Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത് അടക്കം ചികിൽസയെ ബാധിച്ചു; കീമോതൊറാപ്പി നടത്താനാകാത്തത് മടക്കം നേരത്തെയാക്കി; ഇടുക്കിയിലെ മനോഹര തീരത്ത് കൂടി അന്ത്യയാത്ര; ചികിൽസ കഴിഞ്ഞ് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചവർക്ക് ഞെട്ടൽ; ഉപ്പുതറയിലെ വീട്ടിൽ വൈകാരിക രംഗങ്ങൾ; ചന്ദ്രകളഭം ചാർത്തി പിടിയുടെ അവസാന യാത്ര

ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത് അടക്കം ചികിൽസയെ ബാധിച്ചു; കീമോതൊറാപ്പി നടത്താനാകാത്തത് മടക്കം നേരത്തെയാക്കി; ഇടുക്കിയിലെ മനോഹര തീരത്ത് കൂടി അന്ത്യയാത്ര; ചികിൽസ കഴിഞ്ഞ് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചവർക്ക് ഞെട്ടൽ; ഉപ്പുതറയിലെ വീട്ടിൽ വൈകാരിക രംഗങ്ങൾ; ചന്ദ്രകളഭം ചാർത്തി പിടിയുടെ അവസാന യാത്ര

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ജനിച്ച് വളർന്ന ആ മനോഹര തീരത്ത് കൂടി പിടി തോമസിന്റെ അന്ത്യയാത്ര. അന്തരിച്ച കോൺഗ്രസ്സ് നേതാവ് പി ടി തോമസ്സിന്റെ മൃതദേഹം പുലർച്ചെയോടെ ഇടുക്കി ഹൈറേഞ്ചിലെത്തിച്ചു. ജന്മനാട്ടിൽ നേതാവിനെ കാണാൻ ആയിരങ്ങളാണ് അർദ്ധരാത്രി തന്നെ തടിച്ചു കൂടിയത്. തമിഴ്‌നാട്ടിലെ വെല്ലൂരിലെ ആശുപത്രിയിൽ വച്ച് മരണപ്പെട്ട പി ടിയുടെ മൃതദേഹം കമ്പന്മേട് അതിർത്തിയിലൂടെയാണ് കേരളത്തിലെത്തിയത്.

ഹൈറേഞ്ചിൽ നിന്ന് ഇടുക്കി, തൊടുപുഴ വഴി കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് മണിക്ക് എറണാകുളം ഡിസിസിയിലാകും പൊതുദർശനമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ വിലാപയാത്ര വഴയിലെ പൊതുദർശനവും ആദരാഞ്ജലി അർപ്പിക്കലും കാരണം ആ യാത്ര ഏറെ താമസിക്കുകയാണ്. എട്ടരയോടെ മാത്രമേ തൊടുപുഴയിൽ പിടിയുടെ വിലാപയാത്ര എത്തൂ. അതിന് ശേഷം കൊച്ചിയിലേക്ക് യാത്ര. എറണാകുളം ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും.

ഒന്നരയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി ടി തോമസ്സിന്റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും. തുടർന്ന് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ പി.ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി ആകും സംസ്‌കാരചടങ്ങുകൾ. കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അർബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയിൽ എത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ പിടി തോമസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 71 വയസ്സായിരുന്നു. ഇടുക്കിയിലെ പിടി തോമസിന്റെ വീട്ടിൽ ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളെത്തി. പുലർച്ചെ രണ്ടരയ്ക്കാണ് മൃതദേഹം ഉപ്പുതറയിലെ വീട്ടിൽ എത്തിയത്. ഭാര്യയും മക്കളും നേതാക്കളും അടക്കമുള്ളവർ അനുഗമിക്കുന്നുണ്ട്.

ഉറച്ച നിലപാടുകളിലൂടെയും ഒറ്റയാൾ പോരാട്ടങ്ങളിലൂടെയും നേരിന്റെ കരുത്തുകാട്ടിയ പ്രമുഖ കോൺഗ്രസ് നേതാവ് പി. ടി. തോമസ് എംഎ‍ൽഎ പ്രകൃതിയെയും ജീവിതത്തെയും പ്രണയിച്ച് കൊതി തീരാതെ വിടവാങ്ങുകയായിരുന്നു. അന്ത്യാഭിലാഷ പ്രകാരം, വയലാറിന്റെ പ്രസിദ്ധമായ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...' എന്ന ഗാനം അലയടിക്കുമ്പോൾ ഇന്ന് ഭൗതിക ദേഹം അന്ത്യോപചാരങ്ങൾ ഏറ്റുവാങ്ങി അഗ്‌നിയിൽ ലയിക്കും. രണ്ടു പേർക്ക് ജീവിതവെളിച്ചമാകാൻ തന്റെ കണ്ണുകളും അദ്ദേഹം ദാനം ചെയ്തു.എഴുപതാം വയസിൽ അർബുദമാണ് പി.ടി തോമസിന്റെ ജീവൻ കവർന്നത്. രണ്ടാഴ്ചയായി ചികിത്സയിൽ കഴിഞ്ഞ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ഇന്നലെ രാവിലെ 10.15നായിരുന്നു അന്ത്യം.

ഇടുക്കി ഡിസിസി ഓഫീസിലും ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന പാട്ട് വച്ചാകും നേതാവിന് ആദരാഞ്ജലി അർപ്പിക്കുക. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ആരും റീത്ത് സമർപ്പിക്കുന്നതുമില്ല. വൈകാരികമായ നിമിഷങ്ങളാണ് ഇടുക്കിയിൽ. കോൺഗ്രസ് നേതൃനിരയിൽ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പിടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പിടി കോൺഗ്രസിലെ ഒറ്റയാനായിരുന്നു. ആദ്യവസാനം കോൺഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പിടി. താഴെത്തട്ടിലെ പ്രവർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തി. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേർത്തു പിടിച്ചത്.

മഹാരാജാസ് കോളേജിലെ കെഎസ്.യുവിന്റെ നേതാവായി ഉയർന്നുവന്ന പിടി ക്യാംപസ് കാലം മുതൽ തന്നെ ഒരു രാഷ്ട്രീയ പോരാളിയായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടി. ക്രൈസ്തവസഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു. തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവർത്തിച്ചു.

പിടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്‌നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. പാർട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിന്റെ തുടർചികിത്സയിൽ അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു. നേരത്തെ ബൈപ്പാസ് ചെയതതും പിടിയുടെ രോഗ ചികിൽസയെ പ്രതികൂലമായി ബാധിച്ചു.

ഇതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായുള്ള പിടിയുടെ വിയോഗം. 41 വർഷത്തിലേറെയായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP