Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളത്തിന്റെ മാൻഡ്രേക്ക്! മോളിവുഡിന്റെ ചെറിയ ബജറ്റിലെടുത്ത ആദ്യ സൂപ്പർ ഹീറോ മോശമായില്ല;പരീക്ഷണം എന്ന നിലയിൽ കൈയടിച്ച് സ്വാഗതം ചെയ്യേണ്ട ചിത്രം; ബേസിൽ ജോസഫിനും ടൊവീനോക്കും അഭിമാനിക്കാം; നായകനെ വെല്ലുന്ന വില്ലൻ; കുട്ടികൾക്കായി ഒരു ഉത്സവകാല ചിത്രം; മിന്നൽ മുരളി മിന്നിത്തിളങ്ങുമ്പോൾ

മലയാളത്തിന്റെ മാൻഡ്രേക്ക്! മോളിവുഡിന്റെ ചെറിയ ബജറ്റിലെടുത്ത ആദ്യ സൂപ്പർ ഹീറോ മോശമായില്ല;പരീക്ഷണം എന്ന നിലയിൽ കൈയടിച്ച് സ്വാഗതം ചെയ്യേണ്ട ചിത്രം; ബേസിൽ ജോസഫിനും ടൊവീനോക്കും അഭിമാനിക്കാം; നായകനെ വെല്ലുന്ന വില്ലൻ; കുട്ടികൾക്കായി ഒരു ഉത്സവകാല ചിത്രം; മിന്നൽ മുരളി മിന്നിത്തിളങ്ങുമ്പോൾ

എം റിജു

മലയാളത്തിലെ ഒരു കഥ കേട്ട് ഹോളിവുഡ് സാങ്കേതിക വിദഗ്ദ്ധർ അത്ഭുദം കൂറുകയോ! അത് ഉണ്ടായിട്ടുണ്ട്. നിർമ്മാതാവ് ഗുഡ്നൈററ് മോഹൻ പറഞ്ഞ കഥയാണ്. മാണിക്യക്കല്ല് എന്ന എം ടിയുടെ വിഖ്യാതമായ സ്‌ക്രിപ്്റ്റ് സിനിമയാക്കാനായി, ഹോളിവുഡിൽ എത്തിയ ഗുഡ്നൈറ്റ് മോഹനന് ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞതോടെ അന്നത്തെ സാങ്കേതിക വിദഗ്ദ്ധർ ആരും കാണാൻ സമ്മതിച്ചില്ല. ഇന്ത്യയിൽ എന്ത് സിനിമ എന്നതായിരുന്നു മിക്കവരുടെയും ചോദ്യം. ഇന്നത്തെപ്പോലെ ഗ്രാഫിക്സ് ഡെവലപ്പ് ആവുന്നതിന് മുമ്പത്തെ കാലം. കുറേ അലഞ്ഞപ്പോൾ റിച്ചാർഡ് ബ്രാഡ്സൻ എന്ന ക്ലിഫ്ഹാങ്ങർ അടക്കമുള്ള എത്രയോ ചിത്രങ്ങൾക്ക് വെർച്വൽ-ഗ്രാഫിക്സ് സഹായം കൊടുത്ത, കലാകാരൻ കുറഞ്ഞ സമയത്തേക്ക് മോഹന് അപ്പോയിന്മെന്റ് തന്നു.

ഒട്ടും താൽപ്പര്യമില്ലാതെ ഇരുന്ന അദ്ദേഹം എം ടിയുടെ മാണിക്യക്കല്ലിന്റെ കഥ കേട്ടതോടെ ആളാകെ ആകെ മാറി. പാമ്പ് കുതിരയെ വിഴുങ്ങുന്നതും മാണിക്ക്യക്കല്ല് ഉണ്ടാകുന്നതുമൊക്കെ കേട്ട് അദ്ദേഹം കണ്ണും മഴിച്ചിരുന്നു. അവസാനം അദ്ദേഹം ചോദിച്ചു 'ഇന്ത്യയിൽ നിങ്ങൾ എങ്ങനെയാണ് ഇത്തരം നല്ല കഥകൾ ഉണ്ടാക്കുന്നത്. ഞങ്ങൾ ഇപ്പോൾ അന്യഗ്രഹജീവികളിൽ ചുറ്റിത്തിരിയുകമാണ്''.

ഹോളിവുഡ് ടെക്ക്നോളജിസ്റ്റുകൾ വരെ പ്രകീർത്തിച്ച ആ കഥ ഇനിയും നമുക്ക് സിനിമയാക്കാൻ കഴിഞ്ഞിട്ടില്ല. മാണിക്യക്കല്ലിന്റെ പിറകെ നടന്ന് മറ്റൊരു സിനിമയും ചെയ്യാതെ കരിയർ വേസ്റ്റായിപോയ പെരുന്തച്ചന്റെ സംവിധായകൻ അജയൻ മരണത്തിന്റെ ഏതാനും മാസങ്ങൾക്ക്മുമ്പ് കൊടുത്ത ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു. ''മാണിക്യകല്ല് സിനിമായായിരുന്നെങ്കിൽ റസൂൽ പൂക്കുട്ടിക്ക് എത്രയോ മുമ്പുതന്നെ ഓസ്‌ക്കാർ മലയാളത്തിൽ എത്തുമായരിന്നു.''

നമ്മുടെ പ്രശ്നം പ്രതിഭയില്ലാത്തത് അല്ല. അത്തരം വലിയ സിനിമകൾ എടുക്കാനുള്ള മാർക്കറ്റും ടെക്ക്നോളജിയും ഇല്ലാത്തതാണ്. ഇന്ന് കാലംമാറി. ഗ്രാഫിക്സിൽ ഹോളിവുഡുപോലെ നമുക്കും ആക്സസ് ആയി. അങ്ങനെ സ്പൈഡർമാനെയും, ബാറ്റ്മാനെയും കണ്ട് അമ്പരന്ന നമ്മുക്കുവേണ്ടി മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോയെ രംഗത്ത് ഇറക്കിയിരിക്കയാണ് സംവിധായകൻ ബേസിൽ ജോസഫ്. ഒറ്റവാക്കിൽ പറയട്ടെ, മലയാളത്തിന്റെ ചുരുങ്ങിയ ബജറ്റുവെച്ചുനോക്കുമ്പോൾ ചിത്രം പൊളിയാണ്.

കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടാവും. പക്ഷേ കൃത്യമായ ഒരു കഥയും ആദ്യമധ്യാന്തം ബോറടിയുമില്ലാതെ, വേഗത്തിൽ രസിപ്പിക്കുന്ന രീതിയിൽ കഥപറയാൻ ബേസിലിന് കഴിഞ്ഞിട്ടുണ്ട്. ഈ ക്രിസ്മസ് അവധിക്കാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും കിട്ടിയ ഒരു വിരുന്ന് തന്നെയാണ് 'മിന്നൽ മുരളി'. എല്ലാ മുതിർന്നവരുടെ ഉള്ളിലും ഒരു കുട്ടിയുണ്ട് എന്നല്ലേ പറയുക. അതുകൊണ്ടുതന്നെ എത് പ്രായത്തിൽ ഉള്ളവർക്കും ആസ്വദിക്കാവുന്നു ചിത്രമാണ് ഇത്.

മെയ്ക്കിങ്ങിനേക്കാൾ കഥയാണ് താരം

ശരിക്കും ഒരു വലിയ റിസ്‌ക്ക് തന്നെയാണ് ബേസിൽ ജോസഫ് ഏറ്റെടുത്തിരിക്കുന്നത്. കാരണം അങ്ങേയറ്റം വിമർശനാത്മകമായി വിലയിരുത്തുന്നവരും, എന്തിനും ഏതിനും പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കുന്നവരുമാണ് മലയാളികൾ. ലാലേട്ടന്റെ മരക്കാറിന് ഉണ്ടായ അനുഭവം ഒരു പാഠമാണ്. വലിയ ഹൈപ്പിൽ വന്ന് ആ പ്രതീക്ഷ നിലനിർത്തിയില്ലെങ്കിൽ ഫാൻസുകാർതന്നെ ആദ്യ മണിക്കൂർ തൊട്ട് പൊങ്കാലയിടും. എന്നാൽ നെറ്റ്ഫിള്ക്സിൽ റിലീസായ മിന്നിൽ മുരളിക്ക് ഇതുവരെ അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ല.

തകർപ്പൻ വെബ്സീരീസുകൾ അരങ്ങേറുന്ന നെറ്റ്ഫിള്ക്സിൽ മലയാളത്തിലെ ഇതുപോലെ ഒരു പടം റിലീസ് ചെയ്യാൻ കഴിഞ്ഞതുതന്നെ നമ്മുടെ വിപണി വലുതാവുന്നതിന്റെയും സൂചകമാണ്. സ്പൈഡന്മാൻ സിനിമ കേരളത്തിലും നിറഞ്ഞ സദസ്സിൽ ഓടുന്ന സമയത്താണ് ഈ ചിത്രം ഇറങ്ങിയത് എന്നും ഓർക്കണം. തീയേറ്റർ അനുഭവം ആവശ്യപ്പെടുന്ന ചിത്രവുമായിരുന്നു ഇത്.

കഥയും തിരക്കഥയുമാണ് മിന്നൽ മുരളിയിലെ താരം. ജെയസ്ൻ എന്ന തയ്യൽക്കാരൻ എങ്ങനെ ഒരു സൂപ്പർ ഹീറോ ആവുന്നുവെന്നും, നല്ലവനായ അയാൾ എങ്ങനെയാണ് അയാൾ ഒരു ഗ്രാമത്തിൽ വെറുക്കപ്പെട്ടവൻ ആയിപ്പോകുന്നത് എന്നൊക്കെ നല്ല സെൻസിബിളായി ചിത്രീകരിക്കാൻ ബേസിൽ ജോസഫിന് കഴിഞ്ഞിട്ടുണ്ട്. അല്ലാതെ ഹോളിവുഡിലെ സൂപ്പർ ഹീറോ കഥകൾ കോപ്പിയടിച്ചതല്ല ഈ ചിത്രം. കൃത്യമായി കഥാപരമായ വ്യക്തിത്വം ഈ ചിത്രത്തിനുണ്ട്.

 

തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും വലിയ കൈയടി അർഹിക്കുന്നു. ഉദയകൃഷ്ണ- സിബി കെ തോമസ് മോഡൽ കണ്ടുമടുത്ത മലയാളികൾക്ക് ഇത്തരം ഭവനാ വ്യാപരികൾ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്. നായകന്റെ സൂപ്പർഹീറോ പരിവേഷത്തിലധികം തന്നെ വില്ലന്റെ കഥാപശ്ചാത്തലത്തിനും പ്രധാന്യം നൽകിയാണ് 'മിന്നൽ മുരളി'യുടെ കഥ. അതും അയാളെ ആരാണ് വില്ലനാക്കുന്നത് എന്ന പശ്ചാത്തലവും വിശ്വസനീയമായി എടുക്കാൻ ചിത്രത്തിന് കഴിഞ്ഞു.

എന്നാൽ ചില ഭാഗങ്ങളിൽ കഥയിൽ കല്ലുകടിയും പ്രകടമാണ്. എന്തെല്ലാം കഴിവുകളാണ് സൂപ്പർ ഹീറോ മിന്നൽ മുരളിക്ക് ഉള്ളത് എന്നത് വ്യക്തമല്ല. നേരത്തെ മുരളി പറക്കാനുള്ള ശ്രമം നടത്തി പരാജയപ്പെടുന്നു. പിന്നീട് അയാൾ ഉയരങ്ങളിൽ എത്തുന്നതൊക്കെ കാണാം. അതുപോലെ കൈ ഉയർത്തി വസ്തുക്കൾ പറപ്പിക്കുന്നതിനുള്ള കഴിവ് ക്ലൈമാക്സിൽ മുരളിക്കും കിട്ടുന്നത് കാണാം. ഇതൊക്കെ എങ്ങനെയെന്ന് ചിത്രം പറയുന്നില്ല.

ഇത്തരം പിഴവുകൾ ഒന്നും ഉണ്ടാവരുതായിരുന്നു. കാരണം ഈ ചിത്രത്തിന്റെ പ്രേക്ഷകരായ കൗമാരക്കാർ ഇന്ന് കൊറിയ തൊട്ട് ഒറിയവരെയുള്ള ചിത്രങ്ങൾ തപ്പിപ്പിടിച്ച് അതിന്റെ കുറ്റവും കുറവും കണ്ടെത്തുന്ന 'പ്രതിഭ'കൾ ആണെന്നത് മറന്നുപോകരുത്. കുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനാണെങ്കിൽ ഒരുപാടു ഉണ്ട്. പക്ഷേ ഒരു പുതിയ പരീക്ഷണം എന്ന നിലയിൽ കൈയടിച്ച് സ്വാഗതം ചെയ്യേണ്ടതാണ് മിന്നിൽ മുരളിയെ.

വില്ലൻ ടൊവിനോയക്കാൾ മുന്നിൽ

അടുത്തകാലത്തായി തൊട്ടതെല്ലാം പൊന്നാക്കുന്ന യുവ നടനാണ് ടെവീനോ. ഈ യുവ നടന്റെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയാണ് ഈ ചിത്രം.'ജെയ്സൺ' എന്ന അമേരിക്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന, പ്രണയപരാജയത്തിൽ വ്രണിതനായ യുവാവിൽനിന്ന് ടൊവിനൊ പതർച്ചകളില്ലാതെ സൂപ്പർഹീറോ മിന്നൽ മുരളി ആയി മാറിയിട്ടുണ്ട്. തുടക്കത്തിലെ ഹാസ്യം മാറി ചിത്രം മുന്നേറുമ്പോൾ വൈകാരിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും ടൊവിനൊ എന്ന നായകന്റെ വേഷപ്പകർച്ച കാണണ്ടേതാണ്. പക്ഷേ കഥാപശ്ചാത്തലം കൊണ്ടും മാനറിസങ്ങൾ കൊണ്ടും ടൊവിനൊയുടെ പ്രകടനത്തിന് തെല്ലൊന്നു മുകളിൽ നിൽക്കുകയാണ് വില്ലനായെത്തിയ ഗുരു സോമസുന്ദരം. മിന്നൽ മുരളിയെപ്പോലെ അമാനുഷിക ശക്തികളുള്ള ഷിബു എന്ന വില്ലൻ കഥാപാത്രമായിട്ടാണ് ഗുരു സോമസുന്ദരത്തിന്റെ പ്രകടനം തകർപ്പനാണ്.

ബൈജുവും, അജുവർഗീസും, ജൂഡ് ആന്റണി ജോസഫും, പി ബാലചന്ദ്രനടക്കമുള്ള ചെറുതം വലുതുമായ കഥാപാത്രങ്ങൾ ചിത്രത്തിൽ മോശമായിട്ടില്ല. ബാലതാരങ്ങളുടെ പ്രകടനവും കിടു. നായികാ പ്രാധാന്യമുള്ള ചിത്രമല്ല മുരളി. പക്ഷേ വനിതാ കഥാപാത്രങ്ങൾ ഉള്ളത് വൃത്തിയിൽ ചെയ്തിട്ടുണ്ട്. ബജറ്റിന്റെ പരിമിതി അറിയിക്കാത്ത വിധം ഒരു സൂപ്പർഹീറോ ചിത്രമായി മിന്നൽ മുരളിയെ മഎത്തിക്കാൻ സമീർ താഹിറിന്റെ ഛായാഗ്രഹണവും ബേസിലിന് കൂട്ടാകുന്നു. ഷാൻ റഹ്‌മാന്റെയും സുഷിൻ ശ്യാമിന്റെയും സംഗീതവും നന്നായിട്ടുണ്ട്. ഹോളിവുഡ് അല്ല മോളിവുഡ്. പക്ഷേ 'മിന്നൽ മുരളി'യെന്ന ചിത്രത്തിലേക്കുള്ള വി.എഫ്.എക്സിന്റെ ചേർച്ച എടുത്തുപറയേണ്ടതാണ്. സൂപ്പർഹീറോയെ വിശ്വസനീയമായി അവതരിപ്പിക്കുകയും ചെയ്യുന്നു മിന്നൽ മുരളിയുടെ പാളിച്ചകൾ അധികം സംഭവിക്കാത്ത വി.എഫ്.എക്സ്. മരക്കാറിനെ വെച്ചുനോക്കുമ്പോൾ ഇതൊക്കെ സ്വർഗമാണ്.

മാറഡോണയുടെ പതിനായിരത്തിലൊന്ന് പ്രതിഭയുണ്ടായാൽ മതി, നമ്മൾ ഒരു മലയാളിയെ ജൂനിയർ മാറഡോണ എന്ന് വിളിക്കും. അതുപോലെ ജൂനിയർ മൈക്കൽ ജാക്സനും, മലയാളത്തിന്റെ പെലെ പോലുള്ള ഒരുപാട് പ്രയോഗങ്ങൾ. ഈ ചിത്രത്തെ നമുക്ക് മലയാളത്തിന്റെ മാൻഡ്രേക്ക് എന്ന് വിളിക്കാം. മിന്നൽ മുരളി ഒരു തുടക്കമാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ എങ്ങനെ മലയാളത്തിന്റെ ചലച്ചിത്രലോകത്തെ മാറ്റിയെടുത്തോ അതുപോലെ ഒരു ട്രെൻഡ് ഈ ചിത്രവും സൃഷ്ടിച്ച് എടുക്കാൻ ഇടയുണ്ട്. ( ശരിക്കും 3ഡിയിൽ എടുത്ത് തീയേറ്റർ വൈഡ് റിലീസായിരുന്നു ഈ പടത്തിന് വേണ്ടിയിരുന്നത്) ബജറ്റിന്റെ പരിമിതിയില്ലാതെ നമുക്കും സൂപ്പർ ഹീറോ ചിത്രങ്ങൾ എടുക്കാൻ കഴിയും എന്ന് ഈ പടം തെളിയിക്കുന്നു. മനസ്സിൽ ആശയങ്ങൾ ഉള്ള ഒരുപാട് ചെറുപ്പക്കാർക്ക് പ്രചോദനമാവട്ടെ ഈ പടം.

വാൽക്കഷ്ണം: 'അനന്തഭദ്രം' എന്ന പൃഥ്വീരാജ് ചിത്രം ഇറങ്ങിയപ്പോൾ സംവിധായകൻ സ്ന്തോഷ് ശിവൻ പറഞ്ഞതാണ് ഓർമ്മവരുന്നത്. ഹാരിപോർട്ടറെയും, സ്പൈഡർമാനെയെുമൊക്കെ സായിപ്പിന് ഇവിടെ മാർക്കറ്റ് ചെയ്യാമെങ്കിൽ, നമ്മുടെ മാടനെയും മറുതയെയും ദിംഗംബരനെയുമൊക്കെ എന്തുകൊണ്ട് നമുക്കും വിദേശത്ത് മാർക്കറ്റ് ചെയ്തുകൂടാ. മിന്നൽ മുരളി കണ്ടപ്പോൾ ഓർമ്മ വരുന്നതും അതുതന്നെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP