Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാദങ്ങൾക്ക് വിട; കുഞ്ഞ് ഏയ്ഡൻ സാക്ഷി; അനുപമയും അജിത്തും ഒന്നിച്ചു; വിവാഹം മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ; പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടക്കാനായതിന്റെ സന്തോഷത്തിൽ കുടുംബം

വിവാദങ്ങൾക്ക് വിട; കുഞ്ഞ് ഏയ്ഡൻ സാക്ഷി; അനുപമയും അജിത്തും ഒന്നിച്ചു; വിവാഹം മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ; പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടക്കാനായതിന്റെ സന്തോഷത്തിൽ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാദങ്ങൾക്ക് വിട നൽകി കുഞ്ഞ് ഏയ്ഡന്റെ സാന്നിധ്യത്തിൽ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. തടസ്സങ്ങൾ നീങ്ങി പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടക്കാനായതിന്റെ സന്തോഷത്തിലാണ് കുടുംബം.

വിവാദങ്ങൾ സൃഷ്ടിച്ച കുട്ടിയെ ദത്തുനൽകിയ വിഷയത്തിൽ ഒടുവിൽ നീതി നേടി കുഞ്ഞ് എയ്ഡനെ സ്വന്തമാക്കാനായതിന്റെ ആഹ്ലാദത്തിന് ഒപ്പമാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹത്തിന് അപേക്ഷ നൽകിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ഇവരുടെ വിവാഹത്തിന് സാധുത നൽകിയത്.

കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം കേരളത്തിൽ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിപിഎമ്മിനെയും സർക്കാരിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ച വിവാദമായിരുന്നു ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ വിഷയം. ഇവരുടെ കുഞ്ഞിനെ ആന്ധ്രയിലേക്ക് ദത്ത് നൽകിയതും അതുസംബന്ധിച്ച വിവാദങ്ങളും കേരളത്തിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു.

കുഞ്ഞിനെ കിട്ടിയതിന് പിന്നാലെ തന്നെ വിവാഹം രജിസ്ട്രർ ചെയ്യാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഒടുവിൽ കുഞ്ഞിനെ സാക്ഷിയാക്കി തന്നെ ചടങ്ങ് പൂർത്തിയാക്കി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മറ്റ് ആഘോഷങ്ങളൊന്നും ഒരുക്കിയിരുന്നില്ല.

2021 ഒക്ടോബർ 14നാണ് അനുപമ കുഞ്ഞിനെ തേടുന്നത് വാർത്തയായത്. നവംബർ 24ന് കോടതി വഴി കുഞ്ഞിനെ അനുപമയ്ക്കും അജിത്തിനും കൈമാറി. കോടതി ഉത്തരവിലൂടെ കുട്ടിയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.

പുതുവർഷത്തിൽ പുതിയ ജീവിതത്തിലേക്ക് പുതുസ്വപ്നങ്ങളുമായി അനുപമയും അജിത്തും ഒപ്പം കുഞ്ഞു ഏയ്ഡനും കടക്കുകയാണ്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നേടിയ കുഞ്ഞുമായാണ് വിവാഹം രജിസ്ട്രർ ചെയ്യാനായി ഇരുവരും മുട്ടട സബ് രജിസ്ട്രാർ ഓഫീസിലേക്ക് എത്തിയത്. ഏറെ വിവാദങ്ങളിലൂടെയും അധിക്ഷേപങ്ങളിലൂടെയും കടന്നുപോയ 2021ന്റെ അവസാന ദിനം, ജീവിത്തിലെ പ്രധാനപ്പെട്ട ദിവസമായി മാറിയതിൽ സന്തോഷമുണ്ടെന്ന് കുടുംബം പറഞ്ഞു.

രജിസ്ട്രർ വിവാഹം ചെയ്യുന്നതിനായി ഒരുമാസം മുൻപാണ് അപേക്ഷ നൽകിയതെന്നും 2021 അവസാനിക്കുന്ന ദിവസം തന്നെ വിവാഹം രജിസ്ട്രർ ചെയ്യാൻ കഴിഞ്ഞെന്നും അനുപമ പ്രതികരിച്ചു. ഈ ഒരു ദിവസം തന്നെ വിവാഹിതരാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. നിയമപരമായി വിവാഹിതരാകണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും അവർ പറഞ്ഞു.

'കുഞ്ഞിനെയൊക്കെ കിട്ടി സന്തോഷമായി വരികയാണ്, അപ്പോൾ കല്യാണം കഴിക്കാമെന്ന് വിചാരിച്ചു. കുറേ നാളായി ഒരുമിച്ച് ജീവിച്ച് വരികയാണ്. അത് നിയമപരം കൂടിയാകുമ്പോൾ അതിന്റേതായ സന്തോഷം ഉണ്ട്. കുട്ടിയും കൂടി ദൃക്‌സാക്ഷിയായി വരുമ്പോൾ അതിന്റെ കൂടി സന്തോഷം ഉണ്ട്' അനുപമ പറഞ്ഞു. അടുത്ത സഹൃത്തുക്കളും ബന്ധുക്കളും കൂടെയുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു.

എല്ലാവർക്കും സംശയമായിരുന്നു. ഇവർ നിയമപരമായി വിവാഹം കഴിക്കുമോ, അതോ ഉപേക്ഷിക്കുമോയെന്നൊക്കെ, അതിനൊക്കെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാൻ ചെയ്ത പോലെയൊന്നുമല്ല ജീവിതം പോയത്. എല്ലാവർക്കും നന്നായി ജീവിച്ചുകാണിച്ചു കൊടുക്കണമെന്നുണ്ട്. അത്രയേയുള്ളൂവെന്നും അനുപമ രജിസ്ട്രർ വിവാഹത്തിന് പിന്നാലെ പറഞ്ഞു.

ഒരുവർഷത്തോളം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു അനുപമയ്ക്ക് സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടിയത്. കുഞ്ഞിനെ കിട്ടിയെങ്കിലും കാരണക്കാരായവർക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും പരാതി കൊടുത്തിട്ടും നീതി ലഭിച്ചില്ലെന്നും അനുപമ നേരത്തെ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP