Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശങ്കപ്പെടേണ്ട എങ്കിലും കോവിഡ് എല്ലായിടത്തും കൂടുന്നു; കോവിഡ് സുനാമി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; മൂന്നാം തരംഗത്തിന്റെ സൂചന പ്രകടമാക്കി ഇന്ത്യ: സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഇന്നു മുതൽ

ആശങ്കപ്പെടേണ്ട എങ്കിലും കോവിഡ് എല്ലായിടത്തും കൂടുന്നു; കോവിഡ് സുനാമി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; മൂന്നാം തരംഗത്തിന്റെ സൂചന പ്രകടമാക്കി ഇന്ത്യ: സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഇന്നു മുതൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ/ഡൽഹി: ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മൂന്നാം തരംഗത്തിന്റെ സൂചനകൾ പ്രകടമാക്കി കോവിഡ് കേസുകൾ എല്ലായിടത്തും കുതിച്ചുയരുന്നു. കോവിഡ് കേസുകൾ കുറഞ്ഞ് നിന്ന മുംബൈയിലും ഡൽഹിയിലുമെല്ലാം കണക്കുകൾ പൊടുന്നനെ ഉയരുന്ന സ്ഥിതിയാണ് പ്രകടമായിരിക്കുന്നത്.കർണാടകയിലും തമിഴ്‌നാട്ടിലും എല്ലാം കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തി. ഓമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണവും വർദ്ധിച്ചു വരികയാണ്.

ദൈനംദിന കേസുകൾ 200ൽ താഴെ നിന്ന മഹാരാഷ്ട്രയിൽ ഒറ്റയടിക്ക് കോവിഡ് കണക്ക് നാലായിരത്തിലേക്ക് എത്തുകയാണ്. ഇന്നലെ മുംബൈ നഗരത്തിൽ മാത്രം 2510 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുൾപ്പെടെ മഹാരാഷ്ട്രയിൽ ഇന്നലെ 3900 പേർക്കാണു കോവിഡ്. ചൊവ്വാഴ്ചത്തേക്കാൾ 82 ശതമാനമാണ് മുംബൈയിൽ ഒറ്റയടിക്കുള്ള വർധന. 7 മാസത്തിനിടെ ആദ്യമായി ഇത്രയും പോസിറ്റീവ് കേസുകൾ ഉണ്ടായത് രാജ്യത്ത് മൂന്നാം തരംഗത്തിന്റെ സൂചനകൾ പ്രകടമാക്കുകയാണ്.

ജനജീവിതം സാധാരണ നിലയിൽ എത്തിയതോടെയാണ് രാജ്യത്ത് ആശങ്ക പടർത്തി കോവിഡ് വീണ്ടും ഉയരുന്നത്. ഡിസംബർ രണ്ടിന് 112, 20ന് 283 എന്ന കണക്കിൽ നിന്നാണു പൊടുന്നനേ മുംബൈയിൽ കോവിഡ് വ്യാപകമായത്. ഇന്നലെ ഒരാൾ മരിക്കുകയും ചെയ്തു. പ്രവർത്തനം ഏതാണ്ടു നിർത്തിവച്ചിരുന്ന മുംബൈയിലെ താൽക്കാലിക ജംബോ കോവിഡ് സെന്ററുകളിൽ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ തുടങ്ങി.

തുറസ്സായ സ്ഥലങ്ങളിലും ഹാളുകളിലുമുള്ള പുതുവത്സര ആഘോഷങ്ങളെല്ലാം മുംബൈയിൽ നിരോധിച്ചിട്ടുണ്ട്. ഒന്നു വരെയുള്ള രാത്രി കർഫ്യൂവിനു പുറമേ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും. നിലവിൽ നഗരം സാധാരണനിലയിലാണ്. ലോക്കൽ ട്രെയിനുകളിലും ബസുകളിലും ജനങ്ങൾ തിങ്ങിനിറഞ്ഞാണു യാത്ര. രാജ്യത്ത് ഏറ്റവുമധികം ഓമിക്രോൺ കേസുകളും മഹാരാഷ്ട്രയിലാണ്. ഇന്നലെ 85 പേർക്കു കൂടി സ്ഥീരികരിച്ചതോടെ ആകെ 252 ആയി.

ഡൽഹിയിൽ ചൊവ്വാഴ്ച 496 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയിരുന്നതെങ്കിൽ ഇന്നലെ 923 ആയി. തമിഴ്‌നാട്ടിൽ 739 പോസിറ്റീവിൽ 294 പേർ ചെന്നൈയിലാണ്. പുതുവർഷദിനങ്ങളിലെ രാത്രി കർഫ്യൂവിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന കർണാടകയിൽ ഇന്നലെ 566 പേർക്കാണു കോവിഡ്; ഇതിൽ 400 പേരും ബെംഗളൂരുവിലാണ്.

അതേസമയം കൊറോണ വൈറസിന്റെ ഡെൽറ്റ, ഓമിക്രോൺ വകഭേദങ്ങൾ മൂലം ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകി. കോവിഡ് 'സൂനാമി' ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യസംവിധാനങ്ങൾ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഡെൽറ്റ, ഓമിക്രോൺ വകഭേദങ്ങൾ 'ഇരട്ട ഭീഷണി' ആണ്. ഇത് പുതിയ കേസുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിലാക്കിയേക്കാം. ആശുപത്രിയിലാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിക്കുന്നതിനും കാരണമാകും. ഓമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നു. ഇത് ആരോഗ്യസംവിധാനങ്ങൾക്കു മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലും ഒമിക്രോണിൽ നിയന്ത്രണങ്ങൾ വരികയാണ്. ഓമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നുമുതൽ നിലവില് വരും. ഞായർ വരെയുള്ള ദിവസങ്ങളിൽ രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണം. ശബരിമല, ശിവഗിരി തീർത്ഥാടകർക്ക് ഇളവുണ്ട്. രാത്രി 10 നു ശേഷമുള്ള പുതുവത്സരാഘോഷങ്ങൾക്കും ദേവാലയ ചടങ്ങുകൾക്കും നിയന്ത്രണം ബാധകമാണെന്നു ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്കു രാത്രി പുറത്തിറങ്ങുന്നവർ സ്വന്തം സാക്ഷ്യപത്രം കരുതണം.

രാത്രി 10 വരെയുള്ള ആഘോഷങ്ങളിലും കോവിഡ് നിയന്ത്രണം കർശനമായി പാലിക്കണം. ഇതു പരിശോധിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. ബാർ, ക്ലബ്, റസ്റ്ററന്റ് തുടങ്ങിയവയിൽ പകുതി സീറ്റിൽ മാത്രമേ ആളെ അനുവദിക്കാവൂ. ആൾക്കൂട്ട സാധ്യതയുള്ള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ തുടങ്ങിയവ പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. മേൽനോട്ടത്തിനു സെക്ടറൽ മജിസ്‌ട്രേട്ടുമാരെ ചുമതലപ്പെടുത്തും.

നിയന്ത്രണം കർശനമായതോടെ, പല സ്ഥാപനങ്ങളും സംഘടനകളും പുതുവത്സര പരിപാടികൾ ഭാഗികമായി റദ്ദാക്കി. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്ന അതിഥികളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കണമെന്നു ടൂറിസം സംരംഭകർ ആവശ്യപ്പെട്ടു. ടൂറിസം മേഖലയ്ക്ക് ഇതു വൻ തിരിച്ചടിയാകുമെന്നും കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി ഭാരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP