Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവർ പ്രതികളായ നിയമസഭാ കൈയാങ്കളി കേസ് ബുധനാഴ്ച പരിഗണിക്കും; കുറ്റം ചുമത്തലിനായി പ്രതികൾ ഹാജരാകണം; നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി എന്ന് കേസ്

മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവർ പ്രതികളായ നിയമസഭാ കൈയാങ്കളി കേസ് ബുധനാഴ്ച പരിഗണിക്കും; കുറ്റം ചുമത്തലിനായി പ്രതികൾ ഹാജരാകണം; നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി എന്ന് കേസ്

അഡ്വ.പി.നാഗ് രാജ്

തിരുവനനന്തപുരം: നിയമസഭയിൽ മുൻ എം എൽ എ യും നിലവിൽ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച ബുധനാഴ്ച പരിഗണിക്കും. വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തലിനായി എല്ലാ പ്രതികളും ഹാജരാകാൻ സിജെഎം ആർ. രേഖ ഉത്തരവിട്ടിട്ടുണ്ട്. കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. എല്ലാ പ്രതികളും വിചാരണ നേരിടാനും ഉത്തരവിട്ടു. പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളുള്ളതിനാൽ പ്രതികളെ വിചാരണ ചെയ്യാൻ പ്രഥമ ദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് വിടുതൽ ഹർജി തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

പൊലീസ് റിപ്പോർട്ടും സാക്ഷിമൊഴികളും കേസ് റെക്കോർഡുകളും പരിശോധിച്ചതിൽ പൊലീസ് കുറ്റപത്രത്തിന് അടിസ്ഥാനമുണ്ട്. വിടുതൽ ഹർജിയുടെ പരിഗണനാ വേളയിൽ കേസ് ശിക്ഷയിൽ കലാശിക്കുമോ അതോ പ്രതികളെ വെറുതെ വിടുമോ എന്ന് ഈ ഘട്ടത്തിൽ തെളിവുകൾ ചികഞ്ഞ് പരിശോധിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. സാക്ഷി വിസ്താര വിചാരണയ്ക്കു ശേഷമാണ് തെളിവു മൂല്യം വിലയിരുത്തുന്നത്. പ്രതികൾ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാനമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതൽ ഹർജി തള്ളിക്കൊണ്ടാണ് വകുപ്പ് 240 പ്രകാരം പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടത്. കുറ്റ സ്ഥാപനത്തിൽ 2 വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാൽ പൊലീസ് കുറ്റപത്രവും സാക്ഷിമൊഴികളും അനുബന്ധ റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോർട്ട് ചാർജ് (കോടതി കുറ്റപത്രം) പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത്.

മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിയമസഭാ കൈയാങ്കളി ദ്യശ്യങ്ങൾ വ്യാജമെന്നതടക്കമുള്ള പ്രതികളുടെ ഡിഫൻസ് വാദങ്ങൾ തള്ളി കൊണ്ടാണ് കോടതി ഉത്തരവ്. ഇത്തരം വാദങ്ങളെല്ലാം വിചാരണയിൽ പരിഗണിക്കേണ്ട വിഷയങ്ങളാണെന്നും കോടതി വ്യക്തമാക്കി. നേരത്തേ കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജി തള്ളിക്കൊണ്ട് പ്രതികൾ വിചാരണ നേരിടാൻ ഉത്തരവ് പുറപ്പെടുവിച്ച മുൻ സിജെഎമ്മും നിലവിൽ പോക്‌സോ കോടതി ജഡ്ജിയുമായ ആർ. ജയകൃഷ്ണൻ 2020 സെപ്റ്റംബർ 22 ൽ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതിയും സുപ്രീം കോടതിയും ശരി വച്ച് പ്രതികൾ വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു.

അതേസമയം നാശനഷ്ടം വരുത്താൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലായിരുന്നെന്ന് ആണ് വിടുതൽ ഹർജിയിൽ പ്രതികൾ വാദിച്ചിരുന്നത്. സുരക്ഷാ ജീവനക്കാരായ വാച്ച് ആൻഡ് വാർഡ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. തങ്ങൾ മാത്രമല്ല സ്പീക്കറുടെ ഡയസിൽ കയറിയതെന്നും എം എൽ എ മാരായ സുനിൽ കുമാർ , ബി.സത്യൻ , തോമസ് ഐസക്ക് എന്നിവരടക്കം 20 ഓളം എം എൽ എ മാരും കയറിയെന്ന് പ്രതികൾ വാദിച്ചിരുന്നു. . അന്വേഷണത്തിൽ പാളീച്ചകളുള്ളതിനാലും തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

തങ്ങൾക്കെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നാണ് കുറ്റവിമുക്തരാക്കൽ ഹർജിയിൽ പ്രതികൾ പറയുന്നത്. തങ്ങൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ല. തങ്ങൾക്കെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളില്ല. വാച്ച് ആൻഡ് വാർഡും പൊലീസുകാരുമായ ഔദ്യോഗിക സാക്ഷികളല്ലാതെ 140 എം എൽ എ മാരെയും 21 മന്ത്രിമാരെയും സാക്ഷികളാക്കിയിട്ടില്ല. സി സി റ്റി വി ദൃശ്യങ്ങൾ ശരിയായും നിയമ പരമായ രീതിയിലും സാക്ഷ്യപ്പെടുത്തിയിട്ടില്ല.ഇൻഫോർമേഷൻ ടെക്‌നോളജി നിയമത്തിലെ 65 ബി പ്രകാരം തൊണ്ടിമുതലായ ദൃശ്യ സിഡികൾ ഏത് ഡിവൈസിൽ നിന്നാണെടുത്തതെന്ന സാക്ഷ്യപത്രം ഫോറൻസിക് റിപ്പോർട്ടിനൊപ്പം ക്രൈംബ്രാഞ്ച് ഹാജരാക്കിയിട്ടില്ല. അതിനാൽ തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നും പ്രതികൾ കോടതിയിൽ ബോധിപ്പിച്ചത്.

സർക്കാരിന്റെ കേസ് പിൻവലിക്കൽ ഹർജി തള്ളിയ സിജെഎം കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി തള്ളിയ ഹൈക്കോടതിയും സുപ്രീം കോടതിയും പ്രതികൾ വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു. സഭയിലെ കൈയാങ്കളിക്ക് സാമാജികർക്ക് പരിരക്ഷയില്ലെന്നും വിചാരണ നേരിടണമെന്നും ചൂണ്ടിക്കാട്ടി സർക്കാർ അപ്പീൽ തള്ളിക്കൊണ്ട് ജൂലൈ 28 ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. പിൻവലിക്കൽ ഹർജി തള്ളിയ സിജെഎം കോടതി വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്താൻ പ്രതികളോട് ഹാജരാകാൻ അന്ത്യശാസനം നൽകിയ സാഹചര്യത്തിലാണ് പ്രതികൾ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. അതേ സമയം സർക്കാർ ക്രിമിനൽ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ പ്രതികൾ പറയേണ്ട വാദമാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

നിയമം നിർമ്മിക്കുന്ന ജനപ്രതിനിധികൾ ക്രിമിനൽ നിയമത്തിൽ നിന്ന് പരിരക്ഷ അവകാശപ്പെടുന്നത് അവരിലുള്ള വിശ്വാസം നശിപ്പിക്കലാകുമെന്നും സുപ്രീം കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളായ പ്രതികൾക്ക് മറ്റേതൊരു പൗരനെയും പോലെ ക്രിമിനൽ നിയമം ബാധകമാണ്. സാമാജികർക്ക് പ്രത്യേക അവകാശവും പരിരക്ഷയും നൽകുന്നത് അവരെ മറ്റുള്ളവർക്ക് മുകളിലാക്കാനല്ല. മറിച്ച് സ്വതന്ത്രമായി കടമകൾ നിർവഹിക്കാനാണ്. സഭക്കകത്തെ കുറ്റങ്ങൾക്ക് അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ല. സഭയ്ക്കകത്തെ സംഭവങ്ങളുടെ വീഡിയോ റെക്കോർഡിംഗുകൾ സഭാ നടപടികളുടെ ഭാഗമല്ല. അതിന് നിയമ പരിരക്ഷയുമില്ല.

സാമാജികരുടെ പരിരക്ഷ സംബന്ധിച്ച ഭരണഘടനാ വകുപ്പിനെ തെറ്റായി മനസ്സിലാക്കിയാണ് വിചാരണ പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. സാമാജികർ ക്രിമിനൽ നിയമത്തിന് അതീതരാണെന്ന തോന്നലുളവാക്കുന്ന നടപടിയാണിത്. ബാഹ്യ പ്രേരണ കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ പ്രോസിക്യൂട്ടർ ബാധ്യസ്ഥനാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച് സഭയ്ക്കകത്തെ പൊതുമുതൽ നശിപ്പിക്കുന്നത് അംഗങ്ങളുടെ നിയമനിർമ്മാണ കർത്തവ്യമായി കാണാനാകില്ല. ഭരണഘടനാ ഉപാധികളെ ചവിട്ടിമെതിച്ച അംഗങ്ങളുടെ നടപടി ഭരണഘടന ഉറപ്പു നൽകുന്ന അവകാശത്തിന് കീഴിൽ വരില്ല.

പ്രതിഷേധത്തിന്റെ പേരിൽ പൊതു - സ്വകാര്യ മുതൽ നശിപ്പിക്കുന്നത് ക്ഷമിക്കേണ്ടതല്ലെന്ന് ഒട്ടേറെ കേസുകളിൽ സുപ്രീം കോടതിയും പാർലമെന്റും നിലപാടെടുത്തിട്ടുണ്ട്. പൊതു മുതൽ നശിപ്പിപിക്കുന്നത് തടയുന്ന കേന്ദ്ര നിയമത്തിന് ശക്തി പകരാൻ 2019 ൽ കേരള സർക്കാരും നിയമം പാസ്സാക്കിയതാണെന്നും സംസ്ഥാന സർക്കാർ അപ്പീൽ തള്ളിയ വിധിന്യായത്തിൽ സുപ്രീം കോടതി വ്യക്തമാക്കി. പ്രതികളുടെ വാദം വാദിയായ സംസ്ഥാന സർക്കാർ ഉന്നയിച്ചതിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

കേസ് വിചാരണ സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മന്ത്രിമാർ വിചാരണക്കോടതിയിൽ ഹാജരാകാനും വിചാരണ നേരിടാനും ഭയപ്പെടുന്നതെന്തിനെന്നും ഹൈക്കോടതി 2020 ഒക്ടോബർ 27 ന് സർക്കാരിനോട് ചോദിച്ചിരുന്നു. പ്രതികൾ ഒക്ടോബർ 28 ന് ഹാജരാകാൻ സിജെഎം കോടതി അന്ത്യശാസനം നൽകിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തും കീഴ്‌ക്കോടതിയിൽ ഹാജരാകാൻ ഉള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമുള്ള ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സ്റ്റേ ആവശ്യം തള്ളുകയും ചെയ്തു. വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തലിന് ഹാജരാകാൻ മുൻ സി ജെ എം ആർ. ജയകൃഷ്ണൻ പ്രതികളോടാവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതികൾ വിടുതൽ ഹർജിയുമായി രംഗത്തെത്തിയത്.

2015 മാർച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2011-16 ലെ ഇടത് എംഎൽഎ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റർ , മുൻ കായിക മന്ത്രിയായ ഇ.പി.ജയരാജൻ , സി.കെ.സദാശിവൻ , നിലവിൽ സംസ്ഥാന വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി , മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീൽ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതൽ അറു വരെയുള്ള പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP