Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കണം; കള്ളവോട്ട് തടയുക ലക്ഷ്യം; തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനുള്ള നിയമഭേദഗതി ശബ്ദവോട്ടോടെ പാസാക്കി ലോക്സഭ

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കണം; കള്ളവോട്ട് തടയുക ലക്ഷ്യം; തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനുള്ള നിയമഭേദഗതി ശബ്ദവോട്ടോടെ പാസാക്കി ലോക്സഭ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ അനുവദിക്കുന്നത് ഉൾപ്പെടെ തിരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.

മിനുട്ടുകൾ കൊണ്ടാണ് സുപ്രധാന ബില്ല് ലോകസഭയിൽ പാസായത്. ഇനി രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാൽ ബില്ല് നിയമമാകും. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോഴാണ് വോട്ടർ പട്ടികയിൽ ആധാർ നമ്പർ കൂടി ചേർക്കാൻ വ്യവസ്ഥയുള്ള ബില്ല് അവതരിപ്പിച്ചത്.

വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ബില്ല് അവതരിപ്പിക്കാൻ സഭാദ്ധ്യക്ഷൻ അനുമതി നൽകി. ബില്ല് മൗലിക അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിർത്തു. വോട്ടെട്ടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം പക്ഷേ അംഗീകരിച്ചില്ല. ബില്ലിലെ ഒരു വ്യവസ്ഥയിലും വിശദമായ ചർച്ചയോ വോട്ടെടുപ്പോ സഭയിൽ നടന്നില്ല.

സുപ്രീം കോടതിയുടെ ആധാർ വിധിയുടെ ലംഘനമാണ് ബില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. കള്ള വോട്ട് തടയാനാണ് ഈ വ്യവസ്ഥ കൊണ്ടു വരുന്നതെന്ന് കിരൺ റിജിജു സഭയിൽ പറഞ്ഞു. ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കൽ കള്ളവോട്ട് തടയുമെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ വാദിക്കുന്നത്.

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വരുന്നവരോട് ആധാർ നമ്പർ ആവശ്യപ്പെടാൻ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർക്ക് അനുവാദം നൽകുന്നതാണ് ബിൽ. വോട്ടർപ്പട്ടികയിൽ ഇതിനോടകം പേരുചേർക്കപ്പെട്ട ആളെ തിരിച്ചറിയുന്നതിന് ആധാർ നമ്പർ ചോദിക്കാനും ഉദ്യോഗസ്ഥർക്ക് ബിൽ അനുമതി നൽകുന്നു.

കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ഇതടക്കമുള്ള തിരഞ്ഞെടുപ്പ് ചട്ട പരിഷ്‌കരണത്തിന് അംഗീകാരം നൽകിയിരുന്നു.

ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ വോട്ടർപ്പട്ടികയിൽ പേരു വരുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് പരിഷ്‌കരണം. അതേസമയം ആധാർ നമ്പർ നൽകിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടർപ്പട്ടികയിൽ പേരു ചേർക്കുന്നതിൽ നിന്ന് ഒരു വ്യക്തിയെയും ഒഴിവാക്കരുതെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. വോട്ടവകാശം ആദ്യമായി ഉപയോഗിക്കാൻ പോകുന്നവർക്ക് വർഷത്തിൽ രജിസ്റ്റർ ചെയ്യാൻ നാലുതവണ വരെ അവസരം നൽകുന്നതുമാണ് ബിൽ.

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം ഒന്നിലധികം അവസരം നൽകുമെന്നതാണ് പരിഷ്‌കാരങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം. വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും, തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകാനും, ഇരട്ടവോട്ടും കള്ളവോട്ടും തടയാനുമാണ് പുതിയ നിയമപരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്.

നേരത്തെ പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് കേന്ദ്രം നിർബന്ധമാക്കിയിരുന്നു. ഇതുപോലെയാവില്ല വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുന്ന ഉത്തരവെന്നാണ് സൂചന. സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിശോധിച്ച്, ഇതിന്റെ അടിസ്ഥാനത്തിലാകും ഉത്തരവ് പുറത്തിറക്കുക.

വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതോടെ ഒരാൾക്ക് ഒരിടത്ത് ഒരുവോട്ട് മാത്രമേ ചെയ്യാനാകൂ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഭേദഗതി നിർദ്ദേശം സർക്കാരിന് സമർപ്പിച്ചത്. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കണമെന്ന് നിലവിൽ സുപ്രീംകോടതിയിൽ ഒരു ഹർജി നിലവിലുണ്ട്. തുടക്കത്തിൽ ഇക്കാര്യം ആരെയും നിർബന്ധിക്കില്ല. അതേസമയം, ഇതുരണ്ടും ബന്ധിപ്പിക്കാത്തവരെ എളുപ്പത്തിൽ കണ്ടെത്താനും നിരീക്ഷിക്കാനുമാവും.

ബില്ലിലെ മറ്റൊരു ശ്രദ്ധേയ നിർദ്ദേശം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം കൂടുതൽ അവസരങ്ങൾ നൽകുക എന്നതാണ്. 2022 ജനുവരി 1 മുതൽ ആദ്യമായി വോട്ട് ചെയ്യുന്ന 18 വയസ്സുകാർക്ക് വർഷം നാല് തവണ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. നാല് തവണയ്ക്കും നാല് കട്ട് ഓഫ് തീയതികളുമുണ്ടാകും. ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ തീയതികളിൽ തുടങ്ങുന്ന കാലാവധികളിലാകും വോട്ടർപട്ടികയിൽ പേര് ചേർക്കാനാകുക. നിലവിൽ വർഷത്തിൽ ഒരു തവണ മാത്രമാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്.

ഇതോടൊപ്പം സൈന്യത്തിന്റെ നയങ്ങളിൽ കൂടുതൽ ലിംഗസമത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി, വനിതാസൈനികരുടെ ഭർത്താക്കന്മാർക്കും അവർ താമസിക്കുന്ന നാട്ടിൽ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കും. നിലവിൽ സൈനികർക്ക് എല്ലാവർക്കും അവർ താമസിക്കുന്ന നാട്ടിലെ വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ കഴിയും. സൈനികനോടൊപ്പം ജോലിസ്ഥലത്ത് ഭാര്യ താമസിക്കുന്നുണ്ടെങ്കിൽ അവർക്കും സ്വന്തം നാട്ടിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. എന്നാൽ ഒട്ടേറെ വനിതകൾ സൈന്യത്തിൽ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നുണ്ട് എന്നതിനാൽ അവരുടെ ഭർത്താവിനും ഒപ്പം താമസിക്കുന്നുണ്ടെങ്കിൽ നാട്ടിൽ പേര് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുന്ന ഭേദഗതിയും ബില്ലിലുണ്ട്. ഇതിനായി ചട്ടത്തിൽ നിലവിൽ 'ഭാര്യ' എന്ന് അടയാളപ്പെടുത്തിയ ഇടത്ത് 'ജീവിതപങ്കാളി' എന്നായി മാറ്റും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP