Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോയ് തോമസ് രണ്ടു മണിക്കൂർ വിശ്രമിച്ചപ്പോൾ സർക്കാറിന് നഷ്ടം 6564 രൂപ! 16000 രൂപ മാസശമ്പളമുള്ള ഉദ്യോഗസ്ഥൻ ഒരു ദിവസം ഹോട്ടലിൽ താമസിക്കാൻ 12000 രൂപ; ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കും എങ്ങോട്ടു പോകണമെങ്കിലും വിമാനം തന്നെ വേണം

ജോയ് തോമസ് രണ്ടു മണിക്കൂർ വിശ്രമിച്ചപ്പോൾ സർക്കാറിന് നഷ്ടം 6564 രൂപ! 16000 രൂപ മാസശമ്പളമുള്ള ഉദ്യോഗസ്ഥൻ ഒരു ദിവസം ഹോട്ടലിൽ താമസിക്കാൻ 12000 രൂപ; ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കും എങ്ങോട്ടു പോകണമെങ്കിലും വിമാനം തന്നെ വേണം

തിരുവനന്തപുരം: ഇങ്ങനെയൊക്കെ ചെയ്യാമോ..? എന്ന് കൺസ്യൂമർ ഫെഡ് പ്രസിഡന്റ് ജോയ് തോമസിനോടും കൂട്ടാളികളോടും ചോദിക്കരുത്. ഇങ്ങനെയേ ചെയ്യാനറിയുകയുള്ളൂ എന്നായിരിക്കും ചിലപ്പോൾ മറുപടി. ഖജനാവിൽ നിന്നും എങ്ങനെയൊക്കെ പണം ധൂർത്തടിച്ച് ചിലവഴിക്കാം എന്ന് ഗവേഷണം ചെയ്യുകയാണ് അദ്ദേഹമെന്ന് തോന്നിപ്പോകും ചില വിവരങ്ങൾ പുറത്തുവരുമ്പോൾ. കെ.ടി.ഡി.സി ഹോട്ടലിന്റെയും സർക്കാർ അതിഥി മന്ദിരത്തിന്റെയും വിളിപ്പാടകലെയുള്ള കൊല്ലത്തെ നാനി ഹോട്ടലിൽ 2013 സെപ്റ്റംബർ മൂന്നിനു രാവിലെ 11.47ന് മുറിയെടുത്ത ജോയ് തോമസ് രണ്ടു മണിക്കൂർ കഴിഞ്ഞ് 01.36 ന് മുറി ഒഴിയുമ്പോൾ ബില്ല് 6564 രൂപ..! 2500 രൂപയിലധികം വാടകയുള്ള മുറിയാണ് രണ്ടു മണിക്കൂർ നേരത്തേക്ക് മാത്രമായാണ് വാടകയ്ക്ക് എടുത്തത്.

രണ്ടുപേരാണ് റൂമിലുണ്ടായിരുന്നതെന്ന് ഹോട്ടൽ ബില്ല് വ്യക്തമാക്കുമ്പോൾ ഉച്ചയ്ക്ക് ആഹാരം കഴിച്ചതിന് മാത്രം 3372 രൂപയാണ് ഹോട്ടലിൽ അടച്ചിരിക്കുന്നത്. പൈനാപ്പിൾ ജൂസ്, ലൈം ജ്യൂസ്, അഞ്ച് ഫിഷ് ഫ്രൈ, ഒമ്പത് ഫിഷ് കറി, നാല് മിനറൽ വാട്ടർ ഇത്രയുമാണ് ജോയ് തോമസും കൂടെയുള്ള ആളും ഉച്ചയ്ക്ക് കഴിച്ചിരിക്കുന്നത്. ഔദ്യോഗികമായി ആവശ്യം അല്ലാതിതിരുന്നിട്ടും ഇതും സർക്കാറിന്റെ ചെലവിലാക്കി. കൺസ്യൂമർഫെഡിന്റെ കൊല്ലം ഓഫീസാണ് പ്രസിഡന്റിന്റെ ഈ ധൂർത്തിന്റെ ബില്ല് അടച്ചിരിക്കുന്നത്. ഡൽഹിയിലേക്ക് സ്ഥിരം യാത്ര ചെയ്തിരുന്ന ജോയ് തോമസും റെജി ജി. നായരും കൊണാട്ട്‌പ്ലേസിലെ നക്ഷത്രഹോട്ടലുകളിൽ മാത്രമാണ് താമസിച്ചിരുന്നതെന്നുമാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കെ.ടി.ഡി.സിയുടെ മികച്ച ഹോട്ടലുകളും അതിഥി മന്ദിരങ്ങളും ഉണ്ടെങ്കിലും ഇവയൊന്നും ഉപയോഗിക്കാൻ കൺസ്യൂമർഫെഡ് ഉദ്യോഗസ്ഥർക്ക് താൽപര്യമില്ലെന്നത് അഴിമതി ലക്ഷ്യമിട്ടുള്ള മാർഗ്ഗമാണെന്ന കാര്യത്തിന് അടിവരയിടുന്നു. എറണാകുളം ജില്ലയിൽ കൺസ്യൂമർഫെഡ് മൂന്ന് ഫ്ളാറ്റുകൾ വാടകയ്ക്ക് എടുത്ത് ഗസ്റ്റ് ഹൗസായി ഉപയോഗിക്കുമ്പോൾ കൺസ്യൂമർ ഫെഡ് ഉദ്യോഗസ്ഥൻ ഒരു ദിവസം ഹോട്ടലിൽ താമസിച്ചതിന് എഴുതിയെടുത്തത് 12,000 രൂപയാണ്.

ഈ ഉദ്യോഗസ്ഥന്റെ പ്രതിമാസശമ്പളം 16,000 രൂപയിൽ താഴെ മാത്രം. കൺസ്യൂമർഫെഡിന്റെ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ താമസിച്ചിരിക്കുന്നത് എറണാകുളത്തെ കൈലാസ്, കാർത്തിക റസിഡൻസികളിലാണ്. കുറഞ്ഞ കാലയളവിനുള്ളിൽ ഈ ഹോട്ടലുകളിലേക്ക് കൺസ്യൂമർഫെഡ് ബില്ലിനത്തിൽ അടച്ചത് ലക്ഷക്കണക്കിന് രൂപയാണ്. കെ.ടി.ഡി.സി യുടെ മികച്ച ഹോട്ടലുകളും സർക്കാർ അതിഥി മന്ദിരങ്ങളും കൺസ്യൂമർഫെഡിന്റെ തന്നെ ഗസ്റ്റ് ഹൗസുകളും ഉള്ള ജില്ലയിലാണ് ഈ ധൂർത്ത് എന്നത്, കൺസ്യൂമർഫെഡ് എന്ന സ്ഥാപനം എങ്ങനെ തകർച്ചയിലായി എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

വിമാനയാത്രയുടെ കാര്യത്തിൽ കൺസ്യൂമർഫെഡ് ഭരണസമിതി അംഗങ്ങൾക്കും ഉദ്യോഗസ്ഥന്മാർക്കും ആരോ കൈവിഷം കൊടുത്തതു പോലെയാണ് രേഖകൾ വ്യക്തമാക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരിൽ 29150-43640 ശമ്പളസ്‌കെയിലിൽ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്കാണ് സർക്കാർ ചെലവിൽ വിമാനയാത്രയ്ക്ക് അനുമതിയുള്ളത്. എന്നാൽ കൺസ്യൂമർ ഫെഡിൽ 15000 രൂപ തികച്ച് മാസശമ്പളം വാങ്ങാത്ത ഉദ്യോഗസ്ഥർ ഭാര്യവീട്ടിൽ പോകുന്നതു പോലെയാണ് വിമാനയാത്ര നടത്തിയിരിക്കുന്നത്. ഇതിനു കുടപിടിക്കുന്നത് ഫെഡിലെ ഉദ്യോഗസ്ഥയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ഹെറിറ്റേജ് കേരള ഹോളി ഡേയ്‌സ് ആണ്. കൺസ്യൂമർഫെഡിലെ ഉദ്യോഗസ്ഥർ വിമാനയാത്ര നടത്തിയാൽ വിമാനക്കമ്പനികൾ ടിക്കറ്റ് കൊടുക്കില്ലെന്നാണ് പറയുന്നത്. പകരം ഹെറിറ്റേജ് ഹോളിഡേയ്‌സാണ് ബില്ല് നൽകുന്നത്. ഈ സ്ഥാപനവും കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ മികച്ച ലാഭം നേടി. അത്രയേറെ വിമാനയാത്രകളാണ് ഇവർ വഴി കൺസ്യൂമർഫെഡ് അധികൃതർ നടത്തിയത്.

സർക്കാർ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ അതിഥി മന്ദിരങ്ങൾക്കും കെ.ടി.ഡി.സി ഹോട്ടലുകൾക്കും നക്ഷത്രഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളുണ്ട്. മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊച്ചിയിൽ തങ്ങേണ്ട ആവശ്യമുണ്ടായാൽ ആദ്യ പരിഗണന നൽകുന്നത് ഇങ്ങനെയുള്ള സർക്കാർ സ്ഥാപനങ്ങൾക്കാണ്. എന്നാൽ കൺസ്യൂമർഫെഡ് ആദ്യം പരിഗണന നൽകുന്നത് ഇഷ്ടക്കാരുടെ ഹോട്ടലുകൾക്കാണ്. വിമാനയാത്രയ്ക്ക് കൺസ്യൂമർഫെഡിനെ സഹായിച്ച ഹെറിറ്റേജ് കേരള ഹോളിഡേയ്‌സ് കൊച്ചിയിലെ അവന്യൂ റീജന്റ് ഹോട്ടലിൽ കൺസ്യൂമർഫെഡിനു വേണ്ടി 2013 ജൂലൈ 29 ന് വാർഷിക പത്രസമ്മേളനം സംഘടിപ്പിച്ചു. പത്രസമ്മേളനം സംഘടിപ്പിച്ച അവന്യൂ റീജന്റിലെ ബില്ലിനു പകരം ഈ സ്ഥാപനം നൽകിയത് 79,327 രൂപയുടെ ബില്ലാണ്. 98 പേർ പത്രസമ്മേളനത്തിൽ പങ്കെടുത്തതായി കാണിക്കുന്ന ബില്ലിലെ ഒരാളുടെ അത്താഴത്തിന് 625 രൂപയായി എന്നാണ് എഴുതിയിരിക്കുന്നത്. പത്രസമ്മേളനം നടത്തിയ ഹാളിനു മാത്രം നൽകിയത് 3500 രൂപയാണ്.

കൺസ്യൂമർഫെഡിന് സ്വന്തമായി എല്ലാ ജില്ലകളിലും ആഡംബര വാഹനങ്ങളും ഉണ്ടെന്നിരിക്കെ ടാക്‌സി ചാർജിന്റെ പേരിൽ എഴുതിയെടുത്തിരിക്കുന്നത് വൻതുകകളാണ്. ചെയർമാനും എം.ഡിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യാത്ര ചെയ്യാതെയും അനാവശ്യമായി വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നത് സ്ഥിരം പരിപാടിയാണെന്നുള്ളത് രേഖകൾ തെളിയിക്കുന്നു. സംസ്ഥാനത്തെ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും ഇത്രയും ഭീകരമായ പകൽക്കൊള്ള മറ്റെങ്ങും നടന്നില്ലെന്നാണ് സത്യം.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP