Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോൺ വിളികളെ പിന്തുടർന്ന് പൊലീസ് എത്തിയത് പളനിയിലും കോയമ്പത്തൂരിലും; ബസ് സ്റ്റാൻഡുകളിലെ സിസി ടിവി പരിശോധന നിർണ്ണായകമായി; യാത്ര ചെയ്ത് അലഞ്ഞ് കൊല്ലത്ത് കുടുങ്ങി കൊടും ക്രിമിനൽ; ഓപ്പറേഷൻ ഒട്ടകത്തിന് പിന്നിലും ആറ്റിങ്ങൽ അയ്യപ്പനെ പൊക്കിയ അതേ ബുദ്ധി; അമീറുൾ ഇസ്ലാമിനെ വിലങ്ങണിയിച്ച പികെ മധു വീണ്ടും സ്റ്റാർ; ഒട്ടകത്തിനെ പൊക്കിയ ക്രൈം ത്രില്ലർ ഇങ്ങനെ

ഫോൺ വിളികളെ പിന്തുടർന്ന് പൊലീസ് എത്തിയത് പളനിയിലും കോയമ്പത്തൂരിലും; ബസ് സ്റ്റാൻഡുകളിലെ സിസി ടിവി പരിശോധന നിർണ്ണായകമായി; യാത്ര ചെയ്ത് അലഞ്ഞ് കൊല്ലത്ത് കുടുങ്ങി കൊടും ക്രിമിനൽ; ഓപ്പറേഷൻ ഒട്ടകത്തിന് പിന്നിലും ആറ്റിങ്ങൽ അയ്യപ്പനെ പൊക്കിയ അതേ ബുദ്ധി; അമീറുൾ ഇസ്ലാമിനെ വിലങ്ങണിയിച്ച പികെ മധു വീണ്ടും സ്റ്റാർ; ഒട്ടകത്തിനെ പൊക്കിയ ക്രൈം ത്രില്ലർ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമീറുൾ ഇസ്ലാമിനെ പൊക്കി കേരളത്തിന്റെ കണ്ണീര് തുടച്ച പൊലീസ് ഉദ്യോഗസ്ഥനാണ് പികെ മധു. ജിഷാ കൊലക്കേസ് അന്വേഷണത്തിന് നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘത്തിലെ പ്രധാനി. അസമിൽ നിന്ന് അമീർ ഉൾ ഇസ്ലാമിനെ പൊക്കിയ ഈ പൊലീസ് ഉദ്യോഗ്സഥന്റെ അന്വേഷണമാണ് ആറ്റിങ്ങൽ അയ്യപ്പനേയും കുടുക്കിയത്. ഇത് കീഴടങ്ങലായിരുന്നില്ല. 'ഓപ്പറേഷൻ ആറ്റിങ്ങൽ' അതി രഹസ്യ അന്വേഷണമാണ് അയ്യപ്പനെ കുടുക്കിയത്. ഇനി പികെ മധുവിന് വിരമിക്കാനുള്ളത് ദിവസങ്ങൾ മാത്രം. അതിന് മുമ്പ് മറ്റൊരു കൊടും ക്രിമിനലിനെ കൂടി തന്ത്രങ്ങളിലൂടെ അറസ്റ്റ് ചെയ്യുകയാണ് തിരുവനന്തപുരം റൂറൽ എസ് പി കൂടിയായ പികെ മധു. ഒട്ടകം രാജേഷിനെ കുടുക്കിയതും മധുവിന്റെ ജാഗ്രതയാണ്. പോത്തൻകോട്ടെ കൊലയിലെ പ്രധാനി വലപൊട്ടിച്ചു പോകുന്നില്ലെന്ന് മധുവിന്റെ ജാഗ്രത ഉറപ്പിച്ചു.

'ഒട്ടകം രാജേഷി'ലേക്ക് എത്തിച്ചേരാൻ പൊലീസ് നടത്തിയത് കഠിന പ്രയത്‌നമാണ്. നൂറോളം മൊബൈൽ കോൾ രേഖകൾ, അഞ്ഞൂറിലധികം ടവർ ലൊക്കേഷൻ വിവരങ്ങൾ, അൻപതോളം സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവയെല്ലാം പരിശോധിച്ചിരുന്നു. ഒട്ടകം രാജേഷിന്റെ രൂപ സാദൃശ്യമുള്ളവരെ കണ്ടെന്ന നൂറുകണക്കിനു സന്ദേശങ്ങളാണ് പൊലീസിന് മുന്നിലെത്തിയത്. ഇതനുസരിച്ച് വക്കം, കടയ്ക്കാവൂർ, പെരുമാതുറ, അണ്ടൂർക്കോണം കണ്ടൽ, പായ്ച്ചിറ തുടങ്ങിയ സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. റൂറൽ ജില്ലയിലെ പൊലീസ് സംവിധാനം മുഴുവൻ ഉപയോഗിച്ചായിരുന്നു ഒട്ടകം രാജേഷിനായി തിരച്ചിൽ നടത്തിയത്. ഇതിനെല്ലാം നേതൃത്വം നൽകിയത് റൂറൽ എസ് പി മധുവും.

ചെറുത്തു നിൽപ്പു കൂടാതെയാണ് രാജേഷിന്റെ കീഴടങ്ങൽ. വർക്കലയിൽ കായലിനു നടുവിലെ തുരുത്തിൽ രാജേഷിനായി പൊലീസ് സംഘം തിരച്ചിൽ നടത്തുമ്പോൾ ഇയാൾ തമിഴ്‌നാട്ടിലായിരുന്നു. തുരുത്തിന്റെ എല്ലാ വശവും വളഞ്ഞായിരുന്നു തിരച്ചിൽ. രാജേഷ് ഒളിവിൽ പോയതു മുതൽ ഇയാളുമായി ബന്ധമുള്ളവരുടെ ഫോൺ നമ്പറുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കി. എന്നാൽ അന്വേഷണത്തിന്റെ രഹസ്യ വിവരങ്ങൾ ചില ഉദ്യോഗസ്ഥർ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതു ഒളിവു കേന്ദ്രങ്ങൾ സുരക്ഷിതമായി മാറാൻ ഇയാളെ സഹായിച്ചു. ഒടുവിൽ ഇയാളുടെ ഒരു ബന്ധുവിന്റെ നമ്പറിൽ കോയമ്പത്തൂരിൽ നിന്നു ഫോൺ വിളിയെത്തി. അതിനെ പിന്തുടർന്നു ഷാഡോ പൊലീസ് അവിടെയെത്തിയപ്പോൾ ആ നമ്പർ ഒരു കടക്കാരന്റേതാണെന്നും ആരോ അത്യാവശ്യത്തിനു ഫോൺ വിളിച്ചതാണെന്നും പറഞ്ഞു.

അപ്പോഴേക്കും അയാൾ പളനിയിലേക്കു കടന്നു. അവിടെ നിന്നും പണം ആവശ്യപ്പെട്ട് ഇയാൾ മറ്റൊരാളെ ഫോണിൽ വിളിച്ചു. എടുത്തയാൾ ഉടൻ ഫോൺ കട്ട് ചെയ്തു. പിന്നീടു പളനിയിലെയും കോയമ്പത്തൂരിലെയും ബസ് സ്റ്റാൻഡിലടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ തമിഴ്‌നാടു പൊലീസ് സഹായത്തോടെ പരിശോധിച്ചു. കേരളത്തിലേക്കു ദീർഘദൂര ബസുകൾ സർവീസ് നടത്തുന്ന സ്റ്റാൻഡിലേക്കു രാജേഷ് പോകുന്ന ദൃശ്യങ്ങൾ കണ്ടു. കേരളത്തിലെ വിവിധ സ്ഥലത്തേക്കുള്ള ബസ് സർവീസ് സമയം പൊലീസ് മനസിലാക്കി. എല്ലാ ജില്ലകളിലും പൊലീസ് സന്ദേശം കൈമാറി. കോയമ്പത്തൂർ സ്റ്റാൻഡിൽ നിന്നു വിളിച്ചതിനു പിന്നാലെ എറണാകുളം സ്റ്റാൻഡിൽ നിന്നു മറ്റൊരാളുടെ ഫോണിൽ നാട്ടിലെ സുഹൃത്തിനെ രാജേഷ് വിളിച്ചു.

അതോടെ പോത്തൻകോടു പൊലീസ് എറണാകുളത്തേക്കു തിരിച്ചു. അപ്പോഴേക്കും കൊല്ലത്തു നിന്നു മറ്റൊരു നമ്പറിൽ സുഹൃത്തിനു വീണ്ടും വിളിയെത്തി. ആ സമയം കൊല്ലം ബസ് സ്റ്റാൻഡ് പൊലീസ് അരിച്ചുപെറുക്കി. കൈയിൽ പണമില്ലാതായ രാജേഷ് അവിടെ നിൽപ്പുണ്ടായിരുന്നു. തിരുവനന്തപുരത്തു കോടതിയിൽ കീഴടങ്ങാൻ ബസിൽ കയറാൻ നേരമാണു പൊലീസിന്റെ പിടികൂടിയത്. ഉടൻ അയാൾ കീഴടങ്ങിയെന്നു പൊലീസ് അധികൃതർ വ്യക്തമാക്കി. റൂറൽ എസ് പിയുടെ ജാഗ്രയാണ് രാജേഷിനെ വലച്ചത്. എങ്ങനേയും തന്നെ പിടികൂടുമെന്ന് അയാൾക്ക് മനസ്സിലായിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര.

പിടികിട്ടാ പുള്ളിയായിരുന്ന ആറ്റിങ്ങൽ അയ്യപ്പനേയും സമാന ഓപ്പറേഷനിലൂടെയാണ് മധു പൊക്കിയത്. ആറുപേരടങ്ങുന്ന സംഘത്തെ കൃത്യമായ പ്ലാൻ ഉണ്ടാക്കി നിയോഗിച്ചത് റൂറൽ എസ്‌പിയായിരുന്ന പികെ മധുവാണ്. എസ് പിയുടെ നിർദ്ദേശ പ്രകാരം നടത്തിയത് ഓപ്പറേഷനിലൂടെയാണ് ആറ്റിങ്ങൽ അയപ്പനെ കീഴടക്കുന്നത്. ഓപ്പറേഷനെക്കുറിച്ച് ഈ സംഘാംഗങ്ങൾക്കല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. പൊലീസിനുള്ളിൽ തന്നെ അയ്യപ്പന് സ്വാധീനമുണ്ട്. സിപിഎമ്മുമായി അടുത്ത് നിൽക്കുന്ന ഗുണ്ട. ആ വിശ്വാസത്തിലാണ് ഗൾഫിലും മലേഷ്യയിലും സാമ്രാജ്യമുള്ള അയ്യപ്പൻ അതിരഹസ്യമായി കേരളത്തിലെത്തിയതും ഒളി ജീവിതം തുടങ്ങിയതും. ഏഴു പേരടങ്ങിയ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ഒരാഴ്ചയായി അയ്യപ്പന്റെ വാടക വീടിന് സമീപം രഹസ്യമായി താമസിച്ച് നീക്കങ്ങൾ നീരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം റൂറൽ എസ് പി ആയി പുതുതായി ചുമതലയേറ്റ പി കെ മധുവിന് ലഭിച്ച ഒരു ഫോൺ നമ്പറിൽ നിന്നാണ് ഈ ഒപ്പറേഷന്റെ തുടക്കം. ആറ്റിങ്ങൽ അയ്യപ്പൻ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഫോൺ നമ്പറാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഇത് വച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലുടെയാണ് അയ്യപ്പൻ പിടിയിലാകുന്നത്. ആരും ഒന്നും അറിയാതിരിക്കാൻ മധു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തെങ്കിലും പുറത്തു പോയാൽ വലയിൽ നിന്ന് രക്ഷപ്പെടുന്ന മികവ് അയ്യപ്പനുണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു തന്ത്രങ്ങൾ ഒരുക്കിയത്. മുമ്പും തിരുവനന്തപുരം റൂറലിന്റെ ചുമതല പികെ മധുവിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരേയും നേരിട്ട് അറിയാം. ഇതും ആത്മവിശ്വാസമാക്കിയാണ് ആറ്റിങ്ങൽ അയ്യപ്പനെ മധു കുടുക്കിയത്.

ഏതാണ് 25 കൊല്ലം മുമ്പാണ് ആറ്റിങ്ങൽ അയ്യപ്പനെ കൊല്ലുകയെന്ന ഉദേശത്തോടെ ഒരു സംഘം ആക്രമിക്കുന്നത്. ആർഎസ്എസ് കര്യാലായങ്ങളും ശാഖകളും ആക്രമിച്ചതിന്റെ പകയായി അതിനെ വിലയിരുത്തുന്നവരുണ്ട്. വളഞ്ഞ സംഘത്തിന്റെ ലക്ഷ്യം കൊലപ്പെടുത്തലാണെന്ന് മനസ്സിലാക്കിയ അയ്യപ്പൻ പ്രതിരോധം തീർത്തത് ജീവൻ തിരിച്ചെടുക്കാനുള്ള തന്ത്രമായി. ചായക്കടയിലുണ്ടായിരുന്ന സ്റ്റൂൾ എടുത്ത് കഴുത്തിൽ ഇടുകയാണ് അയ്യപ്പൻ ചെയ്തത്. ഇതോടെ തലങ്ങും വലിങ്ങുമുള്ള വെട്ടൊന്നും തലയിൽ കൊണ്ടില്ല. സ്റ്റൂളിന്റെ കാലുകളിൽ വെട്ടുകൾ ഒതുങ്ങി. കൈയും കാലും കൊത്തു നുറുക്കിയവർക്ക് തലയിൽ തൊടാൻ കഴിഞ്ഞില്ല. പിന്നെ മാസങ്ങൾ മെഡിക്കൽ കോളേജിലെ ചികിൽസ.

ചലന ശേഷി വീണ്ടെടുത്ത അയ്യപ്പന് രക്ഷയൊരുക്കിയത് ഗുണ്ടുകാട് സാബുവായിരുന്നു. ഗുണ്ടുകാട് ഷാജിയുടെ മരണത്തോടെ ഒറ്റപ്പെട്ടു നിന്ന ഷാജിക്ക് അയ്യപ്പൻ എല്ലാമെല്ലാമായി. ഗുണ്ടാകാട്ടിലെ വീട്ടിൽ അയ്യപ്പനും താമസം തുടങ്ങി. കുന്നുകുഴിയിൽ നിന്ന് പ്രണയവിവാഹവും. അയ്യപ്പന്റെ ഭാര്യയ്ക്ക് കെ എസ് ആർ ടി സിയിൽ ജോലിയുമുണ്ട്. അച്ഛന്റെ മരണത്തോടെ കിട്ടിയ ആശ്രിത നിയമനം. ആരോഗ്യം പൂർണ്ണായും വീണ്ടെടുത്തതോടെ വീണ്ടും സിപിഎമ്മുകാർക്കൊപ്പായി അയ്യപ്പൻ. പേട്ടയിൽ തമ്പടിച്ച് പ്രവർത്തനവും തുടങ്ങി. ഈ മേഖലയിൽ അന്നുണ്ടായ ആർഎസ്എസ് - സി പിഎം സംഘട്ടനങ്ങളുടെ ഒരു വശത്ത് അയ്യപ്പനുമുണ്ടായി. ഇതിനിടെയാണ് ഓംപ്രകാശും ശക്തനാകുന്നത്. പുത്തൻപാലം രാജേഷും നേതാവായി. പതിയെ അയ്യപ്പൻ പിന്മാറ്റം തുടങ്ങി. അതിന് ശേഷം ആറ്റിങ്ങൽ-ചിറൻകീഴ് മേഖലകളെ വിറപ്പിച്ചത ഗുണ്ടായാണ് ഒട്ടകം. ഈ ഒട്ടകത്തേയും പികെ മധു തന്നെ പൊക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP