Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എനിക്കും മോൾക്കും നീതി കിട്ടി; പിങ്ക് പൊലീസിന്റെ പെരുമാറ്റത്തെക്കാളും വേദനിപ്പിച്ചത് സർക്കാരിന്റെ നിലപാട്; സുപ്രീം കോടതിയിൽ പോയാലും സർക്കാർ ജയിക്കില്ല'; കോടതിയെ സമീപിച്ചത് നഷ്ടപരിഹാര തുകയ്ക്കല്ല, നീതി പ്രതീക്ഷിച്ചെന്ന് കുട്ടിയുടെ പിതാവ്

'എനിക്കും മോൾക്കും നീതി കിട്ടി; പിങ്ക് പൊലീസിന്റെ പെരുമാറ്റത്തെക്കാളും വേദനിപ്പിച്ചത് സർക്കാരിന്റെ നിലപാട്; സുപ്രീം കോടതിയിൽ പോയാലും സർക്കാർ ജയിക്കില്ല'; കോടതിയെ സമീപിച്ചത് നഷ്ടപരിഹാര തുകയ്ക്കല്ല, നീതി പ്രതീക്ഷിച്ചെന്ന് കുട്ടിയുടെ പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയിൽ നീതി കിട്ടിയെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ. പിങ്ക് പൊലീസിന്റെ പെരുമാറ്റത്തെക്കാളും സർക്കാരിന്റെ നിലപാടാണ് വേദനിപ്പിച്ചത്. നഷ്ടപരിഹാര തുകയ്ക്കല്ല, നീതി പ്രതീക്ഷിച്ചാണ് കോടതിയെ സമീപിച്ചത്. സർക്കാർ സുപ്രീം കോടതിയിൽ പോയാലും കേസ് ജയിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കുട്ടിക്ക് ഒന്നര ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. 25,000 രൂപ കോടതി ചെലവായി കെട്ടിവയ്ക്കണം. ആരോപണ വിധേയയായ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ പിങ്ക് സിവിൽ പൊലീസ് ഓഫിസർ (സിപിഒ) രജിതയ്‌ക്കെതിരെ ജില്ലാ പൊലീസ് മേധാവി അച്ചടക്ക നടപടി എടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

ക്രമസമാധാന ചുമതലയിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിർത്തണമെന്നും ജനങ്ങളുമായി ഇടപെടുന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നൽകണമെന്നും ഉത്തരവിലുണ്ട്.

നഷ്ടപരിഹാരം നൽകാനാവില്ലെന്ന സർക്കാരിന്റെ കഴിഞ്ഞദിവസത്തെ നിലപാടിന് കനത്ത തിരിച്ചടിയാണ് കോടതിയിൽനിന്നുണ്ടായിരിക്കുന്നത്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു സർക്കാർ നിലപാട്.

എന്നാൽ എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കാനും കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ അച്ചടക്ക നടപടി സ്വീരിക്കാനുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പ്രത്യേക പരിശീലനം ഈ ഉദ്യോഗസ്ഥയ്ക്ക് നൽകണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവിൽ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടി.

എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്. പൊലീസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളർത്തി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്ന് ബാലാവകാശകമ്മീഷൻ ഉടൻ ഇടപെട്ടു. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ഡിവൈഎസ്‌പി നൽകിയത്. തുടർന്ന് ജയചന്ദ്രൻ ഡിജിപിക്ക് പരാതി നൽകി.

ഓഗസ്റ്റ് 31ന് ഐജി ഹർഷിത അട്ടല്ലൂരിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പൊലീസ് റിപ്പോർട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവർത്തിച്ചു. നീതി നേടി എസ്എസി എസ്ടി കമ്മീഷനെയും ജയചന്ദ്രൻ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് എസ്സി എസ്ടി കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകി. എന്നാൽ ഉദ്യോഗസ്ഥക്കെതിരെ സ്ഥലം മാറ്റത്തിന് അപ്പുറമുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രജിത എന്ന പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും കൊല്ലം സിറ്റിയിൽ ജോലി ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP