Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യ; പ്രോട്ടീസ് നിര 191 റൺസിന് പുറത്ത്; മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി ബുമ്രയും ഷമിയും; കോലിക്കും സംഘത്തിനും 113 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; പരമ്പരയിൽ 1 - 0ന് മൂന്നിൽ

സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യ; പ്രോട്ടീസ് നിര 191 റൺസിന് പുറത്ത്; മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി ബുമ്രയും ഷമിയും; കോലിക്കും സംഘത്തിനും 113 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം;  പരമ്പരയിൽ 1 - 0ന് മൂന്നിൽ

സ്പോർട്സ് ഡെസ്ക്

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയെ സെഞ്ചൂറിയനിൽ മുട്ടുകുത്തിച്ച് പര്യടനത്തിൽ സ്വപ്ന തുടക്കവുമായി ടീം ഇന്ത്യ. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 113 റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ജസ്പ്രീതം ബുംറയും മുഹമ്മദ് ഷമിയുമാണ് പ്രോട്ടീസിനെ തകർത്തത്. അശ്വിനും സിറാജും രണ്ടു വിക്കറ്റ് വീതം എടുത്തു. സ്‌കോർ: ഇന്ത്യ - 327/10, 174/10, ദക്ഷിണാഫ്രിക്ക - 197/10, 191/10.

ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിൽ 23 റൺസും നേടി ഇന്ത്യൻ ബാറ്റിങ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ലൊകേഷ് രാഹുലാണ് കളിയിലെ താരം. ഒന്നാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടവും രണ്ടാം ഇന്നിങ്‌സിൽ നിർണായകമായ മൂന്ന് വിക്കറ്റും വീഴ്‌ത്തിയ മുഹമ്മദ് ഷമി ഇന്ത്യൻ ജയത്തിൽ നിർണായകമായി. ട്വന്റി 20 ലോകകപ്പിലെ പ്രകടനത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരത്തിന് മികച്ച പ്രകടനത്തിലൂടെ മറുപടി നൽകാൻ സാധിച്ചു.

ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 10ന് മുന്നിലെത്തി. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 327 റൺസിനും രണ്ടാം ഇന്നിങ്‌സിൽ 174 റൺസിനും പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് ഇന്നിങ്‌സുകളിലും 200 കടക്കാനായില്ല (197, 191). മഴമൂലം ചതുർദിനമായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യയ്ക്കു ജയം 6 വിക്കറ്റ് മാത്രം അകലെയായിരുന്നു. മൂന്നാം ദിനം 94 റൺസെടുക്കുന്നതിനിടെ 4 മുൻനിര ബാറ്റർമാരെ നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 211 റൺസും.

നാലു വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന് ക്യാപ്റ്റൻ ഡീൻ എൽഗറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 52 റൺസുമായി ക്രീസിലുണ്ടായിരുന്ന നായകൻ ഡീൻ എൽഗാറിനെ 77ൽ നിൽക്കേ ബുമ്ര എൽബിയിൽ കുടുക്കിയതോടെ ഇന്ത്യ പിടിമുറുക്കി. എൽഗർ 156 പന്തിൽ നിന്നുമാണ് 12 ബൗണ്ടറിയടക്കം 77 റൺസ് നേടിയത്

പിന്നാലെ 21 റൺസെടുത്ത ക്വിന്റൺ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കിയതോടെ ദക്ഷിണാഫ്രിക്ക പതറി. പിന്നാലെ മൂന്ന് പന്തുകൾ മാത്രം നേരിട്ട വിയാൻ മൾഡറെ (1) ഷമിയും പുറത്താക്കി. മൂന്ന് വിക്കറ്റ് കയ്യിലിരിക്കേ 123 റൺസായിരുന്നു അവസാന രണ്ട് സെഷനിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്.

13 റൺസെടുത്ത മാർക്കോ ജെൻസണെ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ഓവറിൽ ഷമി പന്തിന്റെ കൈകളിലാക്കി. തൊട്ടടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ കാഗിസോ റബാഡയെയും(0), ലുങ്കി എൻഗിഡിയേയും(0) പറഞ്ഞയച്ച് അശ്വിൻ ഇന്ത്യക്ക് ജയം സമ്മാനിച്ചു. 35 റൺസുമായി തെംബ ബാവൂമ പുറത്താകാതെ നിന്നു. എയ്ഡൻ മർക്രാം ഒന്നും കീഗൻ പീറ്റേഴ്‌സൺ പതിനേഴും റാസീ വാൻ ഡെർ ഡസ്സൻ പതിനൊന്നും കേശവ് മഹാരാജ് എട്ടും റൺസിന് നാലാംദിനം പുറത്തായിരുന്നു. 

നേരത്തെ നാലാം ദിനം രണ്ടാം ഓവറിൽ തന്നെ ഏയ്ഡൻ മാർക്രമിന്റെ (1) കുറ്റി പിഴുത ഷമിയാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങിവെച്ചത്. പിന്നാലെ 36 പന്തുകൾ പ്രതിരോധിച്ച കീഗൻ പീറ്റേഴ്സനെ സിറാജ് മടക്കി.

മൂന്നാം വിക്കറ്റിൽ എൽഗറിനൊപ്പം ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിച്ച റാസ്സി വാൻഡെർ ദസ്സന്റെ ഊഴമായിരുന്നു അടുത്തത്. 65 പന്തിൽ നിന്ന് 11 റൺസെടുത്ത താരത്തെ ബുംറ മടക്കുകയായിരുന്നു. തുടർന്ന് കേശവ് മഹാരാജിനെയും (8) ബുംറ മടക്കിയതിനു പിന്നാലെ അമ്പയർമാർ നാലാം ദിവസത്തെ കളി നിർത്തുകയായിരുന്നു.

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ 130 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 174 റൺസിന് പുറത്താകുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കൻ വിജയലക്ഷ്യം 305 റൺസായി. നാലു വിക്കറ്റ് വീതം വീഴ്‌ത്തിയ കാഗിസോ റബാദയും മാർക്കോ യാൻസനുമാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയെ 174-ൽ ഒതുക്കിയത്. എൻഗിഡി രണ്ടു വിക്കറ്റ് വീഴ്‌ത്തി.

34 പന്തിൽ നിന്ന് 34 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്മാനായി എത്തിയ ശാർദുൽ താക്കൂറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 26 പന്തിൽ പത്തു റൺസായിരുന്നു ശാർദുലിന്റെ സമ്പാദ്യം.

അധികം വൈകാതെ 74 പന്തിൽ 23 റൺസെടുത്ത കെ.എൽ രാഹുലിനെ ലുങ്കി എൻഗിഡി പുറത്താക്കി. സ്‌കോർ 79-ൽ എത്തിയപ്പോൾ 18 റൺസുമായി ക്യാപ്റ്റൻ വിരാട് കോലിയും മടങ്ങി. 64 പന്തുകൾ നേരിട്ട് 16 റൺസെടുത്ത ചേതേശ്വർ പൂജാരയേയും എൻഗിഡി പുറത്താക്കി. തൊട്ടുപിന്നാലെ 20 റൺസുമായി അജിങ്ക്യ രഹാനെയും മടങ്ങി. പിന്നാലെ ആർ. അശ്വിൻ (14), മുഹമ്മദ് ഷമി (1), സിറാജ് (9) എന്നിവരെ പെട്ടെന്ന് മടക്കിയ ദക്ഷിണാഫ്രിക്ക ഇന്ത്യൻ ഇന്നിങ്‌സ് അവസാനിപ്പിച്ചു. മായങ്ക് അഗർവാളിന്റെ വിക്കറ്റ് ഇന്ത്യക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. 14 പന്തിൽ നാല് റൺസായിരുന്നു മായങ്കിന്റെ സമ്പാദ്യം.

കെ.എൽ രാഹുലിന്റെ സെഞ്ചുറി കരുത്തിൽ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 327 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 197 റൺസിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം ഇന്ത്യക്ക് കൂറ്റൻ ലീഡും സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP