Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാക്കിസ്ഥാനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ഇന്ത്യ; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ വെങ്കല മെഡൽ

പാക്കിസ്ഥാനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ഇന്ത്യ; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ വെങ്കല മെഡൽ

സ്പോർട്സ് ഡെസ്ക്

ധാക്ക: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബദ്ധവൈരികളെ  തോൽപ്പിച്ചാണ് മൻപ്രീത് സിംഗിന്റെ കുട്ടികൾ വെങ്കല മെഡലിന് അർഹരായത്.

മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ആവേശജയം. ഹർമൻപ്രീത് സിങ്, സുമിത്, വരുൺ കുമാർ, ആകാശ്ദീപ് സിങ് എന്നിവർ ഇന്ത്യക്കായി സ്‌കോർ ചെയ്തപ്പോൾ അർഫ്രാസ്, അബ്ദുൾ റാണ, നദീം എന്നിവരാണ് പാക്കിസ്ഥാനുവേണ്ടി ഗോളടിച്ചത്.

കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ ആദ്യ മിനിറ്റിൽ തന്നെ ഒന്നിനു പുറകെ ഒന്നായി നാലു പെനൽറ്റി കോർണറുകൾ നേടി പാക്കിസ്ഥാനെ വിറപ്പിച്ചു. നാലാമത്തെ പെനൽറ്റി കോർണർ ഗോളാക്കി ഹർമൻപ്രീത് ആദ്യ മിനിറ്റിൽ തന്നെ ഇന്ത്യയെ മുന്നിലെത്തിക്കുകയും ചെയ്തു.  ടൂർണമെന്റിലെ എട്ടാം ഗോളാണ് ഹർമൻപ്രീത് സിങ് സ്‌കോർ ചെയ്തത്.

എന്നാൽ 11-ാം മിനിറ്റിൽ ഇന്ത്യയുടെ പ്രതിരോധപ്പിഴവിൽ നിന്ന് അർഫ്രാസ് പാക്കിസ്ഥാന് സമനില സമ്മാനിച്ചു. മൂന്നാം ക്വാർട്ടറിൽ അബ്ദുൾ റാണ പാക്കിസ്ഥാന് ലീഡ് സമ്മാനിച്ച് ഇന്ത്യയെ ഞെട്ടിച്ചു. 33-ാം മിനിറ്റിലായിരുന്നു പാക്കിസ്ഥാന്റെ ഗോൾ. എന്നാൽ 12 മിനിറ്റിനകം സുമിത്തിലൂടെ ഗോൾ മടക്കി ഇന്ത്യ സമനില പിടിച്ചു.

53-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണർ ഗോളിലേക്ക് തിരിച്ചുവിട്ട് വരുൺ കുമാർ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 57-ാം മിനിറ്റിൽ ആകാശ്ദീപ് സിങ് ഇന്ത്യക്ക് രണ്ട് ഗോൾ ലീഡ് സമ്മാനിച്ച് വിജയം ഉറപ്പാക്കിയെങ്കിലും അവസാന നിമിഷം നദീമിലൂടെ ഒരു ഗോൾ മടക്കി പാക്കിസ്ഥാൻ തോൽവിഭാരം കുറച്ചു. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ പാക്കിസ്ഥാനെ 3-1ന് തകർത്തിരുന്നു.

ഇന്നലെ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ജപ്പാനെതിരെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് അപ്രതീക്ഷിത തോൽവി വഴങ്ങിയതാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് മൂന്നാം സ്ഥാനക്കാരാവേണ്ടിവന്നത്. 
ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനെ 6-0ന് തകർത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യയെ വാരിക്കളയുന്ന പ്രകടനമാണ് ജപ്പാൻ നിർണായക പോരാട്ടത്തിൽ പുറത്തെടുത്തത്.


ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോട് 2-2ന്റെ സമനില വഴങ്ങിയ ഇന്ത്യ തുടർകളികളിൽ ബംഗ്ലാദേശ്(90), പാക്കിസ്ഥാൻ(31), ജപ്പാൻ(60) ടീമുകളെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. 2018ൽ മസ്‌കറ്റിൽ വെച്ചു നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനുമായിരുന്നു ഏറ്റുമുട്ടാനിരുന്നത്. എന്നാൽ മോശം കാലാവസ്ഥമൂലം മത്സരം ഉപേക്ഷിച്ചപ്പോൾ ഇന്ത്യയെയും പാക്കിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP