Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേശു അഥവാ തറക്കോമഡി കൊണ്ടുള്ള ഭീകരാക്രമണം; ദിലീപിന്റെത് വികൃതമേക്കപ്പ്; തൊണ്ടിമുതലിലെ' പേര് കളഞ്ഞ് എഴുത്തുകാരൻ സജീവ് പാഴൂർ; നാദിർഷാക്കും ചീത്തപ്പേര് ബാക്കി; വ്യക്തിജീവിതത്തിലെന്നപോലെ സിനിമയിലും ജനപ്രിയ നായകന് തിരിച്ചടി; ഇത് ദിലീപിന്റെ 'അഭിനയ ശവമഞ്ചത്തിലെ' ആണിയടിയോ?

കേശു അഥവാ തറക്കോമഡി കൊണ്ടുള്ള ഭീകരാക്രമണം; ദിലീപിന്റെത് വികൃതമേക്കപ്പ്; തൊണ്ടിമുതലിലെ' പേര് കളഞ്ഞ് എഴുത്തുകാരൻ സജീവ് പാഴൂർ; നാദിർഷാക്കും ചീത്തപ്പേര് ബാക്കി; വ്യക്തിജീവിതത്തിലെന്നപോലെ സിനിമയിലും ജനപ്രിയ നായകന് തിരിച്ചടി; ഇത് ദിലീപിന്റെ 'അഭിനയ ശവമഞ്ചത്തിലെ' ആണിയടിയോ?

എം റിജു

ടിയെ ആക്രമിച്ചകേസിൽ ആരോപിതനായി ജയിലിലായതിന് ശേഷമുള്ള കാലം നമ്മുടെ ജനപ്രിയ നായകൻ ദിലീപിനും അത്ര സുഖമുള്ളതായിരുന്നില്ല. അറസ്്റ്റിനെതുടർന്ന്, കടുത്ത ജനവികാരമുള്ള സമയത്ത് ഇറങ്ങിയിട്ടും മെഗാഹിറ്റായ രാമലീല ഒഴിച്ചാൽ, 2017നുശേഷം അതായത് കഴിഞ്ഞ നാലുവർഷമായി ഒരു ഹിറ്റ് ചിത്രംപോലും ദിലീപിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കമ്മാരസംഭവം, ജാക്ക് ആൻഡ് ഡാനിയൽ, തുടങ്ങിയ ചിത്രങ്ങൾ ഒന്നൊന്നായി വീണതോടെ ആരാധകർ എറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് നാദിർഷയുടെ സംവിധാനത്തിൽ ദിലീപ് വ്യത്യസ്തമായ ഗെറ്റപ്പിൽ ഇറങ്ങിയ 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രം. ഡിസ്നി ഹോട്ട്സാറ്റാറിൽ ഈ ചിത്രം കണ്ടതോടെ പണ്ട് എം കൃഷ്ണനായർ ഒരു കഥയെ നിരൂപണം ചെയ്തുകൊണ്ട് സാഹിത്യവാരഫലം എന്ന തന്റെ കോളത്തിൽ എഴുതിയതാണ് ഓർമ്മവന്നത്. ''ഈ കഥ എഴുതിയ നേരത്ത്, ഇയാൾ രണ്ട് ഇഡ്ഡലി ഉണ്ടാക്കിയിരുന്നെങ്കിൽ ചമ്മന്തിയിൽ മുക്കി കഴിക്കാമായിരുന്നു''. അതുതന്നെയാണ് നാദിർഷായോടും പറയാനുള്ളത്.

ഇതിനെയൊക്കെ ആധുനിക കാലത്ത് സിനിമ എന്ന് വിളിക്കാൻ കഴിയുമോ എന്നും സംശയമാണ്. ചാനൽ കോമഡി സ്‌കിറ്റുകളിലെ ഒരു പാട് രംഗങ്ങൾ കൂട്ടിവച്ചാൽ എങ്ങനെയിരിക്കും, അതുപോലുണ്ട്്. കഥയും തിരക്കഥയും തീർത്തും പാളി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷ്പോത്തന്റെ ബ്രില്ലന്റ് സിനിമയുടെ കഥാകൃത്ത് എന്ന പേര്, സജീവ് പാഴൂർ കളഞ്ഞുകുളിച്ചു.

അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഋതിക്റോഷൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ എടുത്ത നാദിർഷ തന്നെയാണോ ,പലയിടത്തും ബോറടിക്കുന്നു, ചത്ത സംഭാഷണങ്ങൾ ഉള്ള, കോമഡിയെന്ന പേരിൽ വളിപ്പുകൾ ഉള്ള ഈ ചിത്രത്തിന്റെ സംവിധായകൻ എന്നത് അമ്പരപ്പിക്കുന്നതാണ്. ദിലീപിനെ നായകനാക്കുമ്പോൾ ആത്മ മിത്രമായ നാദിർഷാ എല്ലാ കഴിവും പുറത്തെടുക്കുമെന്നാണ് പൊതുവെ കരുതിയിരുന്നത്. ( ദിലീപിന്റെ ആദ്യകാല ഹിറ്റ് സിനിമകളുടെ സ്‌ക്രിപ്റ്റ് പലതും വെട്ടിത്തിരുത്തി എഴുതിയും, പുതിയ പ്ലോട്ടുകൾ നിർദ്ദേശിച്ചും, അദ്ദേഹത്തെ ഇന്നുകാണുന്ന താരമാക്കിയതിൽ നാദിർഷാക്കുള്ള പങ്ക് ചെറുതല്ല)

ഈ വർഷം ദിലീപ് ആകെ ചെയ്ത പടമാണിത്. തുടർച്ചയായ പരാജയങ്ങളിലുടെ കാൽക്കീഴിലെ മണ്ണൊലിച്ച് പോകുന്നത് അദ്ദേഹം അറിയുന്നില്ല. അതോടൊപ്പമാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചില ഓഡിയോകളും ലീക്കാവുന്നത്. ഒരു നടന്റെ ഇമേജ് എന്നത് അദ്ദേഹത്തിന്റെ സോഷ്യോ-പൊളിറ്റിക്കൽ എൻവയൺമെന്റിന്റെ സൃഷ്ടി കൂടിയാണ്. ഇക്കണക്കിന് പോയാൽ ജനപ്രിയ നായകൻ എന്ന് കൽപ്പിച്ച് കിട്ടിയ പേരൊന്നും പോവാൻ അധികം സമയം വേണ്ട. ചിത്രത്തിൽ ദിലീപിന്റെ അഭിനയവും ഒന്നാന്തരം ബോറാണ്. ഫേസ്‌ബുക്കിൽ ഒരാൾ കുറിച്ചപോലെ ദിലീപിന്റെ അഭിനയശവമഞ്ചത്തിലെ അവസാനത്തെ ആണിയടിയോണോ ഈ ചിത്രം? അങ്ങനെ ആവാതിരിക്കട്ടെ. ഇനിയും ഒരുപാട് മുന്നോട്ട്പോവാനുള്ള പവർ ഉള്ള നടനാണ് ദിലീപ്.

ദുർബലമായ കഥയിൽ കെട്ടിപ്പെടുത്ത സിനിമ

കഥയും തിരക്കഥയും തീർത്തും ദുർബലമായിപ്പോയതാണ് 'കേശു ഈ വീടിന്റെ നാഥന്' പറ്റിയ ആദ്യ പറ്റ്. നേരത്തെ നാദിർഷയുടെ 'മേരാ നാം ഷാജി' എന്ന ചിത്രത്തിനും പറ്റിയത് ഇതായിരുന്നു. പക്ഷേ അതിൽനിന്ന് നാദിർഷാ ഒരു പാഠവും പഠിച്ചില്ല. അറുപിശുക്കനും സൂത്രക്കാരനുമായ ഒരു ഡ്രൈവിങ്ങ് സ്‌കുൾ ഉടമയാണ് 60കാരനായ കേശുവേട്ടൻ. കേശു പെട്രോൾ പോലുമടിക്കാതെ മറ്റൊരു വണ്ടിയിൽ വടം കെട്ടി വലിച്ച് സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കുന്നത് കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. പക്ഷേ യഥാർഥത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പാട് പെടുന്ന വ്യക്തിയാണ് അയാളെന്ന് പിന്നീടുള്ള രംഗങ്ങൾ കണ്ടാൽ അറിയാം.

അച്ഛൻ അവശേഷിപ്പിച്ചു പോയ ബാധ്യതകളും കുടുംബപ്രാരാബ്ധങ്ങളുമൊക്കെ തലയിലേറ്റുന്ന, ഒരു വല്ല്യേട്ടനാണ് അയാൾ. മൂന്നു സഹോദരിമാരുടെയും വിവാഹമൊക്കെ ആഘോഷമായി നടത്തിയ കേശുവാണ് ഇപ്പോൾ കുടുംബവീട്ടിലെ നാഥൻ. വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം പിശുക്കിയും പണച്ചെലവുള്ള കാര്യങ്ങളിൽ നിന്നും ചെറിയ തന്ത്രങ്ങൾ ഒപ്പിച്ച് ഒഴിഞ്ഞുമാറിയുമൊക്കെ കേശു അങ്ങനെ ജീവിച്ചുപോവുകയാണ്. അങ്ങനെയിരിക്കെ അമ്മയുടെ ആഗ്രഹപ്രകാരം അച്ഛന്റെ ചിതാഭസ്മം രാമേശ്വരത്ത് ഒഴുക്കാനായി കേശുവും കുടുംബവും സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും കുട്ടികളുമെല്ലാം ചേർന്ന് രാമേശ്വരത്തേക്ക് യാത്ര തിരിക്കുന്നത്. ആ യാത്രയ്ക്കിടയിലുണ്ടാവുന്ന ചില രസകരമായ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

യാത്രക്കിടയിലാണ് കേശുവിന് 12 കോടി രൂപ ലോട്ടറി അടിക്കുന്നത്.വിവരം ആരെയും അറിയിക്കാതെ മുങ്ങാൻ ശ്രമിക്കുന്ന കേശു പിന്നീട് ചെന്നു പെടുന്ന പൊല്ലാപ്പുകളാണ് ചിത്രം പറയുന്നത്. പ്രാരാബ്ധക്കാരനായ മൂത്ത സഹോദരൻ, സ്വത്തിന്റെ ഭാഗം ചോദിക്കുന്ന സഹോദരിമാരും അളിയന്മാരും. എന്നിങ്ങനെ മലയാളസിനിമ നൂറുവട്ടം പറഞ്ഞ ഒരു വല്ല്യേട്ട- വാത്സല്യം ക്ലീഷെയിലേക്ക് മുട്ടിന് മുട്ടിന് കോമഡി കുത്തിത്തിരുകാനാണ് നാദർഷായുടെയും കഥാകൃത്ത് സജീവ് പാഴൂരിന്റെയും ശ്രമം. അത് അമ്പേ പാളുകയാണ്.

തറക്കോമഡികൊണ്ടുള്ള ഭീകരാക്രമണം

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രശ്നം, എന്താണ് കോമഡി എന്താണ് വളിപ്പ് എന്ന് ഈ പടത്തിന്റെ അണിയറ ശിൽപ്പികൾക്ക് തിരിച്ചറിയാൻ കഴിയാതെപോയി എന്നതാണ്. മൂന്നുപതിറ്റാണ്ടുമുമ്പ് ദിലീപും നാർദിഷയും മിമിക്രി കളിച്ചുകൊണ്ടിരുന്ന കാലത്തുള്ള തമാശകളാണ് അവർ ഈ പുതിയ കാലത്തും പയറ്റുന്നത്. ചില ഉദാഹരണങ്ങൾ നോക്കുക. നായകൻ കേശുവിന്റെ പെങ്ങളുടെ മകനായ ഒരു കഥാപാത്രം ഒരു രണ്ടായിരത്തിന്റെ നോട്ടുമായാണ് നടക്കുന്നത്. എന്ത് ചെലവ് വന്നാലും ചില്ലറയില്ല എന്ന പറഞ്ഞ് ഓസുകയാണ് ഇയാളുടെ രീതി. ഈ കൺസപെറ്റ് ഒക്കെ നാം എത്രകാലമായി കേട്ടിട്ടുള്ളതാണ്. ഇതേ കഥാപാത്രത്തിന്റെ തന്നെ വിഗ്ഗ് കാറ്റിൽ പറന്നുപോയി കഷണ്ടിത്തല കാണുന്നും സിനിമയിലെ വലിയ തമാശയാണ്. 

്ഇനി അത്യാവശ്യം കോമഡിയുള്ള രംഗങ്ങൾപോലും ഓവറാക്കി ചളമാക്കുന്നു. ഫോണിലുടെ സംസാരിക്കുമ്പോൾ അതിൽ മുഴുകി നിയന്ത്രണം വിട്ട് നടന്ന് നീങ്ങുന്ന സ്വഭാവമുള്ള ആളാണ് കേശു. രാമേശ്വരം യാത്രക്കിടെ ഒരു ഹോട്ടലിൽ ഒറ്റത്തോർത്തുമുണ്ട് ഉടുത്ത്, ദേഹമാസകലം സോപ്പുതേച്ച് കുളിക്കുന്നതിനിടെ, ആരും ഫോൺ എടുക്കാത്തതിനെ തുടർന്ന് അയാൾ തന്റെ സെൽഫോണിൽ ഒരു കോൾ അറ്റൻഡ് ചെയ്യുന്നു. തുടർന്ന് റൂമിനെ പുറത്ത് നിന്ന് സംസാരിച്ച് ലോബിയും കടന്ന് ഹോട്ടലും കടന്ന് അയാൾ നീങ്ങുകയാണ്. കുടവയറും ദേഹമാസകലമുള്ള സോപ്പുപതയും വെച്ച്. അവിടെ കട്ട് ചെയ്തിരുന്നെങ്കിൽ ശരിക്കും ചിരിവരുന്ന രംഗം. പക്ഷേ അത് നീട്ടി ലോജിക്ക് ഇല്ലാതാക്കി. കേശു ഫോണിൽ മതി മറന്ന് സംസാരിച്ച് റോഡും കടന്ന് നീങ്ങി, വാഹനപരിശോധന നടത്തുന്ന തമിഴ്‌നാട് പൊലീസിന്റെ ജീപ്പിന്റെ ബോണറ്റിലുള്ള രസീത് പേപ്പർ എടുത്ത് അതിന്റെ പുറകിൽ എഴുതുകയാണ്! ഓവറാക്കി ചളമാക്കിയെന്ന് ചുരുക്കം. ഈ രീതിയിലാണ് ചിത്രത്തിലെ കോമഡി സീനുകൾ.

ഇനി ചില കോമഡികളുടെ ലോജിക്ക് പിടികിട്ടുന്നില്ല. ലോട്ടറി അടിച്ചുവെന്നറിഞ്ഞതോടെ എന്തിനാണ് കേശു തീർത്ഥയാത്രയിൽനിന്ന് മുങ്ങുന്നത് എന്നും അത് അറിഞ്ഞ അയാളുടെ ചില ബന്ധക്കുകൾ മുങ്ങൽ തടഞ്ഞ് കാവൽ കിടക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ലോട്ടറി ഏജന്റ് ഒരാൾക്ക് ബമ്പർ അടിച്ചുവെന്ന് വിളിച്ചു പറഞ്ഞാൽ അത് നാട്ടിൽ എല്ലാവരും അറിയില്ലേ. രഹസ്യമായിപോയി വാങ്ങാൻ പറ്റുന്ന സാധനമാണോ ലോട്ടറി.

മഞ്ജുവാര്യരുമായി പിരിഞ്ഞതിന് ശേഷമുള്ള ദിലീപ് ചിത്രങ്ങളുടെ പൊതു സ്വഭാവമായി, സോഷ്യൽ മീഡിയ ചില വിമർശകർ ചൂണ്ടിക്കാണിച്ചിരുന്ന സോ കോൾഡ് സ്ത്രീവിരുദ്ധത ഈ ചിത്രത്തിലുമുണ്ട്. റിങ്ങ്മാസ്റ്റർ എന്ന ചിത്രത്തിലെ ഡയാന എന്ന നടിയുടെ അഹങ്കാരവും, വളർത്തിക്കൊണ്ടുവന്ന നായകനെ അവൾ 'തേയ്ക്കുന്നതുമൊക്കെ' കേവലം യാദൃശ്ചിമായിരിക്കാം. അതുപോലെ സ്ത്രീ എന്നാൽ മേക്കപ്പിൽ അമിതമായി അഭിരമിക്കുന്നവളും, വാ തോരാതെ സംസാരിക്കുന്നവളും, കൂടുതൽ നല്ലവനെ കണ്ടാൽ ഇട്ടച്ച് പോകുന്നവളും, ഭർത്താവിനെ അയാളുടെ പൂർവകാല ബന്ധങ്ങൾ ചൂണ്ടിക്കാട്ടി സംശയിക്കുന്നവളുമാണെന്ന് ഈ ചിത്രം കണ്ടാൽ തോന്നും. ശ്രീനിവാസൻ- സത്യൻ അന്തിക്കാടിന്റെ അന്തക്കാലത്ത് ഉണ്ടാക്കിയ തലയണമന്ത്രത്തിലെ ഉർവശിയുടെ മിനിയേച്ചറിനെ ഈ മാറിയ കാലത്തും അവതരിപ്പിക്കയാണ്. കാലം മാറുന്നതിനെ കുറിച്ച് ദിലീപ്-നാദിർഷ ടീമിന് യാതൊരു ബോധ്യവും ഇല്ല എന്ന് തോനുന്നു.

ദിലീപിന്റെത് വികൃതമേക്കപ്പും ഗോഷ്ഠിയും

്ഒട്ടും പിടികിട്ടാത്തത് ഈ ചിത്രത്തിൽ എന്തിനാണ് ദിലീപിന് ഈ വികൃതമായ മേക്കപ്പ് വെച്ചത് എന്നതാണ്. 54കാരനായ ദിലീപ് എന്ന ഗോപാലകൃഷ്ണന് ഒരു അറുപതുകാരനിലേക്ക് മാറാൻ ഇമ്മാതിരി ബിൽഡ് അപ്പ് ഒക്കെ വേണോ. നേരത്തെ കുഞ്ഞിക്കുനനിലും, പച്ചക്കുതിരയിലും, ചാന്തുപൊട്ടിലും, മായാമോഹിനിയിലുമൊക്കെ ദിലീപ് വേറിട്ട ഗെറ്റപ്പിൽ ഇറങ്ങിയിട്ടുണ്ട്. പക്ഷേ അതൊക്കെ കഥ ആവശ്യപ്പെടുന്നതായിരുന്നു. മാത്രമല്ല ആ രൂപമാറ്റം തന്നെയായിരുന്നു ആ സിനിമകളുടെ ഹൈലൈറ്റും. ഇവിടെ പല്ലുന്തിയും കഷണ്ടിത്തലയും കുടവയറുമൊക്കെ ചേർത്ത് എന്തിനാണ് കേശുവിനെ ഇത്രയും വിലക്ഷണനായി അവതരിപ്പിച്ചത് എന്ന് മനസ്സിലാവുന്നില്ല. കേശുവിന്റെ വികൃത മേക്കപ്പും കഥയും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത്തരം വേഷം കെട്ടലുകൾ ഇല്ലാതെ നോർമ്മലായി അവതിരിപ്പിച്ചിരുന്നെങ്കിൽ കേശുവിന് ഒരു ദോഷവും ഉണ്ടാവുമായിരുന്നില്ല. ( പക്ഷേ കുറ്റം പറയാൻ പറ്റില്ല. മരക്കാറിന് വസ്ത്രാലങ്കാരത്തിന് ദേശീയ അവാർഡ് കിട്ടയതുപോലെ നാളെ ഈ ചിത്രത്തിനും മികച്ച മേക്കപ്പിനുള്ള ദേശീയ പുരസ്‌ക്കാരം കിട്ടിയേക്കാം! )

ഇത്തരം വിലക്ഷണ മേക്കപ്പുകൊണ്ട് മറ്റൊരു ദോഷം കൂടിയുണ്ടായി. ദിലീപിന്റെ അഭിയനയം പലപ്പോഴും വെറും ഗോഷ്ഠിയായിപ്പോയി. പച്ചക്കുതിര സിനിമയിലെ ഓട്ടിസ്റ്റിക്കായ കഥാപാത്രവും, കുഞ്ഞിക്കുനനും മിക്സിയിൽ അടിച്ചാൽ കിട്ടുന്ന ഒരു സാധനം. ക്ലൈമാക്സിനോട് അടുപ്പിച്ച് കേശു കരയുന്ന ഒരു രംഗമുണ്ട്. പച്ചാളം ഭാസി പറഞ്ഞപോലെ പശു ചാണകമിടുന്നതാണ് ഓർമ്മവരിക. നായിക ഉർവ്വശിയും പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ്. പലയിടത്തും ഓവർ ആക്റ്റിങ്ങ് കൊണ്ട് നർമ്മരംഗങ്ങൾ ബോറാവുന്നു. കമലാഹസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ''കൂടെ അഭിനയിക്കുന്നവരിൽ എനിക്ക് ഉർവശിയെ പേടിയാണ്. അവർ എപ്പോഴാണ് നമ്മളെ വെട്ടിച്ച് കറയുക എന്ന് അറിയില്ല''. ആ രീതിയിൽ കീർത്തി കേട്ട നടിയാണ് ഈ കോലത്തിൽ ആയിപ്പോയത്.

ഈ ചിത്രത്തിൽ വൃത്തിയായി തന്റെ വേഷം ചെയ്ത് ജാഫർ ഇടുക്കിയാണ്. കേശവിന്റെ ഈ വല്യളിയൻ ഒരു മേക്കോവറുമില്ലാതെ ഉണ്ടാക്കുന്ന സ്വാഭാവിക നർമ്മങ്ങൾ നോക്കുക. ന്യൂജൻ ശങ്കരാടി എന്ന വിശേഷണം നിസ്സംശയം കൊടുക്കാവുന്ന നടനാണ് അദ്ദേഹം. അതുപോലെ തന്നെ കേശുവിന്റെ മക്കളെ അവതരിപ്പിച്ച കൗമാര താരങ്ങളും നന്നായിട്ടുണ്ട്. കലാഭവൻ ഷാജോണും, ഹരിശ്രീ അശോകനും, കോട്ടയം നസീനും, ഹരീഷ് പെരുമണ്ണയും. അടക്കം ചെറുതും വലുതുമായ കഥാപാത്രങ്ങളെ ചെയ്ത ബാക്കി എല്ലാ നടന്മാരും ആവറേജിൽ ഒതുങ്ങുകയാണ്. ഗാനങ്ങളും അങ്ങിനെ തന്നെ. ദിലീപ് പാടിയ പാട്ട് എന്നൊക്കെ പരസ്യം ചെയ്യാമെന്ന് മാത്രം.

അടിസ്ഥാനമായ സിനിമ സംവിധായകന്റെ കലയാണെന്നാണെല്ലോ പറയുക. അതുകൊണ്ടുതന്നെ കേശവിലെ ഒന്നാം പ്രതി നാദിർഷതന്നെയാണ്. പ്രത്യേകിച്ച് ഒരു അർഥവുമില്ലാത്ത ചലച്ചിത്ര ഗാനങ്ങൾക്ക്, ഒന്നാന്തരം സാമൂഹിക യാഥാർഥ്യങ്ങളും നർമ്മവുമുള്ള പാരഡി രചിക്കുന്നത് തൊട്ട് അഭിനയം, ഗാനം, സംവിധാനം തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം കഴിവ് തെളിയിച്ച പ്രതിഭയാണ് അദ്ദേഹം. നമ്മുടെ സലീംകുമാർ ഉൾപ്പടെ എത്രയോ നടീനടന്മാർ നാദിർഷയുടെ ശ്രമങ്ങൾ കൊണ്ട് ഉന്നതങ്ങളിലെത്തി. നാർദിർഷാക്ക് പ്രതിഭയില്ലാഞ്ഞിട്ടല്ല, എന്തോ ചില കമ്മിറ്റ്മെന്റുകളുടെ പുറത്ത് ബലമില്ലാത്ത ഒരു കഥ എടുത്ത് കുടുങ്ങിയെന്ന് വിശ്വസിക്കാനാണ്, അദ്ദേഹത്തിന്റെ ആരാധകരിൽ ഒരാളായ ഈ ലേഖകന് ഇഷ്ടം. കേശുവിലെ കൈത്തെറ്റ് നമുക്ക് പൊറുക്കാം. ഒരു സൂപ്പർ ഡ്യൂപ്പർ ജനപ്രിയ സിനിമയുമായി ഈ പ്രതിഭ തിരിച്ചുവരട്ടെ.

വാൽക്കഷ്ണം: കുറ്റം മാത്രം പറയരുതല്ലോ. ഈ ചിത്രത്തിൽ ആകെ ഇഷ്ടപ്പെട്ട ഒന്ന് അതിന്റെ വ്യത്യസ്തമായ തുടക്കമാണ്. അതിവേഗതയിൽ ഓടുന്ന ഒരു ചുവന്ന കാറിനെ പൊലീസുകാർ കൈകാണിച്ച് നിർത്തുന്നു. നടൻ ജോണി ആന്റണിയാണ് ഓഫീസർ. അപ്പോൾ അതിൽനിന്ന് ഇറങ്ങുന്നത് സാക്ഷാൽ നടൻ ദിലീപാണ്. തുടർന്ന് ജോണി ആന്റണിയും ദിലീപും തമ്മിലുള്ള രസകരമായ സംഭാഷണത്തിനിടയിലാണ് ചിത്രത്തിന്റെ ടൈറ്റിലുകൾ തെളിയുന്നത്. പുതിയ പടം ഏതെന്ന് ജോണി ചോദിക്കുന്നു കേശുവെന്ന് ദിലീപ് പറയുന്നു. അങ്ങനെയാണ് ചിത്രത്തിന്റെ അണിയറ ശിൽപ്പികളെ പരിചയപ്പെടുത്തുന്നത്. അതു മാത്രമാണ് ഈ ചിത്രത്തിൽ നൂറുശതമാനം ആസ്വദിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP