Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇല്ലാത്ത ഭൂമി നൽകാമെന്ന് പറഞ്ഞ് താരസംഘടനയെ കബളിപ്പിച്ചിട്ടില്ല; അമ്മയ്ക്ക് അരൂരിൽ വിട്ടുനൽകാൻ തയ്യാറായത് ഒരു കോടി രൂപ വിലയുള്ള ഭൂമി; നടൻ സിദ്ദിഖ് പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചു; മോഹൻ ലാലിന് പരാതി നൽകി നാസർ ലത്തീഫ്

ഇല്ലാത്ത ഭൂമി നൽകാമെന്ന് പറഞ്ഞ് താരസംഘടനയെ കബളിപ്പിച്ചിട്ടില്ല; അമ്മയ്ക്ക് അരൂരിൽ വിട്ടുനൽകാൻ തയ്യാറായത് ഒരു കോടി രൂപ വിലയുള്ള ഭൂമി; നടൻ സിദ്ദിഖ് പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചു; മോഹൻ ലാലിന് പരാതി നൽകി നാസർ ലത്തീഫ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താരസംഘടനയിലെ തിരഞ്ഞെടുപ്പിന് പിന്നാലെ നടൻ സിദ്ദിഖിനെതിരെ അമ്മ അധ്യക്ഷനായ മോഹൻലാലിന് പരാതി നൽകി നടൻ നാസർ ലത്തീഫ്. 'ഇല്ലാത്ത ഭൂമി അമ്മ സംഘടനയ്ക്ക് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു' എന്ന നടൻ സിദ്ദിഖിന്റെ പരാമർശത്തിന് എതിരെയാണ് നാസർ ലത്തീഫ് പരാതി നൽകിയത്. തന്റെ ഉടമസ്ഥതയിൽ ആലപ്പുഴയിലെ അരൂരിലുള്ള 20 സെന്റ സ്ഥലം സംഘടനയ്ക്ക് വിട്ടു നൽകാമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ സ്ഥലമേറ്റെടുക്കാൻ അമ്മ തയ്യാറായില്ല.

വസ്തുത ഇതാണ് എന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് സിദ്ദിഖ് ഇങ്ങനെയൊരു പരാമർശം നടത്തിയത് തനിക്ക് അറിയില്ല.  പരാമർശം പിൻവലിക്കാൻ സിദ്ദിഖ് തയ്യാറാവണം. ഇങ്ങനെയൊരു പ്രസ്താവനയിലൂടെ തന്നെ പൊതുജനമധ്യത്തിൽ അപമാനിക്കുകയാണ് സിദ്ദിഖ് ചെയ്തതെന്നും മോഹൻ ലാലിന് നൽകിയ പരാതിയിൽ നാസർ ലത്തീഫ് പറയുന്നു.



തന്റെ ഉടമസ്ഥതയിലുള്ള അരൂരിൽ സ്ഥിതി ചെയ്യുന്ന ഇരുപത് സെന്റ് ഭൂമി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അമ്മ സംഘടനയ്ക്ക് നൽകാമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഈ ഭൂമി സംബന്ധിച്ച ആധാരത്തിന്റെ പകർപ്പ് ഇടവേള ബാബുവിന് നൽകുകയും ചെയ്തിരുന്നു. വിഷയം ചർച്ച ചെയ്യുകയും ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയം ബാബുരാജിനോടും സംസാരിച്ചിരുന്നു. എന്നാൽ അതിന് ശേഷം അമ്മയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.

ഭൂമിയിൽ അമ്മ സംഘടന താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ ഈ ഭൂമി ഭവനരഹിതർക്ക് വിട്ടുനൽകാൻ തീരുമാനിക്കുകയും അർഹർക്ക് നൽകുകയും ചെയ്തു. നിലവിൽ ഭൂമിയിൽ നാല് വീടുകൾ വച്ചുകഴിഞ്ഞു. തുടർന്നും വീട് പണി നടക്കുന്നു. ഇതേ ആവശ്യത്തിന് വേണ്ടിയാണ് അമ്മ സംഘടനയെ താൻ സമീപിച്ചതെന്നും നാസർ ലത്തീഫ് കത്തിൽ പറയുന്നു.

വിഷയത്തിൽ അമ്മ അധ്യക്ഷനായ മോഹൻലാലിന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങാനാണ് നാസർ ലത്തീഫിന്റെ തീരുമാനം. അമ്മ തെരഞ്ഞെടുപ്പിൽ പാനലിനെതിരെ മത്സരം പാടില്ലെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടിയുള്ള നടൻ സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. 'ഔദ്യോഗിക പാനലിലെ ആരെയൊക്കെ തെരഞ്ഞെടുക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് ഞാനാണെന്ന് അവകാശവാദം ഉന്നയിക്കുന്നവരല്ല ഔദ്യോഗിക പാനിലിലെ ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കും എന്ന വീരവാദം മുഴക്കിയവരുമല്ല. അമ്മയുടെ തലപ്പത്ത് ഇരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിന് വേണ്ടി മത്സരിക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് മോഹന വാഗ്ദാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല. ഏറ്റെടുത്ത ജോലി ഭംഗിയായി നിർവ്വഹിച്ച് പരിചയമുള്ളവർ. ഞങ്ങളൊരുമിച്ച് കൈകോർത്താൽ ഇനിയും ഒരുപാട് നന്മകൾ അമ്മയിലെ അംഗങ്ങൾക്ക് ചെയ്യാനാവും എന്ന് പ്രതീക്ഷയുണ്ട്. തീരുമാനം നിങ്ങൾക്ക്'-ഇതായിരുന്നു സിദ്ദിഖിന്റെ വോട്ട് അഭ്യർത്ഥനാ കുറിപ്പിലുള്ളത്.

എതിർസ്ഥാനാർത്ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാക്കുകൾ സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്ന് വിമർശിച്ച് എക്‌സിക്യൂട്ടീവിലേയ്ക്ക് മൽസരിച്ച് പരാജയപ്പെട്ട നടൻ നാസർ ലത്തീഫ് നേരത്തെ രംഗത്തെത്തിയിരുന്നു. നിരാലംബരായ കലാകാരന്മാർക്ക് വീട് നിർമ്മിച്ചു നൽകാൻ ഒരു കോടി രൂപയോളം മൂല്യമുള്ള 20 സെന്റ് സ്ഥലം അമ്മയ്ക്ക് സംഭാവന ചെയ്‌തെങ്കിലും ആ സ്ഥലം സ്വീകരിക്കാൻ അമ്മയിലെ അധികാരികൾ തയ്യാറായില്ലെന്ന് നാസർ ലത്തീഫ് മറുനാടനിലൂടെ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

മറ്റുള്ളവരെ കരിവാരിത്തേയ്ക്കാൻ ഞാൻ പഠിച്ചിട്ടില്ല. മറ്റുള്ളവരെ സഹായിക്കാൻ കഴിവുണ്ടായിട്ടും അതിന് തയ്യാറാകാത്തവർ, സഹായിക്കാൻ തയ്യാറാകുന്നവരെ മോശക്കാരായി ചിത്രീകരിക്കണമെങ്കിൽ അത് അദ്ദേഹത്തിന്റെ അധ:പതനമെന്നേ പറയാൻ കഴിയൂ. ഞാൻ അമ്മയ്ക്ക് 20 സെന്റ് ഭൂമി സംഭാവന ചെയ്തത് സത്യമാണ്. അത് ജനറൽ സെക്രട്ടറി ഇടവേള ബാബുവിനും ബാബുരാജിനും അറിയാം. അന്ന് ഞാൻ നൽകിയ ആധാരത്തിന്റെ കോപ്പി ഇടവേള ബാബുവിന്റെ കൈയിൽ ഇപ്പോഴുമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ നിരന്തരം ബന്ധപ്പെട്ടത് ബാബുരാജാണ്. എന്നാൽ അമ്മ ഭാരവാഹികൾ പിന്നീട് എന്തുകൊണ്ടാണ് സ്ഥലം ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറിയതെന്ന് അറിയില്ല. ചിലപ്പോൾ അതുമൂലം സംഘടനയിൽ എനിക്കെന്തെങ്കിലും സ്ഥാനമാനങ്ങൾ ലഭിക്കുമോ എന്ന് ഭയത്താലായിരിക്കാമെന്നും നാസർ ലത്തീഫ് മറുനാടനോട് വെളിപ്പെടുത്തിയിരുന്നു.

മോഹൻലാലും മമ്മൂട്ടിയുമൊക്കെ മലയാള സിനിമയുടെ തൂണുകളാണ്. ഇവരിലാരെങ്കിലുമൊക്കെ തന്നെ സംഘടനയുടെ തലപ്പത്ത് വേണം. എന്നാൽ താഴെത്തട്ടിൽ മറ്റ് ഭാരവാഹികളായി ഒരേ ആളുകൾ തുടരുന്നത് ശരിയല്ല. പുതിയ ആളുകളെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടുവരണം. കഴിഞ്ഞ മൂന്ന് തവണ മൽസരിക്കാനുള്ള താൽപര്യം ഞാൻ ഭാരവാഹികളെ അറിയിച്ചതാണ്. അപ്പോഴൊക്കെ മറ്റ് പലർക്കും വേണ്ടി മാറിനിൽക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. അന്ന് അവർ പറഞ്ഞത് ഞാൻ അനുസരിച്ചു. എന്നാൽ ഇത്തവണയും എന്നെ ഒഴിവാക്കാനുള്ള ശ്രമം മനസിലായതുകൊണ്ടാണ് മൽസരിക്കാൻ തീരുമാനിച്ചതെന്നും നാസർ ലത്തീഫ് മറുനാടനോട് പറഞ്ഞു.

'കഴിഞ്ഞ 48 വർഷമായി സിനിമാരംഗത്തുള്ളയാളാണ് ഞാൻ. ഈ രംഗത്തെ പാവപ്പെട്ടവർക്ക് വേണ്ടി അമ്മ നടത്തുന്ന കൈനീട്ടം പദ്ധതിക്ക് വേണ്ടി വലിയ പിന്തുണ നൽകിയിട്ടുണ്ട്. അവർക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന ആഗ്രഹമുണ്ട്. അതിന് വേണ്ടിയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മൽസരിക്കുന്നത്. വീടില്ലാത്ത കലാകാരന്മാർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന് ഞാൻ 20 സെന്റ് സ്ഥലം അമ്മയ്ക്ക് നൽകിയെങ്കിലും അവരത് സ്വീകരിച്ചില്ല. എന്താണ് കാരണമെന്ന് എനിക്കറിയില്ല. അതുമൂലം ഞാൻ ആ സ്ഥലം കഷ്ടത അനുഭവിക്കുന്ന സീറോ ബാബു, മട്ടാഞ്ചേരി ഇബ്രാഹിം തുടങ്ങി എട്ട് കലാകാരന്മാർക്കായി വീതിച്ചുനൽകി. നാല് വീടുകൾ നിർമ്മിച്ചുകഴിഞ്ഞു, അഞ്ചാമത്തെ വീട് പണി ആരംഭിച്ചുകഴിഞ്ഞു'. കൂടുതൽ സേവനങ്ങൾ സഹപ്രവർത്തകർക്കായി ചെയ്തുനൽകാനുള്ള പ്ലാറ്റ്‌ഫോമായാണ് ഞാൻ അമ്മയെ കാണുന്നതെന്നുമാണ് നാസർ ലത്തീഫ് നേരത്തെ വെളിപ്പെടുത്തിയത്.

'ദുരിതമനുഭവിക്കുന്ന കലാകാരന്മാർക്ക് ആശ്വാസമാകുന്നതിനാണ് എന്റെ 20 സെന്റ് സ്ഥലം ഞാൻ കൈമാറിയത്. പത്ത് കുടുംബങ്ങൾക്കെങ്കിലും രണ്ട് സെന്റിൽ വീതം വീട് നിർമ്മിച്ചുനൽകണമെന്നായിരുന്നു എന്റെ ആഗ്രഹം. അഞ്ചോ അഞ്ചര ലക്ഷമോ ചെലവഴിച്ച് 500- 550 സ്‌ക്വയർ ഫീറ്റിലെ ഒരു ചെറിയ വീടാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. രണ്ട് നിലകളിലായി വീടുകൾ നിർമ്മിച്ച് രണ്ട് കുടുംബങ്ങൾക്ക് നൽകണമെന്നായിരുന്നു ഞാൻ നിർദ്ദേശിച്ചിരുന്നത്. അങ്ങനെ ചെയ്താൽ പത്തുപേർക്ക് പകരം 20 പേരെ താമസിപ്പിക്കാൻ കഴിയും. വീടില്ലാത്ത കൂടുതൽപേർക്ക് അതിലൂടെ ആശ്വാസമാകാൻ സാധിക്കുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. എന്നാൽ താൻ ഫ്‌ളാറ്റ് ഉണ്ടാക്കാൻ പറഞ്ഞു എന്നായി പിന്നീടുള്ള ചർച്ച. അതിന്റെ പേരിൽ മനഃപൂർവം വിവാദങ്ങളുണ്ടാക്കി ആ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു ചിലർ' അദ്ദേഹം പറഞ്ഞു.

ഒരു കോടിയിലധികം രൂപ വിലവരുന്ന 20 സെന്റ് സ്ഥലം അമ്മയ്ക്ക് സംഭാവന ചെയ്യാൻ മുന്നോട്ടുവന്ന ഒരാളെ മനഃപൂർവം കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി ദൈവം നൽകുമെന്നായിരുന്നു നാസർ ലത്തീഫിന്റെ പ്രതികരണം.

'അമ്മ എന്തുകൊണ്ട് ആ പ്രോജക്ട് ഉപേക്ഷിച്ചു എന്നൊരു മറുപടി പോലും ലഭിച്ചിട്ടില്ല. അതിനെ തുടർന്നാണ് ഞാനെന്റെ സ്വന്തം നിലയിൽ പാവപ്പെട്ട കലാകാരന്മാർക്ക് ഭൂമി നൽകുകയും അവിടെ അഞ്ചുപേർക്ക് വീട് നിർമ്മിച്ച് നൽകുകയും ചെയ്തത്. ഇതൊക്കെ അറിയാമായിരുന്നിട്ടും സിദ്ദിഖ് ഇങ്ങനെയൊക്കെ പറഞ്ഞതിൽ വിഷമമുണ്ട്. ഞാനെന്റെ സ്വന്തം സഹോദരനെ പോലെ കണ്ട ഒരാളാണ് സിദ്ദിഖ്. സിനിമയിൽ അദ്ദേഹത്തിന്റെ തുടക്കകാലം മുതൽ എനിക്ക് അദ്ദേഹത്തോട് സൗഹൃദമുണ്ട്' നാസർ ലത്തീഫ് പറയുന്നു.

2012 ന് ശേഷം ആദ്യമായാണ് ഇത്തവണ അമ്മയിലേയ്ക്ക് മൽസരം നടന്നത്. പ്രസിഡന്റായി മോഹൻലാലും ജന. സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും എതിരില്ലാതെ ജയിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കാണ് മൽസരം നടന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരുടെ പോസ്റ്റിലേയ്ക്ക് മണിയൻപിള്ള രാജു അടക്കം മൂന്നുപേരും 11 അംഗ എക്‌സിക്യൂട്ടീവിലേയ്ക്ക് 14 പേരുമാണ് മൽസരിച്ചത്.

മത്സരത്തിൽ മണിയൻപിള്ള രാജു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഔദ്യോഗിക പാനലിൽ മത്സരിച്ച ആശ ശരത്ത് പരാജയപ്പെട്ടിരുന്നു. കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള മത്സരത്തിൽ നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടിരുന്നു.

എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൽ നിന്ന് രണ്ട് പേർക്കും വിമത പാനലിൽ ഉണ്ടായിരുന്ന ഒരാൾക്കും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. നിവിൻ പോളി, ഹണി റോസ് എന്നിവരാണ് ഔദ്യോഗിക പാനലിൽ നിന്ന് തോറ്റത്. നിവിൻ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. വിമതനായിരുന്ന നാസർ ലത്തീഫിന് 100 വോട്ടുകൾ മാത്രമാണ് നേടാനായത്.

എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലുമാണ് വിജയിച്ചത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ മണിയൻ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു. ഔദ്യോഗിക പാനലിൽ നിന്ന് സ്ഥാനാർത്ഥിയായ ആശ ശരത് പരാജയപ്പെട്ടു. 224 വോട്ടാണ് മണിയൻ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോൾ ആശ ശരത്തിന് 153 വോട്ടുകൾ മാത്രമാണ് നേടാനായത്. 11 പേരുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിൻ പോളി, നാസർ ലത്തീഫ് എന്നിവരാണ് ഈ വിഭാഗത്തിൽ പരാജയപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP