Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാർത്ഥികളെ ചൂഷണം ചെയ്യാനിറങ്ങിയ മലയാളി ദമ്പതികൾ കുടുങ്ങി; യുകെയിൽ അറസ്റ്റിലായ ദമ്പതികൾക്ക് താത്കാലിക ജാമ്യം; കെയർ ഏജൻസി നടത്തി ചൂഷണം നടത്തിയെന്ന പരാതിയിൽ വ്യാപക റെയ്ഡ്; ബ്രിട്ടനിലെ അനേകം മലയാളി കെയർ ഏജൻസികൾക്കെതിരേ പരാതികൾ

വിദ്യാർത്ഥികളെ ചൂഷണം ചെയ്യാനിറങ്ങിയ മലയാളി ദമ്പതികൾ കുടുങ്ങി; യുകെയിൽ അറസ്റ്റിലായ ദമ്പതികൾക്ക് താത്കാലിക ജാമ്യം; കെയർ ഏജൻസി നടത്തി ചൂഷണം നടത്തിയെന്ന പരാതിയിൽ വ്യാപക റെയ്ഡ്; ബ്രിട്ടനിലെ അനേകം മലയാളി കെയർ ഏജൻസികൾക്കെതിരേ പരാതികൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെയിൽ പഠിക്കാനെത്തുന്ന മലയാളി വിദ്യാർത്ഥികളെ ചൂഷണം ചെയ്ത് എളുപ്പത്തിൽ ധനികരായ മലയാളി യുവദമ്പതികൾ അറസ്റ്റിൽ. യുകെയിലെ വെയിൽസിൽ വച്ചാണ് ഇവർ അറസ്റ്റിലായത്. യുകെയിൽ എത്തിയിരിക്കുന്ന പുതുതലമുറ മലയാളികളിൽ നിന്നും കേൾക്കുന്ന വ്യാപക പരാതികളിൽ ഒന്നാണ് ഇപ്പോൾ നോർത്ത് വെയ്ൽസിൽ നിന്നും പുറത്തു വരുന്നത്. എറണാകുളം പുത്തൻ കുരിശു സ്വദേശിയായ 31കാരനായ യുവാവാണ് കെയർ ഏജൻസിയുടെ പേരിൽ തൊഴിൽ ചൂഷണം നടത്തി പൊലീസ് പിടിയിൽ ആയിരിക്കുന്നത്. ഇയാളുടെ 29 വയസുള്ള ഭാര്യയും പൊലീസ് പിടിയിലായിട്ടുണ്ട്. ഇന്ത്യൻ ഓർത്തോഡോക്സ് പള്ളിയിലടക്കം സജീവ സാന്നിധ്യമായിരുന്നു ദമ്പതികൾ എന്നാണ് ലഭ്യമാകുന്ന വിവരം. നഴ്‌സുമാരായ ദമ്പതികൾക്ക് കേസിന്റെ ഭാഗമായി എൻഎംസി നടപടികളും നേരിടേണ്ടി വരും എന്നുറപ്പാണ്. സാധ്യമായ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് മുന്നേറുന്നത്.

മോഡേൺ സ്‌ളേവറി ആക്ട് 2015 പ്രകാരമുള്ള നിയമ നടപടികൾ ഇവർ നേരിടുകയാണ്. തൽക്കാലം ഇരുവർക്കും ജാമ്യം ലഭിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. പൊലീസ് ഈ കേസിനെ ആധുനിക ലോകത്തെ അടിമക്കച്ചവടം എന്നാണ് വിശേഷിപ്പിക്കുന്നത്. കെയർ ഹോമുകളിലേക്കു കെയർ അസിസ്റ്റന്റുമാരായി വിദ്യാർത്ഥികളെ നൽകിയ ദമ്പതികൾ അവർക്കായി ഏറ്റവും മോശം സാഹചര്യമാണ് ഒരുക്കിയിരുന്നതെന്നു പൊലീസ് വ്യക്തമാക്കുന്നു.

വിദ്യാർത്ഥി വിസയിൽ എത്തുന്നവർ പാലിക്കേണ്ട നിയമങ്ങൾ വിദ്യാർത്ഥികൾ പാലിച്ചില്ലെന്നതിനാൽ അറസ്റ്റിൽ ആയ ദമ്പതികൾ ജോലിക്കു നിയോഗിച്ച ഒൻപതു പേരുടെ ഭാവിയും ചോദ്യ ചിഹ്നമായി മാറുകയാണ്. വെയ്ൽസിലെ കെയർ ഇൻസ്പെക്ടരേറ്റ് ഏജൻസിയെയും അന്വേഷണത്തിൽ ഉൾപ്പെടുത്തിയതോടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളും നിരീക്ഷണ വലയിലാകുകയാണ്.

സംഭവം ദേശീയ പ്രാധാന്യം നേടുന്നതോടെ യുകെയിൽ ഈ രംഗത്ത് ബിസിനസ് ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങളുടെയും വഴി അടയാൻ കാരണമായേക്കും. അനുവദിക്കപ്പെട്ട 20 മണിക്കൂറിൽ അധികം ജോലി ചെയ്തുവെന്നത് വെയ്ൽസിൽ പൊലീസ് നിരീക്ഷണത്തിൽ ഉള്ള മുഴുവൻ വിദ്യാർത്ഥികളും സമ്മതിച്ചതോടെ ഇക്കാര്യം യുകെയിലെ മുഴുവൻ കെയർ ഹോമുകളും നോട്ടീസായി എത്താനും കാരണമാകും. കോവിഡ് സാഹചര്യങ്ങളിൽ ഇത്തരം പരിശോധനകൾ ഇടക്കാലത്തു പൊലീസ് നിർത്തി വച്ചിരുന്നെകിലും വെയ്ൽസ് സംഭവം അത്തരം പരിശോധനകൾ ആരംഭിക്കാൻ പൊലീസ് സംവിധാനത്തെ പ്രേരിപ്പിക്കും എന്നതും വ്യക്തമാണ്.

അടിമക്കച്ചവടത്തിനു തുല്യമായ സാഹചര്യമെന്നു പൊലീസ്

കൂടുതൽ പണം ഉണ്ടാക്കണമെന്ന ആർത്തിയാണ് മലയാളി ദമ്പതികളെ കുരുക്കിലാക്കിയത് എന്ന് വ്യക്തം. മതിയായ ഭക്ഷണമോ താമസ സൗകര്യമോ നൽകാതെ വിദ്യാർത്ഥികൾ അടിമകളെ പോലെയാണ് ജീവിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഭക്ഷണം വാങ്ങാൻ പണം ഇല്ലാതിരുന്ന വിദ്യാർത്ഥികൾ പ്രാദേശിക ജീവ കാരുണ്യ സംഘടനകൾ എത്തിച്ചിരുന്ന ഭക്ഷണം ഉപയോഗിച്ചാണ് വിശപ്പ് അടക്കിയിരുന്നതെന്നും സമീപ വാസികളായ മലയാളികൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ ജോലി ചെയ്തിരുന്ന കെയർ ഹോം തന്നെ പരാതിക്കാരായി മാറി പൊലീസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തി കെയർ ഏജൻസി ഉടമകളായ ദമ്പതികളെ അറസ്റ്റ് ചെയ്തത്.

ഉണ്ണാതെയും ഉറങ്ങാതെയും കണ്ടാൽ അഭയാർത്ഥികൾ എന്ന് തോന്നിക്കും വിധമാണത്രെ യുകെയിലെ മികച്ച പ്രൊഫഷൻ ആയി കരുതപ്പെടുന്ന കെയറർ ജോലിക്കു മലയാളി വിദ്യാർത്ഥികൾ എത്തിയിരുന്നത്. ഇവരുടെ സമീപം എത്തുമ്പോൾ തന്നെ വേണ്ടത്ര വൃത്തിയില്ലാതെ അസഹ്യമായ മണം വന്നിരുന്നു എന്നാണ് കെയർ ഹോം മാനേജർ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ മലയാളി തലമുറ ഇങ്ങനെയാണോ എന്ന് സംശയിക്കപ്പെടേണ്ടി വരുന്ന ഒരു പരാതി കൂടിയായി ഇത് മാറുകയാണ്. ഇതേകാര്യം സ്ഥിരമായി വിദ്യാർത്ഥികളെ പലയിടത്തും എത്തിക്കുന്ന മലയാളി ടാക്സി ഡ്രൈവർമാരും സാക്ഷ്യപ്പെടുത്തുന്നതിനാൽ വംശീയതയുടെ പേരിൽ രൂപപ്പെട്ട പരാതി എന്ന ആരോപണവും ഉന്നയിക്കാനാകില്ല.

തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ ഏതു സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന കെയർ ഹോം മാനേജ്‌മെന്റിന്റെ അന്വേഷണമാണ് യുവ ദമ്പതികളെ പൊലീസ് വലയിലാക്കിയത്. വാടക ഇനത്തിൽ മുടക്കേണ്ട പണം ലഭിക്കാൻ ഇടുങ്ങിയ മുറികളിൽ തറകളിലാണ് വിദ്യാർത്ഥികൾ കിടന്നിരുന്നത് എന്നും പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്ന് വ്യക്തമായിട്ടുണ്ട്. ആവശ്യത്തിന് ഹീറ്റിങ് സംവിധാനവും അടച്ചുറപ്പില്ലാത്ത സാഹചര്യവും മാത്രമല്ല വൃത്തിഹീനമായ താമസ സ്ഥലവും എല്ലാം ചേർന്നതോടെ അടിമകൾക്ക് തുല്യമായ ജീവിതമാണ് വിദ്യാർത്ഥികൾ നയിച്ചിരുന്നതെന്നും റെയ്ഡ് നടത്തിയ അന്വേഷണ ഏജൻസി വ്യക്തമാക്കിയത് കോടതിയിൽ ദമ്പതികൾക്ക് ഉത്തരമില്ലാതാക്കും.

ഇതോടെയാണ് മോഡേൺ സ്‌ളേവറി എന്ന വാക്കുപയോഗിച്ചു സംഭവത്തിന് കൂടുതൽ ക്രിമിനൽ സ്വഭാവം നൽകാൻ പൊലീസ് തയ്യാറായത്. വിദ്യാർത്ഥികളെ താൽക്കാലികമായി സർക്കാർ സംവിധാനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ലക്ഷങ്ങൾ മുടക്കി പഠിക്കാൻ എത്തിയ വിദ്യാർത്ഥികളുടെ ഭാവി എന്ത് എന്നത് വലിയൊരു ചോദ്യമായി മാറുകയാണ്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞു വെയിൽസ് പൊലീസും ശക്തമായ ഇടപെടലാണ് നടത്തുന്നത്. ഡിസംബർ 16നു നടന്ന സംഭവം നിയമ നടപടികൾ ശക്തമാക്കുന്നതിനായി പൊലീസ് മാധ്യമങ്ങളുടെ കണ്ണിൽ നിന്നുവരെ മറച്ചു വയ്ക്കുക ആയിരുന്നു. രണ്ടു വീടുകളിലായി റെയ്ഡ് നടത്തി ഒൻപതു വിദ്യാർത്ഥികളുടെ വിവരമാണ് നോർത്ത് വെയ്ൽസ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ നൽകിയ സൂചന അനുസരിച്ചു മറ്റ് സ്ഥലങ്ങളിലും പൊലീസ് വൈകാതെ എത്തും എന്നാണ് കരുതപ്പെടുന്നത്. ഇതോടെ അനധികൃതമായി ജോലി ചെയ്ത വിദ്യാർത്ഥികളുടെ ഭാവിയാണ് ഇരുളിലാകുക. ബ്രിട്ടീഷ് നികുതി വ്യവസ്ഥയെയും ഇമിഗ്രേഷൻ നിയമത്തെയും വെട്ടിക്കാനായി കയ്യിൽ പണം നൽകുന്ന രീതിയാണ് ഭൂരിഭാഗം മലയാളി കെയർ എജൻസികളും നടത്തുന്നത് എന്ന വിവരവും പൊലീസ് മനസിലാക്കി കഴിഞ്ഞു. ഇതും ഈ രംഗത്ത് മലയാളികളുടെ അവസരം ഇല്ലാതാക്കും എന്നുറപ്പാണ്.

ജോലിക്കെത്തിയ വിദ്യാർത്ഥികൾ പെരുമാറിയത് അഭയാർത്ഥികളെപ്പോലെ

എങ്ങനെയും യുകെയിൽ എത്തുക, ഏതെങ്കിലും വിധത്തിൽ ജോലി ചെയ്യുക എന്നതാണ് കഴിഞ്ഞ ഏതാനും വർഷമായി എത്തിക്കൊണ്ടിരിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ പൊതു രീതി. ഇതിനിടയിൽ പഠിക്കാൻ വന്നതാണെന്നോ, എവിടെ പഠിക്കുന്നു എന്നതോ വരെ മറന്നു പോയവരുമുണ്ട്. യുകെയിൽ പാലിക്കേണ്ട മിനിമം മര്യാദ പോലും ഇല്ലാതെ തനി മലയാളി ചട്ടമ്പിത്തരം കാണിക്കുന്നവരും കുറവല്ലെന്നാണ് ഇതേക്കുറിച്ചു ലഭിച്ച അനേകം പരാതികൾ വിശകലനം ചെയ്യുന്നതിലൂടെ ബോധ്യപ്പെടുന്നത്.

ഇത്തരത്തിൽ ഉള്ള പെരുമാറ്റം തന്നെയാണ് വെയ്ൽസിലെ ദമ്പതികളെ കുഴപ്പത്തിൽ എത്തിച്ചത്. മതിയായ വിശ്രമം ഇല്ലാതെ ജോലിക്കെത്തി ഷിഫ്റ്റിൽ ഉറക്കം തൂങ്ങിയിരിക്കുക, നഴ്‌സിങ് ഹോമിലെ അന്തേവാസികളുടെ ഭക്ഷണം വാരിക്കഴിക്കുക എന്നതൊക്കെ ശീലമാക്കിയ ഉദ്യോഗാർത്ഥികളെ ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഈ കെയർ ഹോം ഉടമകൾ പൊലീസിൽ വിവരം അറിയിച്ചത്.

ഇതിനിടയിൽ സ്നേഹരൂപേണെ ഇവർ തൊഴിൽ ചെയ്യാൻ എത്തിയ സാഹചര്യവും നഴ്‌സിങ് ഹോം ഉടമകൾ മനസിലാക്കിയിരുന്നു. മാത്രമല്ല ഇത്തരം സ്ഥാപനങ്ങളിൽ ജോലിക്കു വരുന്ന വിദ്യാർത്ഥികൾ കേരളത്തിലെ അനാഥാലയമാണ് യുകെയിലെ കെയർ ഹോമുകൾ എന്നുവരെ ധരിച്ചു വച്ചിരിക്കുകയാണ്. ഓരോ അന്തേവാസിയുടെയും സ്വന്തം വീടിനു സമാനമാണ് യുകെയിലെ കെയർ ഹോമുകൾ എന്നത് ലോകപരിചയം ഏഴയലത്തു പോയിട്ടില്ലാത്ത പുത്തൻ മലയാളി തലമുറയുടെ പ്രതിനിധികളായ വിദ്യാർത്ഥികൾ മനസിലാകുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP