Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറം ജില്ലയിൽ പാർട്ടിയെ വളർത്തുന്നതിൽ നേതൃത്വം വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചില്ലെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം; മലപ്പുറത്തെ സാമൂഹ്യ ജീവിതത്തിന് ഭീഷണിയായി മാറിയ മത തീവ്രവാദത്തിനെതിരെ കൂടുതൽ ഇടപെടൽ വേണമെന്നും ആവശ്യം; മലപ്പുറം ജില്ലാ സെക്രട്ടറിയായി വീണ്ടും ഇ.എൻ മോഹൻദാസ്

മലപ്പുറം ജില്ലയിൽ പാർട്ടിയെ വളർത്തുന്നതിൽ നേതൃത്വം വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചില്ലെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം; മലപ്പുറത്തെ സാമൂഹ്യ ജീവിതത്തിന് ഭീഷണിയായി മാറിയ മത തീവ്രവാദത്തിനെതിരെ കൂടുതൽ ഇടപെടൽ വേണമെന്നും ആവശ്യം; മലപ്പുറം ജില്ലാ സെക്രട്ടറിയായി വീണ്ടും ഇ.എൻ മോഹൻദാസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിൽ പാർട്ടിയെ വളർത്തുന്നതിൽ നേതൃത്വം വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചില്ലെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. കഴിഞ്ഞ പെരിന്തൽമണ്ണ ജില്ലാ സമ്മേളനം നിശ്ചയിച്ച രാഷ്ട്രീയ, സംഘടനാ പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. ജില്ലാ നേതൃത്വത്തിന്റെ കാര്യക്ഷമത കുറേക്കൂടി മെച്ചപ്പെടേണ്ടതുണ്ട്. സ്വാധീനം കുറഞ്ഞ മേഖലകളിൽ സംഘടനയെ ശക്തിപ്പെടുത്താൻ പ്രത്യേക ഊന്നൽ നൽകണമെന്ന് പ്രതിനിധികൾ ചർച്ചയിൽ ആവശ്യപ്പെട്ടു.

സാംസ്‌കാരിക രംഗത്തടക്കം നിലവിൽ മുസ്ലിം ലീഗിനുള്ള മേൽക്കോയ്മ തിരിച്ചുപിടിക്കണം. ഏലംകുളത്തെ ഇ.എം.എസ് പഠനകേന്ദ്രത്തെ സാംസ്‌കാരിക കേന്ദ്രമാക്കി ഉയർത്തണം. പ്രതിലോമകരമായ ആശയ പരിസരം ശക്തമായ പ്രദേശമായതിനാൽ പാർട്ടി വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാമുഖ്യം നൽകേണ്ടതുണ്ട്. ഈ ചുമതല നിർവഹിക്കുന്നതിൽ ജില്ലാ നേതൃത്വത്തിനും വിദ്യാഭ്യാസ സബ്കമ്മിറ്റിക്കും വീഴ്ച സംഭവിച്ചെന്ന് ചർച്ചയിൽ പങ്കെടുത്ത മിക്ക പ്രതിനിധികളും വിമർശനമുന്നയിച്ചു. പൊന്നാനിയിലും പെരിന്തൽമണ്ണയിലും ഉണ്ടായ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ പാർട്ടി അണികൾക്ക് വിദ്യാഭ്യാസമേകണം.

ജില്ലയിലെ സാമൂഹ്യ ജീവിതത്തിന് ഭീഷണിയായി മാറിയ മത തീവ്രവാദം, മാഫിയ ഭീഷണി എന്നിവക്കെതിരെ ഫലപ്രദമായ പ്രതിരോധമുയർത്താനാവശ്യമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. വീട്ടമ്മമാർക്ക് പെൻഷൻ നൽകുന്നതടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കാനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്തണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ഇന്നലെയും ഇന്നുമായി നടന്ന പൊതുചർച്ചയിൽ 37 പ്രതിനിധികൾ പങ്കെടുത്തു. പ്രതിനിധികളുടെ ചർച്ചയിൽ ഉയർന്നു വന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെയും ജില്ലാ സെക്രട്ടറിയുടെയും മറുപടി പ്രസംഗത്തോടെ ഇന്നത്തെ സമ്മേളന നടപടികൾ സമാപിക്കും. രാവിലെ 11ന് ആരംഭിക്കുന്ന സമ്മേളനം പുതിയ ജില്ലാകമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും.

ജില്ലാകമ്മിറ്റി ഓഫീസ് കാലപ്പഴക്കം കൊണ്ടുള്ള പരിമിതികൾ കാരണം ജില്ലയിലെ പാർട്ടിയുടെ ആവശ്യങ്ങൾ നിർവഹിക്കാൻ പര്യാപ്തമല്ല. ഓഫീസ് കെട്ടിടം പൊളിച്ച് പുനർനിർമ്മിക്കണമെന്ന കഴിഞ്ഞ സമ്മേളനം കൈക്കൊണ്ട തീരുമാനം നടപ്പിലാക്കുന്നതിൽ ജില്ലാ കേന്ദ്രത്തിന് വീഴ്ചയുണ്ടായുണ്ടായി. എത്രയും പെട്ടെന്ന് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യവും പ്രതിനിധികളിൽ നിന്നുണ്ടായി. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് മുടക്കിടുന്നവരെ ഒറ്റപ്പെടുത്താൻ വിപുലമായ പ്രചാരണങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യവും പ്രതിനിധികൾ ഉന്നയിച്ചു.

അതേ സമയം സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എൻ മോഹൻദാസിനെ വീണ്ടും തെരഞ്ഞെടുത്തു. തിരൂരിൽ ചേർന്ന സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ഇ എൻ മോഹൻദാസ് 2018ൽ പെരിന്തൽമണ്ണ ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായത്. അറുപത്തൊമ്പതുകാരനായ അദ്ദേഹം 2007ൽ മണ്ണഴി എയുപി സ്‌കൂൾ പ്രധാനധ്യാപകനായി വിരമിച്ചു.

1970ലാണ് സിപിഐ എം അംഗമായത്. ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, 11 വർഷം മലപ്പുറം ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെഎസ്വൈഎഫ് ജില്ലാ പ്രസിഡന്റും ഡിവൈഎഫ്ഐയുടെ പ്രഥമ ജില്ലാ പ്രസിഡന്റുമായി.

ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജർ, റെയ്ഡ്കോ വൈസ് ചെയർമാൻ, കോഡൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. കോട്ടക്കൽ ആര്യശെവദ്യശാലാ ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റായിരുന്നു.

ഇന്ത്യനൂരിലെ എടയാട്ട് നെടുമ്പുറത്തെ പരേതരായ വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ. റിട്ട. അദ്ധ്യാപിക കെ ഗീത. മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ: ജയപ്രകാശ് (കോമേഴ്സ് അദ്ധ്യാപകൻ, മലപ്പുറം ഗവ. കോളേജ്), ശ്രീജിഷ (ടെക്നോപാർക്ക്, തിരുവനന്തപുരം) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP