Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും കേരളം ഏറെ മുന്നിൽ; ബിരുദധാരികളിൽ കൂടുതലും പെൺകുട്ടികളായതിൽ സന്തോഷം; പരിവർത്തനവും ശാക്തീകരണവും നടക്കുന്ന ഇടങ്ങളാകണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നും കേന്ദ്രസർവകലാശാല ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി

സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും കേരളം ഏറെ മുന്നിൽ; ബിരുദധാരികളിൽ കൂടുതലും പെൺകുട്ടികളായതിൽ സന്തോഷം; പരിവർത്തനവും ശാക്തീകരണവും നടക്കുന്ന ഇടങ്ങളാകണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നും കേന്ദ്രസർവകലാശാല ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി

ബുർഹാൻ തളങ്കര

കാസർകോട്: സ്‌കൂളുകളും കോളേജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശിൽപശാലകളാണെന്നും, രാജ്യതാത്പര്യവും നന്മയും മുന്നിൽ കണ്ട് കൊണ്ട് വേണം വിദ്യാർത്ഥികൾ മുന്നോട്ട് പോകേണ്ടതെന്നും പറഞ്ഞു. 

. വിദ്യാർത്ഥികൾ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകണം. പരിവർത്തനവും ശാക്തീകരണവും നടക്കുന്ന ഇടങ്ങളാകണം വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പെരിയ തേജസ്വിനി ഹിൽസിൽ കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ വിദ്യാഭ്യാസത്തിലും കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച രാഷ്ട്രപതി മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയും പ്രഭാഷണത്തിൽ പരാമർശിച്ചു. കേരള കേന്ദ്ര സർവ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങിൽ ബിരുദം നേടിയ എല്ലാ വിദ്യാർത്ഥികളേയും അദ്ദേഹം അഭിനന്ദിച്ചു. സർവ്വകലാശാലയിലെ എല്ലാ ജീവനക്കാരും അദ്ധ്യാപകരും അഭിനന്ദനം അർഹിക്കുന്നു. വിദ്യാർത്ഥികളുടെ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ നിമിഷം. ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച വിദ്യാർത്ഥികളും അവരുടെ കുടുംബവും വിദ്യയിലൂടെ ശാക്തീകരിക്കപ്പെടുകയാണ്.

രാജ്യം മുഴുവൻ നിങ്ങളുടെ കുടുംബമാണ്. ഇന്നത്തെ നിങ്ങളുടെ നേട്ടം രാഷ്ട്രനിർമ്മാണ ദൗത്യത്തിന് സംഭാവന നൽകുന്നു. വിദ്യാർത്ഥികൾക്കെല്ലാം ഭാവിയിൽ നേട്ടങ്ങളുണ്ടാകട്ടെയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയിൽ, കേരളം മറ്റ് സംസ്ഥാനങ്ങള അപേക്ഷിച്ച് സാക്ഷരതയിലും വിദ്യാഭ്യാസത്തിിലും ഏറെ മുന്നിലാണ്. സ്ത്രീ വിദ്യാഭ്യാസത്തിലും മുന്നിലാണ്. പഠനമേഖലയിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ്. യുനെസ്‌കോയുടെ ഗ്ലോബൽ നെറ്റ്‌വർക്കിൽ കേരളത്തിൽ നിന്ന് തൃശ്ശൂരും നിലമ്പൂരും ഉൾപ്പെട്ടിട്ടുണ്ട്. കേരളീയരുടെ സാക്ഷരത വർധിപ്പിക്കാൻ പി എൻ പണിക്കർ അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേരളത്തിൽ പി.എൻ പണിക്കറുടെ പ്രതിമ തലസ്ഥാനത്ത് അടുത്ത ദിവസം അനാച്ഛാദനം ചെയ്യാൻ പോവുകയാണ്.

മഹാജ്ഞാനിയും സാമൂഹിക പരിഷ്‌കർത്താവുമായ ശ്രീനാരായണഗുരു എന്നും വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. 'വിദ്യകൊണ്ട് പ്രബുദ്ധ രാവുക എന്ന അദ്ദേഹത്തിന്റെ വരികൾ എന്നും പ്രചോദനമാണ്. നളന്ദയും തക്ഷശിലയും ഉൾപ്പെടെ വിദ്യാഭ്യാസത്തിന്റെ കേദാരമായ നാടാണ് ഭാരതം. ആര്യഭട്ടനും ഭാസ്‌കരാചാര്യനും പാണിനിയും എന്നും ഊർജ്ജമാണ്. ഗാന്ധിജി തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രചോദിപ്പിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വിജ്ഞാന നൂറ്റാണ്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. അറിവ് ആഗോള സമൂഹത്തിൽ ഒരു രാജ്യത്തിന്റെ സ്ഥാനം നിർണ്ണയിക്കും.

ബിരുദധാരികളിൽ കൂടുതലും പെൺകുട്ടികളായതിൽ സന്തോഷിക്കുന്നു. ബിരുദം നേടിയവരിൽ ആൺകുട്ടികളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് പെൺകുട്ടികൾ. 64 ശതമാനവും പെൺകുട്ടികളാണ് കേരള കേന്ദ്ര യൂണിവേഴ്സിറ്റിയിലുള്ളത്. അസാധാരണമായ കോവിഡ് -19 സാഹചര്യത്തിലാണ് രാജ്യം കടന്നു പോകുന്നത്. വൈറസിന്റെ പുതിയ വകഭേദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിത്. നമ്മുടെ ശാസ്ത്രജ്ഞർ ഈ സാഹചര്യത്തിൽ കൂടൂതൽ കണ്ടെത്തലുകൾ നടത്താനുള്ള ശ്രമത്തിലാണ്. നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരെയും അഭിനന്ദിക്കാതെ വയ്യ. ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷനാണ് രാജ്യത്ത് നടന്നത്.

കോവിഡ് കഴിഞ്ഞ വർഷം ആദ്യം വിദ്യാഭ്യാസത്തെ ബാധിച്ചു, പക്ഷേ സാങ്കേതിക പരിഹാരങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ സാധിച്ചു. ഇപ്പോൾ നിങ്ങളുടെ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കി.

സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യം കേരളം സന്ദർശിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഇവിടുത്തെ ആളുകളുടെ ഊഷ്മളതയും. പച്ചപ്പ് നിറഞ്ഞ വയലുകളും ബീച്ചുകളും കായലുകളും, കുന്നുകളും കാടുകളും, സമുദ്രവും മറ്റും ഏറെ ആകർഷണീയമാണ്-രാഷ്ട്രപതി പറഞ്ഞു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. ഒഫീഷിയേറ്റിങ് വൈസ് ചാൻസലർ പ്രൊഫ.കെ.സി. ബൈജു സ്വാഗതം പറഞ്ഞു. രജിസ്ട്രാർ ഡോ. എൻ. സന്തോഷ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ.എം. മുരളീധരൻ നമ്പ്യാർ, സർവ്വകലാശാലയുടെ കോർട്ട് അംഗങ്ങൾ,, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, ഫിനാൻ്സ് കമ്മറ്റി അംഗങ്ങള്, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ഡീനുമാർ, വകുപ്പുമേധാവികൾ, അദ്ധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായി.

ഹെലിപാഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ജില്ലാ പൊലീസ് മേധാവി പി ബി രാജീവ് വൈസ് ചാൻസിലർ ഇൻ ചാർജ് പ്രൊഫ കെ സി ബൈജു പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ എന്നിവർ രാഷ്ട്രപതിയെ വരവേറ്റു.

ബാന്റ് വാദ്യഅകമ്പടിയോടെയുള്ള അക്കാദമിക് ഘോഷയാത്രയോടെ ബിരുദദാന സമ്മേളന ചടങ്ങുകൾ ആരംഭിച്ചു. രാഷ്ട്രപതി, ഗവർണർ തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി വിവിധ സ്‌കൂളുകളുടെ ഡീനുമാർ, വൈസ് ചാൻസലർ, രജിസ്ട്രാർ, കൺട്രോളർ ഓഫ് എക്സാനമിനേഷൻ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP