൽ പുജാരയുടെ പ്രകടനമാണ് ദയനീയം. സെഞ്ചൂറിയനിൽ 0,16 എന്നിങ്ങനെയായിരുന്നു പുജാരയുടെ സ്‌കോറുകൾ. മോശം ഫോം തുടരുകയാണെങ്കിൽ പുറത്ത്‌പോകേണ്ടി വരുമെന്ന് മുൻ ഇന്ത്യൻ സെലക്ടറായ സരൺദീപ് സിങ് തുറന്നു പറഞ്ഞിരുന്നു.

'ഇന്ത്യയുടെ ബാറ്റിങ് ഡിപ്പാർട്‌മെന്റിൽ ആശങ്കയുണ്ട്. കെ.എൽ രാഹുൽ മികവ് പുറത്തെടുക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തെ പൂർണ്ണമായും ആശ്രയിക്കാൻ പറ്റില്ല, പക്ഷേ ഇവിടെ പൂജാരയെക്കുറിച്ചാണ് പറയേണ്ടത്, കാരണം അദ്ദേഹം റൺസ് കണ്ടെത്തേണ്ടിയിരിക്കുന്നു. ശ്രേയസ് അയ്യരെ പോലെയുള്ള ഒരു സെഞ്ചൂറിയൻ ടീമിൽ കാത്തിരിക്കുകയാണ്. നിങ്ങൾ ഒരു സീനിയർ കളിക്കാരനാണ്, മോശം ഫോം ഇനിയും തുടർന്നാൽ വിശ്രമിക്കേണ്ടി വരും- സരൺദീപ് സിങ് പറഞ്ഞു.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 113 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി. സ്‌കോർ: ഇന്ത്യ 327/10, 174/10, ദക്ഷിണാഫ്രിക്ക 197/10, 191/10. മൂന്ന് മത്സര പരമ്പരയിലെ ഒരു മത്സരം മാത്രമാണ് അവസാനിച്ചത്. രണ്ട് മത്സരം കൂടി ശേഷിക്കെ ഇനിയും കുറഞ്ഞ ഓവർ നിരക്ക് വഴങ്ങിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റിനെയും അത് ബാധിക്കും.

നിലവിൽ 1-0ന് മുന്നിട്ട് നിൽക്കുന്ന ഇന്ത്യ ഒരു മത്സരം കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കും. ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ ചരിത്ര നേട്ടം കൂടി ലക്ഷ്യമിടുന്നുണ്ട്. ബൗളർമാരാണ് വിജയം കൊണ്ടുവന്നതെങ്കിലും ആദ്യ മത്സരത്തിൽ കെ.എൽ രാഹുലിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.

ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ രാഹുലിന് എന്നാൽ രണ്ടാം ഇന്നിങ്‌സിൽ തിളങ്ങാനായിരുന്നില്ല. മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് എടുത്തുപറയേണ്ടത്. ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്,ശർദുൽ ഠാക്കൂർ എന്നിവരെല്ലാം മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP