Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചു; കുടുംബം പാപ്പരായപ്പോൾ അമ്മ മരണം തിരഞ്ഞെടുത്തു; വീട് ജപ്തിയായതോടെ അച്ഛും നാടു വിട്ടു: സൈക്കിളിൽ കാപ്പി വിറ്റ് എഞ്ചിനീയറായ മകൻ

വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചു; കുടുംബം പാപ്പരായപ്പോൾ അമ്മ മരണം തിരഞ്ഞെടുത്തു; വീട് ജപ്തിയായതോടെ അച്ഛും നാടു വിട്ടു: സൈക്കിളിൽ കാപ്പി വിറ്റ് എഞ്ചിനീയറായ മകൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചവനെന്ന് നമ്മൾ പലരേയും നോക്കി അസൂയയോടെ പറയാറുണ്ട്. എന്നാൽ സമ്പത്തിന്റെ നടുവിൽ നിന്നും ഒറ്റയടിക്ക് താഴേയ്ക്ക് വീണാലുള്ള അവസ്ഥ അതിഭീകരവുമായിരിക്കും. ഇട്ടു മൂടാനുള്ള സമ്പത്തോട് കൂടി പടുകൂറ്റൻ ബംഗ്ലാവിൽ ജനിച്ചതാണ് കെ സി വിഷ്ണു എന്ന ചെറുപ്പക്കാരൻ. ബിസനസ് പൊട്ടി പാപ്പരായതോടെ സൈക്കിളിൽ കാപ്പി വിറ്റ് ജീവിത വിജയം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ന് ഈ യുവാവ്.

2010-ലെ പുതുവർഷദിനത്തിലാണ് വിഷ്ണുവിന്റെ ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒറ്റയടിക്ക് ഇല്ലാതായത്. ലക്ഷപ്രഭുവായിരുന്ന താന്ന്യത്തെ കെ. സത്യശീലന്റെ മകനാണ് വിഷ്ണു. സത്യശീലൻ പാപ്പരായി നാടുവിട്ടു. ജീവിതം സർവ്വ നാശത്തിലേക്ക് നീങ്ങിയപ്പോൾ താങ്ങാനാവാതെ വിഷ്ണുവിന്റെ അമ്മ ആത്മഹത്യയിലും അഭയം തേടിയ ക സഹോദരി വീട്ടുകാരുമായി പിണങ്ങി പോവുകയും ചെയ്തു.

ഇതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ മകൻ വിഷ്ണുവിനോട് ഒരാൾ ചോദിച്ചു- എന്ത് സഹായമാണ് വേണ്ടത്? ഒരു പഴയ സൈക്കിളും ചെറിയ കെറ്റിലും എന്നായിരുന്നു മറുപടി. 12 വർഷം മുന്പ് കിട്ടിയ അതേ സൈക്കിളിൽ ഇന്നും തൃശ്ശൂരിലെ നഗരത്തിൽ രാത്രിയിൽ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതും വിറ്റ് അന്തസ്സായി ജീവിക്കുകയാണ് ഈ 36 കാരനായ എഞ്ചിനീയറിങ് ബിരുദധാരി.

വ്യോമസേനയിൽനിന്ന് വിരമിച്ച സത്യശീലൻ തൃശ്ശൂരിലെ പ്രമുഖ ചിട്ടിക്കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഉൾപ്പെടെ പ്രമുഖ പദവികളിലുമിരുന്നു. ചിട്ടിക്കമ്പനിയിൽനിന്ന് പിരിഞ്ഞ് എറണാകുളം കലൂരിൽ ഐ.ടി. കമ്പനി ആരംഭിച്ചതോടെ തകർച്ച തുടങ്ങി. അക്കാലത്താണ് തമിഴ്‌നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്ത് വിഷ്ണു ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിന് ചേർന്നത്. പഠനത്തിനിടെ കുടുംബം തകരുന്നതറിഞ്ഞില്ല. 2005-ൽ എൻജിനിയറിങ് പഠനം കഴിഞ്ഞ് മൂന്നുവർഷം കോയമ്പത്തൂരിൽ ജോലി ചെയ്തു. 2009-ൽ തിരിച്ചെത്തിയപ്പോഴേക്കും കൂറ്റൻ വീടും പറമ്പും ജപ്തിയുടെ വക്കിലായി.

വിഷ്ണു ജനിച്ച വീട് ജപ്തിയായപ്പോൾ പിടിച്ചുനിൽക്കാനാകാതെ അച്ഛൻ നാടുവിടുകയായിരുന്നു. 'നിന്നെ നന്നായി വളർത്തി. ജോലി കിട്ടാനുള്ള പഠിപ്പും തന്നു. നല്ല വ്യക്തിയായി ജീവിക്കുക. അച്ഛനും മരിച്ചുവെന്ന് കരുതുക.' നാടുവിട്ട അച്ഛൻ അവസാനമായി വിഷ്ണുവിനോട് പറഞ്ഞത് ഇതായിരുന്നു.

വീട് ജപ്തിയായതോടെ ജീവിതം തെരുവിലേക്ക് മാറി. അച്ഛൻ നാടുവിട്ടശേഷം വിഷ്ണു സൈക്കിളിൽ കാപ്പിവിറ്റു. പകൽ ഹോട്ടലുകളിൽ ജോലിചെയ്തു. 2013-ൽ വീണ്ടും കോയമ്പത്തൂരിലെത്തി. ബഹുരാഷ്ട്രകമ്പനിയിൽ നല്ല ശമ്പളത്തിൽ രണ്ടുവർഷം ജോലിചെയ്തു. അതിനിടെയാണ് ഒരു രാഷ്ട്രീയപ്പാർട്ടി നാട്ടിലേക്ക് വിളിച്ചത്. ജോലി രാജിവെച്ച് നാട്ടിലെത്തി. പാർട്ടി സഹായിച്ചില്ലെന്ന് മാത്രമല്ല, കൈയിലുണ്ടായിരുന്ന പണവും പോയി. വീണ്ടും സൈക്കിളിൽ ചുക്കുകാപ്പിവിൽപ്പന തുടങ്ങി.

ഇപ്പോൾ തന്റെ ജീവിതത്തിൽ ഏറെ സംതൃപ്തനാണ് വിഷ്ണു. ' ജോലി കിട്ടി സന്പാദിക്കാനാകുന്നതിലേറെ കൈയിലുണ്ട്. നല്ല മനസ്സമാധാനവും സ്വാതന്ത്ര്യവും. ഒഴിവുസമയത്ത് വരച്ച പെയിന്റിങ്ങുകൾക്ക് പലരും വലിയ വില പറഞ്ഞിട്ടുണ്ട്. ഹ്രസ്വചിത്രം ഉൾപ്പെടെ 15 എണ്ണങ്ങളിൽ സംവിധായകനും സഹായിയും കലാസംവിധായകനും ആയി. ചില ചിത്രങ്ങളിൽ വേഷമിട്ടു. ഒരു ഫീച്ചർ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. സൈക്കിളിൽ ചായ വിറ്റിട്ട് എന്തുനേടി എന്നതിന് ഉത്തരമാണിത്'- വിഷ്ണു പറയുന്നു.

ചെമ്പുക്കാവിൽ വാടകഫ്‌ളാറ്റിലാണ് ഇപ്പോൾ താമസം. അവിടെ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതുമുണ്ടാക്കും. വൈകീട്ട് ഏഴുമുതൽ തൃശ്ശൂർ നഗരമൊട്ടുക്കും സൈക്കിളിൽ കറങ്ങി വിൽപ്പന. വെളുപ്പിന് നാലിന് എത്തി ഉറങ്ങും. ഡിസൈനിങ് ചെയ്ത് നൽകുന്നുണ്ട്. സ്വന്തം യൂട്യൂബ് ചാനലുണ്ട്. ഫ്‌ളാറ്റ് 783 എന്ന ഫീച്ചർ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണിപ്പോൾ. ഒറ്റത്തടിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP