Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിദ്ദിഖ് കാപ്പൻ വർഗീയ കലാപം പ്രോത്സാഹിപ്പിക്കുന്നതും ദേശീയ ഐക്യം തകർക്കുന്നതുമായ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു; ഏഷ്യാനെറ്റ്, മീഡിയാവൺ ചാനലുകളിലെ റിപ്പോർട്ടർമാരെ സ്വാധീനിച്ചു; മിജി ജോസും പ്രശാന്ത് രഘുവംശവും നിരപരാധിയായ ഇരയായി കാപ്പനെ ചിത്രീകരിച്ചതിൽ അന്വേഷണം വേണം; മലയാള മനോരമ ലേഖകൻ യുപി പൊലീസിന് നൽകിയ മൊഴി പുറത്ത് വിട്ട് ന്യൂസ് ലോണ്ട്രി

സിദ്ദിഖ് കാപ്പൻ വർഗീയ കലാപം പ്രോത്സാഹിപ്പിക്കുന്നതും ദേശീയ ഐക്യം തകർക്കുന്നതുമായ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു; ഏഷ്യാനെറ്റ്, മീഡിയാവൺ ചാനലുകളിലെ റിപ്പോർട്ടർമാരെ സ്വാധീനിച്ചു; മിജി ജോസും പ്രശാന്ത് രഘുവംശവും നിരപരാധിയായ ഇരയായി കാപ്പനെ ചിത്രീകരിച്ചതിൽ അന്വേഷണം വേണം; മലയാള മനോരമ ലേഖകൻ യുപി പൊലീസിന് നൽകിയ മൊഴി പുറത്ത് വിട്ട് ന്യൂസ് ലോണ്ട്രി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ദളിത് പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ യുപി പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിക് കാപ്പന്റെ അറസ്റ്റിലേക്ക് നയിച്ച സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. 2020 ഒക്ടോബർ അഞ്ചിനാണ് കാപ്പൻ പിടിയിലായത്. സിദ്ദിഖ് കാപ്പനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തുന്ന, മലയാള മനോരമ ലേഖകൻ ബിനു വിജയന്റെ മൊഴിയാണ് പുറത്തുവന്നത്. കുറ്റപത്രത്തിലുള്ള വിവരങ്ങൾ ന്യൂസ് ലോണ്ട്രിയാണ് പുറത്തുവിട്ടത്. ബിനു വിജയന്റെ മൊഴിയാണ് എസ്.ടി.എഫ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ന്യൂസ് ലോണ്ട്രിയുടെ അന്വേഷണത്തിൽ വ്യക്തമായത്.

കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയായിരുന്നു സിദ്ദിഖ് കാപ്പൻ. രാജ്യദ്രോഹക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ യുപി പൊലീസിന് സഹായകമായത് മലയാള മനോരമ പറ്റ്‌ന ലേഖകൻ ബിനുവിന്റെ മൊഴിയെന്ന് 'ന്യൂസ്ലോൺഡ്രി' റിപ്പോർട്ടു ചെയ്തു.
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയായിരിക്കെ കാപ്പൻ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും വർഗീയ കലാപം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ ഐക്യം തകർക്കുന്നതിനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിനുമായി വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നുമാണ് ബിനു വിജയന്റെ മൊഴിയിൽ പറയുന്നത്.

യു.പി പൊലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഉദ്യോഗസ്ഥർ കാപ്പന് മേൽ ചുമത്തിയ കുറ്റങ്ങൾ പ്രതിഭാഗം അഭിഭാഷകനായ മധുവൻ ദത്ത് ചതുർവേദി പരിശോധിച്ചിക്കുകയും സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനെതിരെ മൊഴി നൽകിയവരെ കുറിച്ചുള്ള കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ ന്യൂസ് ലോണ്ട്രി പുറത്തുവിട്ടത്.

സിദ്ദിഖ് പിഎഫ്‌ഐ പ്രവർത്തകനാണെന്നും വർഗീയധ്രുവീകരണത്തിന് വഴിയൊരുക്കുന്ന വാർത്തകൾ നിരന്തരം നൽകിയെന്നും യുപി,എസ്ടിഎഫിന് ബിനു മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിൽ കെയുഡബ്‌ള്യുജെ ഭാരവാഹികളായിരുന്ന മറ്റു ചില മാധ്യമപ്രവർത്തകരും വർഗീയത ഇളക്കിവിടും വിധം വാർത്തകൾ നൽകിയെന്നും ഇവർക്കെതിരായി കൂടി അന്വേഷണം വേണമെന്നും ബിനു യുപി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിദ്ദിഖിനും ഡൽഹിയിലെ മറ്റ് മലയാള മാധ്യമപ്രവർത്തകർക്കെതിരായും ബിനു നൽകിയ വിശദമായ മൊഴി മഥുര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ യുപി പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖ് കാപ്പനെ വർഗീയവാദിയായി ചിത്രീകരിച്ച് ഓർഗനൈസർ അസോസിയേറ്റ് എഡിറ്റർ ജി ശ്രീദത്തന് ബിനു അയച്ച ഇമെയിലുകളുടെ പകർപ്പും കുറ്റപത്രത്തിന്റെ ഭാഗമാണ്.

ഡൽഹിയിൽ ദീർഘനാൾ മനോരമയ്ക്കായി ബിജെപി വാർത്തകൾ കൈകാര്യം ചെയ്തിരുന്നത് ബിനുവായിരുന്നു. ന്യൂസ്ലോൺഡ്രി റിപ്പോർട്ടിന്റെ ചുരുക്കം ഇങ്ങനെ: സിദ്ദിഖും മറ്റുചില കെയുഡബ്‌ള്യുജെ മാധ്യമപ്രവർത്തകരും വർഗീയ താൽപ്പര്യത്തോടെ നിരന്തരം വാർത്തകൾ നൽകിയെന്ന് ബിനു അറിയിച്ചതായി 2020 ഡിസംബർ 31 ന് ഡെയിലി ഡയറി എൻട്രിയായി യുപി പൊലീസ് കേസ് ഫയലിൽ രേഖപ്പെടുത്തി. തുടർന്ന് പൊലീസ് ബിനുവിനെ ബന്ധപ്പെട്ടു. നേരിട്ട് ഹാജരാകാനാകില്ലെന്നും ഇമെയിലിൽ അറിയിക്കുന്ന കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്താമെന്നും ബിനു അറിയിച്ചു. ദേശീയ അഖണ്ഡതയ്ക്കും മതസൗഹാർദ്ദത്തിനും അപകടം ചെയ്യും വിധം വർഗീയത പടർത്തുന്നതിൽ സിദ്ദിഖിന്റെയും ഡൽഹിയിലെ മറ്റുചില കെയുഡബ്ള്യുജെ നേതാക്കളുടെയും പങ്ക് എന്നാണ് ബിനുവിന്റെ മൊഴിയിലെ ആദ്യ ഉപതലക്കെട്ട്. എന്നാൽ ഇത് തെളിയിക്കുന്ന യാതൊരു രേഖയും ബിനു കൈമാറിയിട്ടില്ല.

ബിനു വിജയന്റെ ആരോപണങ്ങൾ

സിഎഎ വിരുദ്ധ സമരത്തിന്റെ ഘട്ടത്തിൽ ജാമിയയിലെ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് കെയുഡബ്‌ള്യുജെ അംഗങ്ങളായ മാധ്യമപ്രവർത്തകർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. ഏഷ്യാനെറ്റ്, മീഡിയാവൺ ചാനലുകളിലെ റിപ്പോർട്ടർമാരെ സിദ്ദിഖ് സ്വാധീനിച്ചു. ഈ രണ്ട് ചാനലുകൾക്കും 48 മണിക്കൂർ വിലക്ക് വന്നു. എന്നാൽ ചാനലുകളിലെ മാധ്യമപ്രവർത്തകർക്കെതിരായി നടപടിയുണ്ടായില്ല. സിദ്ദിഖിനെ യുപി പൊലീസ് 'ഇര'യാക്കിയതെന്ന തരത്തിൽ കെയുഡബ്‌ള്യുജെയിലെ അൾട്രാ ലെഫ്റ്റ് മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തി. ഇവരുടെ പങ്ക് അന്വേഷിക്കണം. കെയുഡബ്‌ള്യുജെ സെക്രട്ടറിയായിരിക്കെ പിഎഫ്‌ഐയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സിദ്ദിഖ് യൂണിയൻ ഫണ്ടിൽ നിന്ന് പണം പിൻവലിച്ചു. സിദ്ദിഖ് സജീവ പിഎഫ്‌ഐ പ്രവർത്തകനാണ്. രാജ്യത്താകെ വർഗീയത പടർത്താൻ സിദ്ദിഖ് ശ്രമിച്ചു'.

മീഡിയ വൺ ചാനലിൽ ഇപ്പോൾ പ്രവർത്തിക്കുന്ന, കെയുഡബ്ല്യുജെ ഡൽഹി യൂണിറ്റ് പ്രസിഡന്റ് മിജി ജോസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ പ്രശാന്ത് രഘുവംശം എന്നിവർ, യുപി പൊലീസിന്റെ കൈയിൽ അകപ്പെട്ട നിരപരാധിയായ ഇരയായി കാപ്പനെ സോഷ്യൻ മീഡിയയിൽ ഉയർത്തി കാട്ടി എന്നും വിജയന്റെ മൊഴിയിലുണ്ട്. കെയുഡബ്ലുജെ മുൻ സെക്രട്ടറിമാരായ പി.കെ.മണികണ്ഠൻ, എം പ്രശാന്ത് എന്നിവരുടെ പങ്കും അന്വേഷിക്കണമെന്നും ബിനു വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 20 വർഷത്തോളമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ബിനു വിജയൻ. 2003 മുതൽ 2017 വരെ മലയാള മനോരമയുടെ ഡൽഹി കറസ്പോണ്ടന്റാണ് അദ്ദേഹം. നിലവിൽ മലയാള മനോരമയിലെ പട്നയിലെ ലേഖകനാണ് ബിനു വിജയൻ.

2019 ൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ (സിഎഎ) പ്രതിഷേധത്തെക്കുറിച്ചും ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തെക്കുറിച്ചും വ്യാജവാർത്ത പ്രചരിപ്പിച്ചതിൽ കാപ്പന് പങ്കുണ്ടെന്നാണ് ബിനു വിജയന്റെ പ്രസ്താവനയുടെ ആദ്യഭാഗത്തിൽ ആരോപിക്കുന്നത്.കെ.യു.ഡബ്ല്യു.ജെയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സിദ്ദിഖ് കാപ്പൻ സംശയാസ്പദമായ രീതിയിൽ പണം പിൻവലിച്ചതിനെ കുറിച്ചാണ് രണ്ടാം ഭാഗം.

2020 നവംബർ 23-ന് ശ്രീദത്തന് അയച്ച ഇമെയിലിൽ, കെ.യു.ഡബ്ല്യു.ജെ ഡൽഹിയിലും കേരളത്തിലും നിരവധി സാമ്പത്തിക, സ്വത്ത് ക്രമക്കേടുകൾ നടത്തിയതായും ബിനു വിജയൻ ആരോപിച്ചിട്ടുണ്ട്. കേരള സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ ദുരുപയോഗം ചെയ്തതിന് കെ.യു.ഡബ്ല്യു.ജെയുടെ ഡൽഹി യൂണിറ്റിനെതിരെ കേസെടുത്തിട്ടുണ്ടെന്നും 2018 മുതൽ കേരള ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം കോടതിയിൽ നിലനിൽക്കുന്ന കേസുകളുടെ സ്ഥിതി സംബന്ധിച്ച വിവരങ്ങളൊന്നും കുറ്റപത്രത്തിൽ പറയുന്നില്ല.

അതേസമയം 25 ലക്ഷം രൂപ ദുരുപയോഗം ചെയ്‌തെന്നത് തെറ്റായ ആരോപണമാണെന്നും ആ തുക കെ.യു.ഡബ്ല്യു.ജെയുടെ ഡൽഹി യൂണിറ്റിന്റെ അക്കൗണ്ടിൽ ഉണ്ടെന്നുമായിരുന്നു ഇതു സംബന്ധിച്ചുള്ള ന്യൂസ് ലോണ്ട്രിയുടെ ചോദ്യത്തോടുള്ള കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ.പി. റെജിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP