Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൗദി അറേബ്യയിൽ വിമാനത്താവളത്തിന് നേരെ ആക്രമണ ശ്രമം; സ്‌ഫോടക വസ്തുക്കൾ നിറച്ച ആളില്ലാ വിമാനം അറബ് സഖ്യസേന വെടിവെച്ചിട്ടു

സൗദി അറേബ്യയിൽ വിമാനത്താവളത്തിന് നേരെ ആക്രമണ ശ്രമം; സ്‌ഫോടക വസ്തുക്കൾ നിറച്ച ആളില്ലാ വിമാനം അറബ് സഖ്യസേന വെടിവെച്ചിട്ടു

ന്യൂസ് ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യക്ക് നേരെ യമൻ വിമത വിഭാഗമായ ഹൂതികളുടെ ആക്രമണ ശ്രമം വീണ്ടും. ഇത്തവണ തെക്ക് പടിഞ്ഞാറൻ അതിർത്തിയിലെ ജിസാൻ കിങ് അബ്ദുല്ല എയർപോർട്ടിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്താൻ ശ്രമിച്ചത്. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന ഈ ശ്രമം പരാജയപ്പെടുത്തി.

യമനിലെ സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഹൂതികൾ ജിസാൻ എയർപോർട്ടിൽ യാത്രക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഡ്രോൺ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പായി സഖ്യസേന ഡ്രോൺ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു. സാധാരണക്കാർക്ക് നേരെ ആക്രമണങ്ങൾ നടത്താൻ സൻആ എയർപോർട്ട് ഉപയോഗിക്കുന്നത് നിയമാനുസൃത സൈനിക നടപടികൾക്ക് കാരണമാകുമെന്ന് സഖ്യസേന പറഞ്ഞു. തങ്ങൾ ഇപ്പോഴും സംയമനം പാലിക്കുകയാണെന്നും സഖ്യസേന പറഞ്ഞു.

ഞായറാഴ്ച തന്നെ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യം വെച്ചും ഹൂതികളുടെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. ഇതും ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകർത്തു. ഇറാന്റെ പിന്തുണയോടെ ഹൂതികൾ സൗദി അറേബ്യയിലെ സാധാരണക്കാരെയും അവരുടെ വസ്തുവകകളും ലക്ഷ്യം വെച്ച് ആക്രമണം തുടരുകയാണെന്നും ഇതിനായി സൻആ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുകയാണെന്നും സഖ്യസേന ആരോപിച്ചു.

കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ഹൂതികൾ നടത്തിയ വ്യോമാക്രമണ ശ്രമവും അറബ് സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. വിമാനത്താവളത്തിൽ ആക്രമണം നടത്താനൊരുങ്ങിയ രണ്ട് ഡ്രോണുകൾ തകർത്തതായാണ് സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി ഞായറാഴ്ച അറിയിച്ചത്.

വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണ ശ്രമമെന്നും യെമനിലെ സൻആ വിമാനത്താവളത്തിൽ നിന്നാണ് ഡ്രോണുകൾ പറന്നുയർന്നതെന്നും സഖ്യസേന ആരോപിച്ചിരുന്നു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്താനുള്ള കേന്ദ്രമായി സൻആ അന്താരാഷ്ട്ര വിമാനത്താവളത്തെ ഹൂതി വിമതർ ഉപയോഗിക്കുകയാണെന്നും സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ച തെക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണമായ ജിസാനിൽ മിസൈൽ പതിച്ച് വാഹനങ്ങളും വർക്ക്ഷോപ്പുകളും കത്തിനശിച്ചിരുന്നു. ജിസാനിലെ അഹദ് അൽമസാരിഹിൽ മൂന്നു വർക്ക്ഷോപ്പുകളും മൂന്നു കാറുകളുമാണ് ഹൂതികളുടെ ആക്രമണത്തിൽ കത്തി നശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP