Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുഗന്ധ വ്യവസായി പീയൂഷ് ജെയിനിന്റെ പക്കൽ നിന്ന് 196 കോടി പിടിച്ചെടുത്തത് ആളുമാറിയോ? പുഷ്പ രാജ് ജെയിനിനെ ആണ് ബിജെപിയും ജിഎസ്ടി വകുപ്പും ലക്ഷ്യം വച്ചതെന്ന് സമാജ് വാദി പാർട്ടി; വിലാസം മാറി റെയ്ഡ് കോമഡി ആയെന്നും പരിഹാസം; യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത്?

സുഗന്ധ വ്യവസായി പീയൂഷ് ജെയിനിന്റെ പക്കൽ നിന്ന് 196 കോടി പിടിച്ചെടുത്തത് ആളുമാറിയോ? പുഷ്പ രാജ് ജെയിനിനെ ആണ് ബിജെപിയും ജിഎസ്ടി വകുപ്പും ലക്ഷ്യം വച്ചതെന്ന് സമാജ് വാദി പാർട്ടി; വിലാസം മാറി റെയ്ഡ് കോമഡി ആയെന്നും പരിഹാസം; യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: സമാജ്വാദി പാർട്ടി ബന്ധമുള്ള വ്യവസായി പീയൂഷ് ജെയിനിന്റെ സുഗന്ധദ്രവ്യ നിർമ്മാണശാലയിൽ നടന്ന റെയ്ഡ് അമ്പരപ്പിക്കുന്നതായിരുന്നു. കാരണം കറൻസിയായി 196 കോടിയുടെ കള്ളപ്പണവും, 23 കിലോ സ്വർണവുമാണ് പിടികൂടിയത്. 5 നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണിത്തീർത്തത്. കണ്ടെയിനർ ലോറിയിലാണ് ഉദ്യോഗസ്ഥർ പണം കൊണ്ടുപോയത്.

ചെളിവാരി എറിയലിന് വഴിതെളിച്ച റെയ്ഡ്

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ നടത്തിയ റെയ്ഡ് തീർച്ചയായും രാഷ്ട്രീയ മാനങ്ങളുള്ളതായിരുന്നു. ഇരയും, വേട്ടക്കാരനും എന്ന ഇമേജ് സൃഷ്ടിക്കാൻ സമാജ് വാദി പാർട്ടിയും, അത് പൊളിക്കാൻ ബിജെപിയും വാഗ്വാദങ്ങൾ തുടരുകയാണ്. സമാജ് വാദി പെർഫ്യൂം അടുത്തിടെ പുറത്തിറക്കിയത് പീയൂഷ് ജെയിൻ എന്നാണ് ബിജെപി ആരോപണം. കാൺപൂരിൽ പ്രധാനമന്ത്രിയും ഇതേറ്റേു പിടിച്ചു. നോട്ടുകെട്ടുകൾ നിറച്ച പെട്ടികൾ പുറത്തുവന്നുകഴിഞ്ഞു. 2017 ന് മുമ്പ് അവർ വിതറിയ അഴിമതിയുടെ സുഗന്ധം യുപിയിൽ കാണാൻ പാകത്തിലുണ്ട്, നരേന്ദ്ര മോദി സമാജ് വാദി പാർട്ടിയെ പരിഹസിച്ചു.

അഖിലേഷ് യാദവും വെറുതെയിരുന്നില്ല. സമാജ് വാദി പാർട്ടിയുടെ പുഷ്പ രാജ് ജെയിൻ ആണ് പാർട്ടിയുടെ പേരിൽ പെർഫ്യൂം ഇറക്കിയതെന്നും ബിജെപിക്ക് ആളുമാറി പോയെന്നുമാണ് എസ്‌പി നേതാവിന്റെ വാദം. പീയൂഷ് ജെയിനുമായി ഒരുബന്ധവും ഇല്ലെന്നും അദ്ദേഹം ആണയിട്ടു. ജി.എസ്.ടി ഉദ്യോഗസ്ഥർ വിലാസം മാറിയാണ് ജെയിനിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് എന്നാണ് ആക്ഷേപം. മുൻ ധനമന്ത്രി പി ചിദംബരം അടക്കമുള്ള ആളുകൾ ഇക്കാര്യം ട്വീറ്റ് ചെയ്തു.

പരിശോധകർക്ക് ആളുമാറിയോ?

കണ്ണൗജിലെ പി.ജെ എന്ന ചുരുക്കപ്പേരുള്ള ആളുടെ വീട്ടിൽ റെയ്ഡ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന നിർദ്ദേശം. നഗരത്തിൽ ഇതേ പേരിൽ രണ്ട് പേരുണ്ട്. ഒന്ന്, പിയൂഷ് ജയിൻ. രണ്ട്, പുഷ്പരാജ് ജെയിൻ. രണ്ടു പേർക്കും ഒരേ ബിസിനസ്- സുഗന്ധ വ്യാപാരം.
റെയ്ഡ് നടന്ന വേളയിൽ സമാജ് വാദി പാർട്ടിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് പിയൂഷ് ജയിൻ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈയിടെ പുറത്തിറക്കിയ സമാജ്വാദി അത്തർ നിർമ്മിച്ചത് ഇയാളാണ് എന്നും ചിത്രസഹിതം വാർത്തകൾ വന്നിരുന്നു. എന്നാൽ അത്തർ നിർമ്മിച്ചത് പിയൂഷായിരുന്നില്ല. സമാജ് വാദി എം.എൽ.സിയായിരുന്ന പുഷ്പരാജ് ആയിരുന്നു.

മധ്യേഷ്യയിൽ അടക്കം കമ്പനികളുള്ള വ്യവസായിയാണ് പിയൂഷ് ജയിൻ. ഇയാൾക്ക് നാൽപ്പതിലേറെ വ്യാജ കമ്പനികളുണ്ട് എന്നാണ് ജി.എസ്.ടി ഉദ്യോഗസ്ഥർ പറയുന്നത്. ഇദ്ദേഹത്തിന്റെ വീട്, സ്ഥാപനങ്ങൾ, കോൾഡ് സ്റ്റോറേജ്, പെട്രോൾ പമ്പ് തുടങ്ങിയവയിൽ നടത്തിയ റെയ്ഡിലാണ് ഇരുനൂറു കോടിയിലേറെ രൂപ കണ്ടെത്തിയത്. 23 കിലോ സ്വർണവും 250 കിലോ വെള്ളിയും പിടിച്ചെടുത്തിട്ടുണ്ട്. പിയൂഷിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

2016ൽ ഇറ്റാവ-ഫറൂഖാബാദിൽ നിന്നുള്ള സമാജ് വാദി പാർട്ടി എം.എൽ.സിയാണ് പുഷ്പരാജ് ജെയിൻ. പ്രഗതി അരോമ ഓയിൽ ഡിസ്റ്റല്ലറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമകളിലൊരാളാണ്. 1950ൽ ഇദ്ദേഹത്തിന്റെ അച്ഛൻ സവൈലാൽ ജയിനാണ് കമ്പനി സ്ഥാപിച്ചത്. മധ്യേഷ്യയിലേത് അടക്കം 12 രാജ്യങ്ങളിലേക്ക് കയറ്റുമതിയുള്ള വ്യാപാരി കൂടിയാണ് പുഷ്പരാജ്. കണ്ണൗജിൽ ഫാക്ടറിയുമുണ്ട്. 2016ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂല പ്രകാരം 48 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഈയിടെ സമാജ് വാദി അത്തർ ഉണ്ടാക്കിയത് പുഷ്പരാജ് ജയിൻ ആയിരുന്നു.

തനിക്ക് പീയൂഷ് ജെയിനുമായി യാതൊരു ബന്ധവും ഇല്ലെന്ന് പുഷ്പ രാജ് ജെയിൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തരംതാണ രാഷ്ട്രീയത്തിൽ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിദംബരം പറഞ്ഞത് ശരിയാവാം..ചിലപ്പോൾ എന്നെ ലക്ഷ്യമിട്ടായിരിക്കാം റെയ്ഡുകൾ പ്ലാൻ ചെയ്തത്.

ആളുമാറിയിട്ടില്ലെന്ന് ജിഎസ്ടി ഇന്റലിജൻസ്

എന്നാൽ, ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടേറ്റ് ജനറൽ ആളുമാറിയെന്ന വാദം തള്ളി. ശിഖാർ പാൻ മസാല ഗ്രൂപ്പ് നികുതി വെട്ടിപ്പ് നടത്തുന്നതിന്റെ വിവരങ്ങൾ തങ്ങൾക്ക് കിട്ടിയിരുന്നു. അന്വേഷണം ചെന്നെത്തിയത് ട്രാൻസ്‌പോർട്ട് കമ്പനിയായ ഗണപതി റോഡ് കാരിയേഴ്‌സിലും, പീയൂഷ് ജെയിനിന്റെ ഓഡോഷെം ഇൻഡസ്ട്രീസിലുമാണ്. പീയൂഷ് ജെയിൻ ശിഖാർ ഗ്രൂപ്പിന് സുഗന്ധ ദ്രവ്യഘടകങ്ങൾ വിതരണം ചെയ്തിരുന്നു. പീയൂഷ് ജെയിൻ കറൻസിയായി മാത്രം പണം സ്വീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ട് നിരീക്ഷണത്തിലായിരുന്നുവെന്നും ജിഎസ്ടി അധികൃതർ വ്യക്തമാക്കി.

നോട്ടെണ്ണാൻ അഞ്ച് മെഷീൻ

പീയൂഷ് ജെയിനിന്റെ സ്ഥാപനത്തിലെ കള്ളപ്പണം എണ്ണാൻ അഞ്ച് നോട്ടെണ്ണൽ മെഷീനിന്റെ സഹായവും സംഘത്തിന് ആവശ്യമായി വന്നു. വീട്ടിലും ഓഫീസിലുമായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.വീട്ടിലെ രണ്ട് വലിയ അലമാരകളിൽ കറൻസി സൂക്ഷിച്ചിരിക്കുന്നതിന്റെയും ഉദ്യോഗസ്ഥർ പണമെണ്ണുന്നതിന്റെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജിഎസ്ടിയുടെ അഹമ്മദാബാദ് ഇന്റലിജൻസ് യൂണിറ്റാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയിരുന്നത്.പിയൂഷ് ജെയിന്റെ കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്നും കാൺപൂരിലെ വസതിയിൽ നിന്നുമാണ് പണം പിടികൂടിയത്. മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങളും ഇയാളിൽ നിന്നും പിടികൂടി. വീടിന് പുറമേ ഓഫീസിലും കോൾഡ് സ്റ്റോറേജിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലും പരിശോധന നടത്തി. ഒടുവിൽ കണ്ടെയിനർ എത്തിച്ചാണ് പണം പൊലീസ് ഇവിടെ നിന്നും മാറ്റിയത്. ഇയാളുടെ ഉടമസ്ഥതയിൽ 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

കാൺപൂരിലെ ത്രിമൂർത്തി ഫ്രാഗ്രൻസ് പ്രൈവറ്റ് ലിമിറ്റഡും സ്ഥാപനത്തിന്റെ ഓഫീസും കൂടാതെ ട്രാൻസ്‌പോർട്ട് കമ്പനിയായ ഗണപതി റോഡ് കാരിയേഴ്‌സിന്റെ ഗോഡൗണും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ത്രിമൂർത്തി പ്രൈവറ്റ് ലിമിറ്റഡാണ് ശിക്കാർ ബ്രാൻഡ് പാന്മസാലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും നിർമ്മാതാക്കൾ. ഇവയുടെ ട്രാൻസ്‌പോർട്ടേഷൻ ആവശ്യങ്ങൾക്കായാണ് ഗണപതി റോഡ് കാരിയേഴ്‌സ് പ്രവർത്തിച്ചിരുന്നത്. ട്രാൻസ്‌പോർട്ടേഷന് ഇടയിലും വൻതുക കമ്പനി വെട്ടിച്ചിരുന്നു എന്നാണ് വിവരം. ഇ-വേ ബില്ലുകൾ ഇല്ലാതെയാണ് ചരക്കുകൾ വിവിധയിടങ്ങളിലേക്ക് കമ്പനി എത്തിച്ചിരുന്നത്.

ഇല്ലാത്ത കമ്പനികളുടെ പേരിൽ വിവിധ ഇൻവോയിസുകൾ തയ്യാറാക്കി ഓരോ ഫുൾ ലോഡിനും 50,000 രൂപ വരെ ഇവർ കൈവശപ്പെടുത്തിയിരുന്നു. ഇ-വേ ബില്ലുകൾ ഒഴിവാക്കുന്നതിലൂടെയാണിത്. റെയ്ഡിനിടെ ഫാക്ടറിയുടെ പുറത്ത് നിന്നും ഇത്തരം ട്രാൻസ്‌പോർട്ടേഷനായി ഉപയോഗിച്ചിരുന്ന നാല് ട്രക്കുകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഗണപതി റോഡ് കാരിയേഴ്‌സിൽ നിന്നും 200 വ്യാജ ഇൻവോയിസുകളും പരിശോധനയിൽ കണ്ടെത്തി. ജിഎസ്ടി അടയ്ക്കാത്ത ബില്ലുകളും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 1.01 കോടി രൂപയും ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.

വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും നിന്നായി കണ്ടെടുത്ത കോടികൾ വലിയ കണ്ടെയ്‌നറുകളിലായാണ് അന്വേഷണ സംഘം കൊണ്ടുപോയത്. പീയൂഷ് ജെയിനിന്റെ ആനന്ദ്പുരിയിലെ വീട്ടിൽ നിന്നും ലഭിച്ച പണം 21 പെട്ടികളിലാക്കി നിറച്ചാണ് ഉദ്യോഗസ്ഥർ വാഹനങ്ങളിൽ കയറ്റിയത്.

സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിനെനാണ് റിപ്പോർട്ടുകൾ. ഇയാളുടെ സഹോദരൻ പമ്മി ജെയിൻ മുതിർന്ന എസ്‌പി നേതാവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP