Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐപിഎൽ താരലേലം ബെംഗലൂരുവിൽ ഫെബ്രുവരിയിൽ; മെഗാ താരലേലത്തോട് ടീം അധികൃതർക്ക് കടുത്ത എതിർപ്പ്; ഇത്തവണ നടക്കുക അവസാന മെഗാ താരലേലമെന്ന് റിപ്പോർട്ട്

ഐപിഎൽ താരലേലം ബെംഗലൂരുവിൽ ഫെബ്രുവരിയിൽ; മെഗാ താരലേലത്തോട് ടീം അധികൃതർക്ക് കടുത്ത എതിർപ്പ്; ഇത്തവണ നടക്കുക അവസാന മെഗാ താരലേലമെന്ന് റിപ്പോർട്ട്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎൽ മെഗാ താരലേലം ഫെബ്രുവരി, ഏഴ്, എട്ട് തീയതികളിൽ ബെംഗലൂരുവിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മെഗാ താരലേലം യുഎഇയിലായിരിക്കും നടക്കുകയെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ തന്നെ നടത്താനാണ് ഇപ്പോൾ ബിസിസിഐയുടെ തീരുമാനം.

കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കിൽ ഐപിഎല്ലിലെ മെഗാ താരലേലം ഫെബ്രുവരി 7,8 തീയതികളിൽ ബെംഗലൂരുവിൽ നടക്കും. ഐപിഎല്ലിൽ നടക്കുന്ന അവസാനത്തെ മെഗാ താരലേലമായിരിക്കും ഇപ്രാവശ്യത്തേതെന്നും സൂചനയുണ്ട്. വളരെ കുറച്ചു കളിക്കാരെ മാത്രം നിലനിർത്താൻ അനുവദിച്ചുകൊണ്ടുള്ള മെഗാ താരലേലത്തെ നിലവിലെ ടീമുകൾ എതിർക്കുന്നതിനാലാണിതെന്നും റിപ്പോർട്ടുണ്ട്.

ഇത്തവണ ഐപിഎല്ലിൽ പുതുതായി രണ്ട് ടീമുകൾ കൂടി എത്തിയതോടെയാണ് മെഗാ താരലേലം ആവശ്യമായി വന്നത്. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിൽ ലക്‌നോ ആസ്ഥാനമായുള്ള ടീമും സിവിസി ഗ്രൂപ്പിന് കീഴിൽ അഹമ്മദാബാദ് ആസ്ഥാനമായ ടീമുമാണ് ഇത്തവണ പുതുതായി ഐപിഎല്ലിൽ കളിക്കുന്നത്.

ക്രിസ്മസിന് മുന്നോടിയായി ലേലത്തിനുള്ള കളിക്കാരുടെ ഡ്രാഫ്റ്റിൽ നിന്ന് മൂന്ന് കളിക്കാരെ വീതം ഇരു ടീമുകളും തെരഞ്ഞെടുക്കണമെന്നാണ് ആദ്യം ബിസിസിഐ അറിയിച്ചിരുന്നതെങ്കിലും ഇതിനുള്ള സമയപരിധി നീട്ടിനൽകിയിട്ടുണ്ട്. അതേസമയം, ഓരോ മൂന്നുവർഷം കൂടുമ്പോഴും മെഗാ താരലേലം നടത്തുന്നതിനെ നിലവിലെ ടീമുകൾ എതിർക്കുന്നതിനാൽ മെഗാ താരലേലം തന്നെ ഉപേക്ഷിക്കാൻ ബിസിസിഐ ആലോചിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഓരോ മെഗാ താരലേലവും ടീമിന്റെ സന്തുലനത്തെ തന്നെ തകർക്കുന്നതാണെന്നാണ് നിലവിലെ ടീമുകളടെ പരാതി. കഷ്ടപ്പെട്ട് ടീം കെട്ടിപ്പടുത്തശേഷം നിർണായക കളിക്കാരെ വിട്ടുകൊടുക്കേണ്ടിവരുന്നത് ബുദ്ധിമുട്ടാണെന്ന് ഡൽഹി ടീം ഉടമ പാർഥ് ജിൻഡാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രേയസ് അയ്യർ, കാഗിസോ റബാദ, ശിഖർ ധവാൻ, അശ്വിൻ എന്നിവരെ ലേലത്തിന് വിട്ടുകൊടുക്കേണ്ടിവന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും യുവതാരങ്ങളെ വളർത്തിയെടുത്തശേഷം അവർ രാജ്യത്തിനായി കളിക്കുകയും അതിനുശേഷം അവരെ നഷ്ടമാകുകയും ചെയ്യുന്ന് അംഗീകരിക്കാനാവില്ലെന്നും ജിൻഡാൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP