Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അരുവിത്തുറ എന്ന സ്ഥലമുണ്ടോ?; ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേര്; അനസ് പാറയലിന്റെ വർഗ്ഗീയ ഫോൺ വിളിക്ക് പുറമേ ഈരാറ്റുപേട്ടയിൽ സിപിഎമ്മിന് ക്ഷീണമായത് നഗരസഭയിലെ എസ്ഡിപിഐ ബന്ധം; അച്ചടക്ക നടപടിയും പുറത്താക്കലുമായി ഇമേജ് വീണ്ടെടുക്കാൻ പാർട്ടി

'അരുവിത്തുറ എന്ന സ്ഥലമുണ്ടോ?; ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേര്; അനസ് പാറയലിന്റെ വർഗ്ഗീയ ഫോൺ വിളിക്ക് പുറമേ ഈരാറ്റുപേട്ടയിൽ സിപിഎമ്മിന് ക്ഷീണമായത് നഗരസഭയിലെ എസ്ഡിപിഐ ബന്ധം; അച്ചടക്ക നടപടിയും പുറത്താക്കലുമായി ഇമേജ് വീണ്ടെടുക്കാൻ പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഈരാറ്റുപേട്ടയിൽ സിപിഎം തെറ്റുതിരുത്തലിന്റെ പാതയിൽ. നഗരസഭയിൽ എസ്ഡിപിഐ -സിപിഎം ബന്ധമെന്ന ആരോപണമാണ് പാർട്ടിക്ക് ക്ഷീണമായത്. നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ എസ്ഡിപിഐ പിന്തുണച്ച സ്വീകരിച്ച സംഭവത്തിലാണ് ഈരാറ്റുപേട്ടയിൽ സിപിഎം നടപടി എടുത്തത്. ലോക്കൽ സെക്രട്ടറി കെ എം ബഷീറിനെയും ഏരിയ കമ്മിറ്റി അംഗം എംഎച്ച് ഷനീറിനേയും തരംതാഴ്‌ത്തി. എസ്ഡിപിഐ പിന്തുണയില്ലാതെ വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാർട്ടിക്ക് അവമതിപ്പായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഈരാറ്റുപേട്ടയിൽ ചില നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങൾ അംഗീകരിക്കാനാകില്ല എന്ന് ജില്ലാ സെക്രട്ടറി എവി റസൽ വ്യക്തമാക്കി. ഈരാറ്റുപേട്ടയിൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും റസൽ കോട്ടയത്ത് പറഞ്ഞു. ഈരാറ്റുപേട്ടയിലെ രാഷ്ട്രീയം സവിശേഷമായ സാഹചര്യത്തിൽ ഉള്ളതാണ് എന്നും എ വി റസൽ പറഞ്ഞു. മുമ്പും തീവ്രമായ നിലപാടുകൾ അവിടെ ഉണ്ടായിട്ടുണ്ട്. ഇത്തരം നിലപാടുകളെ തിരുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് സിപിഎം ശ്രമിക്കുന്നത്. എസ്ഡിപിഐ പിന്തുണയോടെ അധികാരത്തിൽ വന്നപ്പോൾ രാജിവെക്കുന്ന സ്ഥിതി ആണ് മുൻപ് ഉണ്ടായത്. പാർട്ടി തീരുമാനം അംഗീകരിക്കാത്തവർക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടായിട്ടുണ്ട് എന്നും റസൽ പറഞ്ഞു. ഇത് തിരുത്തി കൊണ്ടുപോകാനുള്ള ശ്രമമാണ് സിപിഎം കാലങ്ങളായി നടത്തി വരുന്നത്. തെറ്റ് തിരുത്താനുള്ള ശ്രമം തുടരും.

നഗരസഭയിൽ എസ്ഡിപിഐ നേതാക്കളുമായി സിപിഎം ചർച്ച നടത്തിയിട്ടില്ല എന്നും എ വി റസൽ പറയുന്നു. പാർട്ടിയോട് ആലോചിക്കാതെ തീരുമാനമെടുത്തു എന്നതിന്റെ പേരിൽ ആണ് ഏരിയാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്‌ത്തുന്ന നടപടിയിലേക്ക് സിപിഎം എത്തിയത്. പൊതുജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്ന നിലപാടാണ് ഫലത്തിൽ ഉണ്ടായത് എന്നും സിപിഎം വിലയിരുത്തുന്നു.

ലോക്കൽ സമ്മേളനത്തിലെ നീക്കങ്ങൾ

ലോക്കൽ സമ്മേളനത്തിൽ ഉണ്ടായ ചില നീക്കങ്ങൾ പാർട്ടിയെ ഞെട്ടിച്ചു. ചില പ്രത്യേക താല്പര്യത്തോടെ ഒരു ഭാഗം പാർട്ടി ലോക്കൽ കമ്മിറ്റി പിടിച്ചടക്കാൻ നീക്കം നടത്തിയിരുന്നു. ലോക്കൽ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എം. രാധാകൃഷ്ണനെ പ്രാദേശിക നേതാക്കൾ തടഞ്ഞുവെച്ചത് ജില്ലാ സെക്രട്ടറിയേറ്റ് ഗൗരവത്തോടെയാണ് കാണുന്നത്. മത്സരം നടത്തിയില്ലെങ്കിൽ പുറത്തുവിടില്ല എന്ന് ഒരു ഭാഗം പറഞ്ഞതായി അന്ന് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത അച്ചടക്ക നടപടി ഉണ്ടായത്.

ലോക്കൽ സമ്മേളനത്തിൽ ഉണ്ടായ നീക്കങ്ങളിൽ 12 പേർക്കെതിരെ നടപടിയെടുത്തതായി എ വി റസൽ വ്യക്തമാക്കി. സമ്മേളനത്തിലെ തെറ്റായ നീക്കങ്ങൾക്കെതിരെ അഞ്ചു പേരെ സിപിഎം പുറത്താക്കി. ഏഴുപേർക്കെതിരെ സസ്‌പെൻഷൻ നടപടിയും സ്വീകരിച്ചു. നഗരസഭയിലെ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് രണ്ടു പേർക്കെതിരെ നടപടി സ്വീകരിച്ചതായും ജില്ലാസെക്രട്ടറി പറഞ്ഞു.

അനസ് പാറയിലിന്റെ വിവാദ ഫോൺ വിളി

ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ അനസ് പാറയിൽ നടത്തിയ വർഗീയ ഫോൺ വിളി അംഗീകരിക്കാനാവില്ല എന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യത്തിൽ തെറ്റുപറ്റി എന്ന് ബോധ്യം അനസ്സിന് ഉണ്ട്. എന്നാൽ തെറ്റ് ചെയ്ത സാഹചര്യത്തിൽ മൂന്നുമാസത്തേക്ക് പാർട്ടി സസ്‌പെൻഡ് ചെയ്യുകയാണ് ചെയ്തത് എന്ന് ജില്ലാസെക്രട്ടറി പറയുന്നു. പതിവായി വർഗ്ഗീയ നിലപാടുള്ള ഒരു നേതാവല്ല അനസ് പാറയിൽ. ഈരാറ്റുപേട്ടയിലെ പ്രത്യേക സാഹചര്യത്തിൽ പ്രതികരണമുണ്ടായത് ആകാമെന്നും റസൽ പറയുന്നു.

സൗജന്യ വന്ധ്യത ക്യാംപ് സംബന്ധിച്ച വിവരം അറിയിക്കാൻ ഫോണിൽ വിളിച്ചപ്പോൾ അരുവിത്തുറ എന്ന സ്ഥലപ്പേര് പറഞ്ഞതിന് നഴ്സിനോട് കയർത്ത് ഈരാറ്റുപേട്ട നഗരസഭ സിപിഎം കൗൺസിലർ അനസ് പാറയിൽ ആയിരുന്നു.

കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലിസ് ഫെർട്ടിലിറ്റി ക്ലിനിക് അരുവിത്തുറ പള്ളിക്കു സമീപമുള്ള കിസികോ ഡയഗ്‌നോസ്റ്റിക് സെന്റർ മുഖേന നടത്തുന്ന ക്യാംപിനെ സംബന്ധിച്ചു അറിയിക്കാനാണ് നഴ്‌സ് ഫോണിൽ വിളിച്ചത്. ക്യാംപ് നടക്കുന്ന സ്ഥലത്തിന്റെ പേര് അരുവിത്തുറയാണ് എന്ന് പറഞ്ഞതാണ് സിപിഎം കൗൺസിലറെ ചൊടിപ്പിച്ചത്. അരുവിത്തുറ എന്ന സ്ഥലമുണ്ടോ എന്നും ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേരെന്നും വർഗീയത പറയുകയാണെന്നു കരുതേണ്ടെന്നും അനസ് പാറയിൽ വിളിച്ച നഴ്സിനോട് പറയുന്നുണ്ട്. ക്യാംപ് സംഘടിപ്പിക്കുന്ന സ്ഥലത്തേക്കുറിച്ച് നഴ്‌സ് വ്യക്തമാക്കുമ്പോഴും സ്ഥലപ്പേരിന്റെ പേരിൽ തകർക്കം തുടരുകയാണ് സംഭാഷണത്തിൽ ഉടനീളം കൗൺസിലർ. ഇതിൽ വർഗ്ഗീയതയുണ്ടെന്ന് സിപിഎം തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

ഈ ഓഡിയോ വിവാദമായിരുന്നു. വൈറലായ ഓഡിയോ സിപിഎമ്മിന്റേയും ശ്രദ്ധയിൽ പെട്ടു. ഈരാറ്റുപേട്ട എന്ന സ്ഥലത്തുള്ള ഒരു ഭാഗം മാത്രമാണ് അരുവിത്തുറ എന്ന് തന്റെ വാദഗതിയിൽ കൗൺസിലർ ഉന്നയിക്കുന്നു. കോട്ടയം എന്ന നഗരമല്ലെ പറയു, അല്ലാതെ നാഗമ്പടം എന്ന് പറയില്ലല്ലോ എന്നാണ് ഇതിന് ഉദാഹരണമായി കൗൺസിലർ പറയുന്നത്. കോട്ടയം നാഗമ്പടം എന്നല്ലെ പറയേണ്ടത് എന്ന് ചോദിക്കുന്നു. പ്രദേശവാസിയല്ലാത്ത നഴ്‌സ് പ്രദേശവാസികൾക്ക് ഉപകാരപ്രദമായ ഒരു മെഡിക്കൽ ക്യാമ്പിന്റെ കാര്യം അറിയിക്കാൻ വിളിക്കുമ്പോഴാണ് സ്ഥലത്തിന്റെ പേരിൽ ഈ വാദമുഖങ്ങൾ കൗൺസിലർ ഉന്നയിക്കുന്നത് എന്നതും വിചിത്രമാണ്. അരുവിത്തുറ എന്ന സ്ഥലപ്പേരിൽ പ്രദേശം അറിയപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണ് തന്റെ സംഭാഷണത്തിൽ ഉടനീളം സിപിഎം കൗൺസിലർ തുറന്നുപറയുന്നത്.

അരുവിത്തുറയിലും ഈരാറ്റുപേട്ടയിലും പ്രത്യേകം പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ഓഫീസുകൾക്ക് വ്യത്യസ്ത പിൻകോഡുകളും ഉണ്ട് എന്നതിനാൽ രണ്ടും വ്യത്യസ്ത പ്രദേശങ്ങളാണ് എന്ന് വ്യക്തമാണ്. അനസ് പാറയലിന്റെ അഡ്രസിൽ പോലും അരുവിത്തുറ എന്നാണ് ഔദ്യോഗികമായി ചേർത്തിട്ടുള്ളത്. പ്രസിദ്ധമായ ക്രൈസ്തവ പള്ളിയായ സെന്റ് ജോർജ് പള്ളിയെ അരുവിത്തുറ പള്ളിയെന്നാണ് അറിയപ്പെടുന്നത്. ഇതിൽ അസഹിഷ്ണുത പൂണ്ട എസ്ഡിപിഐ സംഘമാണ് ഇപ്പോൾ അരുവിത്തുറ എന്ന സ്ഥലപ്പേര് ഇല്ലാതാക്കി എല്ലാം ഈരാറ്റുപേട്ടയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. ഇതേ നിലപാടാണ് മതേതരത്വം അവകാശപ്പെടുന്ന സിപിഎമ്മിന്റെ കൗൺസിലറും സ്വീകരിച്ചത്. ഇത് പക്ഷേ പാർട്ടി അംഗീകരിക്കില്ല.

അരുവിത്തുറ എന്ന പേര് പോസ്റ്ററിൽ ഉണ്ടെങ്കിൽ വാർഡ് ഗ്രൂപ്പിൽ ഷെയർ ചെയ്യില്ല ഈരാറ്റുപേട്ട ആണെങ്കിൽ ഷെയർ ചെയ്യാമെന്നാണ് നഴ്സിനോട് പറയുന്നത്. ഇതിനെതിരേ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ക്രൈസ്തവർ ഏറെയുണ്ടായിരുന്ന അരുവിത്തുറ പ്രദേശത്ത് ഇപ്പോൾ മുസ്ലിം സമുദായ അംഗങ്ങൾ കൂടുതലായി താമസിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അരുവിത്തുറ എന്ന പേരു പോലും മാറ്റാൻ നീക്കം നടക്കുന്നതെന്ന് നാട്ടുകാരും ആരോപിച്ചത്. തെക്കേക്കരയിൽ കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് ഈ സിപിഎം കൗൺസിലർ. പൊലീസ് ഉൾപ്പെടെ 2 പേർക്ക് പരുക്കേറ്റിരുന്നു. കൗൺസിലർമാരായ അനസ് പാറയിൽ, അൻസർ പുള്ളോലിൽ എന്നിവർ ഉൾപ്പെടെ 15 പേർക്കെതിരെ അന്ന് കേസെടുത്തിരുന്നു.

ഈരാറ്റുപേട്ടയുടെ ഒരു പാലത്തിന് ഇപ്പുറമുള്ള സ്ഥലങ്ങൾ അറിയപ്പെടുന്നത് അരുവിത്തുറ എന്നാണ്. വാസ്തവത്തിൽ അരുവിത്തുറയായിരുന്നു ആദ്യത്തെ നഗരം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അരുവിത്തുറ എന്ന് പറയുന്ന ഈ സ്ഥലത്തിന്. അരുവിത്തുറയിലെ മാർത്താ മറിയം പള്ളി എന്നായിരുന്നു സെന്റ് ജോർജ് പള്ളി നേരത്തെ അറിയപ്പെട്ടിരുന്നത്. ഏതാണ്ട് രണ്ടാം നൂറ്റാണ് മുതലുള്ള ഈ ക്രൈസ്തവ ദേവാലയം അറിയപ്പെടുന്നത്. തോമസ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളിൽ അരപ്പള്ളി ഇതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അരുവിത്തുറ പള്ളിയിൽ സെന്റ് ജോർജിന്റെ ഒരു തിരുസ്വരൂപമമുണ്ട്. നാലാം നൂറ്റാണ്ടിൽ ഇത് ഇവിടെ എത്തിയതാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. പിന്നീട് മാർത്ത മറിയം പള്ളിയുടെ പേര് മാറി സെന്റ് ജോർജ് പള്ളിയായി മാറിയത്. മീനിച്ചിലാറിന് തീരത്താണ് അരുവിത്തുറ പ്രദേശം.

തൊടുപുഴ ഭാഗത്ത് നിന്നും വന്ന് മീനിച്ചിലാറിലേക്ക് ചേരുന്ന ഒരു ആറ് ഉണ്ട് ഇവിടെ. അങ്ങനെ ഇവ ചേരുന്ന പ്രദേശമാണ് ഈരാറ്റുപേട്ട എന്ന് പിന്നീട് അറിയപ്പെട്ട് തുടങ്ങിയത്. പിന്നീട് പ്രദേശം മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറുകയായിരുന്നു. ആധാർ നടപടികൾ പുരോഗമിക്കുന്ന സമയത്ത് അരുവിത്തുറ എന്ന സ്ഥലപ്പേര് ചേർത്തതിന്റെ പേരിൽ അടക്കം തർക്കങ്ങൾ ഉണ്ടായിരുന്നു. അരുവിത്തുറ എന്ന സ്ഥലപ്പേര് ഔദ്യോഗികമായി വരുന്നതിലുള്ള എതിർപ്പായിരുന്നു ഇതിന് പിന്നിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP