Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊടും ക്രൂരതയ്ക്ക് പ്രചോദനം ക്രൈം ത്രില്ലർ സിനിമകൾ; വിരലടയാളം പതിയാതിരിക്കാൻ കയ്യിൽ സോക്‌സ് ധരിക്കും; ആഡംബര ജീവിതം നയിക്കാൻ അരുംകൊല നടത്തിയും മോഷണം; കൈ വെട്ടിമാറ്റി സ്വർണ വളയെടുത്ത കണ്ണിൽ ചോരയില്ലായ്മ; കേരളത്തെ വിറപ്പിച്ച കൊലയാളിക്ക് മുമ്പിൽ സിബിഐയും മുട്ടുമടക്കി; ആരാണ് റിപ്പർ ജയാനന്ദൻ?

കൊടും ക്രൂരതയ്ക്ക് പ്രചോദനം ക്രൈം ത്രില്ലർ സിനിമകൾ; വിരലടയാളം പതിയാതിരിക്കാൻ കയ്യിൽ സോക്‌സ് ധരിക്കും; ആഡംബര ജീവിതം നയിക്കാൻ അരുംകൊല നടത്തിയും മോഷണം; കൈ വെട്ടിമാറ്റി സ്വർണ വളയെടുത്ത കണ്ണിൽ ചോരയില്ലായ്മ; കേരളത്തെ വിറപ്പിച്ച കൊലയാളിക്ക് മുമ്പിൽ സിബിഐയും മുട്ടുമടക്കി; ആരാണ് റിപ്പർ ജയാനന്ദൻ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റിപ്പർ ജയാനന്ദൻ കേരളത്തെ നടുക്കുന്ന ക്രൂരനായ കുറ്റയാളിയുടെ പേര് വീണ്ടും വാർത്തകളിൽ നിറയുകയാണ്. എറണാളും ജില്ലയിലെ ഇടപ്പള്ളി പോണോക്കരയിൽ 2004ൽ നടത്തിയ ഇരട്ടകൊലപാതകത്തിലെ പ്രതി റിപ്പർ ആണെന്ന വാർത്തകൾ പുറത്തുവരുമ്പോൾ കേരളം ആശ്വസിക്കുന്നത്, ഈ കൊടുംകുറ്റവാളി ജയിലിൽ ആണല്ലോ എന്നു കരുതിയാണ്. ജയിൽ ചാടിയും പൊലീസിനെ വെട്ടിച്ചും കടന്ന ചരിത്രമുള്ള ജയാനന്ദൻ ഇനി പുറം ലോകം കാണില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. ഇതിനിടെയാണ് മറ്റൊരു ഇരട്ടകൊലപാതകത്തിൽ കൂടി റിപ്പർ പ്രതിയായിരിക്കുന്നത്. ഏഴു പേരെ കൊന്നുതള്ളിയ കേസിൽ പ്രതിയായ റിപ്പോർ ജയനാന്ദൻ ഈകേസിലെ കുറ്റസമ്മതത്തോടെ തന്റെ ഇരകളുടെ എണ്ണം ഒമ്പതായി ഉയർത്തിയിരിക്കയാണ്.

സിനിമക്കഥയെ പോലും വെല്ലുനന്ന ജീവിതമാണ് റിപ്പർ ജയാനന്ദന്റേത്. നിരവധി പേരെ കൊലപ്പെടുത്തിയ ഇയാളുടെ കയ്യിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവർ നിരവധിയാണ്. ആഡംബര ജീവിതവും മദ്യപാനവും തന്നെയാണ് റിപ്പർ ജയനന്ദന്റെ മോട്ടിവ്. സ്വർണത്തിനും പണത്തിനും വേണ്ടി ആരെയും നിഷ്ഠൂരം കൊന്നുതള്ളും. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജയാനന്ദൻ സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയതെന്നാണ് പുറത്തുവന്ന വിവരം.

തലയ്ക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സ്വർണം ലഭിക്കാൻ വേണ്ടി കൈ വെട്ടിമാറ്റി വളയെടുക്കുന്ന കൊടുംക്രൂരനാണ് റിപ്പർ. ഏഴ് കൊലപാതകങ്ങൾ നടത്തിയ ശേഷമാണ് റിപ്പറിനെ തൊടാൻ പോലും പൊലീസിന് സാധിച്ചതെന്നതാണ് ബുദ്ധിമാനായ ക്രിമിനലാണ് ജയാനന്ദൻ എന്നു സാക്ഷ്യപ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങൾക്കു മുന്നിൽ സിബിഐക്ക് പോലും മുട്ടുമടക്കേണ്ടിവന്നുവെന്ന കഥയാണ് റിപ്പറിന്റേത്.

ആരായിരുന്നു ജയാനന്ദൻ?

എട്ടാം ക്ലാസ് വരെ പഠിച്ച ജയാനന്ദൻ ചെറുപ്പത്തിൽ അച്ഛനൊപ്പം മീൻ പിടിക്കാൻ പോയിരുന്നു സാധാരണക്കാരനായ കൂലിപ്പണിക്കാരനായിരുന്നു ജയാനന്ദൻ. ചെറുപ്പത്തിൽ ചെറിയ മോഷണങ്ങൾ നടത്തി തുടങ്ങിയത് ആഡംബര ജീവിതത്തിനും മദ്യപാനത്തിനും പണം തികയാതെ വന്നതോടെയാണ്. ജയാനന്ദന്റെ സ്വഭാവത്തെക്കുറിച്ച് വീട്ടുകാർക്കുപോലും ആദ്യം അറിവുണ്ടായിരുന്നില്ല. ബാർ ഹോട്ടലുകൾക്കു മദ്യം എത്തിച്ചുകൊടുക്കുന്ന ജോലിയാണു തനിക്കെന്നും ദൂരെ റബർ തോട്ടമുണ്ടെന്നും ഇയാൾ ഭാര്യയോടു പറഞ്ഞിരുന്നു. രാത്രികളിലെ ജോലിയെ കുറിച്ച് വീട്ടുകാർ ചോദിക്കുമ്പോൾ ജയാനന്ദൻ പറഞ്ഞിരുന്നത് ഈ കഥയായിരുന്നു.

ജയാനന്ദന്റെ മോഷണത്തെക്കുറിച്ച് ഭാര്യയ്ക്ക് സൂചന ലഭിക്കുന്നത് ഒരു സാരിയിലൂടെയാണ്. അയൽവീട്ടിൽ ഉണങ്ങാനിട്ടിരുന്ന സാരി മോഷ്ടിച്ച് പുതിയ സാരിയാണെന്നു പറഞ്ഞു ജയാനന്ദൻ ഭാര്യക്കു സമ്മാനിച്ചു. ഒരു വിവാഹ ചടങ്ങിൽ സാരിയുടെ യഥാർഥ ഉടമ ജയാനന്ദന്റെ ഭാര്യയെ തൊണ്ടി സഹിതം പിടികൂടി. സാരിയുടെ പണം കൊടുത്ത് അന്നു കേസ് ഒതുക്കിങ്കെിലും മോഷ്ടാവെന്ന പേരു വീണതിനാൽ ഇയാൾ കൊടുങ്ങല്ലൂരിലേക്കു താമസം മാറ്റി. എന്നാൽ സ്ഥലം മാറിയെങ്കിലും മോഷണം നടത്തുന്ന പതിവ് ജയാനന്ദൻ തുടങ്ങി.

കൊടുങ്ങല്ലൂരിലെ താമസ സ്ഥലത്തിനു സമീപത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തതാണ് ഇയാൾക്കെതിരെയുള്ള രണ്ടാമത്തെ കേസ്. പിന്നീട് കൊലപാതകക്കേസിൽ കുടുങ്ങുന്നതുവരെ ഒരിക്കൽപോലും പൊലീസിന് ഇയാളെ പിടികൂടാനായില്ല. കൊലപാതകങ്ങൾ നടത്തി നാടുവിറപ്പിച്ച കൊടുംകുറ്റവാളി ജയാനന്ദൻ ആയിരുന്നുവെന്ന വാർത്ത ഞെട്ടലോടൊണ് സുഹൃത്തുക്കൾ കേട്ടത്. കവർച്ചമുതൽ ഉപയോഗിച്ചു സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന പതിവും ജയാനന്ദനുണ്ടായിരുന്നു.

സ്വർണം ധരിച്ച സ്ത്രീകളെ നോട്ടമിടും, പണയം വെച്ചു പണമാക്കും

എറണാകുളം -തൃശൂർ അതിർത്തി മേഖലകളിൽ നടന്ന പല മോഷണങ്ങളുടെയും പിന്നിൽ ജയാനന്ദനായിരുന്നു. സ്വർണാഭരണങ്ങൾ ധരിച്ച സ്ത്രീകളായിരുന്നു മുഖ്യലക്ഷ്യം. സ്വർണം മോഷ്ടിച്ചു പണയം വെക്കുകയായിരുന്നു ജയാനന്ദന്റെ സ്റ്റൈൽ. മോഷ്ടിച്ചെടുക്കുന്ന സ്വർണം പണയം വയ്ക്കുകയായിരുന്നു പതിവ്. പണയം വച്ച സ്ഥാപനം പോലും കൃത്യമായി ഓർത്തെടുക്കാൻ ജയാനന്ദന് കഴിഞ്ഞിരുന്നില്ല. സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നു പ്രചോദനം നേടിയാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. വിരലടയാളം പതിയാതിരിക്കാൻ കൈയിൽ സോക്സ് ധരിച്ചാണ് കൃത്യം നടത്തിയിരുന്നത്. ഗ്യാസ് തുറന്നുവിട്ടും മണ്ണെണ്ണ സ്പ്രേ ചെയ്തും തെളിവു നശിപ്പിക്കുന്ന രീതിയും സിനിമയിൽ നിന്നാണു പഠിച്ചതെന്ന് ജയാനന്ദൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

കൊലപാതകങ്ങളെല്ലാം തനിച്ചു ചെയ്തിരുന്ന ജയാനന്ദൻ കവർച്ച ചെയ്യേണ്ട വീടുകൾ തലേന്നാണു തീരുമാനിച്ചിരുന്നത്. കൊലയ്ക്ക് ഉപയോഗിച്ചിരുന്ന ഇരുമ്പുദണ്ഡുകളും പാരകളും സമീപത്തെ വീടുകളിൽ നിന്നാണ് എടുക്കുകയും ചെയ്യും. കൃത്യം നടത്തിയ ശേഷം ഇതു സംഭവസ്ഥലത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു പതിവ്.

കണ്ണീർ ചോരയില്ലാത്ത അരുംകൊലകൾ നടത്തി റിപ്പറായി

കണ്ണിൽചോരയില്ലാത്ത വിധത്തിൽ കൊടും ക്രൂരതയാണ് റിപ്പർ ജയാനന്ദൻ അവലംബിച്ചിരുന്ന ശൈലി. ഇയാളുടെ കൊലപാതകങ്ങളിൽ ഇത് വ്യക്തമാണ് താനും. അത്തരത്തിലുള്ള അരുകൊലകളുടെ കഥ ഇങ്ങനെ: സ്ഥലം എറണാകുളം ജില്ലയിലെ പറവൂർ. 2005 ഓഗസ്റ്റ് ഒന്നിന് രാത്രി പതിവ് പട്രോളിങ്ങിന് ഇറങ്ങിയ പൊലീസ് കണ്ടത് നഗരത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റിനോട് ചേർന്ന് ഒരാൾ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ്. പൊലീസുകാർ അയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഭവസ്ഥലത്താകെ പരിശോധന നടത്തി. മരിച്ചത് ബിവറേജസ് ഔട്ട്‌ലെറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ സുഭാഷാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

മദ്യവിൽപനശാലയുടെ പിന്നിലെ മതിൽ ആരോ കുത്തിത്തുരന്നിട്ടുണ്ട്. ഒരു മോഷണ ശ്രമം നടന്നിരിക്കാം. അന്ന് ബിവ്‌റേജസ് ഔട്ട്‌ലെറ്റ് അവധിയായിരുന്നു. അതിനാൽ വലിയൊരു തുക ഷോപ്പിലുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിറിഞ്ഞായിരിക്കാം അവരെത്തിയത്. മതിൽ കുത്തിതുരക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുഭാഷ് കണ്ടിട്ടുണ്ടാകാം. അയാൾ അത് തടയാൻ ശ്രമിച്ചതിനിടയിലാകാം കൊലപാതകമെന്നുള്ള നിഗമനത്തിൽ പൊലീസ് എത്തി.

സംഭവസ്ഥലത്ത് നിന്നും പ്രതികളിലേക്കെത്താവുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. പ്രതിയെ തിരിച്ചറിയാൻ സാക്ഷികളുമില്ല. സംഭവശേഷം നഗരത്തിലാകെ പൊലീസ് പരിശോധന നടത്തി. സംശയകരമായി ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ സമരങ്ങൾ ആരംഭിച്ചു. അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ, അവർക്കും കൊലപാതകിയെ കണ്ടെത്താനായില്ല.

സ്ഥലം എറണാകുളം ജില്ലയിലെതന്നെ പുത്തൻവേലിക്കര. 2006 ഒക്ടോബർ മൂന്നിന് നെടുമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ബേബിയെ കിടപ്പു മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിൽ ഭാര്യ ബേബിയുടെ മൃതദേഹത്തിന് അരികെ അബോധാവസ്ഥയിൽ രാമകൃഷ്ണനെയും കണ്ടെത്തി. രാമകൃഷ്ണനെ അക്രമികൾ ഗുരുതരമായി പരിക്കേൽപ്പിച്ചിരിന്നു. ബേബിയുടെ കൈയും വെട്ടിയെടുത്തിട്ടുണ്ട്. പൊലീസെത്തി പരിശോധിച്ചപ്പോൾ മസിലായത് വീട്ടിൽ കവർച്ച നടന്നിട്ടുണ്ട്. പണവും ആഭരണങ്ങളുമെല്ലാം കവർന്നിരുന്നു. തെളിവുകൾ നശിപ്പിക്കാൻ മുറിയിൽ മണ്ണെണ്ണ ഒഴിച്ചു, പാചക വാതക സിലിണ്ടർ തുറന്നിട്ടു.

പ്രതിയെക്കുറിച്ച് എത്തുപിടിയും പൊലീസിന് ലഭിച്ചില്ല. ഇതരസംസ്ഥാന മോഷണ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ് എത്തിയത്. അപ്പോഴും പറവൂർ സുഭാഷ് കൊലക്കേസിൽ അന്വേഷണം തുടരുന്നുണ്ടായിരുന്നു. പുത്തൻവേലിക്കര ബേബിയെ കൊന്നകേസിൽ പ്രതിയെന്ന് സംശയിച്ച് കൊടും ക്രിമിനലായ ഒളാട്ടുപുറത്ത് ഷിബുവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. അന്വേഷിച്ചപ്പോൾ കേസിൽ ഇയാൾക്ക് പങ്കില്ലെന്ന് തെളിഞ്ഞു. പക്ഷെ ക്രിമിനൽ സ്വഭാവമുള്ള നിരവധിയാളുകളെക്കുറിച്ച് ഇയാളിൽ നിന്നും പൊലീസിന് വിവരം ലഭിച്ചു. മാളക്ക് സമീപം കൃഷ്ണൻകോട്ടയിൽ വിവിധ കേസുകളിൽപ്പെട്ട പ്രതിയായ തമ്പിയെ കുറിച്ച് അറിയുന്നത് അങ്ങനെയാണ്.

പൊലീസ് പിടിയിലായതോടെ കുറ്റസമ്മതം

മറ്റൊരു കേസിലെ പ്രതിയിൽ നിന്നുമാണ് കൊടുംകുറ്റവാളിയായി റിപ്പറിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ ജയാനന്ദനെ രഹസ്യമായി നിരീക്ഷിക്കാനും തുടങ്ങി. മൂന്നു വർഷം മുമ്പ് മോഷണക്കേസിൽ പ്രതിയായതിന് ശേഷം നാട്ടിൽ ആരുമായും ജയാനന്ദന് അടുപ്പമില്ലായിരുന്നു. ഭാര്യയും മക്കളും ഉണ്ടെങ്കിലും വീട് മിക്കവാറും അടഞ്ഞുകിടന്നു. പകൽസമയം കൂടുതലും ജയാനന്ദൻ വീട്ടിൽ തന്നെയുണ്ടാകും. ഇത് പൊലീസിന്റെ സംശയം വർധിപ്പിച്ചു. ഇയാളെ ചോദ്യംചെയ്യാൻ തന്നെ പൊലീസ് തീരുമാനിച്ചു. ജയാനന്ദനെ അറസ്റ്റ് ചെയ്തു. ആദ്യം ഒന്നും പറയാൻ തയ്യാറായില്ലെങ്കിലും പിന്നീട് കൊലപാതകങ്ങൾ ഓരോന്നായി പ്രതി ഏറ്റുപറഞ്ഞു.

ജയാനന്ദന്റെ ആറാമത്തെ കൊലപാതമായിരുന്നു ബിവറേജസ് ജീവനക്കാരനായ സുഭാഷിന്റേത്. ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് പറവൂരിലെ ബിവറേജസ് കോർപറേഷന്റെ ചില്ലറ മദ്യവിൽപനശാലയിലെ വിറ്റുവരവ് ലക്ഷങ്ങളാണെന്ന് അറിഞ്ഞത്. മോഷണ ശ്രമത്തിനിടെയാണ് സുഭാഷിനെ കൊന്നതെന്നും ജയാനന്ദൻ തുറന്നു പറഞ്ഞു. ഏഴാമത്തെ കൊലപാതകം പുത്തൻവേലിക്കരയിൽ ആയിരുന്നു. രാമകൃഷ്ണനെ തലക്ക് കമ്പിക്ക് അടിച്ചുവീഴ്‌ത്തിയ ശേഷം ഉറങ്ങുകയായിരുന്ന ബേബിയെ തലക്കടിച്ചു കൊല്ലുകയായിരുന്നെന്നും, സ്വർണവള ഊരിയെടുക്കാൻ പ്രയാസമായതിനാലാണ് കൈ വെട്ടിമാറ്റി വളയെടുത്തതെന്നും പ്രതി ഏറ്റുപറഞ്ഞു.

ജയാനന്ദന്റെ കുറ്റസമ്മതം

2003 സെപ്റ്റംബറിൽ തൃശ്ശൂർ ജില്ലയിലെ മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകമായിരുന്നു ജയാനന്ദന്റെ തെളിയിക്കപ്പെട്ട ആദ്യ കേസ്. പഞ്ഞിക്കാരൻ ജോസ് എന്നയാളായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയിൽ ജോസിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന ജയാനന്ദൻ ഉറങ്ങിക്കിടക്കുകയായിരുന്ന അയാളുടെ തലക്ക് ഇരുമ്പുപാരകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. സംഭവസ്ഥത്ത് പരിശോധന നടത്തിയ പൊലീസിന് ഒരു തുമ്പും ലഭിച്ചില്ലിരുന്നില്ല. വിരലടയാളങ്ങളോ സാക്ഷികളോ മറ്റ് തെളിവുകളോ ഒന്നും ലഭിച്ചില്ല. പൊലീസിന്റെ പരാജയം വലിയ വിജയമായാണ് ജയാനന്ദൻ കണക്കാക്കിയത്. കേസിൽ പൊലീസ് തന്നിലേക്ക് എത്താതിരുന്നത് ജയാനന്ദന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഒരിക്കലും താൻ പിടിക്കപ്പെടില്ലെന്നും അയാൾ കരുതി.

2004 മാർച്ച് 26നാണ് രണ്ടാം കൊലപാതകം. മാള പള്ളിപ്പുറം കളത്തിപ്പറമ്പിൽ നബീസ മരുമകൾ ഫൗസിയ എന്നിവരെയും കമ്പിപ്പാരകൊണ്ട് തലക്കടിച്ചാണ് ജയാനന്ദൻ കൊന്നത്. മറ്റൊരു മരുമകളായ നൂർജഹാനും അന്ന് ആക്രമിക്കപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 32 പവനോളം ആഭരണങ്ങളും അവിടെനിന്നും ജയാനന്ദൻ കവർന്നു. മറ്റ് കൊലപാതകങ്ങൾ പോലെതന്നെ തെളിവുകൾ അവിടെയും അവശേഷിപ്പിച്ചിരുന്നില്ല. അതിനാൽ തന്നെ പ്രതി ജയാനന്ദനാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് സിബിഐ എത്തിയിട്ടും കേസ് തെളിയിച്ചില്ല.

2004 ഒക്ടോബറിൽ വീണ്ടും രണ്ടുപേരെ കൊലപ്പെടുത്തി. കളപ്പുര സഹദേവനും ഭാര്യ നിർമ്മലയുമായിരുന്നു ഇരകൾ. അവിടെ നിന്ന് പതിനൊന്ന് പവൻ സ്വർണവും പ്രതി കവർന്നു. 2005 മെയ് മാസത്തിലായിരുന്നു അടുത്ത കൊലപാതകം. വടക്കേക്കരയിലുള്ള ഏലിക്കുട്ടി എന്ന വയോധികയായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയിൽ വീട്ടിൽ കടന്ന ജയാനന്ദൻ, ശബ്ദം കേട്ട് ഉണർന്ന ഏലിക്കുട്ടിയെ തല്ക്കടിച്ചു കൊല്ലുകയായിരുന്നു. പിന്നീടാണ് പറവൂർ ബീവറേജസ് ജീവനക്കാരൻ സുഭാഷിനെ കൊലപ്പെടുത്തിയത്. അവസാന കൊലപാതകമായിരുന്നു 2006 ഒക്ടോബറിൽ നടന്ന പുത്തൻവേലിക്കരയിലെ രാമകൃഷ്ണന്റെ ഭാര്യ ബേബിയുടേത്. ഈ കാലയളവിൽ എറണാകുളം തൃശൂർ അതിർത്തി മേഖലകളിൽ നടന്ന പല മോഷണങ്ങളുടേയും പിന്നിൽ ജയാനന്ദനായിരുന്നു.

ആദ്യം വധശിക്ഷക്ക് വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയിൽശിക്ഷക്ക് വിധിച്ചു. ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദൻ. രണ്ടുതവണ ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് സഹടവുകാരനോടൊപ്പം ജയിൽചാടി. പിന്നീട് തൃശൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജയാനന്ദൻ ജയിൽചാടുന്നതും പിന്നീടിയാളെ പൊലീസ് പിടികൂടുന്നതും സിനിമയെ വെല്ലുന്ന കഥയാണ്. ഇപ്പോൾ ജയിലിൽ കഴിയുകയാണ് ജയാനന്ദൻ എന്ന റിപ്പർ ജയാനന്ദൻ. ഇതിനിടെയാണ് വീണ്ടും മറ്റൊരു കൊലപാതക കേസും തെളിയിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP