Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിലെ കൊട്ടാരം മോടി പിടിപ്പിക്കുന്നത് മുകേഷ് അംബാനിക്ക് വിശ്രമ ജീവിതം നയിക്കാനോ? നേതൃമാറ്റ സൂചനകൾ നൽകി മുകേഷ് അംബാനി; മുതിർന്നവരിൽ നിന്ന് അടുത്ത തലമുറയിലെ യുവാക്കളിലേക്ക് നേതൃത്വം മാറ്റാനുള്ള പ്രക്രിയയാണ് നടക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ വിശദീകരിച്ചത് കമ്പനി ജീവനക്കാരുടെ പരിപാടിയിൽ

ലണ്ടനിലെ കൊട്ടാരം മോടി പിടിപ്പിക്കുന്നത് മുകേഷ് അംബാനിക്ക് വിശ്രമ ജീവിതം നയിക്കാനോ? നേതൃമാറ്റ സൂചനകൾ നൽകി മുകേഷ് അംബാനി; മുതിർന്നവരിൽ നിന്ന് അടുത്ത തലമുറയിലെ യുവാക്കളിലേക്ക് നേതൃത്വം മാറ്റാനുള്ള പ്രക്രിയയാണ് നടക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ വിശദീകരിച്ചത് കമ്പനി ജീവനക്കാരുടെ പരിപാടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അടുത്ത കാലത്തായി റിലയൻസ് ഗ്രൂപ്പ് ലണ്ടനിൽ ഒരു കൊട്ടാരം വാങ്ങിയതും അത് മോടി പിടിപ്പക്കാൻ ശ്രമിച്ചതമെല്ലാം വലിയ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇത് മുകേഷ് കുടുംബ സമേതം ലണ്ടനിലേക്ക് താമസം മാറുന്നു എന്നതിന്റെ സൂചനകളാണ് നൽകിയതെങ്കിലും ഈവാർത്ത റിലയൻസ് നിഷേധിച്ചു. ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു എന്ന സൂചന നൽകി ചെയർമാൻ മുകേഷ് തന്നെ രംഗത്തുവന്നു.

കഴിഞ്ഞ ദിവസം നടത്തിയ ഒരു പരിപാടിയിലായിരുന്നു മുകേഷ് അംബാനിയുടെ പരാമർശം. തന്റെ തലമുറയിലെ മുതിർന്നവരിൽ നിന്ന് അടുത്ത തലമുറയിലെ യുവാക്കളിലേക്ക് നേതൃത്വം മാറ്റാനുള്ള പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ് ജീവനക്കാരുടെ പരിപാടിയിലാണ് മുകേഷ് അംബാനിയുടെ നിർണായക പരാമർശം. നേരത്തെ വാൾമാർട്ടിന്റെ ഉടമസ്ഥരായ വാൾട്ടൺ ഫാമിലി സ്വത്ത് കൈമാറിയ രീതി മുകേഷ് അംബാനിയും പിന്തുടരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

മുഴുവൻ സ്വത്തുക്കളും ട്രസ്റ്റിന്റെ ഘടനയുള്ള സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുകയാവും അംബാനി ചെയ്യുക. റിലയൻസ് ഇൻഡസ്ട്രീസിന്റെ നിയന്ത്രണവും ഈ ട്രസ്റ്റിനാകും. മുകേഷ് അംബാനിക്കും നിത അംബാനിക്കും മൂന്ന് മക്കൾക്കും സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടാവും. അംബാനിയുടെ വിശ്വസ്തർ ഉപദേശകരായും ട്രസ്റ്റിൽ ഇടംപിടിക്കും. ഓയിൽ റിഫൈനറിൽ മുതൽ ഇ-കോമേഴ്‌സ് വരെ വ്യാപിച്ച് കിടക്കുന്ന റിലയൻസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധരുടെ സംഘവുമുണ്ടാകും.

നേരത്തെ 2005ൽ പിതാവ് ധീരുഭായി അംബാനി വളർത്തിയെടുത്ത 90,000 കോടി രൂപ ആസ്തിയുള്ള റിലയൻസ് വ്യവസായ ശൃംഖലയുടെ വീതംവെച്ചപ്പോൾ വലിയ തർക്കം ഉടലെടുത്തിരുന്നു. തുടർന്ന് അമ്മ കോകില ബെന്നിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തർക്കം അവസാനിപ്പിക്കാൻ സാധിച്ചത്.

സ്വത്തിനു വേണ്ടി മക്കൾ തല്ലിപ്പിരിയാതിരിക്കാൻ 'വോൾട്ടൻ' മോഡൽ

നേരത്തെ റിലയൻസ് സാമ്രാജ്യ സ്ഥാപകൻ ധിരുഭായ് അംബാനി വിൽപ്പത്രം എഴുതി വയ്ക്കാതെയാണ് 2002ൽ മരിച്ചത്. ജ്യേഷ്ഠൻ മുകേഷ് അംബാനി ചെയർമാനും അനിയൻ അനിൽ അംബാനി വൈസ് ചെയർമാനുമായി കുറച്ചുകാലം ഒരുമിച്ചു ബിസിനസ് നടത്തി. താമസിയാതെ അത് രൂക്ഷമായ തെറ്റിപ്പിരിയലിൽ കലാശിച്ചു. ഇതിൽ നിന്നും മുകേഷ് സ്വന്തം പ്രയത്ന്നം കൊണ്ട് പൊരുതി കയറി. അദ്ദേഹം തന്റെ മക്കൾ തമ്മിൽ തല്ലാതിരിക്കാൻ വേണ്ട നടപടികളും സ്വീകരിക്കുകകയാണ്.

ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വോൾമാർട്ട് സ്ഥാപിച്ച വോൾട്ടൻ കുടുംബം സ്വത്ത് ഭാഗിച്ച അതേ മോഡലിലാണ് മുകേഷിന്റെ നീക്കം. വോൾമാർട്ട് സ്ഥാപകൻ സാം വോൾട്ടന് നാലു മക്കളായിരുന്നു. ആലിസ്, റോബ്, ജിം, ജോൺ. സ്വത്ത് പല കഷണങ്ങളാക്കി നാലു മക്കൾക്കു കൊടുക്കുകയല്ല ചെയ്തത്. പകരം അവയെല്ലാം ചേർത്തൊരു വൻ ട്രസ്റ്റുണ്ടാക്കി. ബിസിനസുകളെല്ലാം ഈ ട്രസ്റ്റിനു കീഴിൽ കൊണ്ടുവരികയായിരുന്നു. ഈ മാതൃകയാണ് മുകേഷും അവലംബിക്കാൻ ഒരുങ്ങുന്നത്.

ബിസിനസ് നടത്തുന്നതെല്ലാം പ്രഫഷനലുകളാണ്. അവരെ റിക്രൂട്ട് ചെയ്ത് പണി ഏൽപിക്കുന്നു. കുടുംബാംഗങ്ങൾ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ല. വരുമാനം അവർക്കു നാലു പേർക്കും തുല്യമായി ലഭിക്കും. കമ്പനിയിൽ അവർക്ക് തസ്തികകളില്ല. നീയോ ഞാനോ വലുത് എന്ന തർക്കം വരുന്നില്ല. വോൾട്ടൻ കുടുംബത്തിന് ഇപ്പോഴും വോൾമാർട്ടിൽ 47% ഓഹരിയുണ്ട്. അതിനർഥം അവർ ഏത് മാനേജർമാരെ നിയമിച്ചാലും യഥാർഥ അധികാരം കുടുംബാംഗങ്ങളുടെ കയ്യിൽതന്നെ നിക്ഷിപ്തമായിരിക്കും എന്നതാണ്. ഈ മാർഗ്ഗമാണ് അംബനിക്ക് മുന്നിലെന്നുമാണ് വാർത്തകൾ.

പെട്രോൾ ബങ്ക് ജീവനക്കാരനായി ചെറിയ തോതിൽനിന്നു വളർന്ന് ഒടുവിൽ പെട്രോളിയം ഉൽപന്നങ്ങളുടെ സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ധിരുഭായ്ക്ക് 'പാർട്ടിഷൻ' അചിന്ത്യമായിരുന്നിരിക്കാം. പക്ഷേ ഒടുവിൽ, സഹോദരന്മാരായ മുകേഷും അനിലും വഴക്കായപ്പോൾ അമ്മ കോകില ബെൻ ഇടപെട്ട് സ്വത്തുക്കളുടെ പങ്കുവയ്‌പ്പു തന്നെ നടത്തേണ്ടി വന്നു.

അതുവരെ ചെയർമാൻ മുകേഷും വൈസ് ചെയർമാൻ അനിലും പരസ്പരം ചർച്ച ചെയ്യാതെ തീരുമാനങ്ങളുമായി മുന്നോട്ടു പോയി. ഒരുമിച്ചു തുടരാൻ കഴിയില്ലെന്ന സ്ഥിതിതന്നെ വന്നു. അങ്ങനെ പങ്കുവച്ചപ്പോൾ ടെലികോം ബിസിനസ് അനിലിനു കിട്ടി. ആ ബിസിനസ് അനിൽ വളർത്തിയെങ്കിലും പിൽക്കാലത്ത് അതു തകരുന്നതാണു ലോകം കണ്ടത്. കടം കയറി മുടിഞ്ഞു. 2005ലാണ് അവർ സ്വത്ത് ഭാഗം വച്ച് വേർപിരിഞ്ഞത്. അനിലിന് ടെലികോമിനു പുറമെ അസറ്റ് മാനേജ്‌മെന്റ്, എന്റർടെയിന്മെന്റ്, ഊർജോൽപാദനം എന്നിവ കിട്ടി. മുകേഷിന് റിഫൈനറികളും പെട്രോകെമിക്കൽസും എണ്ണ പ്രകൃതിവാതകവും ടെക്‌സ്‌റ്റൈൽസും.

ഏകദേശം രണ്ടു പതിറ്റാണ്ടാവുമ്പോൾ മുകേഷ് അംബാനി തന്റെ സാമ്രാജ്യം വിപുലമാക്കി. ലോകത്തെ ഏറ്റവും വലിയ റിഫൈനറി! ടെലികോം രംഗത്തു പ്രവേശിച്ച് ജിയോയിലൂടെ വിപണി കീഴടക്കി. റിലയൻസ് ഓഹരി വില നാലിരട്ടിയായി. റിലയൻസിലെ അവരുടെ ഓഹരി അതിശക്തമാണ് 50.6%. ഭാവിയിൽ വോൾമാർട്ടിൽ വോൾട്ടൻ കുടുംബത്തിന് ഉള്ളതിനേക്കാൾ നിയന്ത്രാധികാരം അംബാനി കുടുംബത്തിനുണ്ടാവും. അനിൽ അംബാനിയുടെ ബിസിനസുകൾ പൊട്ടി, കടം കയറി കേസും കൂട്ടവുമായ അവസ്ഥയിലും!

മുകേഷിന്റെ മക്കളും ബിസിനസ് ബന്ധങ്ങളും

മുകേഷ് അംബാനിയുടെ മൂന്നു മക്കളും അമേരിക്കൻ സർവകലാശാലകളിൽനിന്നു പഠിച്ചിറങ്ങിയവർ. ഇഷയും ആകാഷും ഇരട്ടകളാണ്. ഇഷ അംബാനി (30) യേൽ സർവകലാശാലയിൽനിന്നു ബിരുദധാരി. മക്കിൻസിയിൽ കുറച്ചുകാലം പ്രവർത്തിച്ചു. റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ കമ്പനികളുടെ ബോർഡിലുണ്ട്.

ആകാഷ് അംബാനി (30) ബ്രൗൺ സർവകലാശാലയിൽനിന്നു ബിരുദധാരി. റിലയൻസ് സൂ പ്രോജക്ട് ഗുജറാത്തിൽ നോക്കി നടത്തുന്നു. ജിയോ, സോളർ കമ്പനി ബോർഡുകളിലുണ്ട്. ആനന്ദ് അംബാനിയും (26) ബ്രൗൺ സർവകലാശാലയിൽ പഠിച്ചു. സ്പോർട്സ് ഫ്രാഞ്ചൈസികൾ നോക്കി നടത്തുന്നു. ജിയോ, റീട്ടെയിൽ ബോർഡുകളിലുണ്ട്. ഭാര്യ നിത അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ബോർഡംഗം. സ്പോർട്സ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ നോക്കി നടത്തുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ബിസിനസ് കുടുംബമാണ് മുകേഷ് അംബാനിയുടേത്. 20,800 കോടി ഡോളർ മൂല്യം. അതിൽ അംബാനിക്കു മാത്രം 9400 കോടി ഡോളർ മൂല്യമുണ്ട്, അതായത് ഏകദേശം 8 ലക്ഷം കോടി രൂപ! പെട്രോകെമിക്കൽസ്, റിഫൈനിങ്, ടെലികോം, ഹരിത ഊർജം, ഇകൊമേഴ്‌സ് മേഖലയിലെ വമ്പൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP